ധനസ്ഥിതികൊണ്ടും പ്രകൃതിഭംഗികൊണ്ടും അനുഗൃഹീതമായ ഒരു നാടുണ്ടായിരുന്നു. അവിടെ ജനങ്ങളും മൃഗങ്ങളുമെല്ലാം ഐക്യത്തോടെ ജീവിച്ചുപോന്നു. ഒരുദിവസം കുറേ കൊള്ളക്കാർ ചേർന്ന് ആ നാട്ടിലെ സകലതും കൊള്ളയടിച്ചു. എന്നാൽ ചിലർ മാത്രം അവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു. ആരാണെന്നോ, ഒരുകൂട്ടം എലികൾ! എന്തായാലും അവരുടെ തീരുമാനം തെറ്റിയില്ല. നാട്ടിൽനിന്ന് വലിയൊരുകൂട്ടം ജനങ്ങളും മൃഗങ്ങളും അപ്രത്യക്ഷമായതോടെ അവിടെ കൂടുതൽ പച്ചപ്പും ഫലവൃക്ഷങ്ങളും നിറഞ്ഞു. എലികൾക്ക് സുഭിക്ഷമായ തീറ്റ കിട്ടിത്തുടങ്ങി.
ഗ്രാമത്തിനു തൊട്ടടുത്തുള്ള ഒരു കാട്ടിൽ അനേകം ആനകൾ ജീവിച്ചിരുന്നു. അവിടെ ദാഹമകറ്റാൻ ഏതു വേനലിലും വറ്റാത്ത ഒരു തടാകവും ആവശ്യത്തിന് ഭക്ഷണവും അവർക്കുണ്ടായിരുന്നു. എന്നാൽ ഒരു കടുത്ത വേനലിൽ, തടാകം വറ്റിവരണ്ടു. ആനക്കൂട്ടത്തിന്റെ നേതാവായിരുന്ന പിടിയാന മറ്റ് ആനകളെ കുടിവെള്ളം കിട്ടുന്ന സ്ഥലം കണ്ടുപിടിക്കാൻ പല ദിക്കുകളിലേക്ക് പറഞ്ഞയച്ചു. കൂട്ടത്തിൽ ഒരു ആന എത്തിച്ചേർന്നത് എലികൾ അടക്കിഭരിക്കുന്ന ആ ഗ്രാമത്തിലായിരുന്നു. ഗ്രാമത്തിനോടു ചേർന്നുള്ള പുഴയിൽ ശുദ്ധജലമുണ്ടെന്ന് അവൻ മനസ്സിലാക്കി. അവൻ അത് ചെന്ന് തങ്ങളുടെ നേതാവായ പിടിയാനയോടു പറഞ്ഞു.
പിറ്റേദിവസം തന്നെ ആനക്കൂട്ടം, പുഴയന്വേഷിച്ച് എലികളുടെ ഗ്രാമത്തിലെത്തി. പുഴയിലേക്ക് പോകുംവഴി ആനകളുടെ ശക്തമായ കാൽവെപ്പുകളിൽപെട്ട് എലികളുടെ മാളം തകർന്നു. പലരുടെയും കൈയും കാലും ഒടിഞ്ഞു. ചില എലികൾ ആനകളുടെ കാലിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞു. എന്നാൽ ആനകൾ ഇക്കാര്യം ശ്രദ്ധിച്ചതേയില്ല. ഇതിങ്ങനെ തുടർന്നാൽ തങ്ങളുടെ വംശമറ്റുപോകുമെന്ന് മനസ്സിലാക്കിയ എലികൾ ഒരു പോംവഴിയെപ്പറ്റി ആലോചിച്ചു. കൂട്ടത്തിലെ മുതിർന്ന അപ്പൂപ്പൻ എലി ആനകളെക്കണ്ട് കാര്യം പറഞ്ഞുമനസ്സിലാക്കാമെന്നേറ്റു.
അടുത്ത ദിവസം അപ്പൂപ്പൻ എലി ആനകളുടെ നേതാവായ പിടിയാനയോട് തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ പിടിയാന, ഇനിമുതൽ തങ്ങൾ പുഴയിലേക്ക് മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചുകൊള്ളാമെന്ന് ഉറപ്പുനൽകി. പിടിയാനയുടെ നല്ലമനസ്സിന് നന്ദിപറഞ്ഞ അപ്പൂപ്പൻ എലി, ആനകൾക്ക് എന്തുസഹായം വേണമെങ്കിലും തങ്ങളിൽനിന്ന് പ്രതീക്ഷിക്കാം എന്ന വാക്കും നൽകി.
കാലങ്ങൾ കടന്നുപോയി. കാടിനോടടുത്തുള്ള ഒരു രാജ്യത്തെ രാജാവ് തന്റെ സൈന്യം ബലപ്പെടുത്താനായി ഒരുകൂട്ടം ആനകളെ പിടിക്കാൻ തീരുമാനിച്ചു. ഇതിനായി രാജാവിന്റെ കിങ്കരന്മാർ കാട്ടിലെത്തി. അവർ ആനകളെ ഓരോന്നിനെയായി കെണിയിൽ വീഴ്ത്തി. കുങ്കി ആനകളെ ഉപയോഗിച്ച് അവയെ കുഴിയിൽനിന്ന് കയറ്റി അടുത്തുള്ള മരങ്ങളിൽ ശക്തമായ വടമുപയോഗിച്ച് തളച്ചിട്ടു. എന്തുചെയ്യണമെന്നറിയാതെ പിടിയാനയും കൂട്ടരും വിഷമിച്ചു. അപ്പോഴാണ് പിടിയാനയ്ക്ക് അപ്പൂപ്പൻ എലി തന്ന വാഗ്ദാനത്തിന്റെ കാര്യം ഓർമവന്നത്. പിടിയാന കെണിയിലകപ്പെടാത്ത മറ്റൊരാനയെ അപ്പൂപ്പൻ എലിയുടെ സമീപത്തേക്ക് പറഞ്ഞയച്ചു. വിവരങ്ങളറിഞ്ഞ അപ്പൂപ്പൻ എലി മറ്റ് എലികളെയും കൂട്ടി കാട്ടിലേക്ക് കുതിച്ചു. എലികളെല്ലാവരും ചേർന്ന് ആനകളെ ബന്ധിച്ചിരുന്ന വടം കരണ്ടുമുറിച്ച് അവരെ രക്ഷിച്ചു. പിടിയാനയും കൂട്ടരും എലികളുടെ സേവനത്തിന് നന്ദി പറഞ്ഞു.
Content Highlights: The importance of mutual respect between small and large creatures
Published: 05 Jun 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented