ഇരുഭാഗത്ത് റോഡും മയ്യിച്ച പുഴയ്ക്ക് കുറുകെ നടപ്പാലവും ഒരുക്കും
ചെറുവത്തൂർ: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി യാത്രാദുരുതം അനുഭവിക്കുന്ന മയ്യിച്ച-വെങ്ങാട്ട് പ്രദേശത്തെ ജനങ്ങൾക്ക് തുണയായി വയൽക്കര ഭഗവതിക്ഷേത്ര കമ്മിറ്റി. ദേശീയപാതയിലേക്കും ക്ഷേത്രത്തിലേക്കും എളുപ്പത്തിലെത്താൻ കഴിയുന്ന പുതിയ റോഡ് നിർമിക്കാനാണ് ക്ഷേത്രക്കമ്മിറ്റി മുന്നിട്ടിറങ്ങിയത്.
ക്ഷേത്രത്തിൽ പൊതുയോഗത്തിലാണ് യാത്രക്ലേശത്തിന് പരിഹാരം കാണാൻ തീരുമാനിച്ചത്. വെങ്ങാട്ട്-മയ്യിച്ച ഇരുകരകളെയും വേർതിരിക്കുന്ന മയ്യിച്ച പുഴയ്ക്ക് കുറുകെ പാലവും ഇരുഭാഗങ്ങളിലും റോഡും നിർമിക്കാനാണ് തീരുമാനം.
ഇരുകരക്കാരും പൊതുയോഗ നിർദേശം ഏറ്റെടുത്തു. റോഡിന് ആവശ്യമായ സ്ഥലം വ്യക്തികൾ സൗജന്യമായി വിട്ടുനൽകി. പഴയ ചെക്ക്പോസ്റ്റ് മുതൽ മയ്യിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതിക്ഷേത്രം പരിസരത്തുകൂടി കടന്നുപോകുംവിധത്തിൽ ആറുമീറ്റർ വീതിയിലാണ് റോഡ് രൂപകല്പന ചെയ്തത്. മയ്യിച്ചപ്പുഴയ്ക്ക് കുറുകെ താത്കാലിക നടപ്പാലവും പണിയും.
ഇതിനാവശ്യമായ തെങ്ങും മറ്റ് മരങ്ങളും ഒരുക്കുന്ന തിരക്കലിണ് പ്രദേശവാസികൾ. ഭാവിയിൽ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ട് റോഡ് ടാറിങും വാഹനങ്ങൾ കടന്നുപോകാനുള്ള പാലവും പണിയുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും.
റോഡും പാലവും പൂർത്തിയാകുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകും. മയ്യിച്ച ഗവ. എൽ.പി. സ്കൂളിലേക്കും വെങ്ങാട്ട്, മുണ്ടകണ്ടം, കൊവ്വൽ, രാമഞ്ചിറ, പുതിയകണ്ടം ഭാഗങ്ങളിൽനിന്നുള്ളവർക്ക് ദേശീയപാതയിലൂടെയല്ലാതെ എളുപ്പത്തിൽ ക്ഷേത്രത്തിലേക്കുമെത്താനാകും. വയൽക്കര ഭഗവതിക്ഷേത്ര പ്രാദേശിക കമ്മിറ്റികളുടെ കാഴ്ചവരവിനും ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽനിന്നുള്ള ദീപവും തിരിയും എഴുന്നള്ളത്തിനും താത്കാലിക റോഡും പാലവും ഉപകാരപ്പെടും.
ദേശീയപാതയിലെ സർവീസ് റോഡിന്റെ അപാകം ക്ഷേത്രച്ചടങ്ങുകളെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. പുതിയ റോഡും നടപ്പാലവും ആശങ്കയില്ലാതാക്കും.
മയ്യിച്ച റെയിൽവേ അടിപ്പാത നവീകരിക്കുകയും പുഴയ്ക്ക് കുറുകെ റോഡ് പാലം പണിയുകയും ചെയ്താൽ കാരിയിൽ, കുറ്റിവയൽ തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് വാഹനഗതാഗതം സുഗമമാകും.
ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ശ്രീധരൻ, സെക്രട്ടറി എൻ.സുകുമാരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.വി.ഷിജു, കെ.എം.ഗിരീഷ്, പൊതുപ്രവർത്തകരായ എൻ.വി.നാരായണൻ, പി.വി.ശശിധരൻ, വി.വി.കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ്, പാലം എന്നിവയുടെ നിർമാണം നടക്കുന്നത്.
Published: 17 Sept 2026, 04:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented