
ബദിയഡുക്ക: ബദിയഡുക്ക അപ്പർ ബസാറിൽ നിലവിലെ അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണം. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിക്കുകയും ഭർത്താവിനും മകൾക്കും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ ആവശ്യം ശക്തമാവുകയാണ്. റോഡിനിരുവശങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങൾ ഇവിടെയുണ്ട്. ഇതു കൂടാതെ ചെർക്കള- കല്ലട്ക, കുമ്പള-മുള്ളേരിയ-സുള്ള്യ എന്നിങ്ങനെ രണ്ട് അന്തർസംസ്ഥാന പാതകളും വിദ്യാഗിരി-ഏത്തടുക്ക റോഡും കൂടിച്ചേരുന്ന അപ്പർ ബസാറിൽ മിക്കപ്പോഴും വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അപ്പർ ബസാർ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം ഡിവൈഡറുകൾ സ്ഥാപിച്ച് റോഡ് രണ്ടായി തിരിച്ചിട്ടുണ്ട്. ഇവയിലൂടെയുള്ള ഗതാഗതം ഓരോ വശത്തേക്ക് മാത്രമായി നിയന്ത്രിച്ചിട്ടുമുണ്ട്. എന്നാൽ അപ്പർ ബസാറിൽ ഏറെ തിരക്കുള്ള സ്ഥലത്ത് ഡിവൈഡറുകൾക്കിടയിലൂടെ ഒരു റോഡിൽ നിന്ന് മറുവശത്തെ റോഡിലേക്ക് പ്രവേശിക്കാനായി വഴിയുണ്ടാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനടുത്തുള്ള ട്രാഫിക് സർക്കിളിനു മുമ്പായി മറ്റൊരിടത്തും ഇതുപോലെ പ്രവേശന വഴി ഉണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇത് ശ്രദ്ധിക്കാതെ പോവുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തിൽ രണ്ട് പ്രവേശന വഴികളും ഒഴിവാക്കണം. ബസ് സ്റ്റാൻൻഡിനു സമീപത്തെ ട്രാഫിക് സർക്കിളിലും അപ്പർ ബസാറിൽ സ്‌കൂൾ സ്റ്റോപ്പ് കഴിഞ്ഞ് മുള്ളേരിയ - കാസർകോട് റോഡുകൾ ചേരുന്ന ഇടത്തും മാത്രമായി ഒരു റോഡിൽ നിന്ന് മറുവശത്തെ റോഡിലേക്ക് പ്രവേശിക്കനുള്ള സൗകര്യം നിയന്ത്രിക്കണം.
അന്തർസംസ്ഥാന പാതകളായതിനാൽ പല വാഹനങ്ങളും നല്ല വേഗതയിലാണ് ഇതുവഴി കടന്നുപോവുന്നത്. അപ്പർ ബസാർ മുതൽ ബസ് സ്‌റ്റാൻഡുവരെയുള്ള സ്ഥലം സ്‌കൂൾ സോണായി കണക്കാക്കി വേഗത നിയന്ത്രിക്കണം. ഇത് അറിയിച്ചുകൊണുള്ള സൂചനാ ബോർഡുകൾ റോഡിൻ്റെ ഇരുവശങ്ങളിലും സ്ഥാപിക്കണം. നിലവിൽ ഇത്തരത്തിൽ ബോർഡുകളൊന്നും ഇവിടെയില്ല.ആവശ്യമായ സ്ഥലങ്ങളിൽ സീബ്രാ ലൈൻ സ്ഥാപിച്ച് കാൽനടയാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണം. സീബ്രാ ലൈനിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ ബോധവത്കരണം നടത്തുകയും വേണം. റോഡപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഒരുക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Content Highlights: Locals urge authorities to take urgent traffic safety measures at Badiyadka Upper Bazar following a fatal accident.
Published: 28 Nov 2026, 06:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented