കരിവെളളൂർ: ദേശീയപാതയിൽ ഒരുവർഷത്തിനുള്ളിൽ ആണൂരിനും പാലത്തരയ്ക്കും ഇടയിലുള്ള രണ്ട് കിലോമീറ്ററിനിടയിൽ നടന്നത് ചെറുതും വലുതുമായി 50-ഓളം വാഹനാപകടങ്ങൾ. ഇതിൽ ആറ് പേർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാൽനട യാത്രക്കാരുടെയും ഡ്രൈവർമാരുടെയും അശ്രദ്ധയും ദേശീയപാത കരാറുകാരുടെ അനാസ്ഥയുമാണ് എല്ലാ അപകടങ്ങൾക്കും കാരണമായത്.

To advertise here,

ആണൂർ പെട്രോൾപമ്പിനു സമീപം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് മാസങ്ങൾക്ക് മുമ്പ് ഒരാൾ ലോറിയിടിച്ച് മരിച്ചത്. കരിവെള്ളൂർ ഗവ. ആസ്പത്രിക്ക് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിനടുത്തുവച്ചാണ് മൂന്നുപേർ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. സെപ്തംബർ 10-നാണ് കരിവെള്ളൂർ ബസാറിൽ പുതിയ ദേശീയപാതയിൽ ഓട്ടോ ഡ്രൈവർ അതേദിശയിൽ പോകുന്ന മറ്റൊരു വാഹനം ഇടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി ഓണക്കുന്ന് കാത്തിരിപ്പുകേന്ദ്രത്തിന്‌ സമീപമുയ അപകടത്തിലും ഒരാൾ മരിച്ചു.

ജില്ലാ അതിർത്തിയായ ആണൂർ മുതൽ പാലത്തരവരെ പുതിയ ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപകടങ്ങളിൽ കൂടുതലും ഉണ്ടാകുന്നത് പുതിയ ദേശീയപാത മുറിച്ചുകടക്കുമ്പോഴാണ്. ഇരുഭാഗത്തേക്കുമുള്ള ദേശീയപാതയെ വേർതിരിക്കുന്നതിന് കോൺക്രീറ്റ് സ്ലാബുകൾ വച്ചിട്ടുണ്ടെങ്കിലും സ്ലാബുകൾക്കിടയിലുള്ള വിടവാണ് അപകടക്കെണിയായി മാറിയത്.

യാത്രക്കാർ ഈ വിടവുകളിലൂടെയാണ് ദേശീയപാത മുറിച്ചുകടക്കുന്നത്. ദേശീയപാത മുറിച്ചുകടക്കാൻകഴിയാത്തവിധം സംരക്ഷണഭിത്തി ഒരുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. വിഷയം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ ഭിത്തിയൊരുക്കിയാൽ ദേശീയപാതയുടെ മറുഭാഗത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നതിന് യാത്രക്കാർക്ക് വലിയ പ്രയാസം അനുഭവിക്കേണ്ടിവരും. ചിലസ്ഥലങ്ങളിൽ ഒരു കിലോമീറ്ററോളം വളഞ്ഞ് സഞ്ചരിക്കേണ്ടിവരും. ബസുകൾ സർവീസ് റോഡിലൂടെ പോകാൻ തുടങ്ങിയാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയും.

ദേശീയപാതയിലെ മറ്റ് പ്രധാന ടൗണുകളിലെല്ലാം ബസുകൾ സർവീസ് റോഡിലൂടെ പോകാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കരിവെള്ളൂർ, ഓണക്കുന്ന് ടൗണുകളിൽ ഇപ്പോഴും യാത്രചെയ്യണമെങ്കിൽ ദേശീയപാതയിൽ പൊരിവെയിലിൽ കാത്തുനിൽക്കണം. ബസുകൾ സർവീസ് റോഡിലൂടെ തിരിച്ചുവിടുന്നതിന് രാഷ്ട്രീയ പാർട്ടികളിൽനിന്നോ ജനപ്രതിനിധികളിൽനിന്നോ യുവജന സംഘടനകളിൽനിന്നോ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. ദേശീയപാത മുറിച്ചുകടക്കാൻ കഴിയാത്തവിധം സുരക്ഷ ഒരുക്കുകയും ബസുകൾ സർവീസ് റോഡിലൂടെ തിരിച്ചുവിടുകയുംചെയ്താൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയും.