ലോക കഥാസാഹിത്യത്തിലെ അദ്ഭുത സൃഷ്ടികളിൽ അമൂല്യസ്ഥാനം അലങ്കരിക്കുന്ന കൃതിയാണ് 'അൽഫ് ലൈല വ ലൈല' എന്ന അറബിപ്പേരുള്ള 'ആയിരത്തൊന്നു രാവുകൾ'. മലയാളത്തിൽ അറബിക്കഥകൾ എന്ന് പൊതുവിൽ അറിയപ്പെടുന്ന ഈ ബൃഹത് കഥാസമാഹാരം കഥകൾ സൃഷ്ടിക്കുന്ന മായിക ലോകത്തേക്ക് നമ്മെ നയിക്കുന്നു. ആയിരത്തൊന്നു രാവുകളെപ്പോലെ ഇത്രയേറെ പ്രചാരം നേടിയ ഒരു അറബിഭാഷാകൃതി വേറെയില്ല എന്നുതന്നെ പറയാം. ആലിബാബയും നാല്പതു കള്ളന്മാരും, അലാവുദ്ദീനും അദ്ഭുത വിളക്കും തുടങ്ങിയ നിരവധി കഥകൾ നിരക്ഷരരായ ആളുകൾക്കിടയിൽപ്പോലും പ്രചാരം നേടിയിരുന്നു. മനംമയക്കുന്ന മനോഹര കഥകളുടെ ഉറവിടമായ ആയിരത്തൊന്നു രാവുകളുടെ ഉത്പത്തി എങ്ങനെയെന്ന് അറിയാമോ?
ബുദ്ധിമതിയായ മന്ത്രിപുത്രി
അറേബ്യയിലെ സ്ത്രീ വിദ്വേഷിയായ ഷഹരിയാർ എന്ന രാജാവ് ഒരിക്കൽ വിചിത്രമായ ഒരു തീരുമാനമെടുത്തു. ഓരോ ദിവസവും ഓരോ പുതിയ പെൺകുട്ടികളെ വിവാഹം കഴിക്കണം. പക്ഷേ, പിറ്റേന്ന് നേരം പുലരുമ്പോഴേക്കും അവളെ വധിച്ചുകളയുകയും വേണം.
രാജാവിന് വധുക്കളെ കണ്ടെത്താനുള്ള നിയോഗം മന്ത്രിക്കായി. പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അവസ്ഥ പരുങ്ങലിലായി. ചിലർ തങ്ങളുടെ പെൺമക്കളെയും കൊണ്ട് അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഏകദേശം 1,100 കന്യകമാർ രാജാവിന്റെ വാളിനിരയായി. ഒടുവിൽ മന്ത്രിയുടെ രണ്ട് പുത്രിമാരല്ലാതെ രാജ്യത്ത് പെൺകുട്ടികളാരുമില്ലാത്ത അവസ്ഥ വന്നു. എന്തുചെയ്യണമെന്നറിയാതെ ആ മന്ത്രിമുഖ്യൻ കുഴങ്ങി.
അസാമാന്യമായ ബുദ്ധിവൈഭവവും പാണ്ഡിത്യവും കൈമുതലായുള്ള മന്ത്രിപുത്രി ഷഹറാസാദ് അച്ഛന്റെ ദുഃഖത്തിന്റെ കാരണം മനസ്സിലാക്കി. അവൾ അച്ഛനെ സമീപിച്ച് അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. തന്നെ ഷഹരിയാർ രാജാവിന് കല്യാണം കഴിച്ചുകൊടുക്കാൻ അച്ഛനോടപേക്ഷിച്ചു.
മകൾ പറഞ്ഞതുകേട്ട് മനം തകർന്ന അച്ഛനെ സ്‌നേഹത്തോടെ വിളിച്ചിട്ട് അവൾ പറഞ്ഞു: ''പ്രിയപ്പെട്ട അച്ഛാ, അവിടുന്ന് ധൈര്യമായി ഞാൻ പറഞ്ഞ കാര്യം ചെയ്യുക. ദൈവനിശ്ചയം ആർക്കും മാറ്റിമറിക്കാനാവില്ല. അതനുസരിച്ച് ഞാൻ മരിക്കുകയാണെങ്കിൽ മരിക്കട്ടെ. അങ്ങനെയല്ലായെങ്കിൽ ഈ രാജ്യത്തെ പെൺകുട്ടികൾക്ക് വന്നുഭവിച്ച വിപത്തിൽനിന്ന് അവരെ ഞാൻ രക്ഷിക്കും. ''
മകളുടെ വാക്കുകേട്ട മന്ത്രി മനസ്സില്ലാമനസ്സോടെ തന്റെ പ്രിയപുത്രിയെ രാജസമീപത്തേക്കയച്ചു. കൊട്ടാരത്തിലേക്ക് പുറപ്പെടുംമുൻപ് തന്റെ അനുജത്തിയായ ദുന്യാസാദിനെ വിളിച്ച് അവൾ പറഞ്ഞു: ''മോളേ, ഞാൻ കൊട്ടാരത്തിലേക്കു പോകുന്നു. ഞാൻ നിന്നെ അവിടേക്ക് വിളിപ്പിക്കും. നീ എന്നെക്കൊണ്ട് കുറേ കഥകൾ പറയിക്കണം.''
തീരാത്ത കഥകൾ...
അങ്ങനെ ഷഹറാസാദ് രാജവധുവായി. അവൾ ഏങ്ങിക്കരഞ്ഞുകൊണ്ട് ഷഹരിയാർ രാജാവിനോട് പറഞ്ഞു: ''എന്റെ കൊച്ചനുജത്തിയോട് യാത്ര ചോദിക്കാതെയാണ് ഞാനിങ്ങോട്ടു വന്നത്. അവളെ വരുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.'' അവൾ പറഞ്ഞതുകേട്ട രാജാവ്, ഭൃത്യന്മാരെ അയച്ച് ദുന്യാസാദിനെ വരുത്തി. പരസ്പരം കണ്ടമാത്രയിൽ ഇരുസഹോദരിമാരും ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു. തുടർന്ന് രാജാവും ഷഹറാസാദും ഒരു മഞ്ചത്തിലിരുന്നു. ദുന്യാസാദ് ഒരു പരവതാനി വിരിച്ച് നിലത്തും.
നേരത്തേ പറഞ്ഞുറപ്പിച്ചതു പ്രകാരം അനുജത്തി ചേച്ചിയോടു പറഞ്ഞു: ''നേരം പോകുന്നില്ലല്ലോ ചേച്ചി. ചേച്ചിക്ക് രസകരങ്ങളായ എന്തുമാത്രം കഥകളറിയാം. ഒരു കഥ പറഞ്ഞെങ്കിൽ...''
കഥ കേൾക്കുന്നതിൽ തത്പരനായ ഷഹരിയാർ കഥ പറയാൻ ഷഹറാസാദിനെ അനുവദിച്ചു. ഏതു നിമിഷവും തന്റെ കഴുത്തിനു നേരെ പാഞ്ഞടുക്കാവുന്ന വാളിന്റെ വായ്ത്തല സൃഷ്ടിച്ച ഭീതിക്കുമുൻപിൽനിന്നുകൊണ്ട് ഷഹറാസാദ് മനംമയക്കുന്ന കഥകൾ പറഞ്ഞു.
ഷഹറാസാദിന്റെ കഥ പറച്ചിൽ ആയിരത്തൊന്ന് രാവുകൾ നീണ്ടു. ഓരോ ദിവസവും അവൾ ഓരോ കഥ തുടങ്ങിവയ്ക്കും. അതിന്റെ അവസാനമറിഞ്ഞിട്ട് കൊല്ലാമെന്ന് രാജാവ് തീരുമാനിക്കും. കഥ പറഞ്ഞുകഴിഞ്ഞിട്ട് കഥാകാരിയുടെ കഥ കഴിക്കാനുറച്ച രാജാവിന്റെ തീരുമാനം ദിവസങ്ങളോളം നീണ്ടുപോയി. ആയിരത്തി ഒന്നാമത്തെ രാത്രിയുടെ അവസാനയാമത്തിൽ ഷഹറാസാദ് തന്റെ കഥ പറച്ചിൽ അവസാനിപ്പിച്ചു.
ചക്രവർത്തി വിസ്മയപരതന്ത്രനായി അവളെ നോക്കിയിരുന്നു: ''നൂറുകണക്കിന് കഥകളിലൂടെ നീ എത്ര അനുഭവങ്ങളാണ് എന്റെ മുന്നിൽ തുറന്നിട്ടത്. നിന്റെ കഥകളുടെ മിഴിവും ചൈതന്യവും എന്റെ മനസ്സിൽ അറിവിന്റെ ജ്യോതിസ്സ് ജ്വലിപ്പിച്ചു. നിന്റെ മനസ്സിൽ ജ്ഞാനവും നാവിൽ വാക്സാമർഥ്യവും തെളിയിച്ച ആ മഹാശക്തിയുടെ മുന്നിൽ ഞാൻ നമിക്കുന്നു'' എന്നദ്ദേഹം വിളിച്ചുപറഞ്ഞു.
കഥപറച്ചിലിൽ വിസ്മയം സൃഷ്ടിച്ച ഷഹറാസാദിന്റെ ബുദ്ധിവൈഭവം സ്വന്തം ജീവൻ രക്ഷിച്ചു എന്നു മാത്രമല്ല, രാജാവിന്റെ മനസ്സിൽനിന്ന് സ്ത്രീവിദ്വേഷം പിഴുതെറിയുകയും ചെയ്തു. അതിനുമപ്പുറം ലോകസാഹിത്യത്തിൽ കഥകൾക്കുള്ള വശ്യത എന്നും നിലനിൽക്കുന്നു എന്നതും ഉറപ്പിച്ചുപറയുന്ന കഥകൾ കൂടിയാണിത്. അറബിനാടുകളിലെ സാമൂഹിക ജീവിതത്തിന്റെ ഒരു ഏകദേശ രൂപംകൂടി ഈ കഥകളിലോരോന്നിലും ഇഴചേർന്നുകിടക്കുന്നത് നമുക്കു കാണാം. കഥയുടെ വിശ്വവശ്യതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമായി എടുത്തുകാണിക്കാൻ കഴിയുന്ന കൃതികൂടിയാണ് 'ആയിരത്തൊന്നു രാവുകൾ'.

Content Highlights: Overview of the legendary literary work 'Alif Laila wa Laila'
Published: 19 Jun 2026, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented