ചിറ്റാരിക്കാൽ : ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണം നാശമുണ്ടായ തയ്യേനിയിലെയും പരിസരപ്രദേശങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനത്തിനും വികസനത്തിനും ഈസ്റ്റ്‌ എളേരി പഞ്ചായത്തിന് പ്രത്യേക പാക്കേജ് മന്ത്രിസഭായോഗം അനുഭാവപൂർവം പരിഗണിക്കുമെന്നും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും റവന്യൂമന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ തന്നെ കാണാനെത്തിയ നിവേദകസംഘത്തിനാണ് മന്ത്രി ഉറപ്പ് നൽകിയത്.

To advertise here,

ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണമുണ്ടായ ദുരിതങ്ങളിൽനിന്ന് കരകയറാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ റവന്യൂമന്ത്രിക്ക് നിവേദനവും നൽകി. മുഖ്യമന്ത്രിയെ ഉൾപ്പെടെ കാണാനാണ് നിവേദകസംഘമെത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. കൃഷിമന്ത്രി ടി.സിദ്ദിഖിനെയും സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചു.

മണ്ണിടിച്ചിലുണ്ടായ ഭവനരഹിതർക്ക് നഷ്ടപരിഹാരം നൽകാൻ റവന്യൂമന്ത്രിയും കാർഷികവിളകൾക്കുണ്ടായ നഷ്ടപരിഹാരം നൽകാൻ കൃഷിമന്ത്രിയും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാരിയർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജോർജ് കരിമഠം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വേണ്ടത് 12 കോടി രൂപ

ഓഗസ്റ്റ് ഒന്നിനാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനിയിലും പരിസര പ്രദേശങ്ങളിലും കാലവർഷക്കെടുതിയുണ്ടായത്. റോഡുകളും കലുങ്കുകൾ ഉൾപ്പെടെ പൊതു ആസ്തികൾക്ക് എട്ടുകോടിയുടെ നാശമുണ്ടായി. കൃഷിഭൂമിക്കും കാർഷികവിളകൾക്കുമുണ്ടായ നഷ്ടം രണ്ടുകോടി. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുണ്ടായ നഷ്ടം ഉൾപ്പെടെ മൊത്തം 12 കോടിയുടെ നഷ്ടമാണ് കളക്ടർ നിയോഗിച്ച സമിതി കണ്ടെത്തിയത്. യഥാർഥത്തിൽ നഷ്ടം 50 കോടിയോളമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തൽ.

പ്രത്യേക പാക്കേജിലൂടെ മാത്രമേ കാലവർഷക്കെടുതികളുണ്ടായ ഗ്രാമത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വിലയിരുത്തൽ.