ഉദ്ഘാടനംകഴിഞ്ഞിട്ട് ഏഴുമാസം
ഇരിട്ടി : സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലേക്ക് മാറ്റിസ്ഥാപിച്ച കാലിവസന്ത നിർമാർജന ചെക്ക്‌പോസ്റ്റ് ഉദ്ഘാടനംകഴിഞ്ഞ് ഏഴുമാസത്തോടടുത്തിട്ടും പ്രവർത്തനം തുടങ്ങിയില്ല. മൃഗസംരക്ഷണ വകുപ്പിന്റെ ഇരിട്ടി റിൻഡർപെസ്റ്റ് ഇറാഡിക്കേഷൻ (ആർ.പി.) ചെക്ക്‌പോസ്റ്റാണ് അതിർത്തിയിൽ ഇനിയും പ്രവർത്തനക്ഷമമാകാത്തത്. വാഹനം ഇടിച്ച് കെട്ടിടത്തിനുണ്ടായ പോറലും പരിഹരിച്ചിട്ടില്ല.
കിളിയന്തറയിൽ പ്രവർത്തിച്ചിരുന്ന ചെക്ക്‌പോസ്റ്റ് അതിർത്തിയിലേക്ക് മാറ്റി കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കുന്നതിനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 12 ലക്ഷം രൂപ ചെലവിലാണ് ആർ.ടി.ഒ. ചെക്ക്‌പോസ്റ്റിനുസമീപം കണ്ടെയ്നർ കെട്ടിടം സ്ഥാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി ചെക്ക്‌പോസ്റ്റ് ഉദ്ഘാടനംചെയ്‌തെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് കാരണമായി അധികൃതർ പറയുന്നത്.
തലശ്ശേരി-മൈസൂരു പാതയിൽ പായം പഞ്ചായത്തിന്റെ പുറംപോക്ക് സ്ഥലത്താണ് ചെക്ക്‌പോസ്റ്റിനായി കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ രേഖകൾ ലഭ്യമാകാത്തതിനാൽ കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ എടുക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതി, വെള്ളം കണക്‌ഷനുകൾ ലഭ്യമാക്കുന്നതിലും തടസ്സമുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി കളക്ടറുമായി ആശയവിനിമയം നടത്തിവരികയാണെന്നും അധികൃതർ പറഞ്ഞു. നേരത്തെ കിളിയന്തറയിൽ വിൽപന നികുതി ചെക്ക് പോസ്റ്റും എക്‌സൈസ് ചെക്ക് പോസ്റ്റും ഉണ്ടായിരുന്നു. വിൽപ്പന നികുതി ചെക്ക് പോസ്റ്റ് നിലർത്തലാക്കുകയും എക്‌സൈസ് ചെക്ക് പോസ്റ്റ് കിളിയന്തറയിലേക്ക് മാറ്റുകയുംചെയ്തു. ഒറ്റപ്പെട്ട നിലയിലായിരുന്ന കാലിവസന്ത രോഗനിർമാർജന ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കായി വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിലാണ് പോലീസ്, എക്‌സൈസ്, ആർ.ടി.ഒ. തുടങ്ങിയ വിഭാഗങ്ങളുടെ അതിർത്തി പരിശോധനാ കേന്ദ്രങ്ങൾക്കുസമീപം കൂട്ടുപുഴയിൽ പുതിയ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചത്. പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കാത്തത് അതിർത്തി പരിശോധനാ സംവിധാനത്തിന്റെ ലക്ഷ്യത്തെതന്നെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.
1965 ഓഗസ്റ്റ് എട്ടിനാണ് മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ഇരിട്ടി റിൻഡർപെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക്‌പോസ്റ്റ് ആരംഭിച്ചത്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികൾ, ആടുകൾ, പന്നികൾ, കോഴികൾ തുടങ്ങിയവയിലും പാൽ, മുട്ട, ഇറച്ചി ഉൾപ്പെടെയുള്ള അനുബന്ധ ഉത്പന്നങ്ങളിലും പരിശോധന നടത്തുകയും രോഗവ്യാപന സാധ്യത തടയുകയുമാണ് പ്രധാന ചുമതല. രോഗബാധയുള്ള മൃഗങ്ങളെ തിരിച്ചറിയൽ, സാംപിളുകൾ പരിശോധനയ്ക്ക് അയക്കൽ, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയ പ്രവർത്തനങ്ങളും ചെക്ക്‌പോസ്റ്റിന്റെ പരിധിയിലുണ്ട്.
കൂട്ടുപുഴയിലെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങളുടെപേരിൽ പ്രവർത്തനംതുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാണ്.
Published: 16 Sept 2026, 04:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented