വൈകുന്നേരം കളിയൊക്കെ കഴിഞ്ഞ് വന്ന ഗൗതമിനോട് അമ്മ പറഞ്ഞു:

To advertise here,

''മേശപ്പുറത്ത് രണ്ടു കോഴിമുട്ടയുണ്ട്; ഒന്ന് പുഴുങ്ങിയതും ഒന്ന് പുഴുങ്ങാത്തതും. പുഴുങ്ങിയ മുട്ട അമ്മുവിനു കൊടുത്തോളൂ. പുഴുങ്ങാത്ത മുട്ട നീയെടുത്ത് ഓംലെറ്റ് ഉണ്ടാക്കിക്കോ.''

ഒരുപോലെയുള്ള രണ്ടു കോഴിമുട്ടകൾ കൈയിലെടുത്തപ്പോൾ ഗൗതമിന് ഒരു കുസൃതി തോന്നി.

അവൻ അതുമായി വായിച്ചുകൊണ്ടിരിക്കുന്ന അമ്മുവിനടുത്തെത്തി.

''അമ്മുച്ചേച്ചീ, ഇതിൽ ഒന്ന് പുഴുങ്ങിയതും മറ്റേത് പുഴുങ്ങാത്തതുമാണ്. പൊട്ടിക്കാതെ ഇവ തിരിച്ചറിഞ്ഞാൽ ഇതുരണ്ടും അമ്മുച്ചേച്ചിക്ക് തരാം,''

ഗൗതം പറഞ്ഞു. 

അമ്മു രണ്ടു കോഴിമുട്ടയും കൈയിൽ വാങ്ങി. തിരിച്ചും മറിച്ചും നോക്കി:

''ഒരു രക്ഷയുമില്ല. നീ പറ, എന്തുചെയ്യും?''

''വെരി സിമ്പിൾ,'' ഗൗതം രണ്ടു കോഴിമുട്ടയും കൈയിലെടുത്തു.

മിനുസമുള്ള പ്രതലത്തിൽ വെച്ച് അതുരണ്ടും കൈകൊണ്ട് കറക്കി.

ഒരു മുട്ട നിർത്താതെ ഒരുപാടുനേരം കറങ്ങി. രണ്ടാമത്തെ മുട്ട കറക്കിയപ്പോൾ അത് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കറങ്ങി. അതിന്റെ കറക്കം വേഗം നിന്നു.

തുടർച്ചയായി കറങ്ങിയ മുട്ട കൈയിലെടുത്ത് ഗൗതം പറഞ്ഞു:

''ദേ ഇതാണ് പുഴുങ്ങിയ മുട്ട. ചാഞ്ചാടിക്കറങ്ങിയ മുട്ട പുഴുങ്ങാത്തതും.''

''പറഞ്ഞത് ശരിയാണോയെന്ന് നോക്കട്ടെ,''

അമ്മു, പുഴുങ്ങിയ മുട്ടയെന്ന് ഗൗതം പറഞ്ഞതെടുത്ത് തോടുപൊട്ടിച്ചു.

''അമ്പട ഭയങ്കരാ... പറഞ്ഞത് ശരിയാണല്ലോ! എങ്ങനെയാ തിരിച്ചറിഞ്ഞത്?''

ഗൗതം പുഞ്ചിരിച്ചു.

''പുഴുങ്ങിയ മുട്ട ഖരാവസ്ഥയിലായിരിക്കും. അതിനൊരു നിശ്ചിത ഗുരുത്വകേന്ദ്രം (ഭാരം കേന്ദ്രീകരിച്ച ബിന്ദു) ഉണ്ട്. ആ ഗുരുത്വകേന്ദ്രം അടിസ്ഥാനമാക്കി പുഴുങ്ങിയ മുട്ട നന്നായി കറങ്ങും. എന്നാൽ പുഴുങ്ങാത്ത മുട്ടയുടെ ഉൾഭാഗം ദ്രാവകാവസ്ഥയിലാണ്. അതിനെ കറക്കുമ്പോൾ മുട്ടത്തോടും ഉള്ളിലെ ദ്രാവകവും കറങ്ങും. കറങ്ങുന്ന ദ്രാവകത്തിന്റെ ഗുരുത്വകേന്ദ്രം മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ അതിന്റെ കറക്കം ചാഞ്ചാടിക്കൊണ്ടായിരിക്കും. കറക്കത്തിൽ ഈ വ്യത്യാസത്തെ അടിസ്ഥാനമാക്കി പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും പൊട്ടിക്കാതെ തിരിച്ചറിയാം,''

ഗൗതം പറഞ്ഞുനിർത്തി.

''മിടുക്കൻ! നിനക്ക് ഓംലെറ്റ് ഞാൻ ഉണ്ടാക്കിത്തരാം...''

അമ്മു പുസ്തകം മടക്കിവെച്ച് എഴുന്നേറ്റു.