ലാവകളി (Lava)
ഈ കളി വളരെ രസകരമാണ്. ഇതിൽ ഓടാനും ചാടാനും ഭാവനാശക്തി ഉപയോഗിക്കാനും കഴിയും.ഒരു മുറിയിൽ തലയണ, കസേര, ചെറിയ സ്റ്റൂൾ പോലുള്ള സാധനങ്ങൾ നിലത്ത് വയ്ക്കുക. നിലം മുഴുവൻ 'ചൂടുള്ള ലാവ' ആണെന്ന് കരുതണം! കളിക്കാർ നിലത്ത് കാൽവയ്ക്കാതെ, വെച്ചിരിക്കുന്ന സാധനങ്ങളുടെ മുകളിൽ ചാടിനടക്കണം. ആരുടെയെങ്കിലും കാൽ നിലത്ത് തട്ടിയാൽ അവർ 'ലാവയിൽ വീണു' എന്ന് പറയാം. അതോടെ അയാൾ ഔട്ട്. ഔട്ടാവാതെ അവസാനംവരെ നിൽക്കുന്നയാൾ വിജയിയാവും.

To advertise here,

ഡം ഷരേഡ്‌സ് (Dumb Charades):
സംസാരിക്കാതെ അഭിനയിച്ച് വാക്കുകൾ കണ്ടെത്തേണ്ട കളിയാണിത്. രണ്ടുപേരോ രണ്ട് ടീമുകളോ ആയി കളിക്കാം. ഒരു കളിക്കാരന് ഒരു വാക്കോ പേരോ കൊടുക്കും. അത് സിനിമ, വസ്തു, കഥാപാത്രം അങ്ങനെയെന്തുമാവാം. ആ കളിക്കാരൻ സംസാരിക്കാതെ കൈചലനങ്ങളും അഭിനയവും ഉപയോഗിച്ച് അത് കാണിക്കണം. മറ്റുള്ളവർ അതെന്താണെന്ന് ഊഹിക്കണം. കുറച്ചുസമയം മാത്രം നൽകാൻ ടൈമറും വയ്ക്കാം. ഏറ്റവും കൂടുതൽ ശരിയായി കണ്ടെത്തുന്ന ടീമാണ് ജയിക്കുന്നത്. ഈ കളി അഭിനയശേഷിയും ആശയവിനിമയശേഷിയും കൂട്ടായ്മയും വർധിപ്പിക്കും.

ജെൻഗ (Jenga):
ജെൻഗ രസകരവും ആവേശകരവുമായ ഒരു ബ്ലോക്ക് കളിയാണ്. ഇത് രണ്ടുപേരോ അതിലധികം പേരോ ചേർന്ന് കളിക്കാം. ചെറിയ മരക്കട്ടകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി ഒരു ഗോപുരമുണ്ടാക്കും. ശേഷം ഓരോ കളിക്കാരനും മാറിമാറി ഗോപുരത്തിൽനിന്ന് ഒരു കട്ടയെടുത്ത് മുകളിലേക്ക് വയ്ക്കണം. കട്ടയെടുക്കുമ്പോൾ ഗോപുരം വീഴാതെ സൂക്ഷിക്കണം! ആരുടെ ടേണിൽ ഗോപുരം വീഴുന്നുവോ അവർ കളിയിൽ തോൽക്കും. അവസാനംവരെ ഗോപുരം നിലനിർത്തുന്ന ആളാണ് ജയിക്കുന്നത്. ഈ കളി കുട്ടികളുടെ ശ്രദ്ധയും ക്ഷമയും കൈകളുടെ നിയന്ത്രണശേഷിയും വർധിപ്പിക്കും. മരക്കട്ടകളില്ലെങ്കിൽ വീട്ടിലുള്ള മറ്റ് സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ചും കളിക്കാം. ഉദാഹരണത്തിന്: പ്ലാസ്റ്റിക് ബിൽഡിങ് ബ്ലോക്കുകൾ, കാർഡ്‌ബോർഡ് കട്ടകൾ, ചെറിയ പുസ്തകങ്ങൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ തുടങ്ങിയവ.

ലുഡോ (Ludo):
ലുഡോ കുട്ടികൾക്കും മുതിർന്നവർക്കും ഏറെയിഷ്ടമുള്ള ഒരു ക്ലാസിക് ബോർഡ് ഗെയിമാണ്. ഇത് നാലുപേർവരെ ചേർന്ന് കളിക്കാം. കളിയിൽ നാലു നിറങ്ങളിലുള്ള ടോക്കണുകളും ഒരു ബോർഡും ഉണ്ടാകും. ഓരോരുത്തർക്കും ഒരേനിറത്തിലുള്ള നാല് ടോക്കണുകൾ ലഭിക്കും. ഡൈ എറിഞ്ഞ് കിട്ടുന്ന നമ്പറനുസരിച്ച് ടോക്കണുകൾ മുന്നോട്ടുനീക്കണം. മറ്റുള്ളവരുടെ ടോക്കണുകളാൽ പിടിക്കപ്പെടാതെ, സ്വന്തം ടോക്കണുകളെല്ലാം ബോർഡിന്റെ നടുവിലെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം എല്ലാ ടോക്കണുകളും നടുവിലെത്തിക്കുന്ന ആളാണ് ജയിക്കുന്നത്.

പേര്-സ്ഥലം-മൃഗം-വസ്തു (Name-Place-Animal-Object):
രണ്ടോ അതിലധികമോ ആളുകൾക്ക് ഈ കളിയിൽ പങ്കെടുക്കാം. പേപ്പറും പേനയും കൈയിൽ കരുതണം. ഓരോ റൗണ്ടിലും ഒരക്ഷരം തിരഞ്ഞെടുക്കാം. ശേഷം എല്ലാവരും ആ അക്ഷരത്തിൽ തുടങ്ങുന്ന ഒരു പേര്, ഒരു സ്ഥലം, ഒരു മൃഗം, ഒരു വസ്തു ഇവ വേഗത്തിൽ എഴുതണം. ഓരോരുത്തരുടെയും ഉത്തരം വ്യത്യസ്തമായതും ശരിയായതുമായാൽ മുഴുവൻ പോയിന്റ് കിട്ടും. ഒരേ ഉത്തരം രണ്ടുപേർ എഴുതിയാൽ പകുതി പോയിന്റ് മാത്രം കിട്ടും. ഇഷ്ടമുണ്ടെങ്കിൽ പുതിയ വിഭാഗങ്ങളും ചേർക്കാം. ചിന്താശേഷിയും ഭാഷാപാടവവും വർധിപ്പിക്കാൻ സഹായകമാവുന്ന ഒരു കളിയാണിത്. വീട്ടിലോ യാത്രയിലോ എവിടെയും കളിക്കാവുന്ന ഒന്നാണിത്.

പേപ്പർ പ്ലേറ്റ് സ്‌കേറ്റിങ് (Paper plate skating):
വീടിനുള്ളിൽത്തന്നെ ഒരു ചെറിയ 'സ്‌കേറ്റിങ് കളി' ഉണ്ടാക്കാം. ഓരോ കാലിന്റെയും അടിയിൽ ഓരോ പേപ്പർ പ്ലേറ്റ് വയ്ക്കുക. ശേഷം നിലത്ത് സാവധാനമായി നീങ്ങി 'സ്‌കേറ്റ്' ചെയ്യാം. നിലം മിനുസമുള്ളതായാൽ കളി കൂടുതൽ രസകരമാകും. ഈ കളി നല്ല വ്യായാമവും ഉല്ലാസവും നൽകും. പക്ഷേ, തെന്നിവീഴാതെ ശ്രദ്ധിക്കണേ.