കാലുകൾ മടക്കി, കൈകൾ വിടർത്തി യോഗ പോസിൽ നിലത്തിരിക്കുന്ന വിരുതനെ കണ്ടോ? ചിത്രത്തിൽ കാണുന്ന റിങ്-ടെയിൽഡ് ലീമർ (Ring Tailed Lemur) ചുമ്മാ തമാശ കാണിക്കുകയാണ് എന്ന് കരുതേണ്ട. കക്ഷി വെയിൽ കായുകയാണ്. റിങ് ടെയിൽഡ് ലീമറുകളുടെ ഉദരഭാഗത്ത്, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളത്ര രോമമില്ല. അതുകൊണ്ട് ഇവ വയറുഭാഗം സൂര്യനുനേർക്ക് പിടിച്ചിരുന്നാണ് സാധാരണ വെയിൽ കായുന്നത്. സാമൂഹികജീവികൾ ആയതുകൊണ്ടുതന്നെ കൂട്ടമായിരുന്ന് മണിക്കൂറുകളോളം വെയിൽ കൊള്ളുന്നതാണ് റിങ് ടെയിൽഡ് ലീമറുകളുടെ സ്വഭാവം.

To advertise here,


പെൺ ലീമറിനോട് കളിക്കല്ലേ!
ഇരുപതോളം അംഗങ്ങളുള്ള കൂട്ടമായാണ് ഇവയുടെ താമസം. പെൺ റിങ് ടെയിൽഡ് ലീമറാവും സംഘത്തിന്റെ നേതാവ്. സംഘത്തിലുള്ള ഒരു ആണും പെണ്ണുമായി എന്തെങ്കിലും വഴക്ക് നടന്നാൽ ജയിക്കുന്നത് പെൺ റിങ് ടെയിൽഡ് ലീമർ തന്നെയാവും!


മഡഗാസ്‌ക്കറിന്റെ ഓമന!
ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്തോടടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപുരാഷ്ട്രമായ മഡഗാസ്‌കറിൽ മാത്രമേ റിങ്-ടെയിൽഡ് ലീമറുകളെ കാണാൻ കഴിയുകയുള്ളൂ. മഡഗാസ്‌കറിന്റെ ദേശീയമൃഗവും റിങ്-ടെയിൽഡ് ലീമർ തന്നെ!


എന്തിനും മുന്നിലാണീ വാൽ!
ഏതാണ്ട് 100 ഇനം ലീമറുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പേരുപോലെ, വെള്ളനിറത്തിൽ കറുത്ത വളയങ്ങളുള്ള വാലുകളാണ് റിങ്-ടെയിൽഡ് ലീമറിനെ മറ്റ് ലീമറുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ശരീരത്തെക്കാൾ വലിയ വാലും തൂക്കിയാണ് റിങ് ടെയിൽഡ് ലീമറിന്റെ നടപ്പ്. 
17.75 ഇഞ്ചോളമാണ് ശരീരത്തിന്റെ നീളമെങ്കിൽ 21.75 ഇഞ്ചോളം വളരുന്ന വാലാണ് ഇവയ്ക്കുള്ളത്. 5 മുതൽ 7.5 പൗണ്ട് വരെ തൂക്കമുള്ള റിങ് ടെയിൽഡ് ലീമറിന്റെ ആയുസ്സ് 18 വർഷം വരെയാണ്.