കാട്ടിലെയും നാട്ടിലെയും മൃഗങ്ങൾ നമ്മളോട് സംസാരിക്കുന്നില്ലെങ്കിലും അവർക്കിടയിൽ ആശയവിനിമയത്തിന് വളരെ രസകരവും അദ്ഭുതകരവുമായ ഒരു 'രഹസ്യഭാഷ' തന്നെയുണ്ട്. ശബ്ദങ്ങൾ മാത്രമല്ല, ശരീരഭാഷയും മണവും ഒക്കെ ചേർന്നതാണ് ഈ ഭാഷ.
മ്യാവൂ... മ്യാവൂ…
ഒരു പൂച്ച അതിന്റെ വാല് നേരേ മുകളിലേക്ക് ഉയർത്തിപ്പിടിച്ചിട്ടുണ്ടെങ്കിൽ, അതിനർഥം അത് സന്തോഷത്തിലാണ്, നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നാണ്. എന്നാൽ വാല് വശങ്ങളിലേക്ക് വേഗത്തിൽ ആട്ടുന്നുണ്ടെങ്കിൽ അതിന് ദേഷ്യം വരുന്നുണ്ടെന്ന് മനസ്സിലാക്കാം.
നായ്ക്കളും വാലും
നായ്ക്കൾ വാലാട്ടുന്നത് എപ്പോഴും സന്തോഷംകൊണ്ടല്ല. മെല്ലെ വാലാട്ടുന്നത് പേടിയോ സംശയമോ ആകാം. എന്നാൽ ശരീരം മുഴുവൻ ഇളക്കിക്കൊണ്ടുള്ള വാലാട്ടൽ അത്യാഹ്ലാദത്തെ കാണിക്കുന്നു. ചെവികൾ പിന്നോട്ട് അമർത്തിവയ്ക്കുന്നത് ഭയത്തിന്റെ ലക്ഷണമാണ്. അതുപോലെ നായ്ക്കളും പൂച്ചകളും മരങ്ങളിലും മതിലുകളിലും മൂത്രമൊഴിക്കുന്നതുവഴി തങ്ങളുടെ 'അതിർത്തി' നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 'ഇത് എന്റെ സ്ഥലമാണ്, വേറേ ആരും ഇങ്ങോട്ട് വരരുത്' എന്നൊരു രഹസ്യബോർഡ് സ്ഥാപിക്കുന്നതുപോലെയാണത്.
ഉറുമ്പുകളുടെ രഹസ്യ കോഡ്
ഉറുമ്പുകൾ കടന്നുപോകുമ്പോൾ 'ഫെറമോൺസ്' (Pheromones) എന്നൊരു പ്രത്യേക രാസവസ്തു പുറത്തുവിടുന്നുണ്ട്. ഇത് മറ്റുള്ള ഉറുമ്പുകൾക്ക് വഴി കണ്ടുപിടിക്കാനുള്ള ഒരു രഹസ്യ കോഡാണ്. ഒരുറുമ്പിന് ഭക്ഷണം കിട്ടിയാൽ, ആ വഴിയിൽ കൂടുതൽ ഫെറമോൺസ് വിട്ട് മറ്റുള്ളവരെ അങ്ങോട്ടാകർഷിക്കും.
മനുഷ്യർ കേൾക്കാത്ത ശബ്ദം
ആനകൾക്ക് മനുഷ്യരുടെ ചെവികൾക്ക് കേൾക്കാൻ കഴിയാത്തത്ര വളരെ താഴ്ന്ന ആവൃത്തിയിലുള്ള (Low frequency) ശബ്ദങ്ങൾ ഉണ്ടാക്കാൻ കഴിയും. കിലോമീറ്ററുകൾ അകലെയുള്ള മറ്റ് ആനക്കൂട്ടങ്ങളുമായി സംസാരിക്കാൻ അവ ഈ 'ഇൻഫ്രാസൗണ്ട്' രീതിയാണ് ഉപയോഗിക്കുന്നത്. ഭൂമിയിലൂടെ കടന്നുപോകുന്ന ഈ കമ്പനങ്ങൾ ആനകൾ തങ്ങളുടെ കാൽപ്പാദങ്ങൾ വഴി തിരിച്ചറിയുന്നു.
തേനീച്ചനൃത്തം
തേൻ എവിടെയുണ്ടെന്ന് കൂട്ടുകാരെ അറിയിക്കാൻ തേനീച്ചകൾ കൂട്ടിൽ വന്ന് ഒരു പ്രത്യേകതരം നൃത്തം ചെയ്യാറുണ്ട്. ഇതിനെ 'വാഗിൾ ഡാൻസ്' (Waggle Dance) എന്ന് വിളിക്കുന്നു. സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി തേൻ അടങ്ങിയിരിക്കുന്ന പൂക്കൾ എത്ര ദൂരത്തിലാണ്, ഏത് ദിശയിലാണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ നൃത്തത്തിലൂടെ മറ്റുള്ള ഈച്ചകൾക്ക് സാധിക്കും.
തൊട്ടറിഞ്ഞ് സംസാരിക്കാം
ജിറാഫുകൾ ശബ്ദമുണ്ടാക്കാത്ത ശാന്തരായ ജീവികളാണെന്നാണ് നമ്മൾ വിചാരിക്കാറ്. എന്നാൽ രാത്രികാലങ്ങളിൽ അവ മനുഷ്യർക്ക് കേൾക്കാൻ പറ്റാത്തത്ര വളരെ താഴ്ന്ന ഫ്രീക്വൻസിയിലുള്ള ഒരുതരം 'മൂളൽ' (Humming) ശബ്ദം പുറപ്പെടുവിക്കാറുണ്ട്. കൂടാതെ, ഉയരമുള്ള കഴുത്തുകൾ പരസ്പരം ഉരസിയും തലകൾ തമ്മിൽ തട്ടിയും അവ ശരീരഭാഷയിലൂടെ ഒരുപാട് കാര്യങ്ങൾ കൈമാറുന്നു.
വെള്ളത്തിനടിയിലെ പാട്ടുകാർ
ഹംബാക്ക് തിമിംഗിലങ്ങൾ (Humpback Whales) സമുദ്രത്തിലെ ഏറ്റവും മികച്ച ഗായകരാണ്. കടലിനടിയിലൂടെ കിലോമീറ്ററുകൾ ദൂരേക്ക് സഞ്ചരിക്കുന്ന പ്രത്യേകതരം 'പാട്ടുകൾ' പാടിയാണ് ഇവ പരസ്പരം ആശയവിനിമയം നടത്തുന്നത്. മണിക്കൂറുകളോളം നീളുന്ന ഈ പാട്ടുകൾക്ക് കൃത്യമായ ഈണവും താളവുമുണ്ട്. കടലിലെ ഇവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കൂട്ടുകാരെ ആകർഷിക്കാനുമാണ് ഈ സംഗീതം.
Content Highlights: Explains how domestic pets like cats and dogs use tail movements for emotional expression
Published: 27 May 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented