മഴവില്ലുണ്ടായതിനു പിന്നിലെ രസകരമായ ഒരു കഥ വായിക്കാം

ഒരിക്കൽ നിറങ്ങൾ തമ്മിൽ തങ്ങളുടെ കേമത്തത്തെക്കുറിച്ച് ഒരു തർക്കം. ''സസ്യലോകം എന്റെ സാന്നിധ്യത്തിലാണ് നിലനിൽക്കുന്നത്. പ്രത്യാശയുടെ നിറമായ പച്ചയാണ് ഞാൻ.''പച്ച തന്റെ വമ്പത്തരം പറഞ്ഞു.
''ആകാശത്തേക്ക് നോക്കൂ, വിശാലമായ സമുദ്രങ്ങൾ നോക്കൂ. ശാന്തിയുടെയും സമാധാനത്തിന്റെയും നിറമായ നീലയാണ് ഞാൻ.'' നീല കേമത്തരം കുറച്ചില്ല.
''ചിരിയും ഉല്ലാസവും പകരുന്ന മഞ്ഞയാണ് ഞാൻ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൂര്യകാന്തിപ്പൂക്കളുമെല്ലാം മഞ്ഞയാണെന്നോർക്കണം.'' മഞ്ഞ വിട്ടുകൊടുത്തില്ല.
''ആരോഗ്യത്തിന്റെയും ശക്തിയുടെയും നിറമായ ഓറഞ്ചാണ് ഞാൻ. കാരറ്റും മത്തനും മാമ്പഴവുമെല്ലാം എന്റെ നിറത്തിലാണ്. സൂര്യോദയത്തിലും അസ്തമയത്തിലും ആകാശച്ചരിവിൽ ഞാൻ വരും.'' ഓറഞ്ച് ഞെളിഞ്ഞുകൊണ്ട് പറഞ്ഞു.
''ധീരതയുടെയും പോരാട്ടത്തിന്റെയും അപകടസൂചനയുടെയും നിറമായ ചുവപ്പാണ് ഞാൻ. ചെമ്പനീരും ചെങ്കദളിയും എന്റെ അഭിമാനമാണ്.'' ചുവപ്പ് ഒന്നൊന്നായി ഗുണങ്ങളെണ്ണി നിരത്തി.
''രാജകീയ മഹത്ത്വത്തിന്റെയും ജ്ഞാനത്തിന്റെയും നിറമായ എന്നെ രാജാക്കന്മാർപോലും തിരഞ്ഞെടുക്കുന്നു.'' ഊതനിറം പറഞ്ഞു.
''നിശ്ശബ്ദതയുടെ നിറമായ കടുംനീലയാണ് ഞാൻ. സമചിത്തതയ്ക്കും സന്തുലിതാവസ്ഥയ്ക്കും പ്രാർഥനയ്ക്കും ആന്തരികശക്തിക്കും എന്നെ ആവശ്യമായി വരും.''
നിറങ്ങളുടെ അവകാശവാദങ്ങളും തർക്കവും മുറുകിയപ്പോൾ ആകാശത്ത് മിന്നലും ഇടിമുഴക്കവുമുണ്ടായി. കോരിച്ചൊരിയുന്ന മഴയും. നിറങ്ങൾ പേടിച്ചരണ്ട് ഒന്നിച്ചുകൂടി ചേർന്നുനിന്നു.
അപ്പോൾ മഴ പറഞ്ഞു: ''നിങ്ങൾ പരസ്പരം പോരടിച്ച് മേധാവിത്വം നേടാൻ തർക്കിക്കുന്നത് വിഡ്ഢിത്തമാണ്. നിങ്ങളോരോരുത്തർക്കും ഓരോ ധർമമുണ്ട്. പ്രത്യേകസ്ഥാനവും. നിങ്ങളെല്ലാവരും ഒത്തുചേർന്നാൽ ഏറ്റവും മനോഹരമായ കാഴ്ചയാകും അത്. നിങ്ങൾ പരസ്പരം കൈകോർത്ത് ആകാശച്ചരിവിൽ മഴവില്ലായി നിൽക്കുക. ഐക്യത്തിന്റെ മനോഹാരിതയും കൂടിച്ചരലിന്റെ ചാരുതയും ലോകം ആസ്വദിക്കട്ടെ. ഞാൻ വെയിലൊത്ത് വരുമ്പോഴൊക്കെയും എന്റെ പിന്നിൽ നിങ്ങളും അണിനിരക്കുക.
ഇതുകേട്ട നിറങ്ങൾക്ക് കാര്യം മനസ്സിലായി. വെയിലും മഴയും ഒരുമിച്ചെത്തുന്ന വേളകളിൽ അവർ ആകാശച്ചരിവിൽ മാരിവില്ലായി തലയുയർത്തി നിന്നു .
Content Highlights: story of a rainbow
Published: 01 Oct 2025, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented