രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ മലയാളി മാത്രമായിരുന്നില്ല കെ.ആര്‍ നാരായണന്‍


സ്വന്തം ലേഖകന്‍

In-Depth

കെ.ആർ നാരായണനും ഭാര്യ ഉഷയും

രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആര്‍ നാരായണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്ന മേല്‍വിലാസമാണത്. പലപ്പോഴും അതിലൊതുങ്ങിപ്പോകുകയും ചെയ്യുന്നു മലയാളിയുടെ ഈ വിശ്വമഹാപൗരന്‍. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവകാശമില്ലാതിരുന്ന അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നതപദമലങ്കരിച്ചു എന്ന അപൂര്‍വതയിലും ഒതുക്കാനാവില്ല അദ്ദേഹത്തെ. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ധീരമായ നിലപാടുകളിലൂടെ, കീഴ്‌വഴക്കത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നടപടികളിലൂടെ, ജനപക്ഷത്ത് നിലയുറപ്പിച്ച അഭിപ്രായപ്രകടനങ്ങളിലൂടെ രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസുയര്‍ത്തി എന്നത് കൂടിയായിരുന്നു കെ.ആര്‍ നാരായണന്റെ പ്രസക്തി. പത്രപ്രവര്‍ത്തകനായി പൊതുരംഗത്ത് പ്രവേശിച്ച നാരായണന്‍ നയതന്ത്രപ്രതിനിധി, എം.പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പദവികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കി. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്ക സമുദായങ്ങളിലൊന്നില്‍ ജനിച്ച കെ.ആര്‍ നാരായണനാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലിയുടെ സന്ദര്‍ഭത്തില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നത് ജാതിയതയുടെമേല്‍ രാജ്യം നേടിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു. രാജ്യവും സര്‍ക്കാരുകളും മറന്നുപോയ കെ.ആര്‍ നാരായണന്റെ നൂറ്റിരണ്ടാമത് ജന്മവാര്‍ഷികമാണ് ഒക്ടോബര്‍ 27 ന്.

പെരുന്താനത്തെ കുടിലില്‍ നിന്ന് ലണ്ടനിലേക്ക്
കോട്ടയം ഉഴവൂരിനടുത്തെ പെരുന്താനത്തെ ജന്മിയായ ചിറ്റേട്ട് ശങ്കുപ്പിള്ള പുറക്കാട്ട് പറമ്പില്‍ ഇഷ്ടദാനമായി നല്‍കിയ നാല്‍പ്പത് സെന്റ് ഭൂമിയിലെ ഓലമേഞ്ഞ കൊച്ചുപുരയിലാണ് 1920 ഒക്ടോബര്‍ 27ന് കൊച്ചേരില്‍ രാമന്‍ നാരായണന്‍ ജനിച്ചത്. കോച്ചേരി രാമന്‍ വൈദ്യരും പാപ്പിയമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. മക്കളെ നാട്ടുവൈദ്യത്തിന്റെ പാതയിലേക്ക് തെളിക്കാതെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാനായിരുന്നു രാമന്‍ വൈദ്യരുടെ ആഗ്രഹം. ഏഴുമക്കളില്‍ നാലാമനായിരുന്ന നാരായണന്‍ കടുത്ത ദരിദ്ര പശ്ചാത്തലത്തിലായിരുന്നു വളര്‍ന്നത്. നാരായണനും സഹോദരങ്ങളിലും പലരാത്രികളിലും വിശന്ന് തളര്‍ന്നായിരുന്നു ഉറങ്ങിയിരുന്നത്. കോട്ടയം കുറിച്ചിത്താനം സ്‌കൂള്‍ സ്‌കൂള്‍, ഉഴവൂര്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് സ്‌കൂള്‍, കൂത്താട്ടുകുളത്തിന് സമീപം വടകര സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, സെന്റ് മേരീസ് കുറവിലങ്ങാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഉഴവൂര്‍ ഔവര്‍ ലേഡി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ പലതവണ ക്ലാസിന്‌ പുറത്തായിരുന്നു. കൂട്ടുകാരില്‍ നിന്ന് നോട്ടെഴുതിവാങ്ങി മരച്ചുവട്ടിലിരുന്നായിരുന്നു പലപ്പോഴും നാരായണന്റെ പഠനം. ഈ കാലത്ത് തന്നെയാണ് നാരായണന്‍ വായനയുടെ ലോകത്തേക്ക് തിരിയുന്നതും.പെരുന്താനത്തുള്ള കുടുംബവീട്‌

കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. 1943 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് (അന്നത്തെ തിരുവിതാംകൂര്‍ സര്‍വകലാശാല) ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബി.എ ഓണേഴ്‌സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഒരു പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ഏറ്റവും വലിയ അക്കാദമിക് വിജയമായിരുന്നു അത്. റാങ്ക് നേടുന്നവര്‍ക്ക് അധ്യാപകരായി നിയമനം നല്‍കുന്ന പതിവ് അന്നുണ്ടായിരുന്നു. ഇക്കാര്യത്തിനായി ദിവാന്‍ രാമസ്വാമി അയ്യരെ കണ്ടപ്പോള്‍ ഗുമസ്തപ്പണി നല്‍കാമെന്നായിരുന്നു മറുപടി. താഴ്ന്ന ജാതിക്കാരനായതിനാലാണ് തനിക്ക് അധ്യാപന ജോലി നിഷേധിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയ നാരായണന്‍ ഗുമസ്തപ്പണി വേണ്ടെന്ന് വച്ച് ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായി. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തി. ഇന്ത്യന്‍ ഓവര്‍സീസ് വകുപ്പില്‍ ജോലി കിട്ടിയെങ്കിലും പത്രപ്രവര്‍ത്തകനാകാനുള്ള തീരുമാനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തകനായി. ടൈംസ് ഓഫ് ഇന്ത്യയില്‍ കൗടില്യന്‍ എന്നപേരില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതിനിടിയില്‍ മഹാത്മാഗാന്ധിയുമായി അഭിമുഖം നടത്താനുമായി. 1945 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി അധ്യക്ഷനും ഇക്കണോമിസ്റ്റുമായ ഹരോള്‍ഡ് ലാസ്‌കി അവിടെ അധ്യാപകനായിരുന്നു. നാരായണന്റെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ലാസ്‌കി. 1948 ല്‍ നാരായണന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഓണേഴ്‌സ് ബിരുദം നേടി.

ഹരോള്‍ഡ് ലാസ്‌കിയുടെ കത്തും നെഹ്രുവിന്റെ നിയമനവും

പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഹരോള്‍ഡ് ലാസ്‌കി നാരായണന്റെ കൈവശം ഒരു കത്ത് പ്രധാനമന്ത്രി നെഹ്രുവിന് കൊടുത്തയച്ചിരുന്നു. താന്‍ പഠിപ്പിച്ച മിടുക്കരായ വിദ്യാര്‍ഥികളിലൊരാളാണ് നാരായണനെന്നും ഇന്ത്യ അദ്ദേഹത്തിന്റെ പ്രതിഭയെ ഉപയോഗിക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. നെഹ്രുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 1949ല്‍ ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ വിദേശകാര്യ സര്‍വീസില്‍ നിയമിച്ചു. ബര്‍മയില്‍ ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയായായിരുന്നു ആദ്യത്തെ നിയമനം. ജപ്പാന്‍, തായ്‌ലന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ, യു.കെ, വിയത്‌നാം, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സേവനം. ബര്‍മയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പിന്നീട് ജീവിതപങ്കാളിയായ മാ ടിന്റ് ടിന്റിനെ അദ്ദേഹം പരിചയപ്പെടുന്നത്. നാരായണനെ വിവാഹം കഴിച്ച അവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. നെഹ്രു നിര്‍ദേശിച്ച ഉഷ എന്ന പേരായിരുന്നു അവര്‍ പിന്നീട് സ്വീകരിച്ചത്. നയതന്ത്രപ്രതിനിധി എന്ന നിലയിലും നാരായണന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

കെ.ആര്‍ നാരായണനും ഭാര്യ ഉഷയും

ആ കാലഘട്ടത്തില്‍ ചൈനയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. 1978 ല്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ നാരായണനെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കി. 1980 ല്‍ ഇന്ദിരഗാന്ധി സര്‍ക്കാര്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ സ്ഥാനത്ത് നിയമിച്ചു. ആ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി 1984ലാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. അക്കാലത്ത് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയോടാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം പറയുന്നത്. കെ.ആര്‍ നാരായണനെ പോലൊരാള്‍ രാഷ്ട്രീയത്തിലെത്തേണ്ടതിന്റെ ആവശ്യകതയെ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. രാജ്യസഭാംഗമാവാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. നയതന്ത്ര, വിദേശകാര്യ മേഖലകളില്‍ തനിക്കുള്ള അനുഭവസമ്പത്ത് രാജ്യത്തിനായി പ്രയോഗപ്പെടുത്തുന്നതിനോടൊപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് വ്യക്തിപരമായ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു നാരായണന്. രാജ്യസഭാംഗമായാല്‍ ആറ് വര്‍ഷം കൂടി ഡല്‍ഹിയില്‍ കഴിയാന്‍ ഒരു വീട് ലഭിക്കും. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട്‌ തുറന്നുപറയുകയും ചെയ്തു. താമസിക്കാന്‍ ഒരു വീടുമാത്രം ആഗ്രഹിച്ചയാള്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ വീട്ടിലേക്ക് ആ രാഷ്ട്രത്തിന്റെ നായകനായി നടന്നുകയറുന്ന കാഴ്ചയായിരുന്നു പിന്നീട്‌.

വിവേചനാധികാരം ഉപയോഗിച്ച രാഷ്ട്രപതി

രാജ്യസഭ സീറ്റുകളൊന്നും ഒഴിവില്ലാത്തതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇന്ദിരാ ഗാന്ധി നിര്‍ദേശിച്ചു. 1984 ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ച നാരായണന്‍ ആദ്യമായി ലോക്‌സഭയിലെത്തി. ഇടത് മുന്നണി സ്ഥാനാര്‍ഥി എ.കെ ബാലനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടര്‍ന്ന് രണ്ട് തവണ കൂടെ അതേ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. ഈ സമയത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആസൂത്രണം, വിദേശകാര്യം, ശാസ്ത്ര സാങ്കേതിക വകുപ്പുകളില്‍ സഹമന്ത്രിയായി.. 1992 ഓഗസ്റ്റ് 21 ന് ഡോ. ശങ്കര്‍ ദയാല്‍ ശര്‍മയുടെ കീഴില്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു. 1997ല്‍ നാരായണനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ആദ്യം ഇടതുപക്ഷവും പിന്നീട് ബി.ജെ.പിയും പിന്തുണച്ചു. നീലം സഞ്ജീവ് റെഡ്ഡിക്ക് ശേഷം ആദ്യമായിട്ടായിരുന്നു പൊതുസമ്മതനായ ഒരു രാഷ്ട്രപതിയുണ്ടാവുന്നത്. 1997 ജൂലായ് 25ന് ഇന്ത്യയുടെ പത്താം രാഷ്ട്രപതിയായി കെ.ആര്‍ നാരായണന്‍ തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ടപതിയെന്നത് ഒരു ആലങ്കാരിക പദവി മാത്രമാണെന്ന വിമര്‍ശനം ഉണ്ടായിരുന്നപ്പോള്‍ തന്നെ രാഷ്ട്രപതിയുടെ വിവേചനാധികാരം ഏറ്റവും യുക്തിപൂര്‍വം ഉപയോഗിച്ച രാഷ്ടപതിമാരിലൊരാളായിരുന്നു കെ.ആര്‍ നാരായണന്‍. രാഷ്ട്രപതി എന്ന പദവിയുടെ ഔന്നിത്യവും അധികാരവും പ്രസക്തിയുമെല്ലാം അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യം, ഭരണഘടന, മനസാക്ഷി എന്നിവയ്ക്ക് നിരക്കുന്നതാവണം രാഷ്ട്രപതി എന്ന നിലയ്ക്കുള്ള തന്റെ തീരുമാനങ്ങളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് നാരായണനെ രാഷ്ട്രപതിയെന്ന നിലയില്‍ വ്യത്യസ്തനാക്കിയത്. വ്യക്തികളുടെയോ കക്ഷികളുടെയോ സ്ഥാപിത താല്‍പര്യങ്ങളെ അദ്ദേഹം എപ്പോഴും നിര്‍ഭയം നിരാകരിച്ചുപോന്നു. വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ഇല്ലാതിരുന്ന 1997ല്‍ ഭൂരിപക്ഷം ആധികാരികമായി തെളിയിക്കാതെ ഒരു പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഉത്തര്‍പ്രദേശിലെ കല്യാണ്‍സിങ് സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഗുജ്‌റാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് നാരായണന്‍ തിരിച്ചയച്ചത് 365ാം വകുപ്പ് പ്രയോഗിക്കുന്നത് അങ്ങേയറ്റത്തെ വിവേകത്തോടെയാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു. ബീഹാറില്‍ വിശ്വാസവോട്ടു തേടിയ റാബ്രീദേവി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന വാജ്‌പേയി മന്ത്രിസഭയുടെ ശുപാര്‍ശയും തിരിച്ചയക്കാന്‍ അദ്ദേഹം മടിച്ചില്ല. 1999 ല്‍ ഭൂരിപക്ഷം നഷ്ടമായ വാജ്‌പേയ് സര്‍ക്കാരിനോട് വിശ്വാസവോട്ട് തേടാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയമനുവദിച്ചത് വിവാദങ്ങള്‍ക്കിടയാക്കി. പിന്നീട് സഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന ചിലരുടെ അഭിപ്രായത്തോട് തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നന്നായില്ലെങ്കില്‍ ഭരണഘടന മാറ്റിയിട്ടും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എല്ലാ പദവികളിലിരിക്കുമ്പോഴും അധഃസ്ഥിത വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും താഴത്തെത്തട്ടിലുള്ളവരുടെ വേദനകളും വിഷമങ്ങളുമറിയാനും അവ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഔദ്യോഗിക പദവികളെല്ലാം ഒഴിഞ്ഞ ശേഷവും അദ്ദേഹം ശ്രമിച്ചുപോന്നു. സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യമായ പരിഗണന ലഭിക്കണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. വനിതകള്‍ രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവന്നാല്‍ രാഷ്ട്രീയം കൂടുതല്‍ ശുദ്ധമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന ബില്ല് തന്റെ കാലത്ത് തന്നെ പാസായികാണണമെന്ന് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. 2002 ല്‍ രാഷ്ട്രപതിസ്ഥാനമൊഴിയവെ പാര്‍ലമെന്റില്‍ നല്‍കിയ യാത്രയയപ്പില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹമിക്കാര്യം വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരിക്കുമ്പോള്‍ സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിരമിച്ച ശേഷം ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടികാണിച്ചില്ല. ഗുജറാത്ത് കലാപത്തെ അമര്‍ച്ച ചെയ്യാന്‍ ഉടന്‍ സൈന്യത്തെ അയക്കണമെന്ന തന്റെ തുടരെ തുടരെയുള്ള നിര്‍ദേശം വാജ്‌പേയ് സര്‍ക്കാര്‍ നിരാകരിച്ചതിനാലാണ് നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് കെ.ആര്‍ നാരായണന്‍ പിന്നീട് വെളിപ്പെടുത്തിയത്‌ വിവാദങ്ങള്‍ക്ക് കാരണമായി. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിശബ്ദനായി കഴിയുകയായിരുന്ന കെ.ആര്‍ നാരായണന്‍ 2005 നവംബര്‍ 9 ന് വിടപറഞ്ഞു.

Content Highlights: former indian president kr narayanan biography history


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented