പള്ളിക്കര : എത്ര പെറുക്കിയാലും തീരാത്തത്ര നൈലോൺ വലകൾ നിറഞ്ഞ് പള്ളിക്കര കടപ്പുറം. മണ്ണിൽ പുതഞ്ഞും അല്ലാതെയും ഈ കടപ്പുറത്ത് ക്വിൻറൽ കണക്കിന് നൈലോൺ വലകൾ ആണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

To advertise here,

ഇവ മണ്ണിനും കടലിനും ഒരുപോലെ ഭീഷണിയാണെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. മത്തിയടക്കമുള്ള മീൻപിടിക്കാൻ കടലിൽ വിരിക്കുന്ന വെള്ളനിറത്തിലുള്ള കണ്ണി അകലമുള്ള വലകളാണ് കടപ്പുറത്തിന്‍റെ വടക്ക് ഭാഗത്ത് തള്ളിയിരിക്കുന്നത്.

അൾട്രാവയലറ്റ് സംരക്ഷണമില്ലാത്ത (യു.വി. ട്രീറ്റഡ്) നേരിയ നൈലോൺ ചരടുകൾ കൊണ്ട് നിർമിക്കുന്ന ഇത്തരം വലകൾക്ക് താരതമ്യേനവില കുറവാണ്. ഉപയോഗം തുടങ്ങി മൂന്ന് മാസം കഴിയുമ്പോഴേക്കും കേടു വരാൻ തുടങ്ങും. ഇതിന്റെ കേട്‌ തീർത്ത് ഉപയോഗിക്കുന്നതിനേക്കാൾ ലാഭം പുതിയത് വാങ്ങുന്നതാണെന്ന് മീൻപിടിത്ത തൊഴിലാളികൾ പറയുന്നു.

അതിനാൽ ഇത്തരം കേടായ വലകൾക്ക് ആരും ശ്രദ്ധ കൊടുക്കാറില്ല. കേടാകാൻ തുടങ്ങുമ്പോൾ ത്തന്നെ വല കടലിൽ താഴ്ന്നു നിൽക്കാൻ കെട്ടുന്ന ഈയ കട്ടകളും നേരേ നിൽക്കാൻ മുകളിൽ ഘടിപ്പിച്ചിട്ടുള്ള പൊങ്ങുകളും കയറും എടുത്ത ശേഷം വല വലിയ ഉരുള പോലാക്കി കടപ്പുറത്ത് തന്നെ കെട്ടി വയ്ക്കും. കാലക്രമത്തിൽ വെയിലും മഴയുമേറ്റ്, കെട്ട് പൊട്ടി നൈലോൺ വല കടപ്പുറത്ത് പരക്കും. ക്രമേണ ഇത് മണ്ണിനടിയിലേക്കും കുറെ കടലിലേക്കും പോകും.

കടലിൽ വീഴുന്ന വലക്കഷ്ണങ്ങൾ മീൻപിടിത്ത തോണികളുടെ യന്ത്രത്തിന്റെ പങ്കകളിൽ കുടുങ്ങി തൊഴിലാളികളുടെ ജോലി മുടങ്ങാറുണ്ട്. വംശനാശം നേരിടുന്ന കടലാമ പോലുള്ള ജീവികൾക്കും കടലിൽ പതിക്കുന്ന വലക്കഷണങ്ങൾ ഭീഷണിയാണ്.

ഉപേക്ഷിക്കപ്പെടുന്ന നൈലോൺ വലകൾ യഥാസമയം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടികളൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, മത്സ്യഫെഡ് പോലുള്ള സർക്കാർ ഏജൻസികളോ ചെയ്യുന്നുമില്ല.