
ജൂലായ് 16-ലോക പാമ്പ് ദിനം. പാമ്പെന്ന് കേട്ടാല്‍ പേടിക്കുന്നവരായിരിക്കും മിക്കവരും. ചില പാമ്പുവിവരങ്ങളറിയാം.
ജുറാസിക് കാലഘട്ടംമുതല്‍തന്നെ പാമ്പുകളും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
ലോകത്തില്‍ ആകെ മൂവായിരത്തിലധികം ഇനം പാമ്പുകളുണ്ട്. അതില് 600 ഇനം
പാമ്പുകള്‍ക്കുമാത്രമേ വിഷമുള്ളൂ. അവയില്‍തന്നെ 200 എണ്ണത്തിന് മാത്രമേ മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ളൂ.
അന്റാര്‍ട്ടിക്ക, ഐസ്ലൻഡ്, അയര്‍ലന്‍ഡ്, ഗ്രീന്‍ലാന്‍ഡ്, ന്യൂസീലന്‍ഡ് എന്നിവയാണ് പാമ്പുകളില്ലാത്ത സ്ഥലങ്ങള്‍
ടൈറ്റാനോബോവ (Titanoboa) എന്ന പാമ്പുകളായിരുന്നത്രേ ഇതുവരെ ജീവിച്ചിരുന്നതില്‍ ഏറ്റവും വലുത്. 12.8 മീറ്റര്‍ നീളവും 1,135 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു അതിന്. 60 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അവ ജീവിച്ചിരുന്നത്. കൊളംബിയയിലെ സിരിജോണ്‍ (Cerrejón) കല്‍ക്കരിഖനിയില്‍നിന്നാണ് ഈ പാമ്പിന്റെ ഫോസില്‍ കണ്ടെത്തിയത്.
റെറ്റിക്കുലേറ്റ് പൈതന്‍ എന്ന പെരുമ്പാമ്പാണ് ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ്. ദക്ഷിണേഷ്യയിലാണ് ഇവയെ കാണുന്നത്.

പാമ്പുകളുടെ ശരീരം ശല്‍ക്കങ്ങള്‍കൊണ്ട് പൊതിഞ്ഞതാണ്. കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. ഓരോ ഇനം പാമ്പുകള്‍ക്കും നിശ്ചിത എണ്ണം ശല്ക്കങ്ങളായിരിക്കും ജനിക്കുമ്പോള്‍മുതല്‍ ഉണ്ടായിരിക്കുക. പാമ്പ് വളരുന്നതിനനുസരിച്ച് ഈ ശല്‍ക്കങ്ങളും വലുതാവും. എന്നാല്‍ ശല്ക്കങ്ങളുടെ എണ്ണം ഒരിക്കലും കൂടുകയോ കുറയുകയോ ഇല്ല. ഏത് ഇനം പാമ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ് ശല്ക്കങ്ങളുടെ എണ്ണം.
പാമ്പിന്റെ കണ്ണുകള്‍ക്ക് പുറമേ സുതാര്യമായ ഒരു ആവരണമുണ്ട്. ഇത് ബ്രില്‍ (brille) എന്നാണ് അറിയപ്പെടുന്നത്. മാളങ്ങളില്‍ ഇഴഞ്ഞുകയറുമ്പോഴും മറ്റും കണ്ണില്‍ പൊടി വീഴാതിരിക്കാനുള്ള അനുകൂലനമാണിത്. പാമ്പുകള്‍ക്ക് കണ്‍പോളകളില്ല.
വിവിധയിനം പാമ്പുകളുടെ കണ്ണിലെ കൃഷ്ണമണിക്ക് വിവിധ ആകൃതിയാണ്. പകല്‍ ഇരതേടുന്നവയ്ക്ക് സാധാരണമായി വൃത്താകൃതിയും രാത്രി ഇര തേടുന്നവയ്ക്ക് ലംബാകൃതിയും.
പാമ്പുകള്‍ക്ക് ബാഹ്യകര്‍ണങ്ങള്‍ ഇല്ല. അതുകൊണ്ട് അവയ്ക്ക് വായുവിലൂടെ വരുന്ന ശബ്ദതരംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദസ്പന്ദനങ്ങള്‍ പിടിച്ചെടുക്കാന്‍ അവയെ കീഴ്ത്താടിയെല്ലുകളാണ് സഹായിക്കുന്നത്.
ഏറ്റവും ചെറിയ വിഷപ്പാമ്പ് നമീബിയയിലും മറ്റും കാണുന്ന കൊമ്പന്‍ അണലി (Namaqua Dwarf Adder) ആണ്. അവയുടെ ശരീരത്തിന് എട്ട് ഇഞ്ച് നീളമാണുള്ളത്. കീടങ്ങളാണ് ഇതിന്റെ ഭക്ഷണം.
ആഫ്രിക്കയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് ബ്ലാക് മാമ്പ (Black Mamba). 14 അടി വരെ നീളമുണ്ടാകും ഇതിന്. ഏറ്റവും വേഗമുള്ള പാമ്പുകളിലൊന്നുകൂടിയാണ് ബ്ലാക് മാമ്പ. മണിക്കൂറില് 20 കിലോമീറ്റര്‍ വേഗത്തില്‍ ഇവയ്ക്ക് സഞ്ചരിക്കാനാവും.
ഗബൂണ്‍ അണലി (Gaboon viper) ആണ് ലോകത്തില്‍ ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ്. ഇതിന്റെ വിഷപ്പല്ലിന് ശരാശരി 4 സെന്റിമീറ്റര് നീളം ഉണ്ടാകും.

പറക്കുന്ന പാമ്പുകള്‍ക്ക് ട ആകൃതിയില്‍ ശരീരം ആട്ടിക്കൊണ്ട് വായുവിലൂടെ സഞ്ചരിക്കാനാകും. അവ വാരിയെല്ലുകള്‍ ഇ ആകൃതിയില്‍ വളച്ചുവയ്ക്കുകയും ചെയ്യും. താഴെ വീഴുമ്പോള്‍ ശരീരത്തിന്റെ അടിഭാഗത്ത് പോറല്‍ പറ്റാതിരിക്കാനാണിത്.
ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലിലെണ്ണാവുന്നവയ്ക്ക് മാത്രമേ വിഷമുള്ളൂ. മൂര്‍ഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Indian Krait) , അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നീ നാലുതരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത്.
കേരളത്തില്‍ ആകെ 101 തരം പാമ്പുകളാണുള്ളത്. അതില്‍ മനുഷ്യജീവന്‍ അപകടകരമായരീതിയില്‍ വിഷമുള്ള 10 പാമ്പുകളുണ്ട്. അവയില്‍ അഞ്ചെണ്ണം കടല്‍പാമ്പുകളാണ്.
പാമ്പിന്റെ വിഷം വിവിധതരം രാസവസ്തുക്കളുടെ ഒരു സങ്കീര്‍ണമിശ്രിതമാണ്. രക്തത്തെ ബാധിക്കുന്ന വിഷം (Haemotoxin), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (Neurotoxin) എന്നിവയാണ് പ്രധാനതരം വിഷങ്ങള്‍. പേശികളെ ബാധിക്കുന്ന വിഷം (Myotoxin), ഹൃദയത്തെ ബാധിക്കുന്ന വിഷം (Cardiotoxin) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്. മിക്ക പാമ്പുകളിലും ഇവയില് ഒന്നിലേറെതരം വിഷങ്ങൾ ഒന്നിച്ച് കാണാറുണ്ട്.
രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യനാഡീമണ്ഡലത്തെയാണ് ബാധിക്കുക. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ചമങ്ങല്‍, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധമൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
പ്രതിവിഷം
പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവെച്ചശേഷം, കുതിരയുടെ ശരീരത്തില്‍ ഈ വിഷത്തിനെതിരേയുണ്ടാവുന്ന ആന്റിബോഡികള്‍ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിര്‍മിക്കുന്നത്. Dry bite വിഷമുള്ള പാമ്പാണ് എങ്കില്‍പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. 'Dry bite' എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള് അപകടരഹിതമാണ്.
പാമ്പിന്റെ പര്യായങ്ങള്‍
അഹി, ആശീവിഷം, ഉരഗം, കുണ്ഡലി, ചക്ഷുഃശ്രവസ്സ്, നാഗം, ഭുജംഗം, ഫണി, പന്നഗം.
(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)
Content highlights : world snake day special curious facts about snake species
Published: 16 Jul 2021, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented