ഒരു മിടുമിടുക്കൻ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടിൽ എല്ലാവർക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാൻ പോയ കുരങ്ങച്ചൻ അവനൊരു തണ്ണിമത്തൻ സമ്മാനിച്ചു. ആദ്യമായാണ് അവൻ തണ്ണിമത്തൻ തിന്നുന്നത്. അതുകഴിച്ച് സന്തോഷത്തോടെ അവൻ പാടി:
''കിട്ടി നല്ല മത്തൻ
നല്ല തണ്ണിമത്തൻ
എന്തു രുചി തിന്നാൻ
തണ്ണിമത്തൻ തിന്നാൻ!''
പക്ഷേ, ഒരെണ്ണമല്ലേ കുരങ്ങച്ചൻ കൊണ്ടുവന്നുള്ളൂ. അത് തിന്ന് കഴിഞ്ഞപ്പോൾ അവനുടനെ മറ്റൊന്നുകൂടി വേണമെന്നു തോന്നി. എന്തുചെയ്യാൻ? അക്കരെ കാട്ടിലേ തണ്ണിമത്തൻ തോട്ടമുള്ളൂ. അതാണെങ്കിൽ പുഴയും മലയും താണ്ടി പോകണം. ബോലുക്കരടിക്ക് ആകെ സങ്കടമായി. അവൻ ''ങീ...ങീ''... എന്ന് കരച്ചിലോടു കരച്ചിൽ. അതുകണ്ട് കുരങ്ങച്ചൻ അവനെ ആശ്വസിപ്പിച്ചു. കുരങ്ങച്ചൻ ബോലുക്കരടിയോടു പറഞ്ഞു:
''ബോലുക്കുട്ടാ പുന്നാരേ
മത്തൻ വിത്തുകൾ നട്ടീടാം
നന്നായ് വെള്ളമൊഴിച്ചാലോ
ഫലവും നന്നായ് കിട്ടീടും!''
അതുകേട്ടതും ബോലുക്കരടിക്ക് ആശ്വാസമായി. അവൻ വേഗം തന്റെ ഗുഹയ്ക്കു മുൻപിൽ മണ്ണ് കിളച്ച് തണ്ണിമത്തൻ വിത്തുകൾ കുഴിച്ചിട്ടു. എന്നിട്ട് ശ്രദ്ധയോടെ വെള്ളമൊഴിച്ചു. കാത്തുകാത്തിരുന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ വിത്തിൽ മുള വന്നു. വൈകാതെ ഉഗ്രൻ തണ്ണിമത്തൻ ചെടിയായി അത് മാറി. പിന്നീട് അതിൽ ധാരാളം തണ്ണിമത്തങ്ങകളും ഉണ്ടായി. അവൻ കുരങ്ങച്ചനോട് നന്ദിപറഞ്ഞു. എന്നിട്ട് കാട്ടിലെ ചങ്ങാതിമാരെല്ലാം കൂടി തണ്ണിമത്തൻ പറിച്ച് കറുമുറെ തിന്നു. അന്നുമുതൽ ബോലുക്കരടി എല്ലാ വിത്തുകളും നട്ട് വളർത്താൻ തുടങ്ങി. കൂട്ടുകാരും അങ്ങനെ ചെയ്യില്ലേ?
Content Highlights: The lesson of patience and hard work taught by the monkey.
Published: 26 May 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented