പയ്യാവൂർ : കേന്ദ്രസർക്കാരിന്റെ ഗ്രാമീണറോഡുകളുടെ വികസനത്തിനുള്ള സി.ആർ.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി 60 കോടി അനുവദിച്ച പയ്യാവൂർ -കുന്നത്തുർപാടി -കാഞ്ഞിരകൊല്ലി -മണിക്കടവ്-നുച്യാട് റോഡിന് ഭരണാനുമതിയാകാത്തതിനാൽ പ്രവൃത്തി വെെകുന്നു. 26 കിലോമീറ്ററുള്ള ഈ റോഡ് ശശിപ്പാറ, അളകാപുരി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തേക്കും പോകുന്ന പ്രധാന വഴിയാണ്. ഭരണാനുമതി വേണമെന്ന ആവശ്യവുമായി റോഡ് വികസനസമിതി വെള്ളിയാഴ്ച നാലിന് പയ്യാവൂരിൽ ധർണ നടത്തും.
സർക്കാരിന്റെ ഭരണാനുമതി വൈകുന്നതിനാൽ റോഡ് നവീകരണം അനിശ്ചിതാവസ്ഥയിലാണെന്ന് റോഡ് വികസനസമിതി കൺവീനർ വി.എൻ. രവി, ചെയർമാൻ സുരേന്ദ്രൻ തലച്ചിറ എന്നിവർ അറിയിച്ചു.
തുക അനുവദിച്ചശേഷം നാഷണൽ ഹൈവേ അതോറിറ്റിയുടെ കണ്ണൂർ ഓഫീസിൽനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോഡ് സന്ദർശിക്കുകയും അടങ്കൽ തയ്യാറാക്കി സംസ്ഥാന ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ നൽകുകയും ചെയ്തു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിച്ചില്ല. എത്രയും വേഗത്തിൽ ഭരണാനുമതി നൽകി റോഡിന്റെനവീകരണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങളായി യാതൊരു നവീകരണവും നടത്താത്ത റോഡിൽ എല്ലാവർഷവും വാഹനാപകടങ്ങൾ പതിവാണ്. കുന്നത്തൂർ ഉത്സവം തുടങ്ങിയാൽ ഇടുങ്ങിയ റോഡിൽ ഗതാഗതതടസ്സം നിത്യസംഭവമാണ്. ജില്ലയിലെ പ്രധാന ഹിൽടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ആമിനത്തോട് വരെയാണ് 20 വർഷം മുൻപ് റോഡ് വികസിപ്പിച്ചത്.
പയ്യാവൂർ മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് പലപ്പോഴായി കുഴിയടക്കൽ ചടങ്ങ് നടക്കാറുണ്ടെങ്കിലും പാടാംകവല മുതൽ കാഞ്ഞിരക്കൊല്ലി വരെ ഒരു പണിയും നടത്തിയില്ല.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും മിക്കയിടത്തും സൗകര്യമില്ല. റോഡരികിൽ നടപ്പാതയും ഇല്ല. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ അഞ്ചുബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ടെങ്കിലും വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം നടപ്പായിരുന്നില്ല.
കെ.സി. ജോസഫ് മന്ത്രിയായ കാലത്ത് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനായി അടങ്കൽ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ടി.പി. അഷ്റഫ് ചെയമാനായും കെ.ടി. അനിൽകുമാർ കൺവീനറായും രൂപവത്കരിച്ച ജനകീയ കമ്മിറ്റി റോഡരികിൽ സ്ഥലമുള്ളവരിൽനിന്ന് സമ്മതപത്രമടക്കം വാങ്ങി നൽകിയിരുന്നു. എന്നിട്ടും റോഡ് നവീകരണം സാധ്യമായില്ല. ഇതിനെല്ലാം ഒടുവിലാണ് ഈവർഷം ജനുവരിയിൽ സി.ആർ.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി തുക വകയിരുത്തിയത്.
പയ്യാവൂർ-ഉളിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ വികസനം സാധ്യമായാൽ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ആശ്വാസമാകും.
Published: 25 Sept 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented