കുട്ടിക്കുറുക്കൻ വീരുവും കരടിക്കുട്ടൻ കീരുവും അയൽക്കാരാണ്. അവർ ചങ്ങാതിമാരുമാണ്. ആനമണ്ടച്ചാരായ കീരുക്കരടി പറയുന്നതുകേട്ടാണ് കുട്ടിക്കുറുക്കന്റെ നടപ്പ്.

To advertise here,

''വീരുക്കുറുക്കനും കീരുക്കരടിയും

ചങ്ങാതിമാരാണേ

മണ്ടത്തരങ്ങൾ ഒന്നിച്ചുകാട്ടി

ചുറ്റിനടപ്പാണേ!''

ഒരു ദിവസം അമ്മക്കുറുക്കത്തി പറഞ്ഞു: ''മോനേ വീരൂ, ചങ്ങാത്തം നല്ലതാ.

പക്ഷേ, ചങ്ങാതിമാരോടു കൂട്ടംകൂടി മണ്ടത്തരങ്ങൾ കാണിക്കരുത്. അതു മിടുക്കൻമാർക്കു പറ്റിയപണിയല്ല കേട്ടോ!''

കുട്ടിക്കുറുക്കൻ വീരുവിനുണ്ടോ അതിഷ്ടപ്പെടുന്നു!

''ഹും, എന്റെ ചങ്ങാതി കീരു മിടുക്കനാ... അവൻ പറയുന്നതു കേട്ടാൽ എന്താ കുഴപ്പം? അമ്മയ്ക്ക് ഒന്നുമറിയില്ല!'', കുട്ടിക്കുറുക്കൻ അമ്മയോട് ദേഷ്യപ്പെട്ടു.

പിറ്റേന്ന് കുട്ടിക്കുറുക്കനും കരടിക്കുട്ടനും കൂടി പുഴക്കരയിലേക്കുപോയി. അവിടെ ഒരു മരത്തിൽ നിന്നും കരടിക്കുട്ടൻ തേൻ എടുത്തു കുടിച്ചു. കുറെ കുട്ടിക്കുറുക്കനും കൊടുത്തു. എന്നാൽ, തേൻ തേടി വന്ന കടിയനുറുമ്പുകൾ കുറുക്കച്ചന്റെ വാലിൽ കടിയോടുകടി!

''ഹയ്യോ... ഉറുമ്പുകടിച്ചേ... രക്ഷിക്കണേ!'', കുട്ടിക്കുറുക്കൻ ഉറക്കെ

കരഞ്ഞു.

''ഞാൻ രക്ഷിക്കാം, പേടിക്കേണ്ട!'' കരടിക്കുട്ടൻ ചുറ്റും നോക്കി. അതാ നായാട്ടുകാർ കത്തിച്ച അടുപ്പിൽ, പുകയുന്ന തീക്കൊള്ളി. അവർ മടങ്ങിപ്പോയിട്ടും അതു കത്തുന്നുണ്ട്്. മണ്ടൻ കരടിക്കുട്ടൻ ഓടിച്ചെന്ന് ആ കത്തുന്ന തീക്കൊള്ളിയെടുത്ത് കുട്ടിക്കുറുക്കന്റെ വാലിൽ തീകൊളുത്തി. 'ശൂ ശൂ...''

''ഹി... ഹി... ഇനി ഒറ്റ ഉറുമ്പും രക്ഷപ്പെടില്ല!''

എന്നാൽ വാലിൽ തീപിടിച്ച കുട്ടിക്കുറുക്കൻ ഉറക്കെ നിലവിളിച്ചു. ''ഹയ്യോ, പൊള്ളുന്നേ!'' അവൻ പുഴയിലേക്ക് ഒറ്റച്ചാട്ടം. മുങ്ങിപ്പൊങ്ങിയപ്പോൾ വാലിലെ തീ കെട്ടു. വീരുക്കുറുക്കന്റെ കരച്ചിൽ കേട്ട് അമ്മക്കുറുക്കത്തി ഓടി വന്നു. അപ്പോൾ കരടിക്കുട്ടൻ വേഗം സ്ഥലം വിട്ടു! അമ്മക്കുറുക്കത്തി വീരുവിനെ സമാധാനിപ്പിച്ചു. എന്നിട്ടു പറഞ്ഞു:

''വീരുക്കുട്ടാ കണ്ടില്ലേ

ആപത്തിൽപോയ് പെട്ടില്ലേ

ചങ്ങാതികളോടൊത്തിട്ട്

വിഡ്ഢിത്തങ്ങൾ കാട്ടല്ലേ!''

അപ്പോൾ വീരു പറഞ്ഞു:

''ശരിയാണമ്മേ... അമ്മയ്ക്ക് എന്നെക്കാൾ ജ്ഞാനം ഉണ്ടെന്നെനിക്കു മനസ്സിലായി. ഇനി ഞാൻ ഏതുകാര്യത്തിലും അമ്മയോട് അഭിപ്രായം ചോദിക്കും!''

പിന്നീട് വീരു മിടുമിടുക്കനായിത്തീർന്നു.

placeholder