എട്ടാംക്ലാസ് കേരളപാഠാവലി ആദ്യയൂണിറ്റിലെ (മനസ്സുനന്നാവട്ടെ) മൂന്ന് പാഠങ്ങളുടെ ലഘുവിവരണമാണ് ഇത്തവണ. ഉള്ളൂരിന്റെ പനിനീര്പ്പൂവ് എന്ന കവിത, പ്രിയ എ.എസിന്റെ താളുകള്ക്കിടയിലൊരു മയില്പ്പീലി എന്ന കഥ, പി. പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം എന്ന തിരക്കഥ

പരസ്പരസ്നേഹത്തിൽനിന്നുണ്ടാകുന്ന മാധുര്യമാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനം. മാനവികതയ്ക്ക് ആധാരമായതും ഇതുതന്നെ. മനുഷ്യരുടെ പരസ്പരാശ്രയത്വവും ഐക്യവും തിരിച്ചറിവുമാണ് ലോകനന്മയിലേക്ക് നയിക്കുന്ന പ്രധാന ഘടകം. മനുഷ്യത്വമുള്ളവരായിരിക്കുകയാണ് പ്രാഥമികമായി വേണ്ടത്. ആർദ്രതയുള്ള മനസ്സിന് മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ കഴിയും. പ്രകൃതിയെ ഒന്നടങ്കം ചേർത്തുപിടിക്കുമ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം ദൃഢമാകുന്നു. സഹാനുഭൂതിയുള്ള മനസ്സ് ലോകത്തെ സമാധാനത്തിന്റെ പാതയിലെത്തിക്കുന്നു. ഇതാണ് മനസ്സുനന്നാവട്ടെ എന്ന യൂണിറ്റിലെ ആശയം.
മയിൽപ്പീലിയുടെ നനുത്ത സ്പർശം
പുസ്തകത്തിന്റെ താളുകളിൽ സൂക്ഷിച്ച സ്‌നേഹമാണ് മയിൽപ്പീലിയായി തുടിക്കുന്നതെന്ന് പ്രിയ എ.എസിന്റെ 'താളുകൾക്കിടയിലൊരു മയിൽപ്പീലി' എന്ന ചെറുകഥയിൽ പറയുന്നു. രണ്ട് കുട്ടികൾ തമ്മിലുള്ള സ്‌നേഹത്തിന്റെ, കരുതലിന്റെ, പങ്കുവയ്ക്കലിന്റെ ആഴം വെളിപ്പെടുത്തുന്ന കഥയാണിത്. അവരുടെ സംഭാഷണവും സമാശ്വസിപ്പിക്കലും മനുഷ്യമനസ്സിലെ നന്മയുടെ വെളിച്ചമാണ്.
അവിചാരിതമായി അവരിലൊരാൾക്ക് വന്ന അന്ധതയിൽ സ്‌നേഹദീപമായി ജ്വലിക്കാൻ സുഹൃത്തിന് സാധിക്കുന്നു. ബാല്യകാലത്തിന്റെ ഓർമ്മച്ചെപ്പിൽ പൊതിഞ്ഞുവെച്ച മയിൽപ്പീലിയായി നെഞ്ചിലേറ്റുന്നത് സ്‌നേഹബന്ധത്തിന്റെ ഊഷ്മളമായ ഓർമ്മകളാണ്. നീലകണ്ഠനെക്കുറിച്ചുള്ള ഓർമ്മകളാണ് ഏറ്റവും വ്യക്തവും പ്രകാശമാനവുമായതെന്ന് പ്രധാന കഥാപാത്രം പറയുമ്പോൾ സ്‌നേഹത്തിന്റെ മാസ്മരികഭാവതലം കാണാം. ലിംഗേതരസൗഹൃദവും സാമ്പത്തികസമത്വവും കഥാന്തരീക്ഷത്തിലുടനീളം കാണാം. ശുദ്ധവും സൗമ്യവുമായ കൂടിച്ചേരൽ സാധ്യമാകുന്ന വിദ്യാലയാന്തരീക്ഷവും ഗൃഹാന്തരീക്ഷവും കഥയിലുണ്ട്. സൗഹൃദത്തിന്റെ ആഴവും പരപ്പും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
ദേവതകളാകുന്ന പൂക്കൾ
നാളെയോടുകൂടി താഴേ വീഴാൻപോകുന്ന പൂവിന്റെ ജീവിതം ചെറുതായിക്കാണാനാവില്ലെന്നും ഒന്നോ രണ്ടോ ദിവസംമാത്രം വിരിഞ്ഞുനിൽക്കുന്ന പനിനീർപ്പൂവ് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നിറഞ്ഞ സ്‌നേഹത്തിന്റെയും പ്രതീകമാണെന്നും ഉള്ളൂർ പനിനീർപ്പൂവ് എന്ന കവിതയിൽ പറയുന്നു. മനുഷ്യമനസ്സിന്റെ നൈർമല്യം പനിനീർപ്പൂവിലൂടെ ആവിഷ്‌കരിക്കാൻ കവി ശ്രമിക്കുന്നു. ഏറ്റവും നിസ്സാരമെന്ന് കരുതുന്നവർക്കുപോലും ഭൂമിയിൽ പരിമളം പരത്താൻ സാധിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു. മഹനീയമായ ചടങ്ങുകളെ അർഥവത്താക്കുന്നതും ദേവതമാർക്ക് അലങ്കാരമാകുന്നതും ഈ നിസ്സാരമെന്ന് കരുതിയ പൂക്കളാണ്. ലോകത്തിൽ നന്മ വിതയ്ക്കാൻ കഴിയുന്നവരാണ് മനുഷ്യത്വമുള്ളവർ എന്ന ഉദാത്ത കാഴ്ചപ്പാടാണ് ഈ കവിത മുന്നോട്ടുവയ്ക്കുന്നത്.
ചെമ്പനീർപ്പൂവിന്റെ ജീവിതം മഹത്തരമാണ്. ദേവതകൾക്കും പൂക്കൾക്കും തമ്മിൽ സാമ്യമുണ്ട്. സ്വന്തം മഹത്വംകൊണ്ട് പൂക്കൾ സ്വർഗത്തിലെ പൈതങ്ങളാകുന്നുവെന്ന് കവി സങ്കല്പിക്കുന്നു. പൂക്കൾ ദേവതകൾതന്നെയെന്ന് കവി ചിന്തിക്കുന്നു. ഇതേപോലെ ഒരു പൂന്തോട്ടത്തിലെ വൈവിധ്യമുള്ള പൂക്കൾപോലെ ഭൂമിയിലെ മനുഷ്യർക്കും വൈവിധ്യങ്ങളുണ്ട്. എല്ലാവരിലും സൗന്ദര്യമുണ്ട്. അത് മനസ്സിന്റെ നന്മയിലാണുള്ളത്. ഇങ്ങനെ ലോകത്തിനെ മുഴുവൻ നന്മയിലേക്ക് നയിച്ച അനേകം മനുഷ്യരെ നമുക്ക് ഓർമ്മിക്കാം.
തണലായി താങ്ങായി കൂട്ടുകൂടാം
ഒറ്റപ്പെടലാണ് വാർധക്യത്തിന്റെ തീരാവേദന. എല്ലായിടങ്ങളും പരിചിതരാൽ ചുറ്റപ്പെട്ടാലും വാർധക്യത്തിൽ ലഭിക്കേണ്ട പരിചരണവും കരുതലും ലഭിക്കാതെവരുമ്പോൾ വൃദ്ധർ ഒറ്റപ്പെടുന്നു. വൃദ്ധമന്ദിരത്തിലേക്ക് പറഞ്ഞയക്കപ്പെടുന്ന ഒരമ്മയുടെ ചിത്രമാണ് പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം എന്ന തിരക്കഥാരൂപം.
ആർക്കും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നില്ലെങ്കിലും സാഹചര്യംകൊണ്ട് ഈ വൃദ്ധ ഒറ്റപ്പെടുന്നു. ജീവിതസായാഹ്നത്തിൽ സ്‌നേഹത്തിന്റെ വറ്റാത്ത ഉറവ തേടി അലയുന്ന അമ്മ- ഇവിടെ കരുതലിന്റെ സ്പർശം കൊതിക്കുന്ന വാർധക്യമാണുള്ളത്. തനിക്ക് പ്രിയപ്പെട്ട വീടിനെയും പരിസരത്തെയും വിട്ടുപോകാൻ കഴിയാതെ വെന്തുരുകുന്ന അമ്മ. അമ്മമനസ്സിന്റെ വേദനയും പ്രതിഷേധവും ഇവിടെ കാണാം.
മക്കളുടെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിലും നിസ്സഹായയായിപ്പോകുന്ന അവസ്ഥ അമ്മയ്ക്കുണ്ട്. തനിക്കറിയാവുന്ന രീതിയിൽ, അതേസമയം ആർക്കും പ്രതിരോധിക്കാനാവാത്ത തരത്തിൽ, പ്രതിഷേധിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. സമകാലിക കേരളത്തിന്റെ കുടുംബഘടനയിലും സംസ്‌കാരത്തിലും വന്ന മാറ്റങ്ങൾ ഈ തിരക്കഥയിൽ കാണാം.
Content Highlights: Comprehensive summary of the first unit of the Class 8 Kerala syllabus.
Published: 11 Jun 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented