പണ്ടു പണ്ട് ലോകം ഉണ്ടായ കാലം. അന്ന് മൃഗങ്ങൾ മനുഷ്യനുവേണ്ടി പണിയെടുത്തുതുടങ്ങിയിട്ടേയുള്ളൂ. ദൂരെയൊരു മരുഭൂമിയിൽ ഒരു ഒട്ടകം താമസിച്ചിരുന്നു. ആളൊരു കുഴിമടിയനാണ് കേട്ടോ. മരുഭൂമിയിലെ കള്ളിച്ചെടികളും മുൾപ്പടർപ്പുകളുമാണ് അവന്റെ പ്രധാന ഭക്ഷണം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ, ദേഷ്യത്തോടെ ''ഹംഫ്'' എന്നൊരു ചീറ്റലാണ് അവന്റെ മറുപടി.

To advertise here,

ഒരു ദിവസം ഒരു കുതിര ഒട്ടകത്തിന്റെ അരികിൽ ചെന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''ചങ്ങാതി, എന്റെ പുറത്തിരിക്കുന്ന ചാക്ക് കണ്ടോ... ഞങ്ങൾ യജമാനനോടൊപ്പം പണിചെയ്യാൻ തുടങ്ങി. നീയും ഞങ്ങളെപ്പോലെ പണിയിൽ കൂടണം.'' കുതിര പറഞ്ഞുതീരുന്നതിനുമുൻപ് ഒട്ടകം പതിവുപോലെ ഒറ്റ ചീറ്റൽ, 'ഹംഫ്!'. ഇത് കേട്ടതും കുതിര തിരിച്ചുപോയി യജമാനനോട് കാര്യം പറഞ്ഞു.

പിന്നെ യജമാനൻ ഒരു നായയെ ഒട്ടകത്തിനടുത്തേക്ക് വിട്ടു. വായിൽ ഒരു കമ്പ് കടിച്ചുകൊണ്ടാണ് അവൻ ഒട്ടകത്തിന്റെ അടുത്തെത്തിയത്. നായ ഒട്ടകത്തിനോട് പറഞ്ഞു: ''ചങ്ങാതി ഞങ്ങളെപ്പോലെ നീയും പണിക്ക് കൂടണം. കണ്ടില്ലേ ഞാൻ ചുള്ളിക്കമ്പുകൾ കടിച്ചുകൊണ്ട് പോയി യജമാനനെ സഹായിക്കുന്നത്.'' നായ പറഞ്ഞുതീരുന്നതിനുമുൻപ് ഒട്ടകം പതിവുപോലെ ഒറ്റ ചീറ്റൽ, 'ഹംഫ്!' നിരാശനായ നായ മടങ്ങിപ്പോയി.

വിവരങ്ങളറിഞ്ഞ യജമാനൻ ഒരു കാളയെ ഒട്ടകത്തിനടുത്തേക്ക് പറഞ്ഞുവിട്ടു. കഴുത്തിൽ ഒരു നുകവുമായി എത്തിയ കാള ഒട്ടകത്തിനോട് പറഞ്ഞു: ''ചങ്ങാതി നീയും ഞങ്ങളെപ്പോലെ പണി ചെയ്യണം. എന്റെ കഴുത്തിലെ നുകം കണ്ടില്ലേ? ഇതുപോലൊന്നിട്ട് വയൽ ഉഴുതുമറിക്കാൻ കൂടാമോ''. കാള പറഞ്ഞത് കേട്ടപാതി കേൾക്കാത്തപാതി, ഒട്ടകം ഒറ്റ ചീറ്റൽ 'ഹംഫ്'! വിഷമത്തോടെ കാളയും യജമാനന് അടുത്തെത്തി.

വിവരങ്ങൾ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ യജമാനൻ പറഞ്ഞു: ''മടിയനായ ഒട്ടകത്തിന് പണിയെടുക്കാൻ തീരെ താത്പര്യമില്ല. അവനെയും പ്രതീക്ഷിച്ച് ഇവിടെ നിൽക്കുന്നത് വിഡ്ഢിത്തമാണ്. ഞാൻ ഈ മരുഭൂമി വിട്ട് നാട്ടിലേക്ക് പോവുകയാണ്. നിങ്ങൾ മൂന്നുപേരും എന്റെ കൂടെ വരണം. അവൻ എടുക്കാത്ത പണികൂടെ നിങ്ങൾ ചെയ്യേണ്ടിവരും. കൂടുതൽ സമയം എന്നെ സഹായിക്കുകയും വേണം. ഒരു പണിയും ചെയ്യാത്ത ഒട്ടകം ഈ മരുഭൂമിയിൽതന്നെ താമസിച്ചോട്ടെ.'' ഇത്രയും പറഞ്ഞുകൊണ്ട് യജമാനൻ നാട്ടിലേക്ക് പോകാനൊരുങ്ങി.

നായയും കാളയും കുതിരയും പിന്നെയും പോയി ഒട്ടകത്തെ കണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ അവർ ഈ വിവരം മരുഭൂമികളുടെ അധിപനായ ജിന്നിനെ അറിയിക്കാൻ തീരുമാനിച്ചു. മൂവരുടെയും വിളി കേട്ട് ഒരു പൊടിക്കാറ്റിനുള്ളിൽനിന്ന് ജിന്ന് ഇറങ്ങിവന്നു. ''എന്തിനാണ് എന്നെ വിളിച്ചത്?'' ജിന്ന് മൂവരോടുമായി ചോദിച്ചു. ''പ്രഭോ, ആ കുഴിമടിയൻ ഒട്ടകത്തിനെഒരു പാഠം പഠിപ്പിക്കണം!'' കാള പറഞ്ഞു. ''ശരി, ഞാൻ അവനോട് സംസാരിക്കാം.'' ഇത്രയും പറഞ്ഞ ജിന്ന് അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.

കുറച്ചകലെ മാറി ഒരു ജലാശയത്തിൽനിന്ന് വെള്ളം കുടിക്കുയായിരുന്ന ഒട്ടകത്തിനടുത്തേക്കാണ് ജിന്ന് പോയത്. എന്നാൽ ഒട്ടകം ജിന്നിനെ കണ്ട ഭാവംപോലും നടിച്ചില്ല. ഒട്ടകം അലസനായി ജലാശയത്തിലെ തന്റെ പ്രതിബിംബവും നോക്കി അങ്ങനെ നിന്നു. ''ചങ്ങാതീ, നിന്നെപ്പറ്റിയുള്ള പരാതികൾ കേട്ടാണ് ഞാൻ വന്നത്. നിർബന്ധമായും നീ മറ്റുള്ളവരുടെ കൂടെ കൂടി പണിയെടുക്കണം.'' ജിന്ന് പറഞ്ഞുതീർന്നതും ഒട്ടകം പതിവ് സ്വഭാവം ആവർത്തിച്ചു, 'ഹംഫ്!' എന്നൊരു ചീറ്റൽ.

ജിന്നിന് ദേഷ്യംവന്നു. ജിന്ന് തന്റെ താടി തടവിക്കൊണ്ട് ഒട്ടകത്തിന്റെ പുറത്തേക്ക് ഒന്ന് നോക്കി. അദ്ഭുതം! ഒട്ടകത്തിന്റെ പുറത്ത് ആ നിമിഷം ഒരു മുഴ ഉണ്ടായിവന്നു! ''അയ്യോ, എന്റെ പുറത്തിനെന്ത് പറ്റി!'' ഒട്ടകം കരയാൻതുടങ്ങി.

''നീ പണിയെടുക്കാതെ ഇരുന്നതിനുള്ള ശിക്ഷയാണിത്!'' ജിന്ന് പറഞ്ഞു.

''പക്ഷേ, ഇനിയീ മുഴയും വെച്ച് ഞാനെങ്ങനെ പണിയെടുക്കും.'' ഒട്ടകം ചോദിച്ചു. അത് വളരെ എളുപ്പമാണ്, മൂന്നുദിവസത്തോളം നിനക്ക് യാതൊരു ഭക്ഷണവും വെള്ളവും കഴിക്കാതെ മുഴയിൽ സംഭരിച്ചുവെച്ചിരിക്കുന്ന കൊഴുപ്പുപയോഗിച്ച് സുഖമായി ജോലിചെയ്യാൻ സാധിക്കും.

ജിന്ന് പറഞ്ഞത് കേട്ട് ഒട്ടകം നാണിച്ച് തലതാഴ്ത്തി. വൈകാതെ അവൻ പട്ടിയുടെയും കുതിരയുടെയും കാളയുടെയും അടുത്തെത്തി തന്റെ തെറ്റിന് ക്ഷമചോദിച്ചു. അന്നുമുതൽ മറ്റ് മൃഗങ്ങളെപ്പോലെ അവനും മനുഷ്യരെ ജോലിയിൽ സഹായിക്കാൻ തുടങ്ങി. എന്നാൽ മരുഭൂമിയിലാണെന്നു മാത്രം!

എപ്പോഴും ഹംഫ് എന്ന് ചീറ്റിയ ഒട്ടകത്തിന് അതുപോലെ ഒരു ഹംമ്പ് (humph) കിട്ടിയെന്നാണ് കഥ. 

പുനരാഖ്യാനം: ഹർഷ