ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും അതുവഴി സമൂഹത്തിൽ ക്രമസമാധാനം ഉണ്ടാക്കുകയുമാണ് നിയമങ്ങളുടെ ലക്ഷ്യം. സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ നിയമങ്ങൾക്ക് പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് ഉണ്ടാവണം. ഇല്ലെങ്കിൽ കുറ്റവാളികൾ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനിടയാകും. 
ഉദാഹരണത്തിന്, പണമിടപാടുകൾ നോട്ടുകളായും നാണയങ്ങളായും നടത്തിയിരുന്നകാലത്തെ പഴയ നിയമംകൊണ്ട് സൈബർ പണമിടപാടുകളിൽ നടത്തുന്ന തട്ടിപ്പുകൾക്കും അപഹരണങ്ങൾക്കും ശിക്ഷനൽകാനും തെളിവ് ശേഖരിക്കാനും നടപടിക്രമങ്ങൾ ചെയ്യാനും സാധ്യമല്ലാതാവും. 
ഇതുപോലെയുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് നിയമങ്ങളുടെ ലക്ഷ്യം ഉറപ്പാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്തെ ശിക്ഷാനിയമങ്ങളും ക്രിമിനൽ നടപടിക്രമനിയമങ്ങളും തെളിവ്നിയമങ്ങളും ഈയിടെ മാറ്റേണ്ടിവന്നത്.
ഐപിസിയും സിആർപിസിയും
കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പ്രതിപാദിക്കുന്ന നിലവിലുണ്ടായിരുന്ന നിയമമാണ് 1860-ലെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി). കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതുമുതൽ വിചാരണ നടത്തി വിധി പറഞ്ഞ് ശിക്ഷ നടപ്പിലാക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് 1973-ലെ ക്രിമിനൽ പ്രൊസീജിയർ കോഡിലെ (സിആർപിസി) മുഖ്യവിഷയം. കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകാൻവേണ്ട തെളിവുകൾ വിലയിരുത്തേണ്ടതെങ്ങനെയാണെന്ന് 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിൽ (ഐഇഎ) വ്യക്തമാക്കുന്നു.
പേര് മാറ്റിയ നിയമങ്ങൾ
മുകളിൽ പറഞ്ഞ മൂന്ന് നിയമങ്ങളും ആധുനിക കാലത്തുണ്ടായ സാമൂഹിക-സാങ്കേതിക-സാംസ്കാരിക മാറ്റങ്ങൾ ഉൾക്കൊണ്ട് 2023-ൽ രൂപമാറ്റം വരുത്തി. ഇതനുസരിച്ച് 1860-ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) നിലവിൽവന്നു. 1973-ലെ ക്രിമിനൽ പ്രൊസീജിയർ കോഡിൽ മാറ്റങ്ങൾ വരുത്തി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബിഎൻഎസ്എസ്) പ്രാബല്യത്തിൽ വന്നു. തെളിവ് ശേഖരിച്ച് പരിശോധിച്ച് വിലയിരുത്തുന്നതിൽ ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങൾ ഉൾക്കൊള്ളിച്ച് ഇന്ത്യൻ എവിഡൻസ് ആക്ടിനുപകരം ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) നിലവിൽവന്നു.
ഭാരതീയ ന്യായസംഹിത (ബിഎൻഎസ്)
ഭാരതീയ ന്യായസംഹിത 20 അധ്യായങ്ങളിൽ 358 വകുപ്പുകളിലായാണ് കുറ്റകൃത്യങ്ങളും ശിക്ഷയും പ്രതിപാദിക്കുന്നത്. പഴയ ഇന്ത്യൻ പീനൽകോഡിൽ 511 വകുപ്പുകൾ ഉണ്ടായിരുന്നത് പുതിയ നിയമത്തിൽ 358 ആയിമാറി.
പുതിയകാലത്ത് പ്രസക്തമല്ലാത്തവ നീക്കംചെയ്യുകയും പ്രത്യേക നിയമസംഹിതകൾ നിലവിൽവന്നതിലേക്ക് മാറ്റുകയും നിർവചനങ്ങളിലും വിശദീകരണങ്ങളിലും ചെറിയ വ്യത്യാസങ്ങളുള്ള നിയമങ്ങൾ ഒന്നിപ്പിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തതിനാലാണ് വകുപ്പുകളുടെ എണ്ണം കുറഞ്ഞത്. പഴയ IPCയിലുണ്ടായിരുന്ന മുന്നൂറോളം വകുപ്പുകളുടെ ഉള്ളടക്കം ഏറക്കുറെ പുതിയ നിയമത്തിലും ഒരുപോലെയാണ്. ഉദാഹരണത്തിന് പഴയ IPCയിൽ 378-മോഷണം എന്ന വകുപ്പും ഭാരതീയ ന്യായസംഹിതയിലെ 303-ാം വകുപ്പും തമ്മിൽ ഒരു വാക്കിൽപോലും മാറ്റമില്ല. കാരണം, മോഷണം എന്നും മോഷണംതന്നെ.
ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബിഎൻഎസ്എസ്)
ക്രിമിനൽ നിയമ നടപടിക്രമങ്ങൾ (CRPC) ആധുനികകാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ചാണ് പുതിയ നിയമം നടപ്പിൽവരുത്തിയിട്ടുള്ളത്. 484 വകുപ്പുകളിലായി ക്രമപ്പെടുത്തിയിരുന്ന പഴയ നിയമത്തിന് പകരം 531 വകുപ്പുകൾ ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിലുണ്ട്. നീതിനിർവഹണം വേഗത്തിലും ആധുനികരീതിയിലും മാറ്റിയതും കേസന്വേഷണത്തിൽ പുതിയ ശാസ്ത്രസാങ്കേതിക വിജ്ഞാനം ചേർത്തതും നിയമമാറ്റത്തിന്റെ ലക്ഷ്യങ്ങളിൽ ചിലതാണ്. പഴയ നിയമത്തിൽ കുറ്റകൃത്യം നടന്നതിന്റെ വിവരം വാക്കാലോ എഴുതിയോ നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ, പുതിയ നിയമത്തിൽ 173-ാം വകുപ്പ് പ്രകാരം വാക്കാലോ ഇലക്‌ട്രോണിക് മാധ്യമം വഴിയോ വിവരം നൽകാവുന്നതാക്കി മാറ്റിയിരിക്കുന്നു. 
പഴയ നിയമത്തിൽ ശിക്ഷാവിധികളിൽ തടവ്, പിഴ, വധശിക്ഷ എന്നിവയായിരുന്നെങ്കിൽ പുതിയ നിയമത്തിൽ സാമൂഹികസേവനവും ശിക്ഷയായി ചേർത്തിരിക്കുന്നു. താൻകൂടി ഉൾപ്പെട്ട സമൂഹത്തിന്റെ താത്‌പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് താൻ ചെയ്ത കുറ്റകൃത്യം എന്ന ബോധം കുറ്റവാളിയിൽ ഉണ്ടാക്കുകയാണ് സാമൂഹികസേവനം എന്ന ശിക്ഷകൊണ്ട് ഉദ്ദേശിക്കുന്നത്.
ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ)
കേസ് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന വിധത്തിലാണ് പുതിയ തെളിവ്നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ എവിഡൻസ് ആക്ടിൽ 167 വകുപ്പ്‌ ഉണ്ടായിരുന്നു. ഭാരതീയ സാക്ഷ്യ അധിനിയം 2023-ൽ 170 വകുപ്പുണ്ട്. 
ഷെർലക് ഹോംസ് കുറ്റാന്വേഷണം നടത്തിയിരുന്ന കഥകൾ ഏവരെയും ത്രസിപ്പിക്കുന്നതാണ്. നിരീക്ഷണം, അനുമാനങ്ങൾ, സാക്ഷിമൊഴി, കൈയക്ഷരം, ഷൂസിന്റെ അടയാളങ്ങൾ തുടങ്ങിയവയിലൂടെ നിഗമനത്തിലെത്തുകയായിരുന്നു ഹോംസിന്റെ രീതി. എന്നാൽ, കഥയിലുള്ളതുപോലെയല്ല കാര്യങ്ങൾ. ഇത്തരം തെളിവുകൾ പലപ്പോഴും നിരപരാധി ശിക്ഷിക്കപ്പെടാനും അപരാധി രക്ഷപ്പെടാനുമുള്ള സാധ്യതകൾ വർധിപ്പിക്കും. 
ആധുനികകാലത്ത് ശാസ്ത്രസാങ്കേതികവിദ്യയിലുണ്ടായ വളർച്ച യഥാർഥ കുറ്റവാളികളെ പിടിക്കാനും കോടതിയിൽ കൃത്യമായ തെളിവുകൾ നൽകി ശരിയായ ശിക്ഷ നൽകാനും ഉപയോഗിക്കുന്നു. ഈ പുരോഗതിയെ ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് ഭാരതീയ സാക്ഷ്യ അധിനിയം രൂപപ്പെടുത്തിയിട്ടുള്ളത്. ഇലക്‌ട്രോണിക്, ഡിജിറ്റൽ തെളിവുകൾക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം ഫൊറൻസിക് സയൻസ് ഫലപ്രദമായി തെളിവ്നിയമത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു. സാക്ഷികൾ മൊഴിമാറ്റി പറഞ്ഞേക്കാം. എന്നാൽ, സിസിടിവി, ശബ്ദസാമ്പിളുകൾ, മൊബൈൽഫോൺ കോൾവിവരങ്ങൾ മുതലായവയെല്ലാം യഥാർഥ കുറ്റവാളികളെ കുടുക്കിലാക്കുന്ന ശക്തമായ തെളിവുകളായി നിലനിൽക്കുന്നു. 
ഇലക്‌ട്രോണിക്, ഡിജിറ്റൽ തെളിവുകളെ വ്യക്തമായി പ്രതിപാദിക്കുന്നതോടൊപ്പം തെളിവുകളുടെ പൊതുസ്വഭാവം നിലനിൽക്കുന്ന എല്ലാ വകുപ്പുകളും പുതിയ നിയമത്തിലും അതേപടി നിലനിർത്തിയിട്ടുണ്ട്.
പ്രതിയെ കുടുക്കിയ ഡിഎൻഎ
ഡിഎൻഎ ടെസ്റ്റ് വഴി യഥാർഥ പ്രതിയെ കണ്ടെത്തിയ പ്രധാന കേസുകളിലൊന്നാണ് പിച്‌ഫോർക്ക് കേസ്. ശാസ്ത്രസാങ്കേതികവിദ്യ തെളിവുനിയമത്തിൽ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നു എന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. 
1986-ൽ ബ്രിട്ടനിലെ ജനിതകശാസ്ത്രജ്ഞനായ അലക് ജഫ്രിയെ പോലീസ് സമീപിച്ചു. ഒരു ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ സഹായം ചോദിച്ചാണ് വരവ്. ഒരാളെ പ്രതിയായി പിടിച്ചിട്ടുണ്ടെങ്കിലും അയാൾ കുറ്റം ചെയ്‌തെന്നുറപ്പില്ല. അലക് പോലീസിനെ സഹായിക്കാമെന്നേറ്റു. ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ പിടിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസ്സിലായി. 
തുടരന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള 5000 ആളുകളുടെ രക്ത, ഉമിനീർ സാമ്പിളുകൾ ശേഖരിച്ചു. താൻ പിടിക്കപ്പടുമെന്നായപ്പോൾ യഥാർഥ കുറ്റവാളിയായ പിച്‌ഫോർക്ക്‌ തനിക്കുപകരം വേറൊരാളെക്കൊണ്ട് ആൾമാറാട്ടം നടത്തി അയാളുടെ രക്തസാമ്പിൾ പോലീസിന് നൽകി. എന്നാൽ, ആൾമാറാട്ടം നടത്തിയയാൾ പിന്നീട് സത്യം പുറത്തുപറഞ്ഞതോടെ പിച്‌ഫോർക്ക്‌ പോലീസ് പിടിയിലായി. സാമ്പിൾ പരിശോധിച്ചപ്പോൾ ഡിഎൻഎ പൊരുത്തപ്പെട്ടു. പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. 

To advertise here,