കാഞ്ഞങ്ങാട് : സംസ്ഥാനപാതയുടെ റീടാറിങ്‌ തുടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. പള്ളിക്കര മേൽപ്പാലത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. ഒക്ടോബർ ആദ്യം ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പ്രസ്‌ക്ലബ്‌ ജങ്‌ഷനിൽനിന്ന്‌ തുടങ്ങുന്ന കോൺക്രീറ്റ് പണിയുടെ ഒരുഭാഗം ശനിയാഴ്ച തീരും. തിങ്കളാഴ്ച മുതൽ രണ്ടാംഭാഗത്തെ പണി തുടങ്ങും. റീടാറിങ് പ്രവൃത്തി ഒക്ടോബർ അഞ്ചിനുശേഷം തുടങ്ങാനേ സാധ്യതയുള്ളൂവെന്ന സൂചനയാണ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ നൽകുന്നത്.

To advertise here,

ഓരോ ദിവസവും കൂടുതൽ കുഴികൾ പ്രത്യക്ഷപ്പെടുകയാണ്. കാസർകോട്ടുനിന്ന് കാഞ്ഞങ്ങാട് സൗത്ത് വരെ നീളുന്ന 28 കിലോമീറ്റർ പാത നവീകരിക്കാൻ 35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരുവർഷം മുൻപേ തുക പാസായെങ്കിലും പണി തുടങ്ങിയില്ല. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞ് കിടക്കുന്നുണ്ട് പാതയിൽ. ടാറിങ് ഇളകി മീറ്ററുകളോളം പരന്ന കുഴികളാണ് പലയിടത്തും. ആഴത്തിലുള്ള കുഴികളിൽ ഓരോ ദിവസവും വാഹനാപകടങ്ങൾ ഉണ്ടാകുന്നു.

അപകടത്തിൽപ്പെടുന്ന വാഹനങ്ങളിലേറെയും സ്കൂട്ടറും ബൈക്കുമൊക്കെയാണ്. ഉന്നതനിലവാരത്തിലേക്ക് റോഡിനെ ഉയർത്തി, 10 വർഷത്തിലധികം ഗ്യാരണ്ടി നൽകിയാണ് കെ.എസ്.ടി.പി. പൊതുമരാമത്ത് വകുപ്പിന് ഈ സംസ്ഥാനപാത കൈമാറിയത്. അഞ്ചുവർഷം പോലും തികയും മുൻപേ റോഡുകൾ തകർന്നു.

കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ 339 കുഴികളുണ്ടെന്ന് എണ്ണിപ്പറഞ്ഞ് നിയമസേവന അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജിക്ക് കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ അഡ്വ. എ.രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു. ജില്ലാ ജഡ്ജി പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം ചോദിക്കുകയും നവീകരണത്തിന് കരാർ നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മറുപടി നൽകുകയും ചെയ്തിരുന്നു. 2026 ഓഗസ്റ്റ് നാലിന് മുൻപ് പണി പൂർത്തിയാക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് നിയമസേവന അതോറിറ്റിക്ക് നൽകിയ ഉറപ്പ്. അതൊന്നും നടന്നില്ല. സംസ്ഥാനപാതയിൽ ഏറ്റവും തിരക്കേറിയ ഇടമാണ് കാഞ്ഞങ്ങാട് നഗരം. മൻസൂർ ആസ്പത്രി മുതൽ അലാമിപ്പള്ളി വരെയുള്ള ഭാഗത്ത് മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. സംസ്ഥാന പാതയിൽ ഏറ്റവുമധികം കുഴികൾ രൂപപ്പെട്ട ഭാഗവും ഇതാണ്.