കൂട്ടുകാരെ പതിവുപോലെ ചാന്ദ്രദിനം അടുത്തെത്തി. മുമ്പത്തേക്കാൾ പ്രാധാന്യത്തോടെ ഇപ്പോൾ നാം ചാന്ദ്രദിനം ആലോഷിക്കാറുണ്ട്. 1969 ജൂലൈ 21 ന് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് മാനവരാശിയുടെ എക്കാലത്തേയും ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണല്ലോ കണക്കാക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ഇക്കാലത്ത് നമ്മുടെ വിരൽത്തുമ്പുകളിൽ തന്നെ ലഭ്യമാണ് താനും. അതുകൊണ്ട് തന്നെ കൂട്ടുകാരുടെ നാട്ടിലും വിദ്യാലയങ്ങളിലും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളും, സെമിനാറുകളും, മൾട്ടീമീഡിയ പ്രസന്റേഷനുകളും അരങ്ങേറുന്നുണ്ടാവുമല്ലോ? അത്തരം അറിവുകൾ യാന്ത്രികമായി പങ്കിടുക എന്നതിലുപരി അവയെ യുക്തിഭദ്രവും സർഗ്ഗാത്മകവുമായി അവതരിപ്പിക്കാൻ കൂടി കൂട്ടുകാർ തയ്യാറാകണം.
ചന്ദ്രൻ ഇന്ന് നമുക്ക് അകലെയെങ്ങോ കിടക്കുന്ന ഒരു വരണ്ട ഗോളമല്ല. വയലാർ പാടിയപോലെ തങ്കത്താഴിക കുടമല്ലായിരിക്കാം താരാപഥത്തിലെ രഥമല്ലായിരിക്കാം. എന്നാലും മനുഷ്യരാശിക്കെന്നും അവരുടെ ഗ്രഹാന്തര യാത്രക്കുള്ള ഇടത്താവളവും കാവ്യഭാവനകൾക്ക് ചിറകടിച്ചുയരാനുള്ള സുവർണതീരവുമാണത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി നമ്മുടെ രാജ്യവും ചാന്ദ്രപഠനങ്ങളിൽ സജീവമായ പങ്കാളികളായി എന്നത് നമുക്ക് അഭിമാനവും സന്തോഷവും തരുന്ന കാര്യമാണ്.
പൗരാണിക കാലം മുതൽക്കു തന്നെ മനുഷ്യനെ ആനന്ദിപ്പിക്കുകയും ആവേശം കൊള്ളിക്കയും ചെയ്ത വാനഗോളമാണ് ചന്ദ്രൻ. അതുകൊണ്ട് തന്നെയാണ് അക്കാലത്തെ കൃതികളിലും, ആചാരാനുഷ്ഠാനങ്ങളിലും ഈ ഗോളം അനിവാര്യമായൊരു കഥാപാത്രമായി മാറിയത്. പിന്നെ ദിക്കറിയാനും, സമയമറിയാനും ചന്ദ്രന്റെ സഹായം ആവശ്യമായി. അനന്തമായ കാലത്തെ അളന്നുമുറിച്ച് കലണ്ടറായി മനുഷ്യന്റെ കൈവെള്ളയിൽ ഒരുക്കിനിർത്താൻ അമ്പിളി കൂട്ടുനിന്നു. ഒപ്പം ചന്ദ്രകൗതുകം തേടാനും മനുഷ്യൻ മറന്നില്ല. വേലിയേറ്റങ്ങൾ, വേലിയിറക്കങ്ങൾ, സൂര്യചന്ദ്രഗ്രഹണങ്ങൾ, ഗ്രഹചന്ദ്ര സംഗമങ്ങൾ അങ്ങനെ നിരവധി വാന കൗതുകങ്ങളിൽ ചന്ദ്രൻ എങ്ങനെ പങ്കാളിയാകുന്നു എന്ന് മനുഷ്യർ തിരിച്ചറിഞ്ഞു.
ടെലസ്‌കോപ്പ് ഉപയോഗിച്ചുള്ള ചാന്ദ്ര നിരീക്ഷണം ആകാശപഠനത്തിലെ പുതിയൊരധ്യായമായിരുന്നു. റോക്കറ്റുകളും, ബഹിരാകാശപേടകങ്ങളും ചന്ദ്രപഠനത്തിന് പുതിയ മുഖം നൽകി. മഹത്തായ ചാന്ദ്രയാത്രകൾ, ചന്ദ്രനിൽ നിന്ന് പാറയും മണ്ണും ഭൂമിയിൽ കൊണ്ടുവന്നത്, ചന്ദ്രനിൽ ജലം കണ്ടെത്തിയത്, മനുഷ്യരാശിക്ക് ഉപയോഗപ്രദമായ നിരവധി ധാതു പദാർത്ഥങ്ങൾ ചന്ദ്രനിൽ കണ്ടെത്തിയത്...അങ്ങനെ ചാന്ദ്രപഠനം അതിന്റെ സ്വപ്നാടന കൗതുകത്തിൽ നിന്ന് പ്രായോഗികയുടെ പുതിയ പാതയിലേക്ക് കുതിച്ചേറുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആർട്ടെമിസ് ദൗത്യം. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനും, അവിടെ താവളമുണ്ടാക്കി ഘട്ടംഘട്ടമായി ചൊവ്വയിലേക്ക് പോകാനും അമേരിക്കൻ ബഹിരാകാശ സംഘടനയായ NASA തയ്യാറാക്കിയ പദ്ധതിയാണ് ആർട്ടെമിസ്. ആളില്ലാത്ത ആർട്ടെമിസ് ഒന്നും, നാല് ഗഗനചാരികളെ ചന്ദ്രനെ ചുറ്റി തിരിച്ചു കൊണ്ടുവന്ന ആർട്ടെമിസ് രണ്ടും ഇതിനിടെ അവയുടെ ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു. അടുത്ത ദൗത്യങ്ങളിൽ അമേരിക്ക അവിടെ ആളെ ഇറക്കാനും തുടർന്ന് ചാന്ദ്രകോളനി സ്ഥാപിക്കാനുമുള്ള തയ്യാറെടുപ്പിലുമായിരിക്കും.
ചാന്ദ്രയാത്രയിൽ അമേരിക്കയോട് നേരിട്ട് ഏറ്റുമുട്ടിയത് പണ്ട് സോവിയറ്റ് യൂണിയനായിരുന്നുവെങ്കിൽ ഇപ്പോഴത് ചൈനയാണ്. ചാങ് ഇ (Chang'e) എന്ന പേരിലാണ് ചൈന തങ്ങളുടെ ചാന്ദ്രദൗത്യങ്ങൾ നടപ്പിലാക്കുന്നത്. ചാങ് ഇ 4 ദൗത്യത്തിലൂടെ ചന്ദ്രന്റെ മറുഭാഗത്ത് പേടകമിറക്കി അവർ ചരിത്രം സൃഷ്ടിച്ചു. വെളിച്ചമെത്താത്ത ചാന്ദ്രഗർത്തങ്ങളിൽ പറക്കുന്ന യന്ത്രപക്ഷിയെ നിരീക്ഷണത്തിനയക്കാനും ചൈനക്ക് പരിപാടിയുണ്ട്. ചന്ദ്രയാൻ ദൗത്യങ്ങളിലൂടെ ഇന്ത്യയും മുൻനിരയിൽത്തന്നെയുണ്ട്. ചന്ദ്രയാൻ ഒന്നിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യം നിസ്സംശയം തെളിയിക്കാൻ നമുക്ക് കഴിഞ്ഞു. ചന്ദ്രയാൻ-3 ലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറി. വരാനിരിക്കുന്ന ചന്ദ്രയാൻ- 4 സാംപിൾ റിട്ടേൺ പദ്ധതിയാണ്. ചന്ദ്രനിൽ വിജയകരമായി പേടകമിറക്കിയ അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ. റഷ്യയും യൂറോപ്യൻ സ്പേസ് ഏജൻസിയും, UAEയും ഈ മേഖലയിൽ സജീവമായുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പണ്ട് വൻകരകൾ തേടി പായ്ക്കപ്പലുകൾ പോയപോലെ ചന്ദ്രനിലെ ആധിപത്യത്തിനായി പല രാജ്യങ്ങളും ഒറ്റയായും കൂട്ടായും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാരണം മനുഷ്യരാശിയുടെ പുതിയ കോളനിവൽക്കരണം അവർ കാണുന്നത് ചന്ദ്രനിലാണ്. ഇതിനായുള്ള അസംസ്‌കൃതവസ്തുകൾ അവിടെയുണ്ടെന്ന് നാളിതു വരെയുള്ള പഠനങ്ങളിൽ നിന്ന് മനുഷ്യൻ മനസ്സിലാക്കിയിട്ടുണ്ട്.
ചന്ദ്രനെ എങ്ങനെ നിരീക്ഷിക്കാം?
ഏറ്റവും എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന ആകാശഗോളമാണ് ചന്ദ്രൻ. മേഘങ്ങൾ മറച്ചില്ലെങ്കിൽ മിക്ക ദിവസങ്ങളിലും പകലും രാത്രിയും ചന്ദ്രനെ നിരീക്ഷിക്കാം. ആകാശനിരീക്ഷണങ്ങൾക്ക് എപ്പോഴും ഒരു ഡയറി കരുതുന്നത് നല്ലതാണ്. അതിൽ നിരീക്ഷിക്കുന്ന സ്ഥലവും, തീയതിയും, സമയവും രേഖപ്പടുത്തണം. പ്രകാശമലിനീകരണം കുറഞ്ഞ നാട്ടിൻപുറങ്ങളായിരിക്കും കൂടുതൽ നല്ലത്. അമാവാസി (അത് കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും) കഴിഞ്ഞ് പിന്നേ ദിവസം മുതലുള്ള ചന്ദ്രക്കല നിരീക്ഷിക്കാം. ചെറിയ ബൈനോക്കുലറോ, ടെലസ്‌കോപ്പോ ഉപയോഗിച്ചാൽ ചന്ദ്രക്കല മനോഹരമായികാണാം. മൊബൈലിൽ ചിത്രമെടുക്കുകയുമാകാം.
ചന്ദ്രനെന്ന വഴി കാട്ടി
മാനത്തെ ചില പ്രധാന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാൻ ചന്ദ്രൻ ഒരു വഴി കാട്ടിയാണ്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ ചന്ദ്ര സാമീപ്യം കൊണ്ട് തിരിച്ചറിയാം. ചന്ദ്രന് പ്രകാശം കൂടിവരുന്ന സമയങ്ങളിൽ ഇങ്ങനെ തിരിച്ചറിയാൻ എളുപ്പമാകില്ല. ചന്ദ്രനെ വഴികാട്ടിയാക്കി മാനത്തെ ഗ്രഹങ്ങളെ തിരിച്ചറിയാൻ എളുപ്പമാണ്. ഉദാഹരണമായി സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ (Mercury). ഈ ഗ്രഹത്തിന് പൊതുവെ തിളക്കം കുറവാണ്. എന്നാൽ ചന്ദ്രക്കല ബുധനടുത്തെത്തുന്ന ദിവസമറിഞ്ഞാൽ അതിനെ കാണുക എളുപ്പമാണ്.
ജൂലൈ മാസത്തെ ചില സംഗമങ്ങൾ
- ജൂലൈ-17-ചന്ദ്രനും ശുക്രനും മകം (Regulus) നക്ഷത്രവും വളരെയടുത്ത്.
- ജൂലൈ-21..ചന്ദ്രൻ ചിത്ര (Spica) നക്ഷത്രനരികെ.
- ജൂലൈ 24...ചന്ദ്രൻ തൃക്കേട്ട(Antares) നക്ഷത്രത്തിനരികെ.
Content Highlights: Significance of Lunar Day in the context of modern space exploration., Overview of global missions: NASA's Artemis, China's Chang'e, and India's Chandrayaan-4.
Published: 15 Jul 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented