ഒരുകാട്ടിൽ മൺതരികൾവെച്ച് കെട്ടിപ്പൊക്കിയ ഒരു വമ്പൻ ഉറുമ്പിൻകൂടുണ്ടായിരുന്നു. ഉറുമ്പുകൾ കൂടുന്നതിനനുസരിച്ച് മൺകൂട് അവ വലുതാക്കിക്കൊണ്ടേയിരിക്കും. റാണിയുറുമ്പിന്റെ നിർദേശമനുസരിച്ചാണ് ഓരോ ഉറുമ്പും പ്രവർത്തിക്കുന്നത്.
ആ കോളനിയിൽ മിന്നു എന്നൊരു ഉറുമ്പുണ്ടായിരുന്നു. ഉറുമ്പുകോളനിയിലെ കൂട്ടത്തോടെയുള്ള ജീവിതം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എവിടെപ്പോകുമ്പോഴും വരിവരിയായി നടക്കണം, റാണിയുടെ നിർദേശമനുസരിച്ച് പണിയെടുക്കണം, ആഹാരസാധനങ്ങൾ കിട്ടിയാൽ എല്ലാവരുംചേർന്ന് അതെടുത്ത് കൂട്ടിലാക്കണം, എല്ലാവരും അത് പങ്കിട്ടെടുക്കണം. പിന്നെ എപ്പോഴും കൂടുപണിയുമുണ്ടാവും.
അങ്ങനെ കൂട്ടമായി ജീവിച്ച് അവൻ മടുത്തു. വണ്ടിനും പുൽച്ചാടിക്കും ശലഭത്തിനുമൊന്നും ഈ പ്രശ്നമില്ല. അവയ്ക്ക് ഒറ്റയ്ക്കു ജീവിക്കാം എല്ലാം സ്വന്തമായി ചെയ്യാം ആരുടെയും നിർദേശമനുസരിച്ച് ജീവിക്കണ്ട, എന്തുകിട്ടിയാലും ഒറ്റയ്ക്കു തിന്നാം. അവന് ആ ചങ്ങാതിമാരെപ്പോലെ ജീവിക്കാൻ മോഹം തോന്നി.
ഒരുദിവസം നല്ലകാറ്റുള്ളപ്പോൾ ഒരു കരിയില പാറി അവന്റെ മുന്നിലെത്തി. അവൻ വേഗം അതിൽക്കയറി കടിച്ചുപിടിച്ചിരുന്നു. കരിയില കാറ്റത്ത് അവനെയുംകൊണ്ട് പറന്നുയർന്നു.
മുകളിലേക്കു മകളിലേക്ക് കരിയില പൊങ്ങി. മിന്നു കരിയിലയിലിരുന്ന് താഴേക്കുനോക്കി. മരങ്ങൾക്കിടയിലൂടെ താഴെ ആരെയും കാണാൻ കഴിഞ്ഞില്ല. വണ്ടിനെയും പുൽച്ചാടിയെയുമൊന്നും അവൻ കണ്ടതേയില്ല. പകരം താൻ കഴിയുന്ന മൺകൂട് അതാ തലയുയർത്തിനിൽക്കുന്നു. മറ്റൊരു ജീവിയുടെ കൂടും അവന് അതുപോലെ കാണാൻ കഴിഞ്ഞില്ല. മിന്നുവിന് തന്റെ കൂട്ടരുടെ ശക്തി മനസ്സിലായി. തന്റെ റാണിയുടെ ആജ്ഞകളുടെ വില മനസ്സിലായി. ഇത്തിരിക്കുഞ്ഞന്മാരായ ഉറുമ്പുകൾ ഒത്തൊരുമിച്ച് പ്രയത്നിച്ചതിന്റെ ഫലമാണ് താഴെ ആ കാണുന്നത്. ഒരു ഉറുമ്പായി ജനിച്ചതിൽ മിന്നുവിന് സന്തോഷവും അഭിമാനവും തോന്നി. ഒറ്റയ്ക്കുനിൽക്കുമ്പോഴല്ല, ഒരുമിക്കുമ്പോഴേ ശക്തിയുണ്ടാവൂ എന്നവൻ തിരിച്ചറിഞ്ഞു. അവൻ കരിയിലയ്ക്കൊപ്പം താഴെയെത്തി. വേഗം തന്റെ മൺകൂട്ടിലേക്കു നടന്നു.
Content Highlights: Uses a narrative approach to teach children about the power of unity
Published: 06 Jun 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented