മിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി മന്ത്രിയായ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയും പിന്നാലെ ആ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് മറ്റൊരു അറിയിപ്പ് പുറത്തിറക്കുകയും ചെയ്ത നടപടി ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സെന്തില്‍ ബാലാജി ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും മന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പുതുമ നിറഞ്ഞതല്ലെങ്കിലും ഒരു മന്ത്രിയെ ഗവര്‍ണര്‍ സ്വയം തീരുമാനത്തിലൂടെ പുറത്താക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. ഈ വിഷയത്തില്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പി.ഡി.ടി ആചാരിയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

To advertise here,

തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയെ എങ്ങനെയാണ് വിലയിരുത്തുന്നത്. ഗവര്‍ണര്‍ക്ക് സ്വയം ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിക്കുമോ?

തമിഴ്‌നാട് ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ഇതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ സുവ്യക്തമാണ്. ഒരു ഗവര്‍ണര്‍ക്ക് ഒരു മന്ത്രിയെ മുഖ്യമന്ത്രി നിര്‍ദേശിക്കാതെ പുറത്താക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ക്ക് അത്തരമൊരു അധികാരം കൈവന്നാല്‍ ജനാധിപത്യമാണ് ഇല്ലാതാവുക. ജനപ്രതിനിധികളെ ആരെയും ഗവര്‍ണര്‍ക്ക് പുറത്താക്കാമെന്ന സ്ഥിതി വരും. മുഖ്യമന്ത്രിക്ക് അതില്‍ ഒരു റോളും ഇല്ലാതെ ആവും. ആര്‍ട്ടിക്കിള്‍ 164 പ്രകാരം മന്ത്രിമാരെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണെങ്കിലും മുഖ്യമന്ത്രി പറയുന്ന ആളെ മാത്രമേ നിയമിക്കാന്‍ സാധിക്കുകയുള്ളു. ഗവര്‍ണര്‍ക്ക് തോന്നുന്ന ആളെ മന്ത്രിയായി നിയമിക്കാന്‍ സാധിക്കില്ല. പിരിച്ചുവിടണമെങ്കിലും അത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാവണം. ഗവര്‍ണര്‍ക്ക് അത്തരമൊരു അധികാരം കൊടുത്തിട്ടില്ല. 1935 ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതാണ്ട് അതുപോലെ നമ്മള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഗവര്‍ണറെ സംബന്ധിക്കുന്ന ഭാഗവും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ നിയമത്തില്‍ നിന്നാണ്.

അതില്‍ വരുത്തിയ ഒരു മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഗവര്‍ണര്‍ക്ക് മന്ത്രിയെ നിയമിക്കാനും പിന്‍വലിക്കാനുമുള്ള വിവേചനാധികാരമുണ്ടായിരുന്നു. മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതിയുള്ള കാലം മാത്രമേ സ്ഥാനത്തിരിക്കാന്‍ പാടുള്ളു എന്ന് ആ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 164-ല്‍ എത്തുമ്പോള്‍ ഗവര്‍ണറുടെ ഈ വിവേചനാധികാരം ഒഴിവാക്കിയിട്ടുണ്ട്. അത് ആവശ്യമില്ലെന്ന ഭരണഘടന നിര്‍മ്മാണ സമിതിയുടെ നിലപാടിന്റെ ഭാഗമായാണ് ഒഴിവാക്കിയത്. പ്രീതി നിലനിര്‍ത്തുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തി. പക്ഷെ, വിവേചനാധികാരം ഇല്ലാതെ ഗവര്‍ണറുടെ പ്രീതി നിലനിര്‍ത്തുന്നുണ്ടോ എന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഗവര്‍ണറുടെ പ്രീതി തുടങ്ങുന്നത് മുഖ്യമന്ത്രി ഒരാളെ നിയമിക്കാന്‍ പറയുമ്പോഴാണ്. പ്രീതി അവസാനിക്കുന്നത് മുഖ്യമന്ത്രി അയാളെ മാറ്റാന്‍ നിര്‍ദേശിക്കുമ്പോഴാണ്. മന്ത്രിസഭയില്‍ ഒരു മന്ത്രി തുടരുന്നത് മുഖ്യമന്ത്രിക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിട്ടാണ്. ഗവര്‍ണറുടെ വിശ്വാസത്തിന് ഇവിടെ വലിയ പ്രസക്തിയില്ല. 

ഗവര്‍ണര്‍ക്കുള്ള വിവേചനാധികാരം ഏതൊക്കെ കാര്യങ്ങളിലാണ്?

ഗവര്‍ണര്‍ക്ക് തീര്‍ച്ചയായും ചില വിവേചനാധികാരങ്ങളുണ്ട്‌. ഭരണഘടനയുടെ 163-ാം വകുപ്പില്‍ ഇത്തരം വിവേചനാധികാരത്തെ കുറിച്ച് പരാമര്‍ശമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില പ്രത്യേക വിവേചനാധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ളതായി കാണാം 371-ാം വകുപ്പില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇത്തരം അധികാരം പ്രയോഗിക്കുന്നതിന് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല. അതോടൊപ്പം മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് അത്തരം ചില അധികാരങ്ങളുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഉപദേശം മുഖ്യമന്ത്രിയോട് തേടാന്‍ സാധിക്കാത്തതിനാലാണത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന വിഷയത്തിലും ഗവര്‍ണര്‍ക്ക് തീരുമാനങ്ങളെടുക്കാം. ഒപ്പം പ്രോസിക്യൂഷന്‍ അനുമതി, ബില്ലുകളില്‍ വിശദീകരണം ചോദിക്കല്‍ തുടങ്ങിയ കാര്യങ്ങളിലുമുണ്ട്. ഇത്തരം ചുരുങ്ങിയ കാര്യങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. മന്ത്രിയെ നിയമിക്കുന്നതോ പിരിച്ചുവിടുന്നതോ ആയ കാര്യങ്ങളില്‍ ഇത്തരമൊരു അവകാശത്തെ കുറിച്ച് എവിടെയും പറയുന്നില്ല.

തമിഴ്‌നാട് ഗവര്‍ണര്‍ നടപടി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?

സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകും. ഭരണഘടന പ്രശ്‌നമായതിനാല്‍ സുപ്രീം കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കും. ഗവര്‍ണറുടെ നടപടിക്കെതിരായാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഭരണഘടനാ വിരുദ്ധ നടപടിയായതിനാല്‍ അത് പിന്‍വലിക്കാനുള്ള അവകാശം സുപ്രീം കോടതിക്കുണ്ട്. ആര്‍ട്ടിക്കിള്‍ 361 അനുസരിച്ച് ഗവര്‍ണര്‍ക്ക് ചില സംരക്ഷണങ്ങള്‍ ഉണ്ട്. ഗവര്‍ണര്‍ക്ക് നോട്ടീസയക്കാനോ എതിരായി കേസെടുക്കാനോ സാധിക്കില്ല. എന്നാല്‍ ഇവിടെ ഗവര്‍ണറുടെ നടപടിക്ക് എതിരായി ആണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത് എന്നതിനാല്‍ കോടതിക്ക് അത് പരിശോധിക്കാനും ഇടപെടാനുമുള്ള അധികാരമുണ്ട്. 

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തിലെ ധനവകുപ്പ് മന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ മന്ത്രിയെ ഗവര്‍ണര്‍ സ്വമേധയാ പുറത്താക്കിയിരിക്കുന്നു. ഇതൊരു ഭരണഘടനാ പ്രശ്‌നമായി മാറുന്നുണ്ടോ?

തീര്‍ച്ചയായും. രണ്ടും സമാനമായ ഭരഘടനാവിരുദ്ധ നടപടികളാണ്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറയാന്‍ സാധിക്കില്ല. കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നത് സൂര്യന്‍ കിഴക്ക് ഉദിക്കുന്നു എന്നത് പോലെ യാഥാര്‍ഥ്യമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. തമിഴ്‌നാട് വിഷയത്തില്‍ ഗവര്‍ണറെ തിരുത്താനുള്ള ഒരു ഇടപെടല്‍ മുകളില്‍ നിന്ന് ഉണ്ടായത് ഞാന്‍ വളരെ പോസിറ്റീവായാണ് കാണുന്നത്. നമ്മുടെ രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ അത്തരമൊരു ഇടപെടല്‍ നടന്നു എന്നത് വലിയ കാര്യമാണ്. അത് നമ്മുടെ ഭരണഘടനയുടെ കരുത്ത് കൂടിയാണ്.

ആര്‍ട്ടിക്കിള്‍ 164-ല്‍ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. മന്ത്രിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാവണം എന്നത് പോലെ മന്ത്രിയെ പിന്‍വലിക്കുന്നതും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാവണമെന്നത് അല്‍പ്പം കൂടെ വ്യക്തതയോടെ അതില്‍ എഴുതി ചേര്‍ക്കണം. അത്തരമൊരു ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുന്‍കൈ എടുക്കണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഈ വിഷയത്തിലുണ്ടാവുന്ന ഭരണഘടന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു.