വിവാഹ നിശ്ചയം നടക്കാന്‍ പോകുന്ന വീട്, അവിടെയെത്തുന്ന ബന്ധുക്കള്‍, ജോലിക്കാര്‍, അവരൊന്നിച്ചുപങ്കിടുന്ന കുറച്ചുമണിക്കൂറുകള്‍..തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ പ്ലോട്ട് ഇത്രമാത്രമാണ്. കണ്ടുതുടങ്ങുന്ന നിമിഷം മുതല്‍ പ്രേക്ഷകനും ആ നിശ്ചയം നടക്കുന്ന വീട്ടിലാണെന്ന് തങ്ങളെന്ന് തോന്നിക്കും വിധമുളള സംവിധാന മികവ്, ഭാഷ, കഥാപാത്രങ്ങളുടെ അഭിനയമികവ് തിങ്കളാഴ്ച നിശ്ചയത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിറകില്‍ നിരവധി കാരണങ്ങളുണ്ട്.
എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കിയ സിനിമയില്‍ ഹാസ്യം അല്പം മുന്നിട്ടുനിന്നത് രഞ്ജി കാങ്കോല്‍ അവതരിപ്പിച്ച ഗിരീഷ് എന്ന പന്തലുപണിക്കാരനിലാണ്. കഥയില്‍ നര്‍മം വിതറാന്‍ പോകുന്നത് താനാണെന്ന യാതൊരു ഭാവവുമില്ലാതെയാണ് കൈയില്‍ ചുരുട്ടിപ്പിടിച്ച കയറുമായി കുവൈത്ത് വിജയന്റെ വീട്ടിലേക്ക് പന്തലുപണിക്കാരന്‍ ഗിരീഷേട്ടന്റെ എന്‍ട്രി. വളരെ സ്വാഭാവികമായ, ചെറിയ ചെറിയ നര്‍മമൂഹൂര്‍ത്തങ്ങളിലൂടെ നിറഞ്ഞാടിയ, മണ്ടനും ശുദ്ധനുമായ ഗിരീഷേട്ടനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗിരീഷിനെ അവതരിപ്പിച്ച രഞ്ജി കാങ്കോല്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയേയും അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്..ഗിരീഷേട്ടനെ ജനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. രസിപ്പിക്കുന്ന ഒരു കഥാപാത്രമാണ് ഗിരീഷേട്ടന്‍. ഗിരീഷേട്ടന്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞു.. ശരിക്കുമനസ്സിലായത് ഐഎഫ്എഫ്‌കെയില്‍ സിനിമ ആദ്യമായി കണ്ട സമയത്താണ്. അതുവരെ നമ്മള്‍ ഒരു സീന്‍ ചെയ്യുമ്പോള്‍ സെന്നസാറും അസോസിയേറ്റ്‌സുമെല്ലാം സന്തോഷിക്കുന്നുണ്ടെങ്കിലും കൈ തരുന്നുണ്ടെങ്കിലും മൊത്തത്തില്‍ എങ്ങനെ വരും എന്ന് നമുക്കറിയില്ലല്ലോ. കഥയുടെ സന്ദര്‍ഭത്തിന് അനുസരിച്ച് ഇതിനെ പ്ലേസ് ചെയ്യുന്ന ഒരു സംഗതിയുണ്ടല്ലോ അതില്‍ എത്തുമ്പോഴാണ് അതിന് ജീവന്‍ വെക്കുന്നത്.
ഐ.എഫ്.എഫ്.കെയില്‍ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് തിരുവനന്തപുരം പോയിട്ടാണ് ഞാന്‍ ആദ്യം സിനിമ കാണുന്നത്. എന്റെ ചുറ്റിലും നിരവധി ആളുകളുണ്ട്, ഞാനാണ് അവര്‍ക്കൊപ്പമുളളതെന്ന പലര്‍ക്കും അറിയില്ല. ഞാന്‍ പറയുന്ന ഓരോ കൗണ്ടറുകള്‍ക്കും ചുറ്റും നിന്ന് ഒരു ചിരിയുണ്ടല്ലോ..അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം വളരെ വലുതാണ്. ഇത്ര മികച്ച കഥാപാത്രമാണല്ലോ ചെയ്തതെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അപ്പോഴാണ്. പിന്നെ സിനിമ പൂര്‍ണമായി കണ്ടുകഴിഞ്ഞ സമയത്താണ് കൃത്യമായ ഒരു രാഷ്ട്രീയം ഉണ്ട് ഈ സിനിമയ്ക്ക് എന്ന് മനസ്സിലായത്. ഓരോരോ ഡയലോഗുകള്‍ക്കും കൃത്യമായ അര്‍ഥങ്ങളുണ്ട്. അത് കൊള്ളേണ്ടവര്‍ക്ക് കൃത്യമായി കൊളളും എന്ന് മനസ്സിലായി. അതോടെ ഈ സിനിമയുടെ ഭാഗമായതില്‍ എനിക്ക് അഭിമാനം തോന്നി. ഇത്തവണ ചലച്ചിത്രോത്സവം നാലുസ്ഥലങ്ങളിലായിട്ടായിരുന്നല്ലോ. തിരുവനന്തപുരത്ത് കണ്ടതുകൂടാതെ തലശ്ശേരിയിലും പാലക്കാടും പോയി ഞാന്‍ സിനിമ കണ്ടു.
സോണിലൈവില്‍ പത്തുമണിക്കാണ് സിനിമ ഇടുന്നത്. അന്ന് പുലര്‍ച്ചെ മൂന്നുമണി വരെ എനിക്ക് കോളുകളുടെ ബഹളമായിരുന്നു. ഗിരീഷേട്ടനല്ലേ ഗിരീഷേട്ടനല്ലേ എന്ന് ചോദിച്ച്. 'ക്ലൈമാക്‌സില്‍ പൈസ എടുത്താല്‍ മാത്രം പോര, ഒരടികൂടെ കൊടുക്കണമായിരുന്നു'എന്നൊക്കെ പറഞ്ഞു ചിലര്‍. ഓരോരുത്തര്‍ സിനിമ കണ്ട് അവരുടേതായ രീതിയിലാണല്ലോ വിലയിരുത്തുക. അതുപോലെ ജയസൂര്യ വിളിച്ചിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. കോമഡി ടൈമിങ് എല്ലാം വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഭയങ്കര സന്തോഷം തോന്നി. വലിയ ആളുകള്‍ നമ്മളെ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അത് വലിയ ഉത്തരവാദിത്തമാണ്. ഇതേ കണക്ക് മുന്നോട്ട് പോകണം എന്ന പ്രചോദനം കൂടിയാണ് അതൊക്കെ.
അതുപോലെ നടന്‍ ഉണ്ണിരാജുവും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ഉണ്ണിയേട്ടന്‍ ഈ ഇടയ്ക്ക് ഒരു കഥാപാത്രം ചെയ്തു അഖിലേഷേട്ടന്‍. ഒരു ദിവസം ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ അഖിലേഷട്ടനെ പൊളിച്ചങ്ങ് കൈയില്‍ കൊടുത്തിട്ടുണ്ട്. ഞാന്‍ വരുന്നുണ്ട് ഒരു ഗിരീഷേട്ടനായിട്ടെന്ന്..വെറുതെ പറഞ്ഞതാ സത്യമായി. ഉണ്ണിയേട്ടന്‍ സിനിമ കണ്ട് എന്നെ വിളിച്ചു 'എടാ നീ വാക്ക് പാലിച്ചെടാ'എന്നുപറഞ്ഞു.
തിങ്കളാഴ്ച നിശ്ചയം എന്നുപറയുന്ന സിനിമയെ സംബന്ധിച്ച് സെറ്റ് ഒരു കുടുംബം പോലെയായിരുന്നു. വിജയന്റെ വീട്ടില്‍ പണിക്കുവരുന്ന പന്തലുപണിക്കാരനായ ഗീരീഷ്, അതുപോലെ ഭക്ഷണം ഉണ്ടാക്കാന്‍ വരുന്ന ആള്, അതുപോലെ വിജയന്റെ ബന്ധുക്കള്‍.. ഒരു കുടുംബമായിട്ടാണ് നമ്മള്‍ ചെയ്തത്. തിങ്കളാഴ്ച നിശ്ചയത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഘടകം ആ ഒരു ടീംവര്‍ക്കായിരുന്നു. ആ വീട്ടിനുളളില്‍ എല്ലാവരും തുല്യരായിരുന്നു. ആ സത്യസന്ധതയുടെ ഒരു റിസള്‍ട്ട് കൂടിയാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ വിജയം.
നടപ്പും സംസാരവും നോട്ടവും... രസകരമായിരുന്നു ഗിരീഷേട്ടന്റെ മാനറിസങ്ങള്‍
നാടകം ചെയ്യുന്ന സമയത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള സ്ഥലങ്ങളില്‍ ഓടി നടന്ന് നാടകം കളിച്ചിട്ടുണ്ട്. അതിലൂടെ നമ്മള്‍ പരിചയപ്പെടുന്ന ആള്‍ക്കാര്‍, ക്യാമ്പുകളില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍, നാട്ടിന്‍പുറങ്ങളില്‍ കാണാറുളള പന്തലുപണിക്കാര്‍ അവരില്‍ ഒരാളാണ് ഗിരീഷ്. എന്റെ അമ്മാവന്‍ ഒരു പന്തലുപണിക്കാരനാണ്. അമ്മാവന്‍ പണി സാധനങ്ങളെടുത്ത് പോകുന്നതിലും അത് കെട്ടുന്നതിലുമെല്ലാം ഒരു ശൈലിയുണ്ട്. കയറ് കെട്ടിയിട്ട് പുറകിലേക്ക് മറഞ്ഞുനോക്കുന്ന ഒരു നോട്ടം..അതൊക്കെ നമ്മുടെ മനസ്സിലുണ്ട്. പിന്നെ ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. ഈ ക്യാരക്ടറിന് ഇത്ര വയസ്സുണ്ട്. അയാള്‍ ഇങ്ങനെയൊക്കെ പെരുമാറും. അയാള്‍ ഒരു പന്തലുപണിക്കാരനാണ്. അയാളുമായി ബന്ധപ്പെട്ട നില്‍ക്കുന്ന മറ്റുകഥാപാത്രങ്ങള്‍ ഇതൊക്കെയാണ്. ഇത് നിശ്ചയം നടക്കുന്ന വീടാണ്, വിജയന്‍ എന്ന കഥാപാത്രമാണ് അച്ഛന്‍, സുജ മകളാണ്, ഞാന്‍ മുമ്പ് പ്രേമിച്ചിരുന്നൊരു കുട്ടിയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അവര്‍ പറഞ്ഞുതന്നിരുന്നു.
എന്നെ സംബന്ധിച്ച് ഒരു വേഷം ചെയ്യുമ്പോള്‍ അത് കോമഡിയായാലും ഗൗരവമുളളതായാലും കഴിയുന്നത് വരെ ആ ഒരു കഥാപാത്രമായി നടക്കുക തന്നെ ചെയ്യണം. എനിക്ക് നല്ല ടെന്‍ഷനാണ്. ഗീരീഷിന് ആകെ പ്രോപ്പര്‍ട്ടിയായുളളത് ഒരു പാരയും, പ്ലയറും ടെസ്റ്ററുമൊക്കെയാണ്. ഇതൊക്കെ ഞാന്‍ തന്നെ സൂക്ഷിക്കും. അതൊന്നും വേറാരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല. ട്യൂബ് കെട്ടണ കയറ് വരെ ഞാനാണ് സൂക്ഷിച്ചത്. ഇതൊക്കെ എടുത്ത് തരാന്‍ ആളുണ്ട്, പക്ഷേ നാടകത്തില്‍ നിന്ന് ശീലിച്ച ചില കാര്യങ്ങളുണ്ട് അതിപ്പോഴും തുടരുന്നുണ്ട്.
സിനിമയില്‍ സുജയുടെ പിറകേ ഗിരീഷേട്ടന്‍ കുറേ നടക്കുന്നുണ്ടല്ലോ..ജീവിതത്തിലും സുജയെ പോലെ ആരെങ്കിലും
എത്രയോ പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു കാര്യമുണ്ട്. ഞാന്‍ നടന്നത് മാത്രമേയുളളൂ ആരും തിരിച്ചറിഞ്ഞില്ല. അതാണ് ഒരു വിഷയം (ചിരിക്കുന്നു.)സത്യം പറഞ്ഞാല്‍ ഞാന്‍ ഈ ഒരു കാര്യത്തില്‍ കുറച്ച് പിറകിലോട്ടാ. പ്രണയിക്കുന്നതൊന്നും എളുപ്പമല്ല. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. പഞ്ചാരവാക്കൊക്കെ പറഞ്ഞ് നടക്കാന്‍ എനിക്കെവിടെ സമയം. നാടകം, സിനിമ, ശില്പം, യാത്ര എന്നൊക്കെ പറഞ്ഞ് ഓടി നടക്കുകയാണ് അതിനിടയില്‍ എങ്ങനെയാണ് പ്രണയം.. എനിക്കങ്ങനെ പ്രണയിക്കാനൊന്നും അറിയില്ല..
ചെറിയ ചെറിയ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ടായിരുന്നു. ചിത്രീകരണത്തിനിടയില്‍ രസകരമായ അനുഭവങ്ങളൊന്നും ഉണ്ടായില്ലേ?
സിനിമയില്‍ എന്റെ മുഖത്ത് പുളിശ്ശേരി ഒഴിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നില്ലേ. ആ സീന്‍ കഴിഞ്ഞ ഉടനെ അതിന്റെ ബാക്കി എടുക്കുന്നത് ഒന്നുരണ്ടുമണിക്കൂറിന് ശേഷമാണ്. പുളിശ്ശേരി ദേഹത്തൊഴിച്ച് നില്‍ക്കുന്നതിനിടയിലാണ് എനിക്ക് ഒരു ഫോണ്‍കോള്‍ വരുന്നത്. സംസാരിച്ചുതുടങ്ങിയാല്‍ ഫോണുമായി ഞാനങ്ങ് നടക്കും. അങ്ങനെ നടന്ന് നടന്ന് ഞാന്‍ റോഡിലെത്തി. ഒരു അമ്പലത്തില്‍ ശില്പം പണിയാന്‍ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അത് ഏല്പ്പിച്ച ആള് കൃത്യസമയത്ത് എത്താത്തതുകൊണ്ട് കമ്മിറ്റിക്കാര്‍ എന്നെ വിളിച്ച് മോശമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാനങ്ങോട്ടും ദേഷ്യപ്പെട്ടുതുടങ്ങി. ഈ സമയത്താണ് ഞാന്‍ കാണുന്നത് റോഡിന്റെ സൈഡിലെ കിഴങ്ങുതോട്ടത്തില്‍ നിന്ന് ഒരാള്‍ എന്നെ തുറിച്ചുനോക്കുന്നു. പുളിശ്ശേരി ദേഹത്തുളള കാര്യമെല്ലാം ഞാന്‍ മറന്നുപോയി. ഇയാള്‍ എന്നെ നോക്കുന്നത് കണ്ടിട്ടും എനിക്ക് മനസ്സിലായില്ല. അയാള്‍ കരുതിയത് ഏതൊ ഒരു ഭ്രാന്തന്‍ വന്നുനില്‍ക്കുന്നു എന്നാണെന്ന് തോന്നുന്നു. ഞാന്‍ കാര്യമറിയാതെ എന്താ ഏട്ടാ എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നതും അയാള്‍ പാഞ്ഞൊരുപോക്ക്..അയാള്‍ ഈ സിനിമ കാണുന്ന സമയത്ത് ഈ സീന്‍ കണ്ടപ്പോള്‍ ആലോചിച്ചിട്ടുണ്ടാകും അയാളാണല്ലേ ഇയാളെന്ന്..
സിനിമയിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയാണ്?
നാടകത്തില്‍ ഞാന്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. നായകന് പൂ കൊടുത്തുകൊണ്ടാണ് അഭിനയിക്കുന്നത് ശരിക്കുപറഞ്ഞാല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മെല്ലിച്ച ഒരു ശരീരം, ഗ്ലാമറൊന്നുമില്ല. എനിക്കാണെങ്കില്‍ അഭിനയിക്കണമെന്ന ആഗ്രഹവും അങ്ങനെ നായകന് പൂ കൊടുക്കുന്ന ഒരാളായിട്ട് വന്നുപോകുന്ന ഒരു സീനാണ് ആദ്യം അഭിനയിച്ചത്. സ്‌റ്റേജില്‍ കയറുന്നത്. പിന്നെ നാട്ടില്‍ ഉളള ചെറുപ്പക്കാര്‍ എല്ലാവരും കൂടി കേരളോത്സവത്തിന് ഒരു നാടകം ചെയ്യണം എന്ന് പറയുകയും 20 വയസ്സ് ആകുന്നേയുളളൂ. അങ്ങനെ പത്തായപ്പുര എന്നൊരു നാടകം സംഘടിപ്പിച്ചു. ആ നാടകം കുറച്ച് കളിച്ചു. ഞാന്‍ പ്രൊഫഷണലി ഒരു ശില്പിയാണ്. എന്റെ ശില്പങ്ങള്‍ കണ്ട് പിന്നീട് നാടകത്തിന്റെ പ്രോപ്പര്‍ട്ടി സെറ്റ് ചെയ്യാനായി വിളിച്ചു. അശോകന്‍ കതിരൂര്‍, അദ്ദേഹത്തിന്റെ നാടകത്തിന്റെ പ്രോപ്പര്‍ട്ടി ചെയ്യാന്‍ വേണ്ടി പോകുന്നു. അതിനിടയില്‍ ജിനോ ജോസഫിനെ പരിചയപ്പെടുന്നു അങ്ങനെയാണ് മത്തി എന്ന നാടകമുണ്ടാകുന്നത്. മത്തി നാടകത്തിലെ റഫീക്ക് എന്ന കഥാപാത്രത്തിന് മികച്ച നടനുളള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിക്കുന്നു. അതിന് തന്നെ ദേശീയ അവാര്‍ഡ് മഹേന്ദ്ര എക്‌സലന്റ് തിയേറ്റര്‍ അവാര്‍ഡ് ലഭിക്കുന്നു. മികച്ച നടന് കിട്ടി. അങ്ങനെ രണ്ട് അവാര്‍ഡ് വാങ്ങി..പിന്നീടാണ് ഓട്ടോര്‍ഷ എന്ന സിനിമയിലൂടെ ക്ലീനറായി സിനിമയില്‍ എത്തുന്നത്. ശില്പത്തില്‍ നിന്ന് നാടകത്തിലേക്ക് നാടകത്തില്‍ നിന്ന് സിനിമയിലേക്ക്.. പക്ഷേ നാടകവും സിനിമയും ഇല്ലാത്ത സമയങ്ങളില്‍ ഞാന്‍ ഒരു ശില്പി തന്നെയാണ്. അമ്പലങ്ങളിലെ കൊത്തുപണികളും മറ്റുമായി പോകും.
സിനിമയെ കുറിച്ചുളള പുതിയ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? നാടകം, സിനിമ, ശില്പം എല്ലാം ഒന്നിച്ചുകൊണ്ടുപോകാനാണോ തീരുമാനം
ചെറിയ വേഷങ്ങള്‍ മതി, വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒന്ന് പാസ് ചെയ്ത് പോകുന്ന വേഷമായാലും മതി. പക്ഷേ അത് കഥയുമായി ചേരണം. ആ കഥാപാത്രം ആ സിനിമയില്‍ ആവശ്യമായിരിക്കണം. കോമഡി മാത്രമേ ചെയ്യൂവെന്നൊന്നുമില്ല, വ്യത്യസ്തമായ റോളുകള്‍ ചെയ്യണമെന്ന് മാത്രമേ ആഗ്രഹമുളളൂ. സിനിമയ്ക്ക് ഒരു സ്വഭാവമുണ്ട്. നമ്മള്‍ ഒന്ന് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് വിളിക്കുന്നതൊക്കെ അതേ തരത്തിലുളള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാകും. പിന്നീട് അതില്‍ നമ്മളായിട്ട് വ്യത്യസ്തത ഉണ്ടാക്കുക എന്നത് മാത്രമാണ് ചെയ്യാനുളളത്. ഏതായാലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. കഥാപാത്രത്തിന്റെ വലിപ്പമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഒരു ചെറുതുമതി അത് ജനങ്ങളിലേക്കെത്തണം, അതുപോലെ കഥയ്ക്ക് ആ കഥാപാത്രത്തെ ആവശ്യമുണ്ടായിരിക്കണം.
പുതിയ പ്രൊജക്ടുകള്‍ ഒന്നുരണ്ടെണ്ണം വന്നിട്ടുണ്ട്. പക്ഷേ ഞാനിപ്പോഴും ഈ സിനിമയുടെ ഒരു ലഹരിയില്‍ തന്നെയാണ് ഉളളത്. ഗിരീഷിനെ ഒന്ന് മാറ്റിവെക്കട്ടേ തല്ക്കാലം എന്നിട്ട് സമാധാനത്തില്‍ പോയിട്ട് അടുത്ത വേഷം ചെയ്യണം. അതാണ് ആഗ്രഹം. അധികം ചെയ്യണം വലുങ്ങനെ ഓടി നടക്കണം എന്നൊന്നും ആഗ്രഹമില്ല ചെറിയ വേഷങ്ങളായാലും നല്ലത് ചെയ്യണം അത്രേയുളളൂ.
നാടകം, സിനിമ, ശില്പി എല്ലാം വേണം എനിക്ക്. ഓരോന്നില്‍ നിന്നാണ് ഓരോന്നില്‍ എത്തപ്പെട്ടത്. ശില്പിയില്‍ നിന്നാണ് നാടകത്തില്‍ എത്തുന്നത്. നാടകത്തില്‍ നിന്നാണ് സിനിമയില്‍ എത്തുന്നത്. ഒരുപാട് ആഗ്രഹങ്ങളുണ്ട്. എല്ലാം കൂടെ കൊണ്ടുപോകണം എന്നാണ് ആഗ്രഹം. എല്ലാം കലയാണല്ലോ, നാടകം എന്ന് പറയുന്നത് ഒരു കൂട്ടായ്മയാണ്. അതില്‍ ചായ കൊണ്ടുകൊടുക്കുന്ന ആള്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും നാടകക്കാര്‍ എന്നാണ് അറിയപ്പെടുക. സിനിമയും അങ്ങനെ തന്നെ.. കലയില്‍ എപ്പോഴും ആ സംഘത്തിനാണ് പ്രാധാന്യം. അതില്‍ ഒരുവിഭാഗത്തെ പിറകോട്ട് വലിച്ചാല്‍ ആ വലിയ സൃഷ്ടി ഇല്ലാതാകും.
കുടുംബം
കണ്ണൂരിലെ പയ്യന്നൂരിലെ കങ്കോല്‍ സ്ഥലത്താണ് വീട്. അച്ഛന്‍ രാജന്‍ കെ.കെ. പത്തുവര്‍ഷം മുമ്പേ മരിച്ചുപോയി, അമ്മ രുക്മിണി കെ.വി. ഞങ്ങള്‍ രണ്ടുമക്കളാണ് എനിക്ക് പെങ്ങളുണ്ട്. രേഷ്മ അവള്‍ കല്യാണം കഴിഞ്ഞു..
Content Highlights: thinkalazhcha nishchayam fame Renji Kankol Interview
Published: 05 Nov 2021, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented