ഇന്ത്യയുടെ നേതൃത്വത്തില്‍ 19 ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ കുമരകത്ത് ജി 20 ഷെര്‍പ്പ സമ്മേളനത്തിനെത്തി തിരികെ മടങ്ങിയിരിക്കുകയാണ്. ഗൗരവപൂര്‍വമായ ചര്‍ച്ചകളും കേരളത്തിന്റെ തനതുരുചിയാര്‍ന്ന ഭക്ഷണവും കലാരൂപങ്ങളുടെ പ്രദര്‍ശനവുമെല്ലാമായി ലോകരാജ്യങ്ങള്‍ക്ക് കേരളത്തെ അടുത്തറിയാനുള്ള അവസരത്തിന് കൂടിയാണ് സമ്മേളനം വഴിയൊരുക്കിയത്. 

To advertise here,

സംഘാടനത്തിലും കെട്ടിലും മട്ടിലുമെല്ലാം ആരേയും വിസ്മയിപ്പിക്കുന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്. സമ്മേളനത്തില്‍ 19 ലോകരാജ്യങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിനിധികളാണ് പങ്കെടുക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്തത്. ഇതോടെയാണ് 'ഷെര്‍പ്പ' യെന്ന വാക്ക്  കൂടുതലായി കേട്ട് തുടങ്ങിയതും അന്വേഷിച്ചതും. കുമരകത്തെ സംബന്ധിച്ച് ഓരോ രാഷ്ട്രത്തലവന്റേയും പ്രതിനിധിയായി സംഘത്തെ നയിച്ചെത്തുന്നയാളാണ് ഷെര്‍പ്പ. ഹിമാലയന്‍ പര്‍വതാരോഹക സംഘങ്ങളെ നയിക്കുന്നതുപോലെ ജി.20 ഉച്ചകോടി പ്രതിനിധി സംഘങ്ങളെ നയിക്കുന്നതിനാലാണ് അവരെയും ഷെര്‍പ്പകളെന്ന് സംബോധന ചെയ്തുതുടങ്ങിയത്. എന്നാല്‍ ഇവരാണോ യഥാര്‍ഥ ഷെര്‍പ്പകള്‍? ഹിമാലയത്തിലെ ഷെര്‍പ്പമാരും ജി.20 ഷെര്‍പ്പമാരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

placeholder
ഹിമാലയൻ യാത്രയ്ക്കിടെ ഷെർപ്പകൾ|Getty

ഹിമാലയത്തിന്റെ കാവല്‍മാലാഖമാര്‍

ഹിമാലയത്തിന്റെ കാവല്‍മാലാഖമാരെന്നാണ് യഥാര്‍ഥ ഷെര്‍പ്പകള്‍ അറിയപ്പെടുന്നത്. മലകയറാനുള്ള അസാധ്യമായ കഴിവ്‌, ഉയര്‍ന്ന ശാരീരിക ക്ഷമത, ഏത് കാലാവസ്ഥയിലുമുള്ള അതിജീവനം എന്നിവയൊക്കെകൊണ്ട് എവറസ്റ്റ് പുലികളെന്നും ഇവര്‍ക്ക് വിളിപ്പേരുണ്ട്. പടിഞ്ഞാറന്‍ നേപ്പാള്‍, സിക്കിം, തിബറ്റ് എന്നിവിടങ്ങളിലെ  കുന്നുകളില്‍ ജീവിക്കുന്ന പ്രത്യേക ജനവിഭാഗമാണ് ഇവര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ മലകയറ്റക്കാരെന്നറിയപ്പെടുന്ന ഇവര്‍ ഹിമാലയ പര്യവേഷണ സംഘങ്ങളുടെ വഴികാട്ടികളാണ്. ഇവരുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെ ദുഷ്‌കരമാണെന്നാണ് കണക്കാക്കുന്നത്. ശാരീരിക സവിശേഷതകളും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന ശ്വാസകോശവുമാണ് ഇവരെ ലോകത്തെ ഏറ്റവും വലിയ മലകയറ്റക്കാരാക്കിയത്.

placeholder
നേപ്പാളിലെ ഷെർപ്പകൾ|Getty

തിബറ്റന്‍ ബുദ്ധമത വിശ്വാസം പിന്തുടരുന്ന ഷെര്‍പ്പകളുടെ ജീവിതവും വസ്ത്രരീതിയും തിബറ്റന്‍ ബുദ്ധമതക്കാരെപോലെ തന്നെയാണ്. നേപ്പാളിനും സിക്കിമിനും പുറമേ ഓസ്‌ട്രേലിയ, വടക്കെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഷെര്‍പ്പകളുണ്ട്. തിബറ്റന്‍ ഭാഷയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഷെര്‍പ്പ ഭാഷ സംസാരിക്കുന്ന ഇവര്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും നേപ്പാളില്‍  തന്നെയാണ്.

പര്‍വതാരോഹകര്‍ക്ക് ടെന്റുകളും താമസവും ഒരുക്കുക, ഗൈഡുമാരാവുക, യാത്രക്കാരുടെ സാധന സാമഗ്രികള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയെല്ലാമാണ്
ഷെര്‍പ്പമാരുടെ പ്രധാനജോലി. പര്‍വതങ്ങളുടെ സൈന്യം എന്നറിയപ്പെടുന്ന ഇവരുടെ ജീവിതം ഹിമാലയത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞതിനാല്‍ പര്‍വതാരോഹകരെ ഏത് വിധേനയും ലക്ഷ്യസ്ഥാനത്തേക്കെത്തിക്കാന്‍ സഹായിക്കുക എന്നത് തങ്ങളുടെ ദൗത്യമായാണ് ഇവര്‍ കണക്കാക്കുന്നത്. ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ഏറെയാണ്. ജീവിക്കാന്‍ വേണ്ടി മാത്രം ഏറ്റവും വലിയ കഠിനാധ്വാനം ചെയ്യുന്ന വിഭാഗങ്ങളില്‍ ഒന്നായും ഇവരെ അറിയപ്പെടുന്നുണ്ട്.

ഉറച്ച വിശ്വാസം കഠിനാധ്വാനം

ഹിമാലയന്‍ പര്യവേഷകരുടെ നിര്‍ണായക റോളാണ് ഷെര്‍പ്പകള്‍ക്കെങ്കിലും ദൗത്യം എന്നതിനപ്പുറം ഇവരില്‍ സ്വയം ഹിമാലയം കീഴടക്കിയവര്‍ വളരെ വിരളമാണ്. ഹിമാലയത്തിന്റെ ഏറ്റവും മുകളില്‍ ദൈവസ്ഥാനമെന്നാണ് ഇവരുടെ മതവിശ്വാസ പ്രകാരം കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഹിമാലയന്‍ സന്ദര്‍ശകരെ ഏറെ ബഹുമാനത്തോടെ കാണുകയും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം ദൈവശാപമുണ്ടാകുമെന്നാണ് വിശ്വാസം.

placeholder
നേപ്പാളിലെ ഷെർപ്പ മാർക്കറ്റ്|Getty

ടിബറ്റില്‍ നിന്നും നേപ്പാളിലേക്കുള്ള വിസ്മയിപ്പിക്കുന്ന കുടിയേറ്റ ചരിത്രം കൂടിയുണ്ട് ഷെര്‍പ്പകള്‍ക്ക് പറയാന്‍. 1600 ലെ ആദ്യ നാളുകളില്‍ ടിബറ്റിലുണ്ടായ മതപരമായ സംഘര്‍ഷമാണ് ഷെര്‍പ്പകളുടെ ജീവിതത്തിലെ വഴിത്തിരിവ്. സംഘര്‍ഷം മൂലം ഹിമാലയത്തിനടുത്തേക്ക് ഇവര്‍ പറിച്ചുനടപ്പെട്ടു. പിന്നീട് അതായി അവരുടെ ലോകം. നേപ്പാളിലെ സോലുഖുംബു. ഷെര്‍പ്പകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്ഥലം.

ഏറെ ദുരിതം നിറഞ്ഞതായിരുന്നു ഇവരുടെ ആദ്യകാല ജീവിതം. പാറ നിറഞ്ഞ ഭൂമിയിലെ കാലാവസ്ഥ കൃഷിക്ക് എതിരായതിനാല്‍ പര്‍വതത്തില്‍ ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഇതോടെ ഷെര്‍പ്പ വിഭാഗങ്ങള്‍ യാക്കുകളേയും പശുക്കളേയും ദത്തെടുത്ത് വളര്‍ത്തല്‍ ആരംഭിച്ചു, അത് അവരുടെ പ്രാഥമിക തൊഴിലായി മാറി. പാലും കമ്പിളിയും വില്‍പ്പന നടത്തുന്നതിന് യാക്ക് വളര്‍ത്തല്‍ അവരെ സഹായിച്ചു.

placeholder
ഷെര്‍പ്പ വിശ്രമത്തില്‍|Getty

ടെന്‍സിങും ഹിലരിയും വഴിത്തിരിവ്

1920 മുതല്‍ മാത്രമാണ് പര്‍വതാരോഹണത്തിനായി ഇവര്‍ എത്തിപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന അക്കാലത്ത് പര്‍വതാരോഹണത്തിനായി ഈ വിഭാഗത്തെ പോര്‍ട്ടര്‍മാരായി ഉപയോഗിക്കാന്‍ പദ്ധതിയിടുകയായിരുന്നു. പിന്നീടങ്ങോട്ട് പര്‍വതാരോഹണമെന്നത് ഇവരുടെ ദിനചര്യയാവുകയും സംസ്‌കാരത്തിന്റെ ഭാഗമാവുകയും ചെയ്തു. അതിനുശേഷം, നിരവധിപ്പേര്‍ എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിച്ചു. പക്ഷെ അവയെല്ലാം പരാജയപ്പെട്ടു. എന്നാല്‍ 1953-ല്‍ ടെന്‍സിംഗ് നോര്‍ഗെയെന്ന ഷെര്‍പ്പയോടൊപ്പം ന്യൂസിലന്‍ഡ് പര്‍വതാരോഹകന്‍ എഡ്മണ്‍ഡ് ഹിലരി ആദ്യമായി ഹിമാലയം കീഴടക്കിയതോടെ ഷെര്‍പ്പകളുടെ നല്ലകാലമെത്തുകയും ചെയ്തു.

placeholder
ടെൻസിങ് ഹിലരി സംഘം|Getty

1953-ലെ ചരിത്ര നിമിഷത്തിനുശേഷം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയെ വെല്ലുവിളിക്കാന്‍ ലോകമെമ്പാടുമുള്ള ട്രക്കര്‍മാരും ഭക്തരും ആവേശഭരിതരായി. ഇതോടെ ട്രെക്കിംഗ് ഏജന്‍സികള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ പോര്‍ട്ടര്‍മാര്‍, അസിസ്റ്റന്റ് ഗൈഡുകള്‍, മൗണ്ടന്‍ ഗൈഡുകള്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങളില്‍ ഷെര്‍പ്പമാരെ നിയമിച്ചു. സാധാരണ മനുഷ്യര്‍മാരില്‍ നിന്നും വ്യത്യസ്തമായി ഏത് പ്രതികൂലാവസ്ഥയിലും ജീവിക്കാനുള്ള  ഇവരുടെ മനോബലം ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തി. ഒരു സാധാരണ വ്യക്തി സമുദ്രനിരപ്പില്‍നിന്നും 8000 അടി ഉയരത്തിലെത്തിയാല്‍ തന്നെ  ജീവന്‍  അപകടത്തിലാവുന്ന പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. എന്നാല്‍ ഷെര്‍പ്പകള്‍ക്ക് 14,000 അടി ഉയരത്തില്‍വരെ ജീവിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഹിമാലയ യാത്ര ടൂറിസത്തിന്റെ ഭാഗമാവുക കൂടിയായതോടെയാണ് ഷെര്‍പ്പമാരുടെ ജീവിതം മാറി മറിഞ്ഞത്.

placeholder
ടെൻസിങ്, ഹിലരി|Getty Images

ഷെര്‍പ്പമാരുടെ ജീവിതത്തിലേക്ക് പര്‍വതാരോഹകരുടെ കുത്തൊഴുക്ക് ഇവരുടെ സംസ്‌കാരത്തെയും ജീവിതരീതിയെയും  മാറ്റിമറിച്ചു. ഒരുകാലത്ത് ഒറ്റപ്പെട്ട സമൂഹമായിരുന്ന ഷെര്‍പ്പയുടെ ജീവിതം ഇപ്പോള്‍ വിദേശ മലകയറ്റക്കാരെ ചുറ്റിപ്പറ്റിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ആവശ്യക്കാര്‍ക്ക് ആദ്യം പര്‍വതാരോഹണത്തെക്കുറിച്ച് കുറച്ച് പാഠങ്ങള്‍ നല്‍കി, തുടര്‍ന്ന് ഷെര്‍പ്പമാര്‍ ഗൈഡുകളോടൊപ്പം പര്‍വതത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്.

പര്‍വതാരോഹണത്തിനുള്ള ഉപകരണങ്ങള്‍, നിര്‍ദേശങ്ങള്‍, ലോഡ്ജുകള്‍, കോഫി ഷോപ്പുകള്‍, വൈഫൈ എന്നിവയെല്ലാം നല്‍കി ഷെര്‍പ്പ ഈ വിനോദസഞ്ചാരികളെ പരിപാലിക്കുന്നു. ഈ എവറസ്റ്റ് വ്യവസായം നല്‍കുന്ന വരുമാനം ഷേര്‍പ്പമാരെ നേപ്പാളിലെ ഏറ്റവും സമ്പന്നമായ വിഭാഗങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു. ഇത് എല്ലാ നേപ്പാളികളുടെയും ആളോഹരി വരുമാനത്തിന്റെ ഏഴിരട്ടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. വരുമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും എവറസ്റ്റില്‍ യാത്ര ചെയ്യുന്നത് അപകടകരമായ ജോലിയാണ്. എവറസ്റ്റില്‍ സംഭവിക്കുന്ന മരണങ്ങളില്‍ നാല്‍പത് ശതമാനത്തോളം ഷെര്‍പ്പകളാണെന്നാണ് കണക്കാക്കുന്നത്. 2014 ഏപ്രില്‍ 18 ന്, ഒരു ഹിമപാതത്തില്‍ വീണ് 16 നേപ്പാളീസ് പര്‍വതാരോഹകരാണ് മരിച്ചത്. അവരില്‍ 13 പേര്‍ ഷെര്‍പ്പകളായിരുന്നു.

placeholder
ആംങ് റിത ഷെര്‍പ്പ|AP

ആംങ് റിത ഷെര്‍പ്പയെന്ന 'ഹിമപ്പുലി'

ഓക്‌സിജനില്ലാതെ പത്ത് തവണ ഹിമാലയം കീഴടക്കിയതിന്റെ ചരിത്രം ബാക്കി വെച്ചാണ് ആംങ് റിത ഷെര്‍പ്പയെന്ന പര്‍വതാരോഹകന്‍ 2020-ല്‍ ലോകത്തോട് വിടപറഞ്ഞത്. തന്റെ ആറാമത്തെ പര്‍വ്വതാരോഹണത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച ആംങ് റിത, പത്താമത്തെ കയറ്റത്തില്‍ റെക്കോര്‍ഡ് തന്റെ പേരില്‍ തന്നെ എഴുതിച്ചേര്‍ത്തു. മറ്റു പലരും ആംങ് റിതയേക്കാള്‍ കൂടുതല്‍ തവണ എവറസ്റ്റ് കയറിയിട്ടുണ്ടങ്കിലും പ്രത്യേക ഓക്‌സിജന്‍ സംവിധാനം കയ്യില്‍ കരുതാതെ ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്. 

2017 ല്‍ ഈ നേട്ടത്തിന് ആംങ് റിതക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ അംഗീകരവും ലഭിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഓക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യന്‍ എന്ന റെക്കോര്‍ഡും ആംങ് റിതയുടെ പേരിലാണ്. 26 തവണ എവറസ്റ്റ് കയറിയ നേപ്പാളില്‍നിന്നുള്ള കമി റിത ഷെര്‍പ്പക്കാണ് ഏറ്റവും കൂടുതല്‍ തവണ മഹാപര്‍വതം കീഴടക്കിയ റെക്കോര്‍ഡ്. അപ്പ ഷെര്‍പ്പ, ഫുര്‍ബി താഷി എന്നിവര്‍ 21 തവണ എവസ്റ്റ് കയറിയിട്ടുണ്ട്. എന്നാല്‍ 1983 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തിലായി ഓക്സിജന്‍ സംവിധാനം ഉപയോഗപ്പെടുത്താതെ പത്തുതവണ എവറസ്റ്റ് കയറിയ ആംങ് റിതയുടെ റെക്കോഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. 

placeholder
ആംങ് റിത ഷെര്‍പ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ബന്ധു|AP

നേപ്പാളിലെ സുലുകുംബുവിനടുത്തുള്ള തൈം എന്ന സ്ഥലത്ത് 1948 ലായിരുന്നു ആംങ് റിതയുടെ ജനനം. മറ്റേത് ഷെര്‍പ്പയേയും പോലെ ബാല്യകാലത്തെ പര്‍വതാരോഹണം തുടങ്ങിയതാണ് ആംങ് റിതയും. വിനോദത്തിനായല്ല, ജീവിതവഴി കണ്ടെത്താന്‍. അനാഥനായ ആംങ് റിത ചെറുപ്പ കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ ചുമക്കുന്ന യാക്കുകളെ തെളിച്ച് ടിബറ്റിലെത്തുകയും അവ കച്ചവടം നടത്തുകയും ചെയ്തു. കൃഷിക്ക് പുറമേ വരുമാനം കണ്ടെത്താന്‍ ചെയ്ത ഈ തൊഴില്‍ പക്ഷേ ആംങ് റിതയുടെ ഭാവി മാറ്റി മറിച്ചു. പതിനഞ്ചാം വയസ്സു മുതല്‍ ചെറു പര്‍വതാരോഹണങ്ങളില്‍ ചുമട്ടുകാരനായി മാറി.

ദോലഗിരി പര്‍വതം കീഴടക്കാനെത്തിയവരുടെ സഹായിയായി അരങ്ങേറ്റം. പക്ഷേ ഷൂവോ മറ്റു പര്‍വതാരോഹണ സജ്ജീകരണങ്ങളോ ഇല്ലാതെയായിരുന്നു യാത്ര. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ പര്‍വതാരോഹക സംഘത്തിന്റെ ആവശ്യപ്രകാരം അവ ലഭിച്ചു. ദോലഗിരിയിലെ ക്യാമ്പ് ത്രീ കീഴടക്കിയതോടെ ഇദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് കുറച്ചുകാലം ചെറുട്രക്കിങ്ങുകള്‍ നടത്തി ഇദ്ദേഹത്തിന് കഴിയേണ്ടി വന്നു. 1983 ല്‍ മേയ് ഏഴിന് ജര്‍മന്‍-അമേരിക്കന്‍ പര്യവേഷണ സംഘത്തിനൊപ്പം നടത്തിയ യാത്ര ഇദ്ദേഹത്തിന്റെ സ്വപനസഞ്ചാരത്തിന്റെ തുടക്കമായി. ബോട്ടില്‍ ഓക്സിജന്‍ ഉപയോഗിക്കാതെ എവറസ്റ്റിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നിത്. 1996 മേയ് 23 വരെ സൗത്ത് ഈസ്റ്റ് റിഡ്ജിലൂടെയും നോര്‍ത്ത് ഈസ്റ്റ് റിഡ്ജിലൂടെയുമായി പത്ത് തവണ ഓക്‌സിജന്‍ സഹായമില്ലാതെ ഇദ്ദേഹം എവറസ്റ്റ് കീഴടക്കുകയും കീഴടക്കാനെത്തിയ സഞ്ചാരികളെ നയിക്കുകയും ചെയ്തു.

എവറസ്റ്റ് കൊടുമുടിയില്‍ എണ്ണമില്ലാത്ത മരണങ്ങള്‍ നടന്നിട്ടുണ്ട്. പലരുടേയും മൃതദേഹം പോലും കണ്ടെത്താനായിട്ടില്ല. ഹിമപാതവും ഓക്സിജന്‍ ദൗര്‍ലഭ്യവുമടക്കമുള്ള നിരവധി പ്രതിസന്ധികളാണ് പര്‍വതാരോഹകരെ കാത്തിരിക്കുന്നത്. എന്നാല്‍ പത്തുവട്ടം അവയെ വെല്ലുവിളിച്ചു പരാജയപ്പെടുത്തിയ ആങ് റിത ഷെര്‍പ്പ ശ്വാസതടസ്സത്തെയും ബ്രെയിന്‍ സംബന്ധമായ അസുഖത്തെയും തുടര്‍ന്ന് അന്തരിച്ചത് എഴുപത്തിരണ്ടാം വയസ്സില്‍ കാഠ്മണ്ഡുവില്‍ വെച്ചായിരുന്നു.

placeholder
ജി.20 ഇന്ത്യൻ ഷെർപ്പ അമിതാബ് കാന്ത്

കുമരകത്തെ ഷെര്‍പ്പ സമ്മേളനം

വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'. ഇതാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ആപ്തവാക്യം. വിശാലമായ ആ കാഴ്ചപ്പാടിലേക്കുള്ള ചര്‍ച്ചകളുടെ വാതില്‍ തുറക്കാനാണ് മാര്‍ച്ച് മുപ്പത് മുതല്‍ അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ കുമരകത്ത് ഒത്തുചേര്‍ന്നത്. ലോകത്തിനു മുന്നില്‍ കേരളത്തെ അടയാളപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു കുമരകത്തെ സമ്മേളനത്തിലൂടെ അവസരമൊരുങ്ങിയത്. കുമരകത്തെ വിവിധ ഹോട്ടലുകളാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 അധ്യക്ഷപദമേറ്റശേഷമുള്ള ഉച്ചകോടി 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലാണ് നടക്കുക. അതിനു മുന്നോടിയായുള്ള നയ രൂപവത്കരണ ചര്‍ച്ചകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടക്കുകയാണ്. അതിന്റെ ഭാഗമാണ് കുമരകത്തു നടന്ന യോഗങ്ങള്‍. ജി 20 രാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന ഷെര്‍പ്പമാരുടെ രണ്ടാം യോഗമാണ് കുമരകത്ത് നടന്നത്. ഇന്ത്യന്‍  ജി-20 ഷെര്‍പ്പ അമിതാഭ് കാന്തായിരുന്നു അധ്യക്ഷത വഹിച്ചത്.

placeholder
ജി.20 ലോഗോ|Getty Images

ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേരുന്നതാണ് ജി-20. ഇവിടെനിന്നുള്ള പ്രതിനിധികള്‍. ക്ഷണിക്കപ്പെട്ട ഒമ്പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ജി-20യുടെ സാമ്പത്തിക-വികസന മുന്‍ഗണന, സമകാലിക ആഗോള വെല്ലുവിളികള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നു. രണ്ടു ട്രാക്കുകളിലൂടെയാണ് യോഗം നടന്നത്. ഷെര്‍പ്പ ട്രാക്കും സാമ്പത്തിക ട്രാക്കും. ഹരിതവികസനം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളോടെയാണ് യോഗം ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള അവസരവും ഒരുക്കി. 'ചര്‍ച്ചയും ആഹാരവും, സംസ്‌കാരിക പരിപാടികള്‍, മിനി തൃശ്ശൂര്‍ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസത്കാരം) തുടങ്ങിയവ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ചു. ഏപ്രില്‍ ആറുമുതല്‍ ഒമ്പതുവരെ ജി 20 വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗവും കുമരകത്തു നടക്കും.

placeholder
കുമരകത്ത്  ജി 20 ഷെർപ്പ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഓണാഘോഷത്തിൽ നിന്ന്|PTI

അറിയാം ജി.20

1997-98 കാലത്തെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 1994-ലാണ് പിറവി. ആഗോള സാമ്പത്തിക സ്ഥിരതയും സഹകരണവുമാണ് ലക്ഷ്യം. തുടക്കത്തില്‍ ഇത് ധനകാര്യമന്ത്രിയുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും സമിതിയായിരുന്നു. 2008-ല്‍ വാഷിങ്ടണിലാണ് ആദ്യമായി രാഷ്ട്രത്തലന്‍മാരുടെ ഉച്ചകോടി നടത്തിയത്.

അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് കൊറിയ, സൗത്താഫ്രിക്ക, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന്‍. ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 90 ശതമാനവും ആഗോള വാണിജ്യത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ രാജ്യങ്ങളാണ്. ലോകത്തിന്റെ മൂന്നില്‍ രണ്ട് ജനസംഖ്യയും. ഓരോ വര്‍ഷവും ഓരോ അംഗരാജ്യത്തിന് മാറിമാറി അധ്യക്ഷപദം ലഭിക്കും. ഈ വര്‍ഷം ഇന്ത്യയ്ക്കാണ് അധ്യക്ഷ പദവി.

placeholder
കുമരകത്ത് നടന്ന ജി 20 സമ്മേളന സമാപനദിവസം പ്രതിനിധികൾക്കായി കോക്കനട്ട് ലഗൂൺ റിസോർട്ടിൽ ഒരുക്കിയ ഓണാഘോഷത്തിൽ ഷെർപ്പകളെ ഊഞ്ഞാലാട്ടുന്ന ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്ത് . ഫോട്ടോ:ഇ.വി രാഗേഷ്‌|മാതൃഭൂമി

ഇന്ത്യയുടെ ദേശീയപതാകയിലെ കുങ്കുമം, പച്ച, വെള്ള നിറങ്ങളും നീല നിറവും ചേര്‍ത്താണ് ജി 20 ലോഗോ തയ്യാറാക്കിയിട്ടുള്ളത്. 'വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ച'യുടെ പ്രതീകമായ താമരയെ ഭൂമിയായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും സൂക്ഷ്മജീവികളുമെല്ലാം ചേരുന്ന ഭൂമിക്കായി ചിന്തിക്കുന്ന ഭാരതീയ ദര്‍ശനം- 'വസുധൈവ കുടുംബകം' ലോഗോയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഓരോ രാഷ്ട്രത്തലവന്റെയും പ്രതിനിധിയായി സംഘത്തെ നയിച്ചെത്തുന്നയാളാണ് ഷെര്‍പ്പ. 'അടിസ്ഥാന സൗകര്യങ്ങളുടെ ഡിജിറ്റല്‍വത്കരണം' എന്നതാണ് കുമരകത്ത് മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ നടന്ന ഷെര്‍പ്പ മീറ്റിങ്ങിന്റെ മുഖ്യ ചര്‍ച്ചാ വിഷയം.

വിദേശ പ്രതിനിധികള്‍

അംഗങ്ങള്‍ക്കു പുറമേ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്‍ഡ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്പെയിന്‍, യു.എ.ഇ. എന്നീ അതിഥിരാജ്യങ്ങളും രാജ്യങ്ങളുടെ കൂട്ടായ്മകളായ ആഫ്രിക്കന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ ഡെവലപ്മെന്റ് ഏജന്‍സി, ആസിയാന്‍ എന്നിവയുടെ അധ്യക്ഷരാജ്യങ്ങളും പ്രതിനിധികളെ അയക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളായ യു.എന്‍. ഐ.എം.എഫ്. ലോക ബാങ്ക്, ഡബ്ല്യു.എച്ച്.ഒ, ഡബ്ല്യു.ടി.ഒ. ഐ.എല്‍.ഒ, എഫ്.എസ്.ബി., ഒ.ഇ.സി.ഡി. എന്നിവയുടെ പ്രതിനിധികളും എത്തി. സി.ഡി.ആര്‍.ഐ., ഐ.എസ്.എ., എ.ഡി.ബി. എന്നീ അന്താരാഷ്ട്ര സംഘടനകളെ ഇന്ത്യ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. ആകെ 500-ലേറെ പ്രതിനിധികളാണ് കുമരകത്തെത്തിയത്.