മഞ്ചേശ്വരം : കേരള തുളു അക്കാദമിയുടെ പ്രവർത്തനം നിലച്ചതോടെ ഓഫീസും പരിസരവും കാടുകയറി അനാഥമായ നിലയിൽ. പുതിയ സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ഭരണസമിതി നിലവിൽവന്നിട്ടില്ല.

To advertise here,

ഹൊസങ്കടിക്ക് സമീപം ദുർഗിപ്പള്ളയിലാണ് തുളു അക്കാദമിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. തുളു ഭാഷ, സാഹിത്യം, ലിപി, സംസ്കാരം എന്നിവയുടെ വളർച്ചയും പരിപോഷണവും ലക്ഷ്യമിട്ടാണ് അക്കാദമി ആരംഭിച്ചത്. 2007-ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് തുളു അക്കാദമി പ്രഖ്യാപിച്ചത്. 2020-ൽ അക്കാദമിക്ക് സ്വന്തമായി ഓഫീസ് നിർമിച്ചു.

കെ.ആർ. ജയാനന്ദയായിരുന്നു നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ അധ്യക്ഷൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തുനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിയായി അദ്ദേഹത്തെ തീരുമാനിച്ചപ്പോൾ മാർച്ച് 17-ന് തുളു അക്കാദമി അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവെച്ചു. പുതിയ അധ്യക്ഷനെ ഇതുവരെ നിയമിച്ചിട്ടില്ല. പ്രവർത്തനങ്ങൾക്ക് സർക്കാർ ഗ്രാന്റ് കുറവാണെങ്കിലും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഓപ്പൺ സ്റ്റേജ് നിർമിച്ചിരുന്നു. കൂടാതെ വിവിധ വിഭാഗം നാടൻകലാകാരൻമാരെ ആദരിക്കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അധ്യക്ഷസ്ഥാനം രാഷ്ട്രീയനിയമനമായതിനാൽ മറ്റ് ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുടെ ഭരണസാരഥികളെ നിശ്ചയിക്കുന്നതോടൊപ്പം തുളു അക്കാദമിയിലും പുതിയ അധ്യക്ഷൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്തംഭനാവസ്ഥ ഒഴിവാക്കാൻ വൈകാതെ അക്കാദമിയുടെ പ്രവർത്തനം ത്വരപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും തുളു ഭാഷാസ്നേഹികളുടേയും സാംസ്കാരികപ്രവർത്തകരുടേയും ആവശ്യം.