മരണമില്ലാത്ത ജല്ലിഫിഷ്!
ഒരിക്കലും മരണമില്ലാത്ത ഒരു ജീവിയുണ്ട് ഭൂമിയിൽ! ടറിറ്റോപ്‌സിസ് ധോർനി എന്ന ശാസ്ത്രീയ നാമമുള്ള ഇമ്മോർട്ടൽ ജല്ലിഫിഷ്. ജാപ്പനീസ് തീരപ്രദേശത്തോട് ചേർന്നാണ് ഈയിനം ജല്ലിഫിഷുകൾ കാണപ്പെടുന്നത്.

To advertise here,

പ്രായപൂർത്തിയാകുന്ന ജല്ലിഫിഷുകൾ കടലിന്റെ അടിത്തട്ടിലേക്ക് പോകും. അപ്പോൾ ഇവരുടെ ശരീരം ചുരുങ്ങി ചെറുതാകും. അവിടെ വച്ച് ജല്ലിഫിഷിന്റെ ശരീരം ഒരു പ്യൂപ്പയായി മാറും. പ്ലാനുല എന്നാണ് ഈ പ്യൂപ്പയുടെ പേര്. പിന്നീട് പതിയെ പുതിയ ശരീരകോശങ്ങൾ വളരുകയും പ്രായമായ കോശങ്ങൾ നശിക്കുകയും ചെയ്യും.

പ്രായമായ കോശങ്ങൾ മുഴുവൻ നശിച്ചു കഴിഞ്ഞാൽ ജല്ലിഫിഷ് പ്യൂപ്പയിൽ നിന്ന് കൂളായി പുറത്തുവരും. ഇതേ ചാക്രിക പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്ന ജല്ലിഫിഷിന് ഒരിക്കലും മരണമില്ല.

മീൻ മുത്തശ്ശി
ഒരിനം അലങ്കാരമത്സ്യമാണ് കൊയി. സാധാരണയായി കൊയി ഇനം മീനുകളുടെ ആയുസ്സ് 25 മുതൽ 30 വർഷം വരെയാണ്. എന്നാൽ അപൂർവ്വമായി ഭക്ഷണത്തിന്റെയും ജീവിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെയും ഗുണമേൻമ അനുസരിച്ച് 100 മുതൽ 200 വർഷം വരെ ജീവിക്കുന്നവയാണ് ജപ്പാനീസ് കൊയിമീനുകൾ. 1977-ൽ ജപ്പാനിൽ ചത്ത ഒരു കൊയി മീൻ പരിശോധിച്ച ഗവേഷകർ അത് 226 വർഷം ജീവിച്ചതായി കണ്ടെത്തി.

നൂറ്റാണ്ടുകൾ കണ്ട കക്ക!
കടലിലെ കക്കകൾ കണ്ടിട്ടില്ലേ? യൂറോപ്യൻ രാജ്യമായ ഐസ്ലൻഡിൽ ഗവേഷകർ കണ്ടെത്തിയ ഒരിനം കക്കയ്ക്ക് 507 വർഷമായിരുന്നു ആയുസ്സ്. ഈ കക്കയ്ക്ക് ഗവേഷകർ ഒരു പേരും നൽകിയിരുന്നു. മിംഗ്! 1499 ലാണ് മിംഗ് ജനിച്ചത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. മിംഗിന്റെ ആയുസ്സ് അവസാനിച്ചതാവെട്ട 2006-ലും.

ആമ ഭീമൻ!
ആമകളുടെ കൂട്ടത്തിൽ ഏറ്റവും കൂടിയ ആയുസ്സുള്ളവർ എന്ന വിശേഷണം ഗാലപ്പഗോസ് ഭീമൻ ആമകൾക്കാണ്. 200 വർഷത്തിലധികം ഈയിനം ആമകൾ ജീവിക്കാറുണ്ട്. ഇക്വഡോറിൽ കാണപ്പെടുന്ന ഈ വിഭാഗം ആമകൾ വംശനാശ ഭീഷണിയിലാണ്.

ഗ്രേ സ്രാവുകൾ
സ്രാവുകളുടെ സാധാരണ ആയുസ്സ് 20 മുതൽ 30 വരെ വർഷമാണ്. പക്ഷേ, ഗ്രീൻലൻഡിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഗ്രേ സ്രാവുകൾ 120 വർഷത്തിലധികം ജീവിച്ചിരിക്കും. ഇതിൽ തന്നെ 200 വർഷത്തിലധികം ജീവിച്ചിരുന്ന ഗ്രേസ്രാവുകളുമുണ്ട്.

ബോഹെഡ് വെയ്ൽ
ആയുസ് കൂടുതലുള്ള ഒരിനം തിമിംഗലമാണ് ബോഹെഡ് വെയ്ൽ. ഗ്രീൻലൻഡിന്റെ സമീപത്തെ കടലിലാണ് ഇത്തരം തിമിംഗലങ്ങളുള്ളത്. കുറഞ്ഞ ശരീരോഷ്മാവുള്ള ഈ തിമിംഗലത്തിന്റെ ശരാശരി ആയുസ്സ് 200 വർഷമാണ്. കുറഞ്ഞ ശരീരോഷ്മാവുതന്നെയാണ് ഇവയെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നത് എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.