കാസർകോട് : അത്യുത്തര ദേശത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറംപകരുകയെന്ന ലക്ഷ്യത്തോടെ ശ്രീധന്യ സുരേഷ് ജില്ലയുടെ 27-ാമത് കളക്ടറായി ചുമതലയേറ്റു. മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾക്കുപകരം ആവശ്യങ്ങൾ മനസ്സിലാക്കി അതത് സമയത്തെ മുൻഗണനകൾക്കനുസരിച്ച് ജില്ലയുടെ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
ടൂറിസം, വ്യവസായം, കൃഷി, ഗോത്രവികസനം, അടിസ്ഥാനസൗകര്യം തുടങ്ങിയ എല്ലാ മേഖലകളിലും കാസർകോടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലയെ മികച്ച നിലയിലെത്തിക്കാൻ പരിശ്രമിക്കും. പ്രവർത്തനങ്ങളിൽ ‘സപ്തഭാഷാ സംഗമഭൂമി'യായ കാസർകോട്ടെ എല്ലാ ജനങ്ങളുടെയും പിന്തുണ വേണം -കളക്ടർ പറഞ്ഞു.
സാധ്യതകളുടെ ജില്ല; പരിമിതികളുടെയും
ജില്ലയ്ക്ക് ടൂറിസം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ സവിശേഷമായ ഒട്ടേറെ സാധ്യതകളുണ്ട്. ആരോഗ്യ മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും ചില പരിമിതികളും വെല്ലുവിളികളും നിലനിൽക്കുന്നുമുണ്ട്.
ഇവ ഒറ്റരാത്രികൊണ്ട് പരിഹരിക്കാൻ കഴിയില്ലെങ്കിലും ഈ മേഖലകളിൽ പ്രകടമായ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. ഓരോ ദിവസവുമുണ്ടാകുന്ന പുതിയ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കുമനുസരിച്ച് മുൻഗണനകളിൽ മാറ്റംവരുത്തി പ്രവർത്തിക്കും. ‘എയിംസി’നായി മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം കണ്ടെത്തി ശുപാർശ നൽകിയ കാര്യം പഠിച്ചശേഷം സർക്കാരിന്റെ അനുമതിയോടെ തുടർനടപടികളെടുക്കും.
ടൂറിസം വികസനവും 'തെയ്യം കലണ്ടറും'
ജില്ലയെ മികച്ചൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. മുൻപ് ടൂറിസം അഡീഷണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച അനുഭവം ഈ മേഖലയിലെ പ്രവർത്തനങ്ങൾക്ക് കരുത്താകും. വന്ദേഭാരത് ട്രെയിൻ വന്നതോടെ തിരുവനന്തപുരത്തുനിന്ന് രാവിലെ തിരിച്ച് ഉച്ചയോടെ കാസർകോട്ടെത്താനാകും.
തെയ്യക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനപ്പെട്ട തെയ്യങ്ങളെ ഉൾപ്പെടുത്തി 'തെയ്യം കലണ്ടർ' തയ്യാറാക്കാൻ ഡി.ടി.പി.സി.ക്ക് നിർദേശം നൽകും. ഈ കലണ്ടർ തെയ്യം സീസൺ തുടങ്ങുന്നതിനുമുൻപ് സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്നതിലൂടെ തെക്കൻ കേരളത്തിൽനിന്നുള്ളവർക്ക് തെയ്യം കണ്ട് മടങ്ങാൻ സൗകര്യമൊരുങ്ങും.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കോട്ടകളുള്ള ജില്ലയായ കാസർകോട് കായൽ ഭംഗിക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഉദുമ പഞ്ചായത്തും ജില്ലയുടെ പ്രത്യേകതയാണ്. കാസർകോട്ടെ നവരാത്രി ആഘോഷവും വേറിട്ടതാണ്.
സുരക്ഷിത ഭക്ഷണവും കുട്ടികളുടെ ആരോഗ്യവും
ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ വിദ്യാലയങ്ങളിലും സമീപത്തെ കടകളിലും ജങ്ക് ഫുഡുകൾ ഒഴിവാക്കി പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ശ്രമിക്കും.
ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്കൂൾ' പരിപാടിയുമായി ബന്ധപ്പെടുത്തി ബോധവത്‌കരണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്തുകൾ എന്നിവരെ ഏകോപിപ്പിച്ച് ഇതിനായി മുന്നേറ്റം സംഘടിപ്പിക്കും.
കാർഷിക മേഖലയിലെ പുനരുജ്ജീവനം
ജില്ലയെ മുൻപ് ജൈവ കാർഷിക ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ മേഖലയിൽ വലിയ മുന്നേറ്റമുണ്ടായിട്ടില്ല. കാർഷിക മേഖലയിൽ വൻ സാധ്യതകളുള്ളതിനാൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ചർച്ച നടത്തി പുതിയ ആശയങ്ങളിലൂടെ കാർഷിക മേഖലയെ കൂടുതൽ മെച്ചപ്പെടുത്തും.
കളക്ടറായിരുന്ന അർജുൻ പാണ്ഡ്യൻ ശ്രീധന്യ സുരേഷിന് ചുമതല കൈമാറി. ആദ്യമായാണവർ കളക്ടറുടെ ചുതലയിലെത്തുന്നത്. കോഴിക്കോട് അസി. കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ, രജിസ്ട്രേഷൻ ഐ.ജി., ഭക്ഷ്യസുരക്ഷാ കമ്മിഷണർ തുടങ്ങിയ പദവികൾ മുമ്പ് വഹിച്ചിരുന്നു. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽനിന്ന് ഐ.എ.എസ്. നേടുന്ന ആദ്യ വനിതയാണ് ശ്രീധന്യ. ജില്ലയുടെ രണ്ടാമത്തെ വനിതാ കളക്ടറും.
Published: 17 Sept 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented