കാസർകോട് : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അറസ്റ്റിലേക്ക് നീങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ. പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ആദ്യമായിട്ടായിരിക്കും ഫുട്‌ബോൾ ഇതിഹാസമായ മെസ്സിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയിട്ടുണ്ടാവുക. ആ തട്ടിപ്പ് ഉത്തരവാദിത്വമുള്ള സർക്കാർ അന്വേഷിക്കേണ്ടതുണ്ട്. ഇതിന്റെ പേരിൽ ചാനലിന്റെ മുതലാളിയെ ന്യായീകരിക്കേണ്ട ഗതികേടാണ് യുവജനപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐ.ക്കുള്ളത്. ഇനിയൊരു അന്വേഷണംകൂടി നടക്കാനുണ്ടെന്നും തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയുടെ പേരിൽ നടത്തിയ ഭൂമികുംഭകോണത്തിലാണത്. ഈ അന്വേഷണവും പൂർത്തിയാക്കി ഇവരെ എല്ലാവരെയും കൂടി ജയിലിലേക്ക് അയക്കുമെന്നും മുൻ മന്ത്രികൂടിയായ കെ.ടി. ജലീലിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ കലാകാരിയായ ബിഹാർ സ്വദേശിനി നേഹാ സിങ് റാഥോർ അവരുടെ കവിതകൾ അവതരിപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ എ.കെ.എം. അഷ്‌റഫ്, പി.കെ. നവാസ്, കല്ലട്ര മാഹിൻ, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, സഹീർ ആസിഫ്, അശ്രഫ് എടനീർ, സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്തുനിന്ന് തുടങ്ങിയ യുവജനറാലി പുലിക്കുന്നിൽ സമാപിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ എം.എൽ.എ., ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്‌മാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.എ. നെല്ലിക്കുന്ന്, ബഷീർ വെള്ളിക്കോത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെ.എം. ബഷീർ, എം.സി. ഖമറുദ്ദീൻ, ടി.ഡി. കബീർ, യൂസുഫ് ഉളുവാർ തുടങ്ങിയവർ സംസാരിച്ചു.
പഴയകാല യൂത്ത് ലീഗ് നേതാക്കളെ പങ്കെടുപ്പിച്ച് 'ഫ്ളാഷ് ബാക്ക്' നേതൃസംഗമവും നടത്തി. സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ., അസീസ് കളത്തൂർ, മിസ്ഹബ് കീഴരിയൂർ, ബഷീർ വെള്ളിക്കോത്ത്, കെ.ഇ.എ. ബക്കർ തുടങ്ങിയവർ സംസാരിച്ചു.
ലീഗ് മന്ത്രിമാരുടെ അസാന്നിധ്യത്തിൽ അതൃപ്തി പ്രകടമാക്കി ജില്ലാ പ്രസിഡന്റ്
: സമാപന സമ്മേളനത്തിൽ മന്ത്രിമാരുൾപ്പടെയുള്ള പ്രധാന നേതാക്കളുടെ അസാന്നിധ്യത്തിലെ അതൃപ്തി പ്രകടമാക്കി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ. പൊതുസമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. 'പ്രവർത്തകരുടെ ആവേശമായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ബഹുമാനപ്പെട്ട നേതാക്കൾ ദൗർഭാഗ്യവശാൽ ഈ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നത് ഏറേ വിഷമമുണ്ടാക്കുന്നതാണെന്നുള്ള മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. എന്നാൽ ആ വിഷമം മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്.
അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും പേരുള്ള ജില്ലയാണ് കാസർകോട്. ഈ അവഗണിക്കപ്പെട്ട ജില്ലയെന്ന പേരും ദാരിദ്ര്യത്തിന്റെ ഭാണ്ഡവും പേറി എത്രകാലം മുന്നോട്ടുപോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ ഇതിന്റെപേരിൽ ജില്ലയിലെ യൂത്ത് ലീഗ് പ്രവർത്തകരെ മാനസികമായി തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യാനിരുന്നത്.
മന്ത്രി കെ.എം. ഷാജി, എം.എൽ.എ.മാരായ ഫാത്തിമ തഹ്‌ലിയ, പാറക്കൽ അബ്ദുള്ള, ടി.പി. അഷ്‌റഫലി തുടങ്ങിയവരുടെ അസാന്നിധ്യമാണ് പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായത്. എന്നാൽ മന്ത്രിമാർ എത്തില്ലെന്നകാര്യം സംസ്ഥാന കമ്മിറ്റി മുൻപേ അറിയിച്ചതാണെന്നും സമ്മേളനത്തീയതി മാറ്റില്ലെന്ന ജില്ലാ കമ്മിറ്റിയുടെ വാശിയാണ് മന്ത്രിമാരുടെ അസാന്നിധ്യത്തിന് കാരണമെന്നുള്ള വാദവും ചിലർ ഉന്നയിക്കുന്നുണ്ട്.
Published: 26 Sept 2026, 04:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented