
കൊല്ലൂർ: പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളുടെ നേതൃത്വത്തിൽ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ‌്തു. ജന്മാഷ്‌ടമി ദിനമായ വെള്ളിയാഴ്‌ച ക്ഷേത്രത്തിന് സമീപത്തെ ഓഡിറ്റോറത്തിൽ വച്ചു നടന്ന ചടങ്ങിലാണ് അഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്, ബാഗ്, കുട, പെൻസിൽ, പേന, വാട്ടർ ബോട്ടിൽ, ജ്യോമിട്രി ബോക്‌സ് എന്നിവ അടങ്ങിയ കിറ്റ് നൽകിയത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്തരുടെ സംഘടനയായ ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഒരു വിദ്യാർത്ഥിക്ക് 12 നോട്ട് ബുക്കുകൾ എന്ന കണക്കിലാണ് കിറ്റ് ഒരുക്കിയത്. ഏകദേശം ആറായിരത്തിലധികം നോട്ടുബുക്കുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ട്രസ്‌റ്റ് ചെയർമാൻ അഡ്വ. ആർ.എസ് പ്രശാന്ത് അറിയിച്ചു. പ്രശസ്തമായ ബ്രാൻഡിന്റെ സ്കൂൾ ബാഗുകളാണ് വിതരണം ചെയ‌്തത്. മൂകാംബിക ക്ഷത്രത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കാണ് കിറ്റ് സമ്മാനിച്ചത്. കൂടാതെ ട്രൈബൽ മേഖലയിലെ സ്കൂളിലെ 100 വിദ്യാർത്ഥികൾക്കും കിറ്റ് നൽകി. ചടങ്ങിൽ ക്ഷേത്രത്തിലെ പ്രധാന അർച്ചകരായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ, ശ്രീധര അഡിഗ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടരവർഷക്കാലമായി മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് കേരളത്തിലെ ആദിവാസി മേഖലകളിൽ മൂവായിരത്തിലധികം പേർക്ക് വസ്ത്രദാനം നടത്തിയിരുന്നു. ഇതിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടൂരിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് നിർവഹിച്ചത്. മൂകാംബിക ക്ഷേത്രവുമായി ഔദ്യോഗികമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലെങ്കിലും എല്ലാ മാസവും ക്ഷേത്രത്തിലേക്ക് ആവശ്യമായ ചന്ദനം ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നൽകിവരികയാണെന്നും സെക്രട്ടറി അഡ്വ. സിമ ശശിധരൻ വ്യക്തമാക്കി
Content Highlights: Malayalis distribute study materials at Kollur Mookambika Temple
Published: 14 Jun 2024, 08:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented