കൂട്ടുകാർ നെതർലൻഡിലെ ആംസ്റ്റർഡാമിലുള്ള  വാൻഗോഗ് മ്യൂസിയത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ലോകപ്രശസ്ത ചിത്രകാരൻ വിൻസെൻ്റ് വാൻഗോഗിൻ്റെ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഈ മ്യൂസിയത്തിലാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം സ്ഥിതിചെയ്യുന്നതാകട്ടെ, ഫ്രാൻസിലെ പാരീസിലും. പറഞ്ഞുവന്നത് ഇതൊന്നുമല്ല. ഈ മ്യൂസിയങ്ങളും അവിടെയുള്ള ചിത്രങ്ങളുമെല്ലാം ആംസ്റ്റർഡാമിലും പാരീസിലുമൊന്നും പോവാതെ തന്നെ ആസ്വദിക്കാനുള്ള ഒരു അടിപൊളി സൂത്രത്തെക്കുറിച്ചാണ്. ഗൂഗിളിൻ്റെ Arts & Culture എന്ന വെബ്സൈറ്റാണിത്.

To advertise here,

കേറിവാടാ മക്കളേ!
ബ്രൗസറിൽ https://artsandculture.google.com എന്ന് സെർച്ച് ചെയ്താൽ നമ്മൾ വെബ്സൈറ്റിലെത്തും. അവിടെ നാല് ഓപ്ഷനുകളാണ് ഉണ്ടാവുക. Art, Museums, Games, Places. ഓരോന്നായി പറഞ്ഞു തരാം.

Art - കാണാം ഇതിഹാസ ചിത്രങ്ങൾ!
ലോകപ്രശസ്തമായ ചിത്രങ്ങൾ കാണാനുള്ള ഇടമാണിത്. ചിത്രത്തോടൊപ്പം അതിൻ്റെ വിവരണവും മറ്റ് ആർട്ടിക്കിളുകളും വായിക്കുകയും ചെയ്യാം.

Museums - ഒരിക്കലും മറക്കാത്ത യാത്ര പോവാം!
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലെ അമൂല്യമായ ചിത്രങ്ങളും വസ്തുക്കളുമെല്ലാം നമുക്കിവിടെ കാണാൻ കഴിയും. AR(Augmented Reality), VR (Virtual Reality) എന്നീ ടെക്നോളജികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് നമുക്ക് ശരിക്കും ഒരു ടൂർ അനുഭവം ലഭിക്കും.  

Game - പുതുമയാണ് മെയിൻ! 
കുറേ യാത്ര ചെയ്തതല്ലേ, ഇനി കുറച്ച് ഗെയിം കളിക്കാം. ഡൂഡിലുകൾ, പസിലുകൾ തുടങ്ങിയവയ്ക്കൊപ്പം കൂട്ടുകാർ ഇതുവരെ കളിച്ചിട്ടില്ലാത്ത ഒരുപാട്  ഗെയിമുകളും ഇവിടെയുണ്ട്. ഒരു തവണ കളിച്ചാൽ നമ്മൾ ഫാനാവുമെന്ന് തീർച്ച. 

Places - ലോകം ചുറ്റാം, പണം വേണ്ട!
നമുക്കൊന്ന് ജപ്പാൻ വരെ പോയി വന്നാലോ? ജപ്പാനിലെ പ്രധാന സ്ഥലങ്ങളും, ഭക്ഷണവിഭവങ്ങളും, അവരുടെ ജീവിതരീതിയുമെല്ലാം നമുക്ക് ഈ വെർച്വൽ യാത്രയിൽ കാണാം. ജപ്പാൻ മാത്രമല്ല കേട്ടോ, ഒരു ദിവസം മുഴുവൻ ഇരുന്ന് കണ്ടാലും തീരാത്തത്ര രാജ്യങ്ങളുണ്ട് ഈ ലിസ്റ്റിൽ. 

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ വെബ്സൈറ്റ് ആരംഭിച്ചത്. വേഗം തന്നെ വെബ്സൈറ്റിൽ കയറി ലോകം ചുറ്റിക്കോളൂ...