''അമ്മേ, ഇവൻ എന്റെ നോട്ടിൽ കുത്തിവരയ്ക്കുന്നു...'', ബബ്ലു അനുജൻ വാവയെക്കുറിച്ച് പരാതി തുടങ്ങി. സഹികെട്ടപ്പോൾ അവൻ വാവയ്ക്ക് ഒറ്റ ഇടി കൊടുത്തു. ഉടനെ അവൻ കരച്ചിലായി. കരച്ചിൽ കേട്ട് ഓടിവന്ന അമ്മ കുഞ്ഞനിയനെ വാരിയെടുത്തു. ബബ്ലുവിനെ നല്ല വഴക്കും പറഞ്ഞു. അതോടെ ബബ്ലുവിന്റെ മുഖം വാടി.

To advertise here,

പലപ്പോഴും വീട്ടിൽ പുതിയൊരു കുട്ടി ജനിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ മൂത്തകുട്ടി ഒറ്റപ്പെട്ടുപോകാറുണ്ട്. ചില കാര്യങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.

അനുജനോ അനുജത്തിയോ ജനിച്ചാൽ ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചകളെക്കുറിച്ച് നേരത്തെതന്നെ കുട്ടിയോട് പറഞ്ഞുകൊടുക്കണം. കുഞ്ഞനിയനെയും അനുജത്തിയെയും നോക്കാനുള്ള ചെറിയ ചുമതലകൾ അവരെ ഏൽപ്പിക്കാം.

നേരത്തെ നിങ്ങൾ ചെയ്തു കൊടുത്തിരുന്ന കാര്യങ്ങൾ ഒറ്റയടിക്കു നിർത്തി അവയെല്ലാം ഇനി തനിയേ ചെയ്യണമെന്ന് കുട്ടികളോട് പറയരുത്. എപ്പോഴും കൂടുതൽ പരിഗണിക്കുന്നത് തന്നെയാണെന്ന് അവർക്ക് തോന്നണം.

പുതിയ വാവ വന്നപ്പോൾ അമ്മയ്ക്കു നിന്നെ വേണ്ടല്ലോ എന്നും മറ്റും പറഞ്ഞ് കളിയാക്കുന്നവരുണ്ട്. അത്തരക്കാർ കുട്ടിയെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവൻ/അവളെപ്പോലെത്തന്നെയാണ് അമ്മയ്ക്ക് പുതിയ വാവയെന്നും പറഞ്ഞുകൊടുക്കണം. വാവ കുഞ്ഞായതിനാലാണ് അവനോട് ദേഷ്യപ്പെടാത്തതെന്ന് സ്‌നേഹപൂർവം പറഞ്ഞു മനസ്സിലാക്കുക.