
അതീവ സന്തോഷത്തോടെ തങ്കപ്പന്‍ നായര്‍ എന്ന ചരിത്രകാരനെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ കൈകൂപ്പി വണങ്ങി. 90 വയസ്സുള്ള തങ്കപ്പന്‍ നായര്‍ക്ക് ഓര്‍മ അല്പം മങ്ങിയിരുന്നു. അടുത്തുനിന്നിരുന്ന ഭാര്യ സീത ടീച്ചര്‍ പറഞ്ഞു: കൊല്‍ക്കത്തയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആണിത്.
തങ്കപ്പന്‍ നായര്‍ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: എനിക്ക് ജീവിതത്തില്‍ വലിയൊരു ദിവസമാണിത്. ജസ്റ്റിസ് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇന്ന് ദൈവം അതിനു വഴിയൊരുക്കി.
തങ്കപ്പന്‍ നായര്‍ എഴുന്നേറ്റു കൈകൂപ്പിനിന്നു. സന്തോഷം ഇരുവര്‍ക്കും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആലുവയ്ക്കടുത്ത് ചേന്നമംഗലത് തങ്കപ്പന്‍ നായരുടെ വീട്ടില്‍വെച്ചായിരുന്നു ഈ അത്യപൂര്‍വ കൂടികാഴ്ച.
കൊല്‍ക്കത്തയില്‍ രണ്ടുവര്‍ഷം അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നു. വിരമിച്ച ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍ എന്നോട് പറഞ്ഞു: കൊല്‍ത്തയുടെ ചരിത്രകാരനായ തങ്കപ്പന്‍ നായര്‍ എന്ന മലയാളിയെ അവിടെ വെച്ചു കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ നമുക്കൊന്ന് ചേന്നമംഗലത് പോകാം.
എന്റെ അടുത്ത സുഹൃത്തായ അദ്ദേഹവും ഞാനും തങ്കപ്പന്‍ നായരെ കാണാനെത്തി. നോവലിസ്റ്റ് സേതുവിന്റെ ആത്മകഥ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നാണ് തങ്കപ്പന്‍ നായരെക്കുറിച്ച് അറിഞ്ഞിരുന്നത്.
വളരെ ചെറുപ്പത്തില്‍ ജോലിതേടി കൊല്‍ക്കത്തയില്‍ എത്തിയ തങ്കപ്പന്‍ നായര്‍ പിന്നീട് കൊല്‍ക്കത്തയുടെ ചരിത്രകാരനായി മാറി. വിസ്മയിപ്പിക്കുന്ന ഒരു പ്രതിഭാസമായി. അറുപതോളം പുസ്തകങ്ങള്‍ എഴുതി ചരിത്രം സൃഷ്ടിച്ചു. ചെറിയ തൊഴിലെടുത്തു. അതിനിടയില്‍ ചരിത്രത്തില്‍ ആകൃഷ്ടനായി. പഴയ രേഖകളും ഗസറ്റുകളും നോക്കി ചരിത്രം എഴുതി. അതിനായി നൂറു കണക്കിന് ആളുകളുമായി കൂടിക്കാഴ്ച നടത്തി. നാഷണല്‍ ലൈബ്രറിയില്‍ ജീവിതത്തിന്റെ വസന്തകാലം ചിലവഴിച്ചു.
പുസ്തകങ്ങള്‍ എഴുതിയപ്പോള്‍ ബംഗാളികള്‍ക്ക് അറിയാത്ത ചരിത്രം അക്ഷരങ്ങളിലൂടെ പുറത്തുവന്നു. ജനങ്ങളെ അതു വിസ്മയിപ്പിച്ചു. ബ്രിട്ടീഷുകാർ വരുന്നതിനു മുന്‍പും അതിനു ശേഷവും നടന്ന സംഭവങ്ങള്‍ അന്വേഷിച്ചെഴുതി. ആധികാരിക രേഖകളുടെ പിന്‍ബലം ഉണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ചരിത്രം കൂടി എഴുതിയിരുന്നു. ഏതാണ്ട് നൂറു വര്‍ഷത്തെ ചരിത്രം. അതാണ് ജസ്റ്റിസ് രാധാകൃഷ്ണനെ വിസ്മയിപ്പിച്ചത്. ഇതുപോലെ പോലീസ് ചരിത്രം, തെക്കേ ഇന്ത്യക്കാര്‍ അവിടെ എത്തി വരുത്തിയ സാംസ്‌കാരിക മാറ്റങ്ങള്‍, ടാഗഗേറിനെ ആകര്‍ഷിച്ച മഹാകവി വള്ളത്തോള്‍, ബംഗാളിനെ ആകര്‍ഷിച്ച മലയാള സാഹിത്യം തുടങ്ങി കൊല്‍ക്കത്ത സമൂഹത്തിന്റെ നിരവധി തലങ്ങള്‍ അദ്ദേഹം എഴുതി.
പുസ്തകങ്ങള്‍ പുറത്ത് വന്നപ്പോള്‍ തങ്ങള്‍ക്കു അറിയാത്ത ചരിത്രമാണ് തങ്കപ്പന്‍ നായര്‍ എഴുതിയതെന്നു ബംഗളികള്‍ക്ക് മനസ്സിലായി. തങ്കപ്പന്‍ നായരേ തേടി ഗവണര്‍മാറും നേതാക്കളും ഗവേഷക വിദ്യര്‍ഥികളും വിദേശികളും എത്തി. തങ്കപ്പന്‍ നായര്‍ അങ്ങിനെ ചരിത്രകാരനായി. ഓര്‍മ മങ്ങിയെങ്കിലും ജസ്റ്റിസ് രാധാകൃഷ്ണനുമായി തന്റെ കഴിഞ്ഞകാലം അദ്ദേഹം വിവരിച്ചു. 'ഞാന്‍ ഇപ്പോള്‍ ഇവിടെ ആണെങ്കിലും മനസ്സ് കൊല്‍ക്കത്തയിലാണ്'- തങ്കപ്പന്‍ നായര്‍ ജസ്റ്റിസിനോടു പറഞ്ഞു.
അല്പം കഴിഞ്ഞു എഴുന്നേറ്റ് പുറത്തേക്കുനോക്കി പറഞ്ഞു, 'ഇവിടെയാണ് ഗാന്ധിജി താമസിച്ചിരുന്നത്'. ഗാന്ധിജി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ താമസിച്ച വീട്ടിന്റെ ചരിത്രവും തങ്കപ്പന്‍ നായര്‍ വിശദമായി അന്വേഷിച്ച് എഴുതിയിരുന്നു.കോണ്‍ഗ്രസ് നേതാക്കളും ചരിത്ര വിദ്യര്‍ഥികളും അത്ഭുതം കൂറുന്ന മിഴികളോടെ ആ പുസ്തകം വായിച്ചു. അത് ചരിത്ര സംഭവമാണ്.
ഗവണറായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധി തങ്കപ്പന്‍ നായരേ കാണാന്‍ ചെറിയ വീട്ടില്‍ വന്നിരുന്നു. ഗാന്ധിജിയുടെ കൊച്ചു മകന്‍ ആയിരുന്നു അദ്ദേഹം. കാറില്‍നിന്ന് ഇറങ്ങി ചെറിയ നടപ്പാതയിലൂയിടെ ഗവര്‍ന്നര്‍ നടന്നു. മലയാളി ഗവണര്‍ എം.കെ. നാരായണനും തങ്കപ്പന്‍ നായരേ നേരില്‍ കണ്ടു ആദരിച്ചിരുന്നു. തങ്കപ്പന്‍ നായരുടെ ഭാര്യ ജസ്റ്റിസിനോട് പറഞ്ഞു: 'ചുറ്റും കാണുന്നതെല്ലാം കൊല്‍ക്കത്തയാണ് അദ്ദേഹത്തിന്'.
ഒരു പുസ്തകം ജസ്സ്റ്റിന് അദ്ദേഹം സമ്മാനിച്ചു. അതു ഓരോ തെരുവിനും നല്‍കിയിട്ടുള്ള പേരുകളാണ്. മുമ്പത്തെ പേരും കാലം കഴിഞ്ഞപ്പോള്‍ കോര്‍പറേഷന്‍ നല്‍കിയ പേരും. ആരെയും വിസ്മയിപ്പിക്കുന്ന ഒരു അമൂല്യ പുസ്തകമാണിത്. ഒരു ചരിത്ര പുരുഷനെ കാണാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചരിതാര്‍ഥ്യം ജസ്റ്റിസ് പ്രകടിപ്പിച്ചു.
കേരള ഹൈക്കോതിയില്‍ 12 വര്‍ഷം ജഡ്ജിയായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ ആദ്യത്തെ മലയാളി ചീഫ് ജസ്റ്റിസ് ആയിരുന്നു. രണ്ട് വര്‍ഷം സേവനം അനുഷ്ഠിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുമായി വളരെ അടുത്തു പ്രവര്‍ത്തിച്ച ജഡ്ജായിരുന്നു അദ്ദേഹം.
Content Highlights: thottathil radhakrishnan and thankappan nair
Published: 03 Apr 2023, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented