മനുഷ്യർ നിർമിച്ച ഒരു സംഗീതോപകരണത്തിനും അനുകരിക്കാനാവാത്ത അപൂർവ രാഗങ്ങളുടെ പേറ്റന്റുള്ളവയാണ് പല പക്ഷികളും. എന്നാൽ ക്ലബ് വിങ്ഡ് മാനക്കിൻ (club winged manakin) എന്ന പക്ഷിയുടെ പാട്ട് അപൂർവങ്ങളിൽ അപൂർവമാണ്. മറ്റൊരു പക്ഷിക്കും ഇല്ലാത്ത ഒരു പ്രത്യേകത ഇതിന്റെ പാട്ടിനുണ്ട്. എന്തെന്നുവെച്ചാൽ വായകൊണ്ടല്ല ചിറകുകൾകൊണ്ടാണ് ഇവ പാട്ടുപാടുന്നത്!
മാനക്കിന്റെ പാട്ടുകേട്ടാൽ വയലിന്റെ ഒറ്റക്കമ്പി മീട്ടിയപോലെയാണ് ഉണ്ടാവുക. ഏറെനേരം നീണ്ടുനിൽക്കാത്ത ചെവിതുളയ്ക്കുന്ന ഒറ്റയൊറ്റ നാദങ്ങൾ ആണ് ഇവ ഉണ്ടാക്കുക.
തന്റെ കൂട്ടുകാരിയെ കാണേണ്ട താമസം മാനക്കിൻ മണവാളന്മാർ തന്റെ രണ്ടുചിറകുകളും പെട്ടെന്ന് മുകളിലേക്ക് വിടർത്തും. അപ്പോൾ ചിറകുകളിൽ ഉണ്ടാവുന്ന കമ്പനം പാട്ടായി പുറത്തു വരും. നൊടിയിടകൊണ്ട് കഴിയും ഇവയുടെ ചിറകുവിടർത്തലും രാഗവുമെല്ലാം. വിട്ടുവിട്ട് ഈ ചിറകുഗാനമേള നടത്തിക്കൊണ്ടേയിരിക്കും ഈ വിരുതന്മാർ.
കൊളംബിയയിലെയും ഇക്വഡോറിലെയും വനങ്ങളിലാണ് ഇവയുടെ താമസം.

To advertise here,