അങ്ങനെ ബാഹുലേയന്‍ ജയമോഹനും സംഘിയായി. നൂറു സിംഹാസനങ്ങളും മാടന്‍മോക്ഷവും എഴുതിയ ജയമോഹന്‍. വെണ്‍മുരശ് എന്ന നോവല്‍ മഹാഭാരതത്തെ പറ്റി എഴുതുന്നവന്‍. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം പഴയ ചൊല്ല്. വിയോജിക്കുന്ന ഹിന്ദു സംഘി എന്ന് പുത്തന്‍ ചൊല്ല്. വിയോജിച്ചാല്‍ മുസ്ലീം താലിബാന്‍. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

To advertise here,

രഞ്ജിത്- മോഹന്‍ലാല്‍ ചിത്രം ദേവാസുരം വന്ന കാലം. പടം വിറ്റുപോണമെന്ന ചിന്തയേ രഞ്ജിത്തിന് ഉണ്ടായിരുന്നുള്ളൂ. വിമര്‍ശനം പക്ഷേ സിനിമക്കാര്‍ സങ്കല്‍പിക്കാത്ത പോലെ. മോഹന്‍ലാല്‍ മുണ്ടു മടക്കിയുടുത്തത് മാടമ്പിത്തം. നിലവിളക്കും ആനയും ചിതയെരിയലും നാടുവാഴിത്തം. സവര്‍ണഹുങ്ക്. തെമ്മാടിത്തം. രേവതിയുടെ ഭാനുമതി നര്‍ത്തകിയായത് തെറ്റ്. വരേണ്യവല്‍ക്കരണച്ചന്തയില്‍ മലയാള സിനിമയെ കൊണ്ടുനിര്‍ത്തി നടത്തുന്ന സാമൂഹിക അപനിര്‍മ്മിതി.

ഇമ്മാതിരിയായിരുന്നു വിമര്‍ശനം. ആലോചിക്കണം. കയ്യിലുള്ള കാശ് തിയേറ്ററുടമയ്ക്ക് കൊടുത്ത് രണ്ടര മണിക്കൂര്‍ ആഹ്ളാദിച്ച ശേഷമാണ് വിസ്‌ഫോടനം. ലാലേട്ടന്‍ കീ ജയ് പറഞ്ഞാല്‍ പുരോഗമനസ്വഭാവം കൈവിടുമല്ലോ എന്ന അപകര്‍ഷതാബോധത്തില്‍ നിന്നെന്നോണം പൊട്ടിത്തെറി.

സംവിധായകന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ മാത്രം ആരും ഇന്നോളം ഒരു സിനിമയും കണ്ടിട്ടില്ല. ലൂമിയര്‍ ബ്രദേഴ്‌സ് സങ്കല്‍പിക്കാത്ത വിധത്തിലാണല്ലോ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വി.വി.പാറ്റും തമ്മിലുള്ള ദൃശ്യസംഘാതം. സംവിധായകന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അടൂരിനേയും അരവിന്ദനേയും കണ്ട എത്ര നിരൂപകരുണ്ട് , പ്രേക്ഷകരുണ്ട്? മഞ്ഞുമ്മല്‍ ബോയ്‌സും മറ്റൊരു സിനിമ മാത്രമാണ്.

ജയമോഹന്‍ ചെയ്ത തെറ്റ് എന്താണ്? ലോകത്തെ മുഴുവന്‍ വിമര്‍ശിക്കാനുള്ള അധികാരം മലയാളിക്ക് മാത്രമുള്ളതാണെന്ന പൊതുബോധത്തിന്റെ കടയ്ക്കല്‍ കത്തിവച്ചു എന്നതാണ് ആദ്യത്തേത്. മലയാളി ചെയ്യുന്നത് എന്താണെന്ന് തുറന്നുപറഞ്ഞു എന്നതാണ് രണ്ടാമത്തേത്. പറഞ്ഞത് സത്യമാണെന്നതാണ് മൂന്നാമത്തേത്. അക്ഷന്തവ്യം തന്നെ. ശിരസ്സറുക്കുക. കഷ്ടം.

മലബാറില്‍ നിന്ന് വരുന്ന  മലയാളി തിരുവിതാംകൂറുകാരനെ കണ്ടാല്‍ പറയുന്നതായി പണ്ട് എസ്.കെ. പൊറ്റെക്കാട് എഴുതിയിട്ടുണ്ട്. തെക്കനേയും മൂര്‍ഖനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തെക്കനെ തല്ലണം. മലയാളികള്‍ തന്നെ പണ്ട് കൊണ്ടാടി വന്ന ആചാരമുണ്ട്. ക്ഷേത്രത്തിലേക്ക് വലിയ കാഴ്ചക്കുലകളും മറ്റും കൊണ്ടുവരുന്ന അവര്‍ണനായ പാവപ്പെട്ടവനെ ഒഴിവാക്കാനാവില്ല. കാരണം ഭാരപ്പെട്ട പണി ചെയ്ത് ശീലമില്ല. അപ്പോള്‍ പരിഹാരമായി അതൊരു ക്രിസ്ത്യാനിയെ കൊണ്ട് തൊടുവിക്കും. ഇതിനെ ന്യായീകരിക്കാന്‍ കവികുലപതിമാര്‍ അക്കാലം രണ്ടുവരി കവിതയും കെട്ടി.

പൂജാദിവസ്തുക്കള്‍ അശുദ്ധമായാല്‍
പൗലോസ് തൊട്ടാലതു ശുദ്ധമാകും

പണം മാത്രമേ അന്നും ഇന്നും അശുദ്ധമാകാതിരുന്നിട്ടുള്ളൂ മലയാളിക്ക്. നടത്തി എന്ന് അവകാശപ്പെടുന്ന  നവോത്ഥാനം ശുദ്ധകാപട്യം എന്ന് ലോകരെല്ലാം ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. സംശയമുള്ളവര്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം ഒരാവര്‍ത്തി കൂടി വായിച്ചാല്‍ മതി. മലയാളി തൊലിക്കടിയില്‍ ഒളിപ്പിച്ചിട്ടുണ്ട് ആ പൂണൂല്‍. മുമ്പേ അണിഞ്ഞതും, അടുത്ത ജന്മങ്ങളില്‍ അണിയാന്‍ ആഗ്രഹിക്കുന്നതും.

മലയാളിയുടെ മദ്യപാനത്തെ വിമര്‍ശിക്കുന്നു ജയമോഹന്‍. സര്‍, ചെയ്യരുതായിരുന്നു. ഞങ്ങളുടെ വികസിത കേരളത്തിന്റെ വരുമാനകേന്ദ്രമാണത്. ഞങ്ങളുടെ പുരോഗമന മതേതരത്വം പുലര്‍ന്നു കാണുന്ന അപൂര്‍വം ആശ്വാസത്തുരുത്തുകളിലൊന്നാണത്. തീര്‍ത്തും മതേതരം. ഞങ്ങള്‍ മുഴുവന്‍ നൈരാശ്യങ്ങളേയും കുടഞ്ഞെറിയുന്ന ഉന്മാദമാണത്. ഞങ്ങളുടെ മാംസം. ഞങ്ങളുടെ ചോര. ഞങ്ങളുടെ സര്‍ക്കാരിന്റെ വേര്.

പ്രിയമുള്ളവരേ, ഇനിയൊന്ന് ആലോചിക്കുക. എത്രമാത്രം അപഹാസ്യമായാണ് മലയാളി കുടിയന്മാര്‍ പെരുമാറുന്നത്? ആയിരം ഉറുപ്പികയുടെ മദ്യം വാങ്ങി അഞ്ചുരൂപയുടെ അച്ചാറുമായി ആരും കാണാതെ കുടിക്കുന്നവരുണ്ട് . അഞ്ചു ആറും ഇരട്ടി നികുതി നല്‍കി അറപ്പിക്കുന്ന അന്തരീക്ഷത്തില്‍ അനുസരണയോടെ നില്‍ക്കുന്നവരെ പറ്റി ഹൈക്കോടതി തന്നെ സഹതപിച്ചിട്ടുണ്ട്. അവര്‍ക്ക് പക്ഷേ അതടക്കമുള്ള സങ്കടങ്ങളുടെ പാമ്പുറ ഊരിയെറിയാന്‍ അധികം സമയം വേണ്ട. പൊതുനിരത്തിലാകട്ടെ വെളിയിടത്തിലാകട്ടെ, സ്വകാര്യ ഇടങ്ങളിലാകട്ടെ,  കുടിയന്‍  വൈകാതെ പഴയ രാജാവാകും. മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിക്കും. അട്ടഹസിക്കും. സാസ്‌കാരികഗീര്‍വാണങ്ങള്‍ മുഴക്കും. ആണഹന്തയുടെ കടല്‍ അലറും. അന്യന്റെ ആകാശങ്ങളെ മലിനമാക്കും. പിന്നെ മറ്റാര്‍ക്കും സ്വകാര്യതയ്ക്ക് അവകാശമില്ല. എന്നുണ്ണിക്കണ്ണനുണര്‍ന്ന് സാങ്കല്‍പികംസവധം നടത്താന്‍ മാത്രം ഈ ഭൂമി.

ആനഡോക്ടറില്‍ ജയമോഹന്‍ എഴുതിയിട്ടുണ്ട്. തറഞ്ഞ ബീര്‍ ബോട്ടിലുകളുമായി പഴുത്തളിഞ്ഞ കാലും പേറി കാലപുരിയിലേക്ക് നടക്കുന്ന കാട്ടാനകളെ പറ്റി. മലയാളി കുടിച്ച് നശിപ്പിച്ച തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍,  പുഴക്കടവുകള്‍, നെല്‍പ്പാടങ്ങള്‍, പുല്‍മേടുകള്‍, കുളങ്ങള്‍, പടവുകള്‍ എത്രയെത്ര?

പരിചയമുള്ള ഏതെങ്കിലും പോലീസുകാരനോട് ചോദിക്കുക. ജയമോഹന്‍ പറഞ്ഞതെല്ലാം ശരി എന്ന് ഗസറ്റഡ് ഓഫീസറേക്കാള്‍ ഭംഗിയായി സാക്ഷ്യപ്പെടുത്തും. പണ്ട് കല്യാണങ്ങള്‍ക്ക് രഹസ്യമായി മുതിര്‍ന്നവര്‍ ചുണ്ടു നനച്ചിരുന്നു. പിന്നീടത് ബാച്ചിലേഴ്‌സ് പാര്‍ട്ടിയായി. ഇപ്പോള്‍ ലഹരി പൂക്കുന്ന മുറികള്‍. ലഹരിയുടെ ആസക്തിയെ മലയാളി സാമാന്യവല്‍ക്കരിക്കുന്നു എന്ന നിരീക്ഷണം യാഥാര്‍ത്ഥ്യം എന്നു പറഞ്ഞാല്‍ പോരാ. അതുക്കും മീതേ എന്നു തന്നെ പറയണം. അവസാനത്തെ മണിക്കൂറുകളില്‍ ഹൈസ്‌കൂള്‍- പ്ലസ് ടു ക്ലാസുകളിലേക്ക് ക്ലാസെടുക്കാന്‍ പോകേണ്ടി വരുന്നതിന്റെ ഭീതിയെ പറ്റി പണ്ടത്തെ വിദ്യാര്‍ത്ഥിനിയായൊരു അധ്യാപിക പറഞ്ഞതിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.

സംസ്‌കാര സമ്പത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത മലയാളത്തിന്റെ തെരുവുകളിലേക്ക് - റിയല്‍ തെരുവായാലും വിര്‍ച്വല്‍ തെരുവായാലും - ആ 'അസമയങ്ങളില്‍' നിങ്ങളൊന്നിറങ്ങി നോക്കൂ. അനുഭവിക്കാം ജയമോഹന്റെ ആശങ്കകള്‍

മദ്യപിക്കാനും ഓക്കാനിക്കാനും വെറുപ്പിക്കാനും മാത്രം ജീവിക്കുന്ന മലയാളികളെ പെറുക്കി എന്ന് വിളിച്ചു എന്നതാണ് ജയമോഹന്‍ ചെയ്ത തെറ്റ് എങ്കില്‍ ഒന്നു കൂടി ആലോചിക്കുക. എന്ത് സാമൂഹികബോധമാണ് ഇവര്‍ നിറവേറ്റുന്നത്? എന്ത് ആന്തരിക വിശുദ്ധിയാണ് ഇവരുടെ പ്രക്ഷോഭങ്ങള്‍ക്കുള്ളത്? എന്ത് ആത്മാര്‍ത്ഥതയാണ് ഇവരുടെ വിമര്‍ശനങ്ങള്‍ക്കുള്ളത്? പുറത്ത് ലെനിന്‍, പൂജാമുറിയില്‍ പൂന്താനം. പല  സൈസിലുള്ള ഫോട്ടോകള്‍.

ഇനി പെറുക്കി എന്ന എന്ന പദമാണ് പ്രകോപന ഹേതു എങ്കില്‍ പറയൂ മറ്റെന്താണ് ആധുനിക മലയാളി.? ആത്മനിന്ദയോടെ ഓര്‍മ്മിക്കുവിന്‍. മറ്റെന്താണ്?  ബൈബിളിലെ റൂത്തല്ല, ധര്‍മ്മപുത്രരുടെ സദ്യയില്‍ എച്ചിലിലയെടുത്ത ശ്രീകൃഷ്ണനുമല്ല, സാസ്‌കാരികമായ മൗലികതയില്ലായ്മയുടെ ആഘോഷമല്ലേ നമ്മുടെ ഇടങ്ങള്‍? പെറ്റനാള്‍ തൊട്ടെന്‍ മകനിംഗ്ലീഷ് പഠിക്കുവാന്‍ ഭാര്യ തന്‍ പേറങ്ങിംഗ്ലണ്ടില്‍ തന്നെയാക്കിയിട്ടും പത്തുകൊല്ലം പഠിച്ചാലും ഇംഗ്ലീഷ് മനസ്സിലാക്കാനാവാത്ത വിദ്യാര്‍ത്ഥി നമുക്ക് അഭിമാനമാവണോ? കൊല്ലം തോറും അനുവദിക്കുന്ന സ്വാശ്രയകോളേജുകള്‍ക്ക് അംഗബലമുണ്ടാക്കാന്‍ പരീക്ഷയില്‍ തോല്‍വി തന്നെ ഇല്ലാതാക്കിയ അവിശുദ്ധകൂട്ടുകെട്ട് സൃഷ്ടിച്ചെടുത്തത് എന്തുതരം ഉല്‍പന്നങ്ങളെയാണ്. ? ഒപ്പം പഠിക്കുന്ന ഒരുത്തനെ രണ്ടുനാള്‍ സംഘടനയുടെ പേശീബലത്തിന്റെ നൃശംസതയില്‍ തല്ലിച്ചതച്ചിട്ടും ആന്റിറാംഗിംഗ് സെല്ലിന് കയ്യോടെ ഒരു പരാതി കൊടുക്കാന്‍ മാത്രം ഭീരുത്വം പോലും അവശേഷിക്കാത്ത ഒരു സംഘം വിദ്യാര്‍ത്ഥികളെ എന്തുവിളിക്കണം?  ഓരോ വിഷയത്തിലും നിലപാട് പറയാന്‍ സ്വന്തം പാര്‍ട്ടിയിലെ നിലയവിദ്വാന്മാര്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന മസ്തിഷ്‌കമല്ലേ മലയാളി? സ്വന്തം പാര്‍ട്ടിക്കാര്‍ പറയുന്നതെന്തും പെറുക്കിയെടുത്ത് കഴുതബോധ്യത്തോടെ ഏറ്റുനടക്കുന്ന ഉന്മാദികളുടെ അര്‍മാദങ്ങളെ മറ്റെന്തു വിളിക്കണം സര്‍. ഗുരു കുടഞ്ഞെറിഞ്ഞതെല്ലാം പിന്‍വാതിലിലൂടെ കയറ്റിക്കൊണ്ടുവന്ന സ്വീകരണമുറിയില്‍ വിളക്കുകൊളുത്തി മാലയിട്ട്, അതേ ഗുരുവിന് തന്നെ സ്തോത്രം പറയുന്ന കാപട്യത്തിന്റെ പേരെന്താണ്?

നൃശംസതയില്‍ തല്ലിച്ചതച്ചിട്ടും ആന്റിറാംഗിംസ് സെല്ലിന് കയ്യോടെ ഒരു പരാതി കൊടുക്കാന്‍ മാത്രം ഭീരുത്വം പോലും അവശേഷിക്കാത്ത ഒരു സംഘം വിദ്യാര്‍ത്ഥികളെ എന്തുവിളിക്കണം?  ഓരോ വിഷയത്തിലും നിലപാട് പറയാന്‍ സ്വന്തം പാര്‍ട്ടിയിലെ നിലയവിദ്വാന്മാര്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന മസ്തിഷ്‌കമല്ലേ മലയാളി? സ്വന്തം പാര്‍ട്ടിക്കാര്‍ പറയുന്നതെന്തും പെറുക്കിയെടുത്ത് കഴുതബോധ്യത്തോടെ ഏറ്റുനടക്കുന്ന ഉന്മാദികളുടെ അര്‍മാദങ്ങളെ മറ്റെന്തു വിളിക്കണം സര്‍.

ഇനി ജയമോഹന്‍ മിണ്ടരുത് എന്നാണ് നിലപാടെങ്കില്‍ അംഗീകരിക്കാം.തമിഴനേയും തെലുങ്കനേയും ബിഹാറിയേയും ബംഗാളിയേയും യുപിക്കാരനേയും പുച്ഛിക്കാനുള്ള അവകാശം മുന്‍കാലപ്രാബല്യത്തോടെ മലയാളിയും തിരസ്‌കരിക്കണം. വിമര്‍ശിക്കാന്‍ ജയമോഹന് അവകാശമുണ്ട്. എനിക്കിഷ്ടമുള്ളിടത്തേ വിമര്‍ശനമാകാവൂ എന്ന് തിട്ടൂരമിറക്കാന്‍ അയാള്‍ നമ്മുടെ പാര്‍ട്ടിയല്ലല്ലോ.

മാടന്‍മോക്ഷവും നൂറു സിംഹാസനങ്ങളും നാഗ്പൂരിലെ ചിത്പവന്‍ ബ്രാഹ്‌മണരുടെ നിര്‍ദേശപ്രകാരമാണ് എഴുതിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍, അതെത്ര ഉന്നതശിരസ്‌കനായാലും, അത് പെറുക്കിയെടുക്കാന്‍ സൗകര്യമില്ലെന്നേ പറയാനുള്ളൂ. ശ്രീനാരായണഗുരു നടത്തിയ കണ്ണാടിപ്രതിഷ്ഠക്ക് നാള്‍ചെല്ലും തോറും അര്‍ത്ഥമേറുന്നുണ്ട്. ആഴവും. പിഴ എന്റെ കണ്ണാടിയല്ല , ഞാന്‍ തന്നെയാണ്.