
സംസാരശേഷിയില്ലാത്ത നിഹാല്‍ എന്ന കൊച്ചുമോനെ തെരുവുനായകള്‍ കടിച്ചുകീറിക്കൊന്ന വാര്‍ത്ത കേട്ട ഞെട്ടലില്‍നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. ആ ഘട്ടത്തില്‍ ആ കുട്ടി അനുഭവിച്ച വേദനയും നിസ്സഹായതയുമൊക്കെ ആലോചിക്കുമ്പോള്‍ത്തന്നെ ഉള്ളിലൊരു ആന്തൽ ഇരമ്പിവരും. ഒന്നുറക്കെ നിലവിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷേ, നിഹാല്‍ ഇന്നും നമുക്കൊപ്പമുണ്ടാവുമായിരുന്നില്ലേ... ഒരു ചര്‍ച്ച വീണ്ടും പൊടിതട്ടിയെടുക്കാനായി എന്നതിലപ്പുറം, കാര്യക്ഷമമായ മാറ്റം ഇനിയെങ്കിലുമുണ്ടാവുമോ എന്നത് കണ്ടറിയണം.

സര്‍വത്ര നായ്ശല്യം
ലോകത്ത് ഏറ്റവും രൂക്ഷമായ തെരുവുനായശല്യം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. രാജ്യത്താകെ ആറരക്കോടി തെരുവുനായകളുണ്ടെന്നാണ് കണക്ക്. ലോകത്താകെയുള്ള തെരുവുനായകളുടെ എണ്ണം 20 കോടിയാണെന്ന കണക്കുമായി തട്ടിച്ചുവേണം ഇതിനെ വിലയിരുത്താന്‍. അവികസിതമെന്നോ വികസ്വരമെന്നോ വികസിതമെന്നോ വ്യത്യാസമില്ലാതെ ലോകത്തെല്ലായിടത്തും നായശല്യമുണ്ട്. ഇവറ്റകളുടെ തേര്‍വാഴ്ച അവസാനിപ്പിക്കാന്‍ മിക്ക രാജ്യങ്ങളും പിടിപ്പതു പണിയെടുക്കുകയും ചെയ്യുന്നുണ്ട്.
പ്രതിവര്‍ഷം ഡസന്‍ കുഞ്ഞുങ്ങളെവരെ പെറ്റുവളർത്താനുള്ള കഴിവുണ്ട് ഒരു നായക്ക്. ജീവിതക്കാലയളവിലാകെ 80 നായകള്‍ക്ക് ബീജവാപം നല്‍കാനുള്ള ശേഷിയുമുണ്ട്. തെരുവുനായകള്‍ എന്തുകൊണ്ടാണിങ്ങനെ വര്‍ധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇനി ഗണിതത്തില്‍ ബിരുദമെടുക്കേണ്ട കാര്യമില്ലല്ലോ.

എന്താണ് നെതര്‍ലന്‍ഡ്സ് മാതൃക?
ഒരു രാജ്യം മൃഗങ്ങളോട് പുലര്‍ത്തുന്ന പ്രതിബദ്ധത, ആ രാജ്യത്തിന്റെ ധാര്‍മികതയുടെ പ്രധാന അടിത്തറയാണ്. ഇന്ത്യയെ സംബന്ധിച്ച്, തെരുവുനായ വിഷയത്തില്‍ രണ്ട് തരം സമീപനങ്ങളാണ് ആളുകള്‍ക്കിടയിലുള്ളത്. കൊല്ലണമെന്ന് വാദിക്കുന്നവര്‍ ഒരു വശത്ത്; കൊല്ലരുതെന്ന അഭിപ്രമായമുള്ളവര് മറുവശത്തും. ലോകത്തെല്ലായിടത്തും അതങ്ങനെത്തന്നെയാണ്. കൊല്ലണമെന്നു അഭിപ്രായപ്പെടുന്നവരില്ത്തന്നെ ക്രൂരമായി കൊല്ലാന്‍ മടിയില്ലാത്തവരുമുണ്ട്, അങ്ങേയറ്റം മനുഷ്യത്വപരമായി ജീവനാശം വരുത്തണമെന്ന ചിന്താഗതിക്കാരുമുണ്ട്. അതേപോലെ കൊല്ലരുതെന്ന സമീപനം പുലര്ത്തുന്നവരിലുമുണ്ട് രണ്ട് തരം. വന്ധ്യംകരണം ആവാം എന്നു കരുതുന്നവരും അതുപോലും പറ്റില്ല എന്നു വിചാരിക്കുന്നവരും.
എന്നാല്‍, ഈ രണ്ടുകൂട്ടരെയും പിണക്കാതെത്തന്നെ, തെരുവുനായ വിഷയത്തില്‍ നടപടി കൈക്കൊള്ളാമെന്നതിന് ഉദാഹരണമായി ഒരു രാജ്യമുണ്ട് നമുക്കു മുന്പില്, നെതര്‍ലന്‍ഡ്സ്. നമ്മള് ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്നൊക്കെപ്പറയാറില്ലേ. നെതര്‍ലന്‍ഡ്സ് തെരുവുനായ ശല്യം ദൂരീകരിക്കാന്‍ കൈക്കൊണ്ട സമീപനം അത്തരത്തിലൊന്നാണ്.
തെരുവുനായ വിപത്തില്‍നിന്ന് ഡച്ച് സ്വയം രക്ഷപ്പെട്ടതെങ്ങനെ എന്നറിയും മുന്‍പ് ആ രാജ്യത്തെ ജനങ്ങള്‍ക്ക് നായകളുമായുണ്ടായിരുന്ന അഭേദ്യമായ ബന്ധത്തെക്കുറിച്ചറിയണം ആദ്യം. നായകളെ അത്രമേല്‍ ഇഷ്ടപ്പെടുന്നവരായിരുന്നു അവര്‍. സ്വന്തമായൊരു നായയുണ്ടായിരിക്കുക എന്നത് ആഢ്യത്വത്തിന്റെ അടയാളമായി കണ്ടവര്‍. അതുകൊണ്ടുതന്നെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരും പാവപ്പെട്ടവരും അവിടെ നായകളെ പോറ്റിക്കൊണ്ടിരുന്നു. സ്വന്തമായി ഒരു നായയില്ല എന്നത്, ഡച്ചുകാരെ സംബന്ധിച്ചിടത്തോളം വലിയ കുറച്ചിലായിരുന്നു.
പക്ഷേ, ഈ സാമൂഹികാന്തസ്സ് നിലനിര്‍ത്താന്‍ വേണ്ടി ജനങ്ങള്‍ ഒന്നടങ്കം നായ്ക്കളെ വാങ്ങിവാങ്ങി രാജ്യം ഒരു പരുവത്തിലായി. 19-ാം നൂറ്റാണ്ടില്‍ നായകളെക്കൊണ്ട് നെതര്‍ലന്‍ഡ്സ് പൊറുതിമുട്ടി. അക്കാലത്ത് രാജ്യത്താകെ നായകള്‍ക്ക് പേവിഷബാധയുമുണ്ടായി. ഇതോടെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ജനങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ഫലത്തില്‍ തെരുവുനായകളുടെ എണ്ണം ക്രമാതീതമായി പെരുകി.
ഇത് രാജ്യത്തെ മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തിന് പുതിയ നിര്‍വചനങ്ങള്‍ നല്കി. നായകളുടെ പെരുക്കം നിയന്ത്രിക്കാനായി, ഒരു ശ്രമമെന്ന നിലയില്‍, രാജ്യത്ത് നായ നികുതി (Dog Tax) ഏര്‍പ്പെടുത്തി. നായകളെ പോറ്റുന്നവര്‍ നിശ്ചിത തുക നികുതി കൃത്യമായി അടക്കണമെന്നതായിരുന്നു നിയമം. നായകളെ വാങ്ങി കുറെ കഴിയുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുന്ന രീതി അവസാനിപ്പിക്കാനായിരുന്നു നായ നികുതിവഴി ലക്ഷ്യമിട്ടത്. ഇത് പക്ഷേ, രാജ്യത്ത് വിപരീതഫലം സൃഷ്ടിക്കുകയാണ് ചെയ്തത്. നേരത്തേതന്നെ വാങ്ങിയവയ്ക്ക് നികുതിയടക്കാനാവാതെ ഡച്ചുകാര്‍ അവയെ തെരുവിലേക്ക് തള്ളി. പലതരത്തിലുള്ള തെരുവുനായകളെക്കൊണ്ട് ഡച്ചുകാര്‍ പൊറുതിമുട്ടി.
ഇതോടെ 1864-ല്‍ ഡച്ച് നഗരമായ ഹേഗില്‍ രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ഏജന്‍സി നിലവില്‍വന്നു. 100 വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് ആദ്യമായി മൃഗസംരക്ഷണ നിയമവും നടപ്പാക്കി. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ദ്രോഹിക്കുന്നതും കൈയൊഴിയുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നു. നിലവില്‍ നെതര്‍ലന്‍ഡ്സില്‍ അഞ്ചില്‍ ഒരു വീട്ടില്‍ എന്ന നിലയില്‍ വളര്‍ത്തുനായ്ക്കളുണ്ട്.
നിലവിലെ ലോകക്രമത്തില്‍ തെരുവുനായകളെ ആസകലം ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു സാമൂഹിക ജീവിതം സാധ്യമല്ല. മനുഷ്യന്റെ ജീവിതശൈലീമാറ്റത്തിന്റെ പ്രതിഫലനമെന്നോണമാണ് തെരുവുനായകളുടെ എണ്ണവും പെരുകിയത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടാണ് നെതര്‍ലന്‍ഡ്സ് ഈ വിഷയത്തില്‍ ഇടപെട്ടത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായകളെപ്പിടിച്ച് കൃത്യമായി വന്ധ്യംകരിച്ചു. പേവിഷബാധപോലുള്ള മാരകരോഗങ്ങള്‍ തടയുന്നതിനായി വാക്സിനേഷനും നടത്തി. അതോടെ രാജ്യത്തെ നായകളുടെ ജീവിതനിലവാരംതന്നെ മാറി; സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതം.

പി.എസ്.വി.ഐ.ആര്. രീതി
പി.എസ്.വി.ഐ.ആര്. എന്നത് ഏതാണ്ട് നമ്മുടെ എ.ബി.സി. അഥവാ വന്ധ്യംകരണം (ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്) പോലെത്തന്നെയാണ്. തെരുവുനായകളെ നിയന്ത്രിക്കാനായി നെതര്‍ലന്‍ഡ്സ് ഈ രീതിയാണ് അവലംബിച്ചത്. നായകളെ പിടികൂടുക, വന്ധ്യംകരിക്കുക, വാക്സിനേഷന് നല്‍കുക, തിരിച്ചറിയാനാവുന്ന വിധം ഒരടയാളമിടുക, വിട്ടയക്കുക എന്നതാണ് (pick, sterilize, vaccinate, identify, and return) പി.എസ്.വി.ഐ.ആര്. കൊണ്ട് ഉദ്ദേശിക്കുന്നത്. 2016-ലാണ് നെതര്‍ലന്‍ഡ്സ് ഈ നിയമം കൊണ്ടുവരുന്നത്.
ഒട്ടും അക്രമാസക്തമായിട്ടല്ലാതെ, മനുഷ്യത്വപരമായ രീതിയില്‍ തെരുവുനായകളെ പിടികൂടുക എന്നതാണ് ആദ്യത്തെ കടമ്പ (Pick). ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധസംഘം നെതര്‍ലന്‍ഡ്സിലുണ്ട്. കൈകൊണ്ടോ കഴുത്തിനു ചുറ്റും ചരടിട്ടോ അല്ലെങ്കില്‍ സുരക്ഷിതമായ രീതിയിലുള്ള കെണികള്‍ സ്ഥാപിച്ചോ ആണ് ക്യാച്ചിങ് സ്റ്റാഫ് നായകളെ പിടിക്കുക.
പിടികൂടിയ നായകളെ വന്ധ്യംകരിക്കുക എന്നതാണ് അടുത്ത ഘട്ടം (Sterilize). മൂന്നു മാസമെങ്കിലും പ്രായമുള്ളവയെയാണ് വന്ധ്യംകരിക്കുക. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നായകളില്‍ പ്രത്യേക ശസ്ത്രക്രിയ നടത്തിയാണ് ഇത് സാധ്യമാക്കുന്നത്. വിശദമായ ആരോഗ്യ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഈ നടപടിയിലേക്കു കടക്കുക. വന്ധ്യംകരണ ഘട്ടത്തില്‍ നായകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ അനസ്തേഷ്യയും വേദനസംഹാരിയും നല്കുന്നു.
പെണ്‍നായകളുടെ ഗര്‍ഭപാത്രം എടുത്തുമാറ്റിയാണ് വന്ധ്യംകരണം നടത്തുക. ആണ്നായകള്ക്ക് പ്രത്യുത്പാദന ശേഷി ക്രമേണ ക്രമേണ കുറഞ്ഞുവരുന്ന രീതിയിലുമുള്ള വന്ധ്യംകരണവും നടപ്പാക്കും. ഇതുവഴി ആണ്‍നായകളുടെ ലൈംഗികാഭിനിവേശം പതുക്കെപ്പതുക്കെ ഇല്ലാതാകും. വന്ധ്യംകരണം വിജയകരമായി നടപ്പാക്കിയ നായകളെ തിരിച്ചറിയാനായി പ്രത്യേക ഇയര്‍ ടാഗും ചിപ്പും ഘടിപ്പിച്ചു. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഏത് ഗണത്തില്‍പ്പെട്ട നായയാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിച്ചു.
വാക്സിനേഷനാണ് അടുത്ത നടപടി (Vaccinate). റാബീസ് പോലുള്ള മാരക രോഗങ്ങളില്‍നിന്ന് ഭാവിയിലും നായകള്‍ക്ക് സുരക്ഷിതമായിരിക്കാന്‍ വേണ്ടിയുള്ള വാക്സിനേഷന് നടപടിയാണിത്. വന്ധ്യംകരിച്ച ശേഷമാണ് വാക്സിനേഷന് നല്‍കുക. നായകളെ ബാധിക്കുന്ന പകര്‍ച്ചവ്യാധി രോഗമായ പാര്‍വോ അണുബാധ, അവയവങ്ങളെ ബാധിക്കുന്ന ഡിസ്ടെമ്പര്‍ എന്നവയ്ക്ക് പ്രതിവിധിയായുള്ള വാക്സിനേഷനും നല്കി.
എല്ലാം കഴിഞ്ഞ് വന്നയിടത്തേക്കുതന്നെ നായകളെ തിരിച്ചുവിടുന്ന നടപടിയാണ് ഏറ്റവുമവസാനം (Return). പിടികൂടി, വന്ധ്യംകരിച്ച്, വാക്സിനേഷന് നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് അവയെ സ്വതന്ത്രമാക്കി വിടുക. തുടര്‍ന്ന് നായകള്‍ക്ക് അവരുടെ പഴയ പോലെയുള്ള ജീവിതംതന്നെ തുടരാം. അവയെ പിടിച്ചിടത്തുതന്നെ തിരികെക്കൊണ്ടുവിടും.
നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. വളര്‍ത്തുനായ്ക്കള്‍ക്കും സൗജന്യമായി തന്നെയായിരുന്നു വന്ധ്യംകരണവും വാക്സിനേഷനുമടക്കമുള്ളവ നടപ്പാക്കിയത്. പണച്ചെലവില്ലാത്തതും നായകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതുമായ പദ്ധതിയായതിനാല്‍ നായ ഉടമകളും നന്നായി സഹകരിച്ചു. വലിയതോതില്‍ വിജയം കണ്ട ഈ പദ്ധതി, പിന്നീട് പല രാജ്യങ്ങളും മാതൃകയായി സ്വീകരിക്കുകയുണ്ടായി. ലോകത്തെ തെരുവുനായ ശല്യമില്ലാത്ത രാജ്യം എന്ന ഖ്യാതിയിലേക്ക് നെതര്‍ലന്‍ഡ്സിനെ പ്രധാനമായും നയിച്ചത് ഈ പദ്ധതിയായിരുന്നു.

നികുതി താങ്ങില്ല
പി.എസ്.വി.ഐ.ആര്. രീതിക്കു പുറമേ, നായകള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതും തെരുവുനായ വിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു പരിധിവരെ നെതര്‍ലന്‍ഡ്സിനെ സഹായിച്ചു. ഡച്ചുകാര്‍ കടകളില്‍നിന്ന് മിക്കവാറും ഉത്പാദനശേഷിയുള്ള നായകളെയാണ് വാങ്ങിയിരുന്നത്. ഇവയ്ക്കായിരുന്നു സൗന്ദര്യവും ആരോഗ്യവും കൂടുതലുള്ളത് എന്നതായിരുന്നു കാരണം. എന്നാല്‍, ഇവ പെറ്റുപെരുകുന്നത് രാജ്യത്തിന് വലിയ തലവേദനയായി. ഇതോടെ കടകളില്‍നിന്ന് വാങ്ങുന്ന നായകള്‍ക്ക് നഗരസഭ വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തി. ഇത് താങ്ങാനാവാതെ വന്നതോടെ ആളുകള്‍ വന്ധ്യംകരിച്ച ശേഷം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ച തെരുവുനായകളെ വാങ്ങാന്‍ തുടങ്ങി. ഇതോടെ ഈ നായകള്‍ സനാഥമാവുകയും തെരുവുനായ എന്ന കാറ്റഗറിയില്‍നിന്ന് അവ രക്ഷപ്പെടുകയും ചെയ്തു.
നായകള്‍ എന്നത് ഡച്ചുകാര്‍ക്ക് സാംസ്കാരിക പാരമ്പര്യത്തിന്റെകൂടി അടയാളമാണെന്ന് പറഞ്ഞല്ലോ. നായകള്‍ക്ക് വമ്പിച്ച നികുതി ഏര്‍പ്പെടുത്തിയതോടെ കടകളില്‍നിന്ന് വാങ്ങാനുള്ള സാമ്പത്തികശേഷി ഡച്ചുകാരില്‍ പലര്‍ക്കുമുണ്ടായില്ല. എന്നാല്‍, സ്വന്തമായൊരു വളര്ത്തുമൃഗമുണ്ടായിരിക്കുക എന്ന അന്തസ്സ് കൈവിടാന്‍ അവര്‍ തയ്യാറായതുമില്ല. അതോടെ ഷെല്‍ട്ടറില്‍ പുനരധിവസിപ്പിച്ച നായകളെ വാങ്ങി അവര്‍ ആത്മാഭിമാനം നിലനിര്‍ത്തി. ഇതുവഴി നിരവധി തെരുവുനായകളെ സംരക്ഷിക്കാന്‍ നെതര്‍ലന്‍ഡ്സിനായി. ഈ നായകളെ നേരത്തേതന്നെ വന്ധ്യംകരിച്ചിരുന്നതിനാല് ജനറേഷൻ നെക്സ്റ്റ് ഭീഷണിയും ഒഴിവായി.
ഇക്കാലയളവില്‍ ഷെല്‍ട്ടറുകളില്‍ പുനരധിവസിപ്പിച്ച ലക്ഷക്കണക്കിന് തെരുവുനായകളെയാണ് ഡച്ചുകാര്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നെതര്‍ലന്‍ഡ്സില്‍ അഞ്ചു പേരില്‍ ഒരാള്‍ക്കെന്ന തോതില്‍ വളര്‍ത്തുനായകളുണ്ട്. ഇതില്‍ ഏകദേശം പത്തുലക്ഷം വളര്‍ത്തുമൃഗങ്ങള്‍ തെരുവില്‍ക്കഴിഞ്ഞ നായകളായിരുന്നു.

തെരുവുനായകളെ ഇഷ്ടമില്ലാത്തവരെ പറഞ്ഞു ബോധ്യപ്പെടുത്തി ഇഷ്ടക്കാരാക്കി
ഇതിനൊക്കെപ്പുറമേ, വീടില്ലാത്ത നായകളെ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡച്ച് ജനതയെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. തെരുവുനായകളെ വലിയ ഇഷ്ടത്തോടെയല്ലാതെ കണ്ടിരുന്ന ജനങ്ങള പറഞ്ഞുപറഞ്ഞ് അവയുടെ ഇഷ്ടക്കാരാക്കി മാറ്റി. ആദ്യം ജനങ്ങളില്‍നിന്ന് തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായതെങ്കിലും പതിയെപ്പതിയെ അവര്‍ വീടില്ലാതെ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ നല്ല രീതിയില്‍ പോറ്റിവളര്ത്തേണ്ടതാണെന്ന മാനവികബോധത്തിലേക്കെത്തി.
വളര്‍ത്തുനായകളെ ബൈക്കിനു പിറകിലിരുത്തിയും റസ്റ്റോറന്റില്‍ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചും വിവിധതരം വിനോദോപാധികള്‍ക്കായി ഉപയോഗിച്ചും സന്തോഷിപ്പിക്കുമ്പോള്‍, തെരുവില്‍ കഴിയുന്ന നായകള്‍ക്കും ഇതെല്ലാം വേണ്ടേ, അവയ്ക്കും ഒരു കുടുംബവും സുരക്ഷിത ജീവിതവുമൊക്കെ വേണ്ടേ എന്ന ചിന്ത ജനങ്ങളിലേക്ക് പകരുന്നതില്‍ നെതര്‍ലന്‍ഡ്സ് വിജയിച്ചു. ഇതോടെ വലിയ ശതമാനം ഡച്ചുകാര്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്ന നായകളെ വാങ്ങി അരുമയോടെ പോറ്റിവളര്‍ത്തി.

നായകള്‍ക്കായി പോലീസ് സേന
മൃഗങ്ങളോട് പൊതുവേ, അങ്ങേയറ്റത്തെ അനുഭാവം പുലര്‍ത്തുന്നവരാണ് ഡച്ചുകാര്‍. ജനങ്ങളുടെ ഈ അനുഭാവപൂര്‍ണമായ സമീപനം കാരണത്താല്‍ അവിടത്തെ മൃഗങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിത ബോധമുണ്ടാവാറില്ല. ജനങ്ങള്‍ ക്രൂരമായി പെരുമാറുമ്പോഴാണ് ഒരു തരം അരക്ഷിതബോധം മൃഗങ്ങളിലുണ്ടാകുന്നത്. ആ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് നായകള്‍ മനുഷ്യര്‍ക്കു മേല്‍ കുരച്ചു ചാടുന്നതും കടിച്ചുകീറുന്നതും. വഴിയേപ്പോകുന്നവരൊക്കെ തങ്ങളെ അക്രമിക്കാന്‍ വരുന്നവരാണെന്ന തോന്നലില്‍നിന്നാണ് നായകളില്‍ പ്രകോപനം ഉടലെടുക്കുന്നത്. അതില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ നമുക്ക് കടിയേല്‍ക്കുന്നു.
അതേ നായയെത്തന്നെയാണല്ലോ നമ്മള് കൂടെ വളര്‍ത്തി ഇണക്കിയെടുക്കുന്നത്. അപ്പോള്‍ അവ ഒരു യജമാനനെന്ന രീതിയില്‍ നമ്മെക്കാണുകയും നന്ദിയോടെ കൂടെനില്‍ക്കുകയും ചെയ്യുന്നു. അന്നേരം അവയ്ക്കുള്ളില്‍ അരക്ഷിതബോധം നിലനില്ക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണത്. ചുരുക്കത്തില്‍ മറ്റു രാജ്യക്കാരെ അപേക്ഷിച്ചു നോക്കുമ്പോള്‍, മൃഗങ്ങളോട് ഒരുപടികൂടി കടന്ന് മൃദുസമീപനം പുലര്‍ത്തുന്നവരാണ് നെതര്‍ലന്‍ഡ്സുകാര്‍.
മൃഗങ്ങളെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തുന്ന മനുഷ്യര്‍ക്ക് കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട് നെതര്‍ലന്‍ഡ്സ് ഭരണകൂടം. മൃഗങ്ങളോട് പ്രകോപനപരമായി പെരുമാറിയാല്‍ മൂന്നു വര്‍ഷം വരെയുള്ള ജയില്‍ശിക്ഷയും 15 ലക്ഷത്തിലധികം രൂപ പിഴയുമടക്കണം. ഈ നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യുന്നു. വളര്‍ത്തുമൃഗങ്ങളെ ഉടമകള്‍ വേണ്ടവിധത്തില്‍ പരിപാലിച്ചില്ലെങ്കിലും ഈ ശിക്ഷ ലഭിക്കും.
മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് 'ആനിമല്‍ കോപ്സ്' എന്ന പോലീസ് വിഭാഗവും നെതര്‍ലന്‍ഡ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2011-ലാണ് ഇത് നിലവില്‍ വന്നത്.
Content Highlights: holland becomes the first country without stray dogs, and here’s how they achieved it
Published: 20 Jun 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented