ളിക്കാനുള്ള കുട്ടികളുടെ അവകാശത്തെ കേവലമൊരു വിനോദമായല്ല, മറിച്ച് അവരുടെ അടിസ്ഥാന മനുഷ്യാവകാശമായി അംഗീകരിക്കണമെന്ന ശക്തമായ സന്ദേശമാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്.

To advertise here,

'കളിയെ സംരക്ഷിക്കൂ; ബാല്യത്തെ സംരക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ പ്രമേയം

ദേഹത്താകെ ചെളിപുരണ്ട്, കൈകളിൽ മണ്ണുമായി നിൽക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഓർത്തുനോക്കൂ. ദേഹത്ത് ചെളിയാക്കി എന്ന് വഴക്കുപറയുന്നതിന് പകരം അവന്റെ ചിരിയൊന്ന് നോക്കൂ. ആ ചിരിയിൽ ഒരു ലോകമുണ്ട്- സമ്മർദങ്ങളില്ലാത്ത, സന്തോഷത്തിന്റെ ലോകം. കുട്ടികളുടെ ഈ കളിക്കാനുള്ള അവകാശത്തെ ആഗോളതലത്തിൽ അംഗീകരിക്കാനാണ്, എല്ലാ വർഷവും ജൂൺ 11 'അന്താരാഷ്ട്ര കളിദിനം' (International Day of Play) ആയി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്. യു.എൻ. പ്രഖ്യാപനത്തിന് വളരെമുൻപ്, 1999 മുതൽ 'ഇന്റർനാഷണൽ ടോയ് ലൈബ്രറി അസോസിയേഷൻ' മേയ് 28 'ലോക കളിദിനമായി' ആചരിച്ചുപോന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് യു.എൻ. ജൂൺ 11 ഔദ്യോഗിക കളിദിനമാക്കിയത്.

ബാല്യത്തെ സംരക്ഷിക്കാം
ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷനിലെ (UNCRC) ആർട്ടിക്കിൾ 31 പ്രകാരം, കളിക്കുകയെന്നത് ഓരോ കുട്ടിയുടെയും നിയമപരമായ അവകാശമാണ്. ഈ അവകാശത്തെ കൂടുതൽ ജനകീയമാക്കാനും ആഗോളശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ജൂൺ 11 'അന്താരാഷ്ട്ര കളിദിനം' ആയി പ്രഖ്യാപിച്ചത്. കളിക്കാനായി കുട്ടികൾക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം ഒരുക്കുകയെന്നത് ഓരോ രാജ്യത്തിന്റെയും ബാധ്യതയാണെന്ന് യു.എൻ. ഓർമ്മിപ്പിക്കുന്നു.

വളരാം കളിയിലൂടെ
കളിയിലൂടെയാണ് കുട്ടികൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കുന്നത്. കൂട്ടുകാരോടൊപ്പം കളിക്കുന്നത് കുട്ടികളിലെ മാനസികസമ്മർദവും ഏകാന്തതയും കുറയ്ക്കുന്നു. പരസ്പരം പങ്കുവയ്ക്കാനും തോൽവികളെ അംഗീകരിക്കാനും കൂട്ടായ്മയോടെ പ്രവർത്തിക്കാനും കുട്ടികൾ പഠിക്കുന്നത് കളിക്കളങ്ങളിൽനിന്നാണ്. ഓട്ടവും ചാട്ടവും പോലുള്ള കളികൾ കുട്ടികളുടെ പ്രതിരോധശേഷി കൂട്ടുകയും അമിതവണ്ണംപോലുള്ള ആരോഗ്യപ്രശ്നങ്ങൾ

തടയുകയും ചെയ്യുന്നു.

കളിമുറ്റങ്ങൾ
സ്‌കൂളുകൾ കേവലം പുസ്തകപഠനകേന്ദ്രങ്ങൾ മാത്രമാകരുത്. പഠനത്തോടൊപ്പം കളിചിരികൾക്കും അവിടെ ഇടമുണ്ടാകണം. പ്രൈമറി ക്ലാസുകളിൽ കളിയിലൂടെയുള്ള പഠനരീതികൾ പിൻതുടരുന്നത് കുട്ടികൾക്ക് പഠനത്തോടുള്ള പേടി കുറയ്ക്കും. സ്‌കൂളുകളിലെ പി.ടി. പീരിയഡുകൾ മറ്റുവിഷയങ്ങൾ പഠിപ്പിക്കാനായി മാറ്റിവയ്ക്കുന്ന പ്രവണത പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന ഒളിച്ചുകളി, കിളിത്തട്ട്, കുട്ടിയും കോലും തുടങ്ങിയ അനേകം നാടൻകളികൾ ഇന്ന് ഓർമ്മകൾമാത്രമാണ്. വലിയ ചെലവുകളില്ലാത്തതും എന്നാൽ, കായികവും മാനസികവുമായ ഏറെ ഗുണങ്ങളുള്ളതുമായിരുന്നു ഇത്തരം കളികൾ. അവയെ വീണ്ടെടുത്ത് പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ ക്ലബ്ബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും മുൻകൈയെടുക്കണം.