ഭാരതത്തിലെ പ്രധാനപ്പെട്ട രണ്ട് ഇതിഹാസങ്ങളിലൊന്നാണ് രാമായണം. ഭാരതത്തിൽ മാത്രമല്ല ലോകമെമ്പാടും രാമായണത്തിന് പല വകഭേദങ്ങളുമുണ്ട്.

To advertise here,

രാമായണത്തിന്റെ ചരിത്രം:
വാല്മീകിമഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യകൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ രാമായണത്തെ ആദികാവ്യം എന്ന് വിളിക്കുന്നത്. വാല്മീകിരാമായണത്തിനുമുന്നേതന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള രചനകൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ അവ ലഭ്യമല്ലാത്തതിനാൽ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പഴയ രൂപമായി കരുതപ്പെടുന്നു. ഇരുപത്തിനാലായിരം ശ്ലോകം കൂടിച്ചേർന്നതാണ് രാമായണകഥ. അഞ്ഞൂറ് സർഗങ്ങൾ (അധ്യായങ്ങൾ) ഇതിലുണ്ട്. രാമായണത്തെ, ഏഴ് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണിത്.

മഹാരാമായണം, സംവൃത രാമായണം, ലോമശര രാമായണം, അഗസ്ത്യ രാമായണം, മഞ്ജുള രാമായണം, സൗപദ്മ രാമായണം, രാമായണ മഹാമാല, സൗഹാർദ രാമായണം തുടങ്ങി അനേകം രാമായണങ്ങൾ പല മഹർഷിമാരാലും രചിക്കപ്പെട്ടതായി കരുതപ്പെടുന്നു.

വയനാടൻ രാമായണം:
ഈ രാമായണപ്രകാരം കഥ നടക്കുന്നത് വയനാട്ടിലെ പുൽപ്പള്ളിയിലും കുടക് ജില്ലയിലുമാണ്. പുൽപ്പള്ളിയിലെ പാക്കദൈവത്തിന്റെ നിർദേശമനുസരിച്ച് നാടുവിട്ടുപോകുന്ന സീതയെ രാമലക്ഷ്മണന്മാർ യുദ്ധംകഴിഞ്ഞ് വരുന്ന വഴി ഒരു മലയോരത്തുവെച്ചാണ് കണ്ടുമുട്ടുന്നത്. അവരോട് സംസാരിച്ച് യാത്രപറഞ്ഞ് നടന്നുനീങ്ങുന്ന സീതയെ രാവണൻ കാണുകയും ലങ്കയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. പിന്നീട് ഹനുമാനാണ് ലങ്കയിൽ ചെന്ന് സീതയെ തിരിച്ചുകൊണ്ടുവരുന്നത്. തുടർന്ന് സീതയും രാമനും വിവാഹിതരാകുന്നു എന്നാണ് വയനാടൻ രാമായണത്തിന്റെ കഥ.

കമ്പരും ഓട്ടക്കൂതനും:
ദ്രാവിഡഭാഷകളിലെ രാമന്റെ കഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കൃതി കമ്പർ രചിച്ച രാമായണമാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇദ്ദേഹത്തിനുമുൻപ് ഓട്ടക്കൂതൻ എന്നൊരാൾ തമിഴിൽ രാമായണം എഴുതിയിരുന്നതായി പറയുന്നു.

തെലുഗു സാഹിത്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട രാമായണം ആയി കരുതപ്പെടുന്നത് രംഗനാഥൻ രചിച്ച ദ്വിപദ രാമായണമാണ്. ഇത് രംഗനാഥ രാമായണം എന്നും അറിയപ്പെടുന്നു. ശ്രീരാമനും വാനരപ്പടയും ലങ്കയിലേക്ക് ചിറ കെട്ടുമ്പോൾ സഹായിച്ചതിന് ശ്രീരാമനിൽനിന്ന് അനുഗ്രഹം കിട്ടിയതാണ് അണ്ണാറക്കണ്ണന്മാരുടെ പുറത്തെ മൂന്ന് വരകൾ എന്ന കഥ രംഗനാഥ രാമായണത്തിലാണുള്ളത്.

കിളിപ്പാട്ടും ആട്ടക്കഥയും:
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട്, കൊട്ടാരക്കരത്തമ്പുരാൻ രചിച്ച രാമായണം ആട്ടക്കഥ എന്നിവയാണ് മലയാളത്തിലെ പേരുകേട്ട രാമായണകൃതികൾ. ഇതിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത്.

ബീഹാറിലെ രാമൻ:
ബിഹാറിലെ സാന്താൾവംശത്തിൽപ്പെട്ടവർ, രാമൻ തങ്ങളുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിച്ച് ദിവസവും പൂജ ചെയ്തിരുന്നതായി വിശ്വസിക്കുന്നു. സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാൻകുഞ്ഞിനും ഇലന്തമരത്തിനും രാമൻ വരങ്ങൾ നൽകുന്നതും കൊക്കിന് ശിക്ഷ നൽകുന്നതും ഇവർക്കിടയിൽ പ്രചാരമുള്ള ചില കഥകളാണ്.

ഹനുമാന് പകരം ബാലി:
സിംഹള രാമകഥയിൽ രാമൻ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാന്റെ സ്ഥാനത്ത് ഇവിടെ ബാലിയാണ്. ലങ്കാദഹനം നടത്തി സീതയെ മോചിപ്പിച്ച് രാമന്റെയടുത്ത് എത്തിക്കുന്നതും ബാലിതന്നെ. സിംഹളദ്വീപിലെ 'കൊഹോബോയക്കം' എന്ന ആചാരവേളകളിൽ രാമായണകഥ പാരായണംചെയ്യുന്നുണ്ട്.

ഫ്രാ രാമും നങ് സിദയും:
തായ്‌ലൻഡ് രാമായണമായ രാമകീൻ, അവരുടെ ദേശീയ ഇതിഹാസമാണ്. തായ്‌ലൻഡ് രാമായണപ്രകാരം, ഫ്രാ രാം, നങ് സിദ, ഫ്രാ ലക്, തൊത്സകൻ എന്നിവർ യഥാക്രമം രാമൻ, സീത, ലക്ഷ്മണൻ, രാവണൻ എന്നിവരാണ്.

ലാവോസിയെ രാമായണത്തിലാകട്ടെ ഫ്രാ ലക് ഫ്രാ ലാം എന്നാണ് അറിയപ്പെടുന്നത്. ലക്ഷ്മണനെയും രാമനെയും ആണ് ഇത് യഥാക്രമം സൂചിപ്പിക്കുന്നത്.

യാമായണം:
'യാമ സത് ദൗ' എന്നത് മ്യാന്മാറിലെ രാമായണരൂപമാണ്. കഥയുടെ ബർമീസ് പേര് യാമായണ എന്നാണ്. യാമ സത് ദൗ വാമൊഴിയായി പ്രചരിച്ചിരുന്നത് അനരൗഥ രാജാവിന്റെ കാലത്താണ്. യാമ, യാവണ, തീഡ എന്നിവർ ബർമീസ് ഭാഷ പ്രകാരം രാമനും രാവണനും സീതയുമാണ്.

മറ്റു രാജ്യങ്ങളിൽ:
ഇൻഡൊനീഷ്യയിൽ കകവിൻ രാമായണമാണ്. ജാവക്കാർക്കിടയിലെ പാവകളിപോലുള്ള കലാരൂപങ്ങളിൽ ഈ കഥ അവതരിപ്പിക്കപ്പെടുന്നു.

ഫിലിപ്പീൻസ് രാമായണം മഹരദിയലാവണ എന്നറിയപ്പെടുന്നു. സിൻഗിൽ എന്ന നൃത്തരൂപം ഇതിനെ ആസ്പദമാക്കിയാണ്. ജപ്പാൻ രാമായണം, നേപ്പാൾ രാമായണം ആയ സിദ്ധി രാമായണം എന്നിവയും പ്രസിദ്ധി നേടിയതാണ്.