കുട്ടപ്പൻ അമ്മയുടെ കൂടെ കല്യാണത്തിന് പോകുകയാണ്. ഒന്നര കിലോമീറ്റർ ദൂരെയുള്ള ബന്ധുവിന്റെ വീട്ടിലാണ് കല്യാണം. വൈകുന്നേരത്തേക്കാണ് എല്ലാവരെയും ക്ഷണിച്ചത്. ''നമുക്ക് നടക്കാം, അല്ലേ കുട്ടപ്പാ...'' അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ കുട്ടപ്പൻ നീരസത്തോടെ മുഖം ചുളിച്ചു.

To advertise here,

''അയ്യോ, അമ്മേ, നടക്കാനോ... ഓട്ടോ വിളിക്കാം.''

കുട്ടപ്പൻ, ഒരുകിലോമീറ്ററിൽ താഴേയുള്ള സ്‌കൂളിലേക്ക് ഓട്ടോറിക്ഷയിലാണ് പോകുന്നത്! പിന്നെങ്ങനെയാണ് അവൻ നടക്കാനിഷ്ടപ്പെടുക.

''വേണ്ട, നമുക്ക് മെല്ലെ നടക്കാം. വയലും തോടും കുന്നും കുളവും കണ്ട് നടക്കാൻ എന്തുരസമാണെന്നോ...''. അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ, ഇഷ്ടമായില്ലെങ്കിലും അവൻ സമ്മതിച്ചു.

കുറച്ചുസമയം നടന്നപ്പോൾ വയൽ കാണാൻ തുടങ്ങി. ആരോ പച്ചപ്പുതപ്പ് വീശുന്നതുപോലെ നെൽച്ചെടികൾ കാറ്റിലിളകുന്നു. ഹായ്, എന്തു ഭംഗി! അവൻ നടക്കാൻ മറന്നുകൊണ്ട് അല്പനേരം വയലിലേക്ക് നോക്കി നിന്നു. ''അത് ഏത് പക്ഷിയാ അമ്മേ?''

തോട്ടിൻകരയിലെ മരക്കൊമ്പിലിരിക്കുന്ന പക്ഷിയെ ചൂണ്ടിക്കാണിച്ച് അവൻ ചോദിച്ചു.

''അതാണ് നീലപ്പൊന്മാൻ! ചെറിയ മീൻകൊത്തിയെന്നും പറയും. അത് മീനിനെ നോക്കിയിരിക്കുകയാണ്. കണ്ടാലുടൻ റാഞ്ചിയെടുക്കും!'' അമ്മ പറഞ്ഞു.

ഈ പക്ഷി നല്ല കൗശലക്കാരൻ തന്നെ, അവൻ ഓർത്തു.

''കൊക്കുകൾ വയൽക്കരയിൽ തപസ്സിരിക്കുന്നുണ്ട്. തവളകളുടെ ഗാനമേള കേട്ടോ...''

'ഗാനമേള' എന്ന് കേട്ടപ്പോൾ അവന് രസംപിടിച്ചു. ശരിയാണ്, അവ ഈണത്തിൽ പാടുന്നതുപോലെയുണ്ട്!

തണുത്ത കാറ്റ് വീശാൻ തുടങ്ങി. മഴ ഉടൻ പെയ്യുമെന്ന് തോന്നുന്നു. അമ്മ ഇങ്ങനെ ഓർത്തുകൊണ്ട് നടത്തത്തിന് വേഗം കൂട്ടി. വിചാരിച്ചതുപോലെതന്നെ മഴത്തുള്ളികൾ ചിതറിവീണുതുടങ്ങി. കുടയുണ്ടെങ്കിലും മഴനൂലുകൾ ശരീരത്തിലേക്ക് ചരിഞ്ഞുവീഴുന്നുണ്ട്. കുട്ടപ്പന് മഴനനഞ്ഞ് നടക്കാൻ വല്ലാത്ത സുഖം തോന്നി. അവരെ കണ്ടപ്പോൾ കരയിലിരിക്കുന്ന തവളകൾ തോട്ടിലേക്കു ചാടി മുങ്ങാംകുഴിയിട്ടു!

കല്യാണവീട്ടിലെത്തിയപ്പോഴേക്കും മഴ തോർന്നിരുന്നു. അവിടെ ഭക്ഷണം കൊടുക്കുന്ന തിരക്കാണ്. ഒരു ഒഴിഞ്ഞ കോണിൽ കുട്ടപ്പനും അമ്മയും ഇരുന്നു. ഇലയിൽ ബിരിയാണി വിളമ്പി. അച്ചാറും തൈരുമൊക്കെയായപ്പോൾ കൊതിപ്പിക്കുന്ന ഗന്ധം! അവൻ അമ്മയുടെ നേരേ മൊബൈൽഫോണിന് കൈനീട്ടി.

''അയ്യോ കുട്ടപ്പാ, ഇവിടെ മൊബൈലിൽ നോക്കിയിരിക്കാൻ സമയമില്ല. നീ കണ്ടില്ലേ തിരക്ക് കൂടിവരുന്നത്. നമ്മൾ എഴുന്നേറ്റിട്ടുവേണം മറ്റുള്ളവർക്ക് ഭക്ഷണം കഴിക്കാൻ...''

അവൻ വീണ്ടും കെഞ്ചിനോക്കിയെങ്കിലും അമ്മ ഫോൺ കൊടുത്തില്ല. അമ്മയോട് പിണങ്ങിയിട്ടാണെങ്കിലും അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.

കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ അവിടെനിന്നിറങ്ങി. കുട്ടപ്പനെ കാണാഞ്ഞ് അവർ തിരിഞ്ഞുനോക്കി. അവൻ, പന്തലിൽ തൂക്കിയിട്ട വർണബലൂണുകളിൽ നോക്കിനിൽക്കുകയാണ്!

അവന്റെ കൈപിടിച്ച് അമ്മ വേഗം നടന്നു.

''എന്ത് രുചിയാണ് ബിരിയാണിക്ക്! നമുക്കും വീട്ടിൽ ഉണ്ടാക്കണം...'', അവൻ അമ്മയോടു പറഞ്ഞു.

''നമ്മളും വീട്ടിലുണ്ടാക്കാറുണ്ടല്ലോ. മൊബൈൽഫോണിൽ നോക്കിയിരുന്ന് ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് നീ ഒന്നും അറിയാത്തത്!'', അമ്മ പറഞ്ഞു. അത് ശരിയാണെന്ന് അവനും തോന്നി.

വീട്ടിലെത്തിയപ്പോൾ കുട്ടപ്പന്റെ മനസ്സിൽ ചില തീരുമാനങ്ങൾ രൂപപ്പെട്ടുവന്നുകഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽഫോണിൽ നോക്കില്ല. സ്‌കൂളിലേക്ക് നടന്നുപോകും!

അവന്റെ ഈ തീരുമാനം കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമായി. സ്‌കൂളിലേക്ക് നടന്നുപോകാൻ അവന് ചില കൂട്ടുകാരെയും കിട്ടി! വാഹനത്തിൽ ഞെരുങ്ങിയിരിക്കുന്നതിനു പകരം, പലപല കാഴ്ചകൾ കണ്ടും നാട്ടുവർത്തമാനം പറഞ്ഞും സ്‌കൂളിലേക്കുള്ള യാത്ര കുട്ടപ്പനും കൂട്ടുകാരും വളരെ ആനന്ദകരമാക്കി.