പല കണ്ടുപിടിത്തങ്ങളുടേയും പിന്നാമ്പുറ കഥകൾ കേട്ടുകാണുമല്ലോ. ഒരുപാട് പരാജയപ്പെട്ടിട്ടും തുടർപരീക്ഷണങ്ങൾ നടത്തിയും പുതിയ വഴികൾ മെനഞ്ഞുമെല്ലാമാണ് ഇന്നുകാണുന്ന പലതും ഉണ്ടായിട്ടുള്ളത്.
എന്നാൽ കഷ്ടപ്പാടുകൾക്കിടയിൽ മാത്രമല്ല, അപ്രതീക്ഷിതമായും പലതും കണ്ടെത്തപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കും തീപ്പെട്ടിയുമെല്ലാം ഇങ്ങനെ അപ്രതീക്ഷിതമായി ജനിച്ചവരുടെ കൂട്ടത്തിൽ പെടും. അങ്ങനെ പല പല അബദ്ധങ്ങളും ഗുണങ്ങളായി മാറി.
ഇതേപോലുള്ള അബദ്ധങ്ങൾ രുചിക്കൂട്ടുകളിലും സംഭവിക്കുകയുണ്ടായി. പിറന്നുവീണതോ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളും. അത്തരത്തിൽ ചില വിഭവങ്ങളെ കുറിച്ചറിയാം!
ഞംഞം ചോക്കോ ചിപ്സ് കുക്കീസ്!
ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ് ചോക്കോചിപ്സ് കുക്കീസ്. മാസാച്യുസെറ്റ്‌സിലെ പേരുകേട്ട ഒരു റസ്റ്റോറന്റിന്റെ ഉടമയായിരുന്ന റൂത്ത് വേക്ക്ഫീൽഡിന്റെതായിരുന്നു ആ തെറ്റായ ചിന്ത. എന്തായിരുന്നു ആ ചിന്തയെന്നല്ലേ? ഒരുദിവസം റസ്റ്റോറന്റിൽ ചോക്ലേറ്റ് കുക്കികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റൂത്തിന് ചോക്ലേറ്റ് കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച റൂത്ത് കൈയിലിരുന്ന നെസ്ലേയുടെ ചോക്കോബാർ പൊട്ടിച്ച് കുക്കിയിൽ ചേർത്ത് ബെയ്ക്ക് ചെയ്യാനായി വെച്ചു. ബെയ്ക്ക് ആകുമ്പോൾ ഈ ചോക്ളേറ്റ് കഷണങ്ങൾ അലിഞ്ഞ് ചേർന്നോളും എന്നാണവൾ കരുതിയത്. എന്നാൽ അതലിഞ്ഞില്ല എന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കുക്കീസിൽ ഒന്നായി ചോക്കോ ചിപ്സ് കുക്കീസ് മാറുകയും ചെയ്തു.
കറുമുറു... ഉരുളക്കിഴങ്ങ് ചിപ്സ്!
ജോർജ് ക്രം എന്ന പാചകക്കാരന്റെ വാശിയാണ് ഉരുളക്കിഴങ്ങ് ചിപ്സിന്റെ ജനനത്തിലേക്ക് നയിച്ചത്. 'ഫ്രൈസിന്' വളരെ പേരുകേട്ട ന്യൂയോർക്കിലെ ഒരു റസ്റ്റോറന്റിലായിരുന്നു ക്രം ജോലി ചെയ്തത്. ഒരുദിവസം ക്രം ഉണ്ടാക്കിയ ഫ്രൈസിന് കട്ടി കൂടുതലാണെന്ന് ഒരാൾ പരാതി പറഞ്ഞു. ക്രം കട്ടികുറച്ച് ഫ്രൈകൾ തയ്യാറാക്കി വിളമ്പി. എന്നാൽ അയാൾ പിന്നെയും പരാതി പറഞ്ഞു. നിരാശനായ ക്രം ഒന്നും നോക്കിയില്ല. ഉരുളക്കിഴങ്ങ് കഴിയാവുന്നത്ര കട്ടികുറച്ച് വട്ടത്തിലരിഞ്ഞ് പൊരിച്ചെടുത്തു. ഇത്തവണ സംഗതി ഏറ്റു. കഴിച്ചവർക്കെല്ലാവർക്കും ഉരുളക്കിഴങ്ങ് ചിപ്സ് ഇഷ്ടപ്പെടുകയും പിന്നീട് ലോകത്തിലെതന്നെ വളരെയേറെ ആരാധകരുള്ള ഒരു സ്നാക്ക് ആയി മാറുകയും ചെയ്തു.
കോണില്ലാതെ എന്ത് ഐസ്‌ക്രീം?
1904-ലെ ഒരു ലോകമേളയിൽവെച്ചാണ് ഐസ്‌ക്രീമുകൾ കോണിൽ വിൽക്കാൻ തുടങ്ങിയത്. ഇതിന് കാരണമായതോ? സിറിയൻ അഭയാർഥി ആയ ഏണെസ്റ്റ് ഹാംവി എന്ന വാഫിൾ വില്പനക്കാരനും. മേളയിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്നിരുന്നത് ഒരു ഐസ്‌ക്രീം വില്പനക്കാരനായിരുന്നു. ഐസ്‌ക്രീം നൽകാനുള്ള പ്ലേറ്റുകൾ കഴിഞ്ഞതോടുകൂടി ഐസ്‌ക്രീംകാരൻ കുഴപ്പത്തിലായി. എന്നാൽ ഏണെസ്റ്റ് ഹാംവി ഒരു കാര്യം ചെയ്തു. തന്റെ വാഫിളുകൾ ഐസ്‌ക്രീംകാരന് കോണിന്റെ രൂപത്തിലാക്കി നൽകുകയും അയാൾ അതിൽ ഐസ്‌ക്രീം വെച്ച് വിൽക്കുകയും ചെയ്തു. പിന്നീട് ഐസ്‌ക്രീമുകളുടെ തലവനായി മാറുകയായിരുന്നു ഈ കോൺഐസ്‌ക്രീം.
ഐസ് ഐസ്...കോലൈസ് …
കോലൈസ് ഒരു വികാരമാണെന്ന് പറഞ്ഞാൽ തെറ്റില്ല. നമ്മൾ അത്രയേറെ ഇഷ്ടപ്പെടുന്ന കോലൈസ് ഒരു 11 വയസ്സുകാരൻ താൻപോലുമറിയാതെ നിർമിച്ചതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? സാൻഫ്രാൻസിസ്‌കോക്കാരനായ ഫ്രാങ്ക് എപ്പേഴ്സൺ എന്ന 11-കാരനാണ് കോലൈസ് ആദ്യമായുണ്ടാക്കിയത്.
ഒരുദിവസം ഫ്രാങ്ക് വെറുതേ മധുരമുള്ള ശീതളപാനീയപ്പൊടി വെള്ളത്തിൽ കലർത്തി വീടിന് പുറത്തുവെച്ചു. പൊടി ഇളക്കാൻ ഉപയോഗിച്ച കോലും അതിൽതന്നെ മറന്നുവെച്ച് ഫ്രാങ്ക് ഉറങ്ങാൻ പോയി. പിറ്റേന്ന് ഉറക്കം കഴിഞ്ഞ് കണ്ണുതുറന്ന അവൻ കണ്ടത് സ്വാദിഷ്ഠമായ ഒരു സമ്മാനമാണ്. പുറത്തെ തണുപ്പിൽ വെള്ളം കട്ടിയാവുകയും കോല് അതിൽ കുടുങ്ങി ഉറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു. കോലിൽ പിടിച്ച് ഐസ് രുചിച്ച ഫ്രാങ്കിന് ആ വിഭവത്തെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. പിന്നീട് പലതരം ഫ്ളേവറുകൾ കോലിലാക്കി ഫ്രാങ്ക് കോലൈസിനെ ലോകത്തിന് പരിചയപ്പെടുത്തി.
അങ്ങനെ പിറന്നു കോൺഫ്ളേക്സ്…
കോൺഫ്ളേക്സിന്റെ കഥ ആരംഭിക്കുന്നത് മിഷിഗണിലെ ഡോ.ജോൺ ഹാർവി കെല്ലോഗ്, വിൽകീത്ത് കെല്ലോഗ് എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തിയിരുന്ന ഒരു ഹെൽത്ത് സ്പായിൽനിന്നുമാണ്. ഒരുദിവസം ഗ്രനോള എന്ന വിഭവം ഉണ്ടാക്കാനായി തയ്യാറാക്കിയ ഗോതമ്പുമാവ് ജോൺ ഉപയോഗിക്കാതെ മറന്നുവെച്ചു. പിറ്റേന്ന് മാവെടുത്ത് കളയുന്നതിന് പകരം ജോൺ ഒരു കുസൃതിയൊപ്പിച്ചു. അയാൾ മാവിനെ ഷീറ്റ് രൂപത്തിലാക്കുന്ന റോളറിൽ ഒന്ന് കയറ്റിനോക്കി. എന്നാൽ അതിൽനിന്ന് ലഭിച്ചത് പരന്ന ഷീറ്റുകൾക്ക് പകരം നേർത്ത അടരുകളാണ് (flakes). ഈ അടരുകളെയും ജോൺ വെറുതേവിട്ടില്ല. അതിനെ ബെയ്ക്ക് ചെയ്തെടുത്ത് ഇതിലെന്തോ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി. പിന്നീടുള്ള പരീക്ഷണങ്ങളിലൂടെ ഈ ഫ്ളേക്സ് ഉണ്ടാക്കാൻ ചോളം (corn) ഉപയോഗിക്കുകയും വിൽകീത്ത് കെല്ലോഗ്‌സ് കോൺഫ്ളേക്സ് കമ്പനി ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് പലരുടെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ കോൺഫ്ളേക്സ് പിറന്നത്.
Content Highlights: Famous Foods Created by Happy Accidents: The History of Snacks
Published: 12 May 2026, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented