ഇരിട്ടി : ഒൻപത് വർഷം മുൻപുണ്ടായ പ്രളയത്തിൽ തകർന്നതാണ് ആറളത്തെ മാഞ്ചോട് പാലം. പാലം തകർന്നതോടെ പെരുവഴിയിലായ നാട്ടുകാരെ രക്ഷിക്കാൻ സൈന്യം ഇറങ്ങി താത്കാലിക പാലം നിർമിച്ചു. ഇതും തകർന്നപ്പോൾ നാട്ടുകാർ മരപ്പാലം നിർമിച്ചു. അതും ഇപ്പോൾ തകർന്നു. ഒൻപത് വർഷമായിട്ടും തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമിക്കാൻ അധികൃതർക്കായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

To advertise here,

ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് മാഞ്ചോട് തോടിന് കുറുകെയുള്ള പാലം. 2018 ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന പാലം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുവർഷത്തിനകം പുനർനിർമിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പദ്ധതി നടപ്പായില്ല. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പാലത്തിന്റെ പുനർനിർമാണത്തിനായി ജില്ലാ പഞ്ചായത്ത് രണ്ടുകോടി രൂപ അനുവദിച്ചു. 19 മീറ്റർ നീളത്തിൽ പാലവും പാലത്തിന്റെ ഇരുകരകളിലും 100 മീറ്റർ നീളത്തിൽ റോഡും നിർമിക്കാനായിരുന്നു പദ്ധതി. ഒരു വർഷമായിരുന്നു നിർമാണ കാലാവധി. എന്നാൽ, ഒന്നരവർഷം പിന്നിട്ടെങ്കിലും പാലംപണി പൂർത്തിയായിട്ടില്ല.

മാഞ്ചോട്, കരടിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് എടപ്പുഴ, കരിക്കോട്ടക്കരി ടൗണുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള പ്രധാന മാർഗമായിരുന്നു ഈ പാലം. പ്രദേശത്തേക്ക് നേരിട്ടുള്ള ബസ് സർവീസ് ഇല്ലാത്തതിനാൽ നിരവധിപേർ അയ്യൻകുന്ന് പഞ്ചായത്തിലെത്തിയാണ് ബസ് യാത്ര നടത്തിയിരുന്നത്.

പാലം തകർന്നതോടെ വിദ്യാർഥികൾ, തൊഴിലാളികൾ, പ്രായമായവർ ഉൾപ്പെടെ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. നിലവിൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും പണി എപ്പോൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് വ്യക്തതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.