പ്രിയ വര്‍ഗീസിന്റെ നിയമനവും ഗവര്‍ണറുടെ നിലപാടും; നിയമവശങ്ങള്‍ ആരെ തുണയ്ക്കും?


ജേക്കബ് ജോര്‍ജ്കേരള ഗവര്‍ണര്‍ എന്ന നിലയിലും, സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുമുളള ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികളും നിലപാടുകളും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതിനൊപ്പം ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുളള അധികാരങ്ങളെ കുറിച്ചുളള ചര്‍ച്ചകളും സര്‍വകലാശാലകളിലെ ബന്ധുനിയമനം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള അയ്യപ്പനും കോശിയും കളിയില്‍ ന്യായം ആരുടെ ഭാഗത്താണ്. 

പ്രിയ വർഗീസ്, ആരിഫ് മുഹമ്മദ് ഖാൻ

ണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോഷ്യേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ബന്ധുനിയമനമോ? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയ്ക്ക് ബന്ധുനിയമനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നുതന്നെയല്ലേ ഇത്? ഭരണത്തിലിരിക്കുന്നവരുടെ ബന്ധുവാണെങ്കില്‍ ഉയര്‍ന്ന യോഗ്യതയുളള ഒരു ഉദ്യോഗാര്‍ത്ഥിക്ക് ബന്ധുബലത്തിന്റെ പേരില്‍ മാത്രം ആ നിയമനം നിഷേധിക്കാമോ എന്ന ചോദ്യവുമുണ്ട് മറുവശത്ത്.

പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച് പരാതികിട്ടിയപ്പോള്‍ നിയമനം സംബന്ധിച്ച് വിശദമായൊരു അന്വേഷണം നടത്താമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അദ്ദേഹം കേരളത്തിലെ സര്‍വകലാശാലകളുടെയെല്ലാം ചാന്‍സലറാണ്. ഏതു തലത്തിലുമുളള അന്വേഷണത്തിനും പറ്റിയ വഴിയും അദ്ദേഹത്തിന് മുന്നിലുണ്ട്. പക്ഷേ, നീതിയുക്തമായൊരു അന്വേഷണത്തിന് ഗവര്‍ണര്‍ തയ്യാറായില്ല.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സംസ്ഥാനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാസ്ഥാനം തന്നെയാണത്. ഭരണഘടനാപരമായ ധാരാളം ചുമതലകളും അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനം നിയമസഭാ സമ്മേളത്തിന്റെ നടത്തിപ്പില്‍ ഗവര്‍ണറുടെ പങ്കുതന്നെയാണ്. ഓരോ വര്‍ഷവും ആദ്യം സമ്മേളനം ചേരുമ്പോള്‍ ഗവര്‍ണറാണ് നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടത്.

നയപ്രഖ്യാപനം എന്നാല്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം തന്നെയാണ്. അതു തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ സ്വന്തം നയപ്രഖ്യാപനമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണ് ഭരിക്കാനുളള മാന്‍ഡേറ്റ്. അത് ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് നല്‍കുന്നതാണ്. ആ മാന്‍ഡേറ്റ് അനുസരിച്ചാണ് സര്‍ക്കാര്‍ നയപ്രഖ്യാപനം തയ്യാറാക്കുന്നത്. ഒരു വര്‍ഷത്തെ ഭരണം എങ്ങനെയായിരിക്കണമെന്ന് പറഞ്ഞുവെയ്ക്കുന്ന നയരേഖയാണ്. പൊതുവിഷയങ്ങളിലുളള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിരീക്ഷണവും കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ കുറിച്ചുളള അവലോകനവുമൊക്കെ ഈ രേഖയിലുണ്ടാകും.നയപ്രഖ്യാപനം അപ്പാടെ വായിക്കുവാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. അതില്‍ വെട്ടുതിരുത്തു പാടില്ല.

2020 ജനുവരി 29-ാം തിയതി കേരള നിയമസഭയില്‍ നയപ്രഖ്യാപനം വായിക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വലിയ മാനസികസംഘര്‍ഷത്തിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരേ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന സമയമായിരുന്നു അത്.

ബജറ്റ് സമ്മേനത്തിന് വേണ്ടി സഭചേര്‍ന്ന ആദ്യദിവസം പതിവുപോലെ ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ തയ്യാറാക്കി. നേരത്തേ തന്നെ രാജ്ഭവനില്‍ പൗരത്വഭേദഗതി സംബന്ധിച്ച പരാമര്‍ശങ്ങളും അതിലുണ്ടായിരുന്നു. ആ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കാരിനോട് എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രസംഗത്തില്‍ നിന്ന് ആ ഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല.

അവസാനം ഗവര്‍ണര്‍ തന്നെ ഒരു സമവായം ഉണ്ടാക്കി. തന്റെ വിയോജിപ്പ് രേഖപ്പെടുത്തി വിവാദഭാഗവും വായിക്കാം. സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനും ചേര്‍ന്ന് ആനയിച്ചുകൊണ്ടുവന്ന ഗവര്‍ണറെ പ്രതിപക്ഷം സഭാകവാടത്തില്‍ തന്നെ തടഞ്ഞു. അല്‍പനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് ഗവര്‍ണര്‍ വേദിയിലെത്തുകയും പ്രസംഗം തുടങ്ങുകയും ചെയ്തത്. പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും ഉപകരണമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനസര്‍ക്കാര്‍ അദ്ദേഹത്തിന് കൂട്ടുനില്‍ക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തിയത്.

നയപ്രഖ്യാപനം വായിച്ചുകൊണ്ടിരിക്കേ, പൗരത്വബില്ലിനെക്കുറിച്ചുളള വിവാദ പരാമര്‍ശങ്ങളടങ്ങിയ ഭാഗം എത്തിയപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു നിമിഷം നിര്‍ത്തി. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടുമാത്രം ഇനിയുളള ഭാഗം വായിക്കുകയാണെന്ന് പറഞ്ഞിട്ടാണ് ഗവര്‍ണര്‍ വിവാദ ഭാഗം വായിച്ചുതുടങ്ങിയത്. ഗവര്‍ണറുടെ വാക്കുകള്‍ ഇങ്ങനെ.' ഈ ഭാഗവും വായിക്കണമെന്ന് മുഖ്യമന്ത്രി എന്നോട് അഭ്യര്‍ഥിച്ചതുകൊണ്ട് ഇതും ഞാന്‍ വായിക്കുന്നു. ഈ പറയുന്ന ഭാഗം സര്‍ക്കാരിന്റെ നയത്തിലോ പരിപാടിയിലോ ഉള്‍പ്പെടുന്ന വിഷയമല്ലെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വീക്ഷണം ഇതായതുകൊണ്ട് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം ആ ഭാഗവും വായിക്കുകയാണ്.' ഈ പരാമര്‍ശങ്ങളോടെ പ്രസംഗത്തിലെ വിവാദഭാഗവും ഗവര്‍ണര്‍ വായിച്ചുതീര്‍ക്കുകയായിരുന്നു.

നയപ്രഖ്യാപനം വായിക്കുമ്പോള്‍ പലപ്പോഴും സംസ്ഥാന സര്‍ക്കാരിനെ ഗവര്‍ണര്‍ വിശേഷിപ്പിക്കുന്നത് 'എന്റെ ഗവണ്‍മെന്റ്' എന്നാണ്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുളള ബന്ധത്തിന്റെ ആഴവും ഇഴയടുപ്പവും വ്യക്തമാക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു പ്രയോഗം. മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എപ്പോഴും നല്ല ബന്ധം തന്നെയാണ് ഉണ്ടായിരുന്നത്. ഈ ബന്ധം നല്ല രീതിയില്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശ്രമിച്ചുനോക്കുകയും ചെയ്തു. 2020 ജനുവരിയില്‍ നയപ്രഖ്യാപനം നടത്തവേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ച വിട്ടുവീഴ്ച ഏറ്റവും നല്ല ഉദാഹരണം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക് അവിടെ അപ്രതീക്ഷിതമായി വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി. 2019 ഡിസംബര്‍ 28-ാം തീയതിയായിരുന്നു അത്‌. സദസ്സിന്റെ മുന്‍നിരയില്‍തന്നെ ഗവര്‍ണര്‍ക്കെതിരേ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി ചിലര്‍ എഴുന്നേറ്റ് നിന്നു. ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ഇര്‍ഫാന്‍ ഹബീബ് അന്നു രാജ്യസഭാംഗമായിരുന്ന കെ.കെ.രാഗേഷ്‌ എന്നിവരും പ്രസംഗകരായുണ്ടായിരുന്നു. ഇരുവരും പൗരത്വ ഭേദഗതി നിയമനത്തിനെതിരേ ശക്തമായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയാണ് പ്രസംഗിച്ചത്.

ഇതിന് മറുപടിയെന്നവണ്ണം ആമുഖമായി ചിലത് പറയാനുണ്ടെന്ന് സൂചിപ്പിച്ചാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. സ്വാഭാവികമായും അദ്ദേഹം പറഞ്ഞത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ടുളള സ്വന്തം നിലപാടും. ഗവര്‍ണര്‍ക്കെതിരേ സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. വേദിയില്‍ ഉണ്ടായിരുന്ന ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ നേര്‍ക്ക് ആഞ്ഞടുത്തു. കെ.കെ.രാഗേഷ് ഗവര്‍ണര്‍ക്കെതിരേ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇര്‍ഫാന്‍ ഹബീബിനെയും കെ.കെ.രാഗേഷിനെയും തടയാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചില്ലെന്ന് ഗവര്‍ണര്‍ അന്നുതന്നെ ഡോ.ഗോപിനാഥ് രവീന്ദ്രനോട് പറഞ്ഞിരുന്നു.

പുനര്‍നിയമനം നേടി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ വീണ്ടും കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി വീണ്ടും അധികാരത്തില്‍. അന്ന് വേദിയിലുണ്ടായിരുന്ന കെ.കെ.രാഗേഷ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെ വട്ടംചുറ്റിയാണ് ഈ വിവാദവും സംഘര്‍ഷവുമെല്ലാം കറങ്ങിത്തിരിയുന്നതെന്നാണ് ഏറ്റവും പ്രധാനകാര്യം.

2019 ഡിസംബര്‍ 28-ാം തീയതി കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്റെ മനസ്സിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് വ്യക്തം. അതിനുശേഷമായിരുന്നു നയപ്രഖ്യാപന പ്രസംഗമെങ്കിലും. സര്‍വകലാശാലയിലെ ഒരു ചടങ്ങിന്റെ ആതിഥേയന്‍ വൈസ് ചാന്‍സലര്‍ തന്നെയാണ്. വേദിയില്‍ ഇര്‍ഫാന്‍ ഹബീബ് തനിക്കെതിരേ പാഞ്ഞുവന്നിട്ടും കെ.കെ.രാഗേഷ് തനിക്കെതിരേ ഉറക്കെ സംസാരിച്ചിട്ടും വൈസ്ചാന്‍സലര്‍ ഡോഗോപിനാഥ് രവീന്ദ്രന്‍ തടയാന്‍ ശ്രമിച്ചില്ലെന്ന ഗവര്‍ണറുടെ പരാതിയില്‍ കഴമ്പുണ്ട്. സര്‍വകലാശാലയില്‍ നടക്കുന്ന ഒരു ചടങ്ങ് സമാധാനം നിറഞ്ഞ അന്തരീക്ഷത്തില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനുളള ചുമതല വൈസ് ചാന്‍സലര്‍ക്കുണ്ടായിരുന്നു.

പക്ഷേ അതിന് പ്രതികാരം ചെയ്യുന്നത് തികച്ചും വ്യത്യസ്തമായൊരു സാഹചര്യത്തില്‍ വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്നുവിളിച്ചുകൊണ്ടല്ല. ഗവര്‍ണര്‍ എന്ന ഉന്നതപദവിയിലിരുന്നുകൊണ്ട് ഇത്തരത്തില്‍ സംസാരിക്കുന്നത് ആ സ്ഥാനത്തിന്റെ ഔന്നിത്യത്തിന് ചേര്‍ന്നതുമല്ല. പറഞ്ഞ പ്രയോഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന്‌ സൂചന നല്‍കിക്കൊണ്ട് ഡോ.ഗോപിനാഥ് രവീന്ദ്രന്റേത് ഒരു ക്രിമിനല്‍ മനോഭാവമാണെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും നല്ല അധ്യാപന പരിചയവുമുളള ഡോ.ഗോപിനാഥ് രവീന്ദ്രന്‍ തന്റെ അക്കാദമിക് ഔന്നിത്യത്തിന് സമാനമായ പെരുമാറ്റം പുലര്‍ത്തുന്ന ആള്‍തന്നെയാണ്. ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹി സെന്റ് സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിഎ പാസ്സായശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എംഎയും എംഫിലും നേടി. പരീക്ഷകളെല്ലാം പാസായത് ഒന്നാംക്ലാസില്‍. ജെ.എന്‍.യുവില്‍ നിന്നുതന്നെ 1999-ല്‍ പിഎച്ച്ഡിയും നേടി. 2001-മുതല്‍ 2003 വരെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചും നടത്തി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക കാലത്തിന്റെ തുടക്കം. പിന്നീട് ജാമിയ മിലിയ ഇസ്ലാമിയയില്‍ ചരിത്രാധ്യാപകനായി. അവിടെത്തന്നെ റീഡറായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ഇടയ്ക്ക് രണ്ടുവര്‍ഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അക്കാദമിക് വിസിറ്റര്‍ എന്ന പദവിയിലും പ്രവര്‍ത്തിച്ചു. എന്തുകൊണ്ടും വൈസ് ചാന്‍സലറായിരിക്കാനുളള യോഗ്യതകള്‍. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നല്‍കിയ പുനര്‍നിയമനത്തെ രണ്ട് അധ്യാപകര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും കോടതി അംഗീകരിക്കുകയാണ് ചെയ്തത്.

ഡോ.ഗോപിനാഥ് രവീന്ദ്രന് ശ്രദ്ധേയമായ പദവി നല്‍കിയത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നതും പ്രധാനം തന്നെ, രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്. അന്ന് അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ(ഐ.സി.എച്ച്.ആര്‍) മെമ്പര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പക്ഷേ, 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ തീവ്ര ഹിന്ദുത്വവാദിയായ വൈ.സുദര്‍ശനറാവുവിനെ ഐ.സി.എച്ച്. ആര്‍. അധ്യക്ഷനാക്കി. 'ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ റെവ്യു' എന്ന പ്രസിദ്ധമായ ചരിത്ര പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡും ഉപദേശകസമിതിയും പുതിയ അധ്യക്ഷന്‍ പിരിച്ചുവിട്ടു. റൊമീല ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് എന്നിങ്ങനെ പ്രമുഖ ചരിത്ര പണ്ഡിതര്‍ ഈ വേദികളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടു. ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് ഗോപിനാഥ് രവീന്ദ്രന്‍ ഐ.സി.എച്ച്.ആര്‍. മെംബര്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. തങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു സ്ഥാനം രാജിവെച്ചയാള്‍ പിന്നീട് കേരളത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറാവുന്നതാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കണ്ടത്. ഇതവരെ അരിശം കൊളളിച്ചു എന്ന് പറയേണ്ടതില്ല.

സംഘപരിവാറിന് തോന്നിയ രോഷം കേരള ഗവര്‍ണര്‍ക്കും തോന്നിയോ എന്ന സംശയവും സ്വാഭാവികം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പലതവണയായി രോഷം പ്രകടിപ്പിക്കുന്നത് വൈസ് ചാന്‍സലര്‍ക്ക് നേരെയാണ്. പ്രിയാവര്‍ഗീസിന്റെ നിയമനത്തിനെതിരേ പരാതിവന്നപ്പോള്‍ അതിന്റെ നിയമവശങ്ങള്‍ തേടിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. യു.ജി.സിയെ കക്ഷിചേര്‍ക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. യുജിസി നിബന്ധനകള്‍ പ്രകാരമാണ് രാജ്യത്തെ സര്‍വകലാശാലകളില്‍ അധ്യാപക നിയമനം നടക്കുന്നത്. പരാതി കൈയില്‍ കിട്ടിയപ്പോള്‍ നിയമനത്തിന്റെ നിയമവശങ്ങള്‍ അന്വേഷിച്ചുകണ്ടുപിടിക്കാനല്ല ഗവര്‍ണര്‍ തീരുമാനിച്ചതെന്നും കാണണം. അതുകൊണ്ടുതന്നെ പ്രിയാവര്‍ഗീസിന്റെ നിയമനത്തെ ചൊല്ലി ഒരു രാഷ്ട്രീയവിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അത് ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുളള ഏറ്റുമുട്ടലായി തുടരുകയും ചെയ്തു.

2021 സെപ്റ്റംബര്‍ 21-ാം തിയതിയാണ് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോഷ്യേറ്റ് പ്രൊഫസറെ നിയമിച്ച് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 11-ാം തീയതിയായിരുന്നു അവസാന തീയതി. നവംബര്‍ 13-ാം തിയതി ഒരു സമിതി ചേര്‍ന്ന് അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടത്തി. ആറുപേരെ അഭിമുഖത്തിന് ക്ഷണിച്ചു.

നവംബര്‍ 18-ന് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി അഭിമുഖം നടത്തി. ഇക്കൊല്ലം ജൂണ്‍ 27-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രിയാവര്‍ഗീസിനായിരുന്നു ഒന്നാംറാങ്ക്. റാങ്ക് ലിസ്റ്റ് വരും മുമ്പുതന്നെ വിവാദം തുടങ്ങിയിരുന്നു. ഗവര്‍ണര്‍ക്ക് പരാതിയും അയച്ചു. പ്രതിഷേധം പ്രതിപക്ഷ അധ്യാപകസംഘടനകളും ഏറ്റെടുത്തു. സര്‍ട്ടിഫിക്കറ്റുകളും ഗവേഷണ പ്രബന്ധങ്ങളും പരിശോധിക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംറാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി പ്രിയാവര്‍ഗീസിന്റെ നിയമനം മരവിപ്പിക്കുകയും വിഷയം പഠിച്ചുറിപ്പോര്‍ട്ട് നല്‍കാന്‍ യു.ജി.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ യോഗ്യതയുളളയാള്‍ എന്ന നിലയ്ക്ക് തനിക്ക് നിയമനം അവകാശപ്പെട്ടതാണെന്ന് പ്രിയ വര്‍ഗീസ് അവകാശപ്പെടുന്നു. യു.ജി.സി. നിര്‍ദേശപ്രകാരമുളള എല്ലാ യോഗ്യതകളും തനിക്കുണ്ടെന്നാണ് പ്രിയയുടെ വാദം. റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് പൂര്‍ണമായും യു.ജി.സി. നിബന്ധനകള്‍ പ്രകാരം തന്നെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയും അഭിപ്രായപ്പെടുന്നു.

എട്ടുവര്‍ഷത്തെ അധ്യാപന പരിചയമുളളവരെയാണ് സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കേണ്ടതെന്ന് 2018-ലെ യു.ജി.സി. ഉത്തരവ് പറയുന്നു. പ്രിയാവര്‍ഗീസിന് ഡോക്ടറേറ്റ് കിട്ടയത് 2019-ലാണെന്നും അതിനുശേഷമുളള അധ്യാപന പരിചയമാണ് കണക്കുകൂട്ടേണ്ടതെന്നും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ന്‍ കമ്മിറ്റി ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി നിബന്ധനകളില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് പ്രിയാവര്‍ഗീസും ചൂണ്ടിക്കാണിക്കുന്നു.

അവധിയെടുത്ത് ഗവേഷണം നടത്തുന്ന കാലം അധ്യാപന പരിചയമായി കണക്കാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം പറയുന്ന മറ്റൊരുകാര്യം ഇങ്ങനെ. 'അവധിയെടുക്കാതെ അധ്യാപനജോലിക്കൊപ്പം ഗവേഷണ ബിരുദം നേടാന്‍ ചെലവഴിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കാക്കും.'

അവധിയെടുക്കാതെയാണ് പിഎച്ച്.ഡി. ബിരുദം നേടിയതെന്ന് പ്രിയ വര്‍ഗീസ് പറയുന്നു. ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം (എഫ്.സി.വി) അനുസരിച്ചായിരുന്നു ഇത്. ഇക്കാലം അധ്യാപന പരിചയമായി കൂട്ടാമെന്നും പ്രിയ ചൂണ്ടിക്കാണിക്കുന്നു. ആകെ ഒമ്പതരവര്‍ഷത്തെ അധ്യാപന പരിചയമാണ് തനിക്കുളളതെന്നും പ്രിയാവര്‍ഗീസ് വിശദീകരിക്കുന്നു. കണ്ണൂര്‍ സര്‍കലാശാല ബി.എഡ്. കേന്ദ്രത്തില്‍ രണ്ടുവര്‍ഷം പഠിപ്പിച്ച പരിചയമുണ്ട്. നെറ്റ് പരീക്ഷയും പാസ്സായിട്ടുണ്ട്.

ഈ പരിചയം അധ്യാപക ജോലിയില്‍ ഒരു സ്ഥാനക്കയറ്റത്തിനേ ഉപകരിക്കൂ എന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ന്‍ കമ്മിറ്റിയുടെ വാദം. അധ്യാപനത്തില്‍ നിന്ന് വിട്ടുനിന്നതിനാല്‍ മൂന്നുവര്‍ഷക്കാലം പരിചയമായി കണക്കാക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു. സ്ഥാനക്കയറ്റമായാലും പുതിയ നിയമനമായാലും വിഷയം ഒന്നുതന്നെയാവുമ്പോള്‍ അതിനു രണ്ടുതരം യോഗ്യത എങ്ങനെ വരുമെന്നാണ് പ്രിയാവര്‍ഗീസിന്റെ ചോദ്യം.

പിന്നെ പ്രശ്‌നം അഭിമുഖവും റിസര്‍ച്ച് സ്‌കോറുമാണ്. അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ പ്രിയ വര്‍ഗീസിന് കിട്ടിയത് 32 മാര്‍ക്ക്. രണ്ടാം റാങ്കുകാരനും പരാതിക്കാരനുമായ ജോസഫ് സ്‌കറിയക്ക് കിട്ടിയത് 30 മാര്‍ക്ക്. ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിച്ചതില്‍ ജോസഫ് സ്‌കറിയയ്ക്ക് 651 മാര്‍ക്ക് കിട്ടിയപ്പോള്‍ പ്രിയയ്ക്ക് 156 മാര്‍ക്കേ ലഭിച്ചുളളൂ. അഭിമുഖത്തില്‍ പക്ഷപാതം കാട്ടിയാണ് പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണത്തിന്റെ കാതല്‍.

ബിഎ, എംഎ പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികള്‍ വാങ്ങിയ മാര്‍ക്കും പരിഗണിക്കപ്പെടുന്നുണ്ട്. പ്രിയ വര്‍ഗീസ് ബിഎ മലയാളം പാസ്സായത് 70 ശതമാനം മാര്‍ക്ക് വാങ്ങിയായിരുന്നു. എംഎ പാസ്സായത് അറുപത് ശതമാനം മാര്‍ക്കുമായും. ജോസഫ് സ്‌കറിയ ഇക്കണോമിക്‌സ്‌ പ്രധാന വിഷയമായെടുത്താണ് ബിഎ പാസ്സായത്. കിട്ടിയത് 52 ശതമാനം മാര്‍ക്ക്. എംഎ മലയാളത്തിന് 55 ശതമാനം മാര്‍ക്കും നേടി.

ഇത്രയും വസ്തുതകളില്‍ നിന്നാണ് ഹൈക്കോടതി നീതിയും ന്യായവും കണ്ടെത്തേണ്ടത്. അതിന് വേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് യു.ജി.സിയും. ഒരു സര്‍വകലാശാലയിലെ തികച്ചും സാധാരണമായ ഒരു നിയമനം രാഷ്ട്രീയമാനങ്ങള്‍ ഉള്‍ക്കൊണ്ട് ഭീമാകാരം പൂണ്ട് നില്‍ക്കേ, വിഷയത്തിന്റെ നിയമവശങ്ങള്‍ ആറ്റിക്കുറുക്കി പരിശോധിക്കാനൊരുങ്ങുകയാണ് കേരള ഹൈക്കോടതി. നിയമവശങ്ങള്‍ ആരെ തുണയ്ക്കും?

ഭരണപക്ഷത്തെ മുതിര്‍ന്ന കക്ഷിയെന്ന നിലയ്ക്ക് സിപിഎമ്മിനുതന്നെയാണ് ഇതില്‍ പ്രതിച്ഛായ നഷ്ടം സംഭവിച്ചിരിക്കുന്നത്. ആരോപണമുന്നയിക്കുന്ന രാഷ്ട്രീയ ശക്തികള്‍ക്ക് നഷ്ടപ്പെടാന്‍ കൈയിലൊന്നുമില്ലെന്നോര്‍ക്കണം.

Content Highlights: Priya Varghese's appointment, Kerala Governor, Jacob George writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented