സ്‌കൂൾ തുറന്നിട്ട് ഒരുമാസമേ ആകുന്നുള്ളൂ. അപ്പോഴേക്കും മനുവിന്റെ ക്ലാസ് ടീച്ചർ അച്ഛനമ്മമാരെ വിളിപ്പിച്ചു. ടീച്ചർ ഏൽപ്പിച്ച പഠനപ്രവർത്തനം മനു മാത്രം ചെയ്തിട്ടില്ല. ''തുടക്കത്തിലേ ഇങ്ങനെയായാൽ എന്തു ചെയ്യും?'', ടീച്ചർ ചോദിച്ചു. തലേന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛനോട് മനു എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചതും 'അതൊക്കെ നിന്റെ ടീച്ചറോട് പോയി ചോദിക്ക്!' എന്ന് അച്ഛൻ മറുപടി പറഞ്ഞതും അവർക്ക് ഓർമ്മ വന്നു. ബാഗും കുടയും പുസ്തകങ്ങളും വാങ്ങി കുട്ടികളെ സ്‌കൂളിൽ അയച്ചാൽ രക്ഷിതാക്കളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നു കരുതുന്നവർ മനുവിന്റെ രക്ഷിതാക്കളെപ്പോലെ ധാരാളമുണ്ട്. പത്ത് മുപ്പത് കുട്ടികളുള്ള ക്ലാസ്സിൽ ടീച്ചർക്ക് ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല.

To advertise here,

കുട്ടികൾ എന്തെല്ലാം പഠിക്കുന്നു, പഠിച്ചത് അവർക്ക് എത്രത്തോളം മനസ്സിലായി എന്നെല്ലാം ശ്രദ്ധിക്കാൻ രക്ഷിതാക്കളും സമയം കണ്ടെത്തണം. പുസ്തകം നിവർത്തി വച്ച് ചോദ്യം ചോദിക്കണമെന്നോ കുട്ടികളുടെ ഹോംവർക്കുകൾ ചെയ്തു കൊടുക്കണമെന്നോ അല്ല ഉദ്ദേശിച്ചത്. അവരുടെ പഠനപ്രവർത്തനങ്ങളിൽ നമ്മളും പങ്കാളികളാവണം. പഠിച്ച കാര്യങ്ങൾ അവർ നിങ്ങളോട് പങ്കുവയ്ക്കട്ടേ. അധ്യാപകർ ഏൽപ്പിക്കുന്ന പഠനപ്രവർത്തനങ്ങളെപ്പറ്റി അച്ഛനമ്മമാർക്കും കൃത്യമായ ധാരണ ഉണ്ടാവണം. അതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുകയും വേണം. കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തണം. കുട്ടികളുടെ വിദ്യാഭ്യാസം ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല തീർച്ചയായും രക്ഷിതാക്കളുടേതാണ്.