ബി.ജെ.പിക്കെതിരെ ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടില്ലെന്നും അതിന് രാഹുല്‍ ഗാന്ധി മാത്രം പോരെന്നുമുള്ള കോണ്‍ഗ്രസിന്റെ തിരിച്ചറിവിന്റെ പ്രതിഫലനമാണ് വിശാല പ്രതിപക്ഷ ഐക്യത്തിന് കളമൊരുക്കിയതും പട്‌ന സമ്മേളനത്തില്‍ എത്തിനില്‍ക്കുന്നതും. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതും ബദ്ധവൈരികളായിരുന്ന പല പാര്‍ട്ടികളെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്താന്‍ കഴിഞ്ഞതും ചില്ലറ കാര്യമല്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള ബദല്‍ ശബ്ദമെന്നും ഇന്ത്യന്‍ റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനും ബി.ജെ.പിയുടെ പുതിയ ചരിത്രനിര്‍മിതിയെ പ്രതിരോധിക്കാനുമുള്ള ശ്രമം എന്നൊക്കെ പുതിയ ഐക്യത്തെ പ്രതിപക്ഷ കക്ഷികള്‍ വിശേഷിപ്പിക്കുമെങ്കിലും പലര്‍ക്കും ഇത് സ്വയം തിരിച്ചറിവാണ്.

To advertise here,

ഒറ്റയ്ക്ക് ശ്രമിച്ചാല്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കാനുള്ള കസേരയുടെ അടുത്തെങ്ങും വിദൂരഭാവിയില്‍ പോലും എത്താനാവില്ലെന്ന സ്വയം തിരിച്ചറിവ്. അതാണ് തൃണമൂലിനെയും ഇടതുപക്ഷത്തെയും, എന്തിന് കോണ്‍ഗ്രസിനെ പോലും സമവായത്തിലേക്ക് എത്തിച്ചത്. പട്‌നയിലെ സമ്മേളനത്തെ ചരിത്ര പിറവിയെന്നാണ് മമത ബാനര്‍ജി വിശേഷിപ്പിച്ചത്. ഒന്നിക്കാനുള്ള സാധ്യതകള്‍ തട്ടിത്തെറിപ്പിച്ചതിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍  ഇത് ചരിത്രനിമിഷം തന്നെയാണ്. പല പ്രത്യയ ശാസ്ത്രങ്ങള്‍, പല ആദര്‍ശങ്ങള്‍, പല വിശ്വാസങ്ങള്‍,  ചില പാര്‍ട്ടികളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മോരും മുതിരയും പോലെ എന്നു തന്നെ പറയേണ്ടിവരും. ഇവരെ ഒന്നിപ്പിയ്ക്കുന്ന ഏക ഘടകം ബി.ജെ.പി. വിരുദ്ധതയാണ്, അതുമല്ലെങ്കില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കല്‍ ആണ്.  ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും ഉള്ള ആത്മാര്‍ത്ഥയും ആഗ്രഹത്തിന്റെ ആഴവും ആയുസും പോലെയിരിക്കും  വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഭാവിയും വിജയവും.

ആശയം മറന്നുള്ള ഐക്യപ്പെടലുകളുടെ ചരിത്രം

ലക്ഷ്യമാണ് പ്രധാനം ആശയങ്ങള്‍ അല്ലെന്ന് പ്രഖ്യാപിച്ച് കൊടിയുടെ നിറം നോക്കാതെ ഒരു ഐക്യപ്പെടല്‍ ഇതിന് മുമ്പ് സംഭവിച്ചത്‌ 2004-ല്‍ ആണ്. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് അഥവാ യു.പി.എ. എന്നായിരുന്നു ആ സഖ്യത്തിന്റെ പേര്. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യ കാര്‍മ്മികത്വം വഹിച്ച സഖ്യം സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് എത്തുകയും മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇടതുപക്ഷം ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികളായിരുന്നു അന്ന് സഖ്യത്തിലുണ്ടായിരുന്നത്. 2009-ല്‍  യു.പി.എ. മുന്നണിയ്ക്ക് ഒരു പിന്തുടര്‍ച്ചയുണ്ടായി പക്ഷേ, ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് കളമൊരുക്കിയാണ് രണ്ടാം യു.പി.എ. സര്‍ക്കാര്‍ അരങ്ങൊഴിഞ്ഞത്. കോണ്‍ഗ്രസിന് ബലം കുറയുകയും ഇടതുപക്ഷം നാമവശേഷമാവുകയും ചെയ്തതോടെ സഖ്യത്തിന് സാധ്യതകള്‍ പോലും ചര്‍ച്ച ചെയ്യാനാകാത്ത സാഹചര്യമായിരുന്നു പിന്നീടങ്ങോട്ട്.  

സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകള്‍

2024-ല്‍ നടക്കുന്ന ലോക്സഭ ഇലക്ഷനില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ടാര്‍ജറ്റ്‌. 450 സീറ്റുകളില്‍ ബി.ജെ.പിയ്ക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് നീക്കം. 543 ലോക്സഭ മണ്ഡലങ്ങളില്‍ 450 എണ്ണത്തിലെങ്കിലും പൊതുസ്ഥാനാര്‍ഥിയുണ്ടായാല്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ പല വഴിയ്ക്ക് പോകാതെ മഹാസഖ്യത്തിന്റെ പെട്ടിയില്‍ തന്നെ വീഴുമെന്നാണ് കണക്ക് കൂട്ടല്‍. പക്ഷേ, രാജ്യത്തിന്റെ പല ഭാഗത്തും പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യശത്രുക്കളാണ് ഒരു കുടക്കീഴില്‍ ബി.ജെ.പിയ്ക്കെതിരെ അണിനിരക്കാന്‍ പോകുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും ഏറ്റുമുട്ടുന്നു എന്ന് മാത്രമല്ല. വിശാല പ്രതിപക്ഷത്തിനോട് കേജ്രിവാള്‍ ഇതുവരെ രമ്യതപ്പെട്ടിട്ടില്ല. ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാനയില്‍ പ്രതിപക്ഷത്ത് ഇരിയ്ക്കുന്നത് കോണ്‍ഗ്രസാണ്. പഞ്ചാബില്‍ ഭരിക്കുന്നത് എ.എ.പിയും പ്രതിപക്ഷത്തിരിയ്ക്കുന്നത് കോണ്‍ഗ്രസുമാണ്. ഇവരെങ്ങനെ ലോക്സഭയിലേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തും എന്നതും ചോദ്യമാണ്. സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ പ്രതിസന്ധി കീറാമുട്ടിയായില്ലെങ്കില്‍ പ്രതിപക്ഷ ഐക്യത്തില്‍ പ്രതീക്ഷ വയ്ക്കാം. ഷിംലയില്‍ ചേരുന്ന വിശാല പ്രതിപക്ഷത്തിന്റെ അടുത്തയോഗത്തില്‍ ഇതു സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കും. 

കേരളത്തില്‍ പതിവുപോലെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാകും ഏറ്റുമുട്ടല്‍. ഇവിടെ  ബി.ജെ.പി. ഒരു പ്രധാന എതിരാളിയല്ലാത്തതിനാല്‍ കേരളത്തില്‍ പൊതുസ്ഥാനാര്‍ഥി ഫോര്‍മുല ഉണ്ടാവില്ല. പക്ഷേ, കേരളത്തില്‍ പരസ്പരം മത്സരിക്കുന്നു മറ്റിടങ്ങളില്‍ സഖ്യം എന്നത് ബി.ജെ.പി. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ ആയുധമാക്കുമെന്നുറപ്പ്‌. കോണ്‍ഗ്രസിന് സാധ്യതയുള്ള കര്‍ണാടക, രാജസ്ഥാന്‍, അസം, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കാം.  ഇവിടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന സീറ്റുകളുടെ എണ്ണം നിര്‍ണായകമാണ്.

ഡല്‍ഹിയിലും പഞ്ചാബിലും പൊതുസ്ഥാനാര്‍ഥിയുണ്ടാകുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ഇത് പക്ഷേ ആം ആദ്മി പാര്‍ട്ടിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. ബംഗാളില്‍ തൃണമൂല്‍ മത്സരിക്കാനുള്ള ഉദ്ദേശം മമത വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍, ഏതാനും സീറ്റുകളില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂല്‍ വിട്ടുനല്‍കുന്ന ഫോര്‍മുല ഉണ്ടായില്ലെങ്കില്‍ അവിടെ സഖ്യത്തിനുള്ള സാധ്യത അടയും .

ഇവിടെ ഇടതുപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാണ്. മമതയ്ക്ക് മുന്നില്‍ ഇടതുപക്ഷം വഴങ്ങുമോയെന്നത് നിര്‍ണായകമാണ്. മഹാരാഷ്ട്രയില്‍ നേരത്തെയുള്ള മഹാവികാസ് അഘാഡി സഖ്യം സീറ്റുകള്‍ വിഭജിച്ച് മത്സരിക്കും. ഒഡീഷ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി അവകാശ വാദമുന്നയിച്ചേക്കാം. യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയ്ക്കായിരിക്കും മേല്‍ക്കൈ.  

വിശാലസഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ 2019-ല്‍ നേടിയ സീറ്റുകള്‍

കോണ്‍ഗ്രസ് 52 സീറ്റ്. ഡി.എം.കെ.  24-ല്‍ 24-ലും നേടി. ടി.എം.സി. 19 സീറ്റ്. ജെ.ഡി.യു. 17-ല്‍ 16 ഇടത്ത് വിജയിച്ചു. എസ്.പി  36-ല്‍ 5 സീറ്റുകള്‍ നേടി. ഇടതുപക്ഷം 22-ല്‍ അഞ്ച് സീറ്റുകളും എന്‍.സി.പി. 20-ല്‍ അഞ്ചുമാണ് സ്വന്തമാക്കിയത്. ജെ.എം.എം. ഒന്നും  എ.എ.പി. ഒന്നും നേടി
 

വിശാലതയിലേക്കുള്ള ചര്‍ച്ചകളുടെ ദൂരം

നിതീഷ് കുമാര്‍ പ്രതിപക്ഷ ഐക്യത്തിനായി 13 തവണയാണ് യോഗങ്ങള്‍ സംഘടിപ്പിച്ചത്. മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, ലാലു യാദവ്, കേജ്രിവാള്‍, ഡി രാജ, സീതാറാം യച്ചൂരി, അഖിലേഷ് യാദവ്, നവീന്‍ പട്‌നായിക്‌, ഹേമന്ത് സോറന്‍, ഉദ്ദവ് താക്കറെ, ശരദ്‌പവാര്‍, എന്നിവരോടാണ് നേരിട്ട് സംസാരിച്ചത്. ഇതില്‍ രാഹുല്‍ ഗാന്ധിയും കേജ്രിവാളും ഒന്നിലേറെ തവണ നിതീഷിനെ കണ്ടു.

ശരദ്‌ പവാര്‍ മൊത്തം നാലു യോഗങ്ങളിൽ പങ്കെടുത്തു.  കബില്‍ സിബല്‍, ഡി. രാജ, രാം ഗോപാല്‍ യാദവ്, രാഹുല്‍ ഗാന്ധി എന്നിവരോട് ഒപ്പമായിരുന്നു കൂടിക്കാഴ്ച.

മമത ബാനര്‍ജി മൂന്ന് യോഗങ്ങളില്‍ പങ്കെടുത്തു.  നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്ക്, കുമാരസ്വാമി എന്നിവരുമായാണ് വിവിധ സമയങ്ങളില്‍ മമത ചര്‍ച്ച നടത്തിയത്.

അരവിന്ദ് കേജ്‌രിവാള്‍ അഞ്ച് യോഗങ്ങളില്‍ പങ്കെടുത്തു, ഉദ്ദവ് താക്കറെ, ശരദ്‌ പവാര്‍, ഹേമന്ത് സോറന്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി എന്നിവരുമായാണ് കേജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ നേതാക്കന്‍മാര്‍ ഐക്യത്തിനായി നന്നായി പണിയെടുത്തു. 

ആരാകും തലവന്‍

കുറഞ്ഞ പക്ഷം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും രാഹുല്‍ ഗാന്ധിയ്ക്ക് പകരം മറ്റൊരാളെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍  കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല. രാഹുലിലുള്ള കോണ്‍ഗ്രസിന്റെ ഈ ആത്മവിശ്വാസം മറ്റൊരു പാര്‍ട്ടിയ്ക്കും ഉള്‍കൊള്ളാന്‍ പോലും ആകുമായിരുന്നില്ല. പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള രാഹുല്‍ തന്നെ വിശാല പ്രതിപക്ഷത്തിന്റെ നേതാവാകണം എന്ന കോണ്‍ഗ്രസ് ശാഠ്യമാണ് സഖ്യ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പ്രഹരം സാഹചര്യം ഉള്‍കൊള്ളാന്‍  കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു. ഐക്യനിരയുടെ നേതൃസ്ഥാനം എന്ന കടുംപിടുത്തത്തില്‍നിന്ന് കോണ്‍ഗ്രസ് അയഞ്ഞു, രാഹുലും. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ ഈ ചുവടുമാറ്റമായിരുന്നു പ്രതിപക്ഷനിരയുടെ ഐക്യത്തിലേക്കുള്ള ആദ്യ ഗ്രീന്‍ സിഗ്നല്‍.

ആരാകും അടുത്ത നേതാവ് എന്നതാണ് ചോദ്യം, ആ ചോദ്യം ഒരു പ്രതിസന്ധിയാണ്. ഒറ്റയ്ക്ക് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച, തനിക്ക് താന്‍ പോന്ന മമതയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ വിശാലനിരയിലുണ്ട്.  ടി.ആര്‍.എസ് .നേതാവ് ചന്ദ്രശേഖര റാവുവിന്റെ പേര് ഇടക്കാലത്ത് കേട്ടിരുന്നു. പക്ഷേ തെലങ്കാനയില്‍ തിരിച്ചുവരവിന് കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടാല്‍ ചന്ദ്രശേഖര റാവു ബി.ജെ.പിയ്ക്ക് ഒപ്പം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ജെഡിയു നേതാവ് നിതീഷ് കുമാറും എന്‍.സി.പിയുടെ ശരത് പവാറും ആണ് പ്രതിപക്ഷ ഐക്യത്തിനായി ആഹോരാത്രം യത്‌നിച്ച നേതാക്കള്‍. അതിനാല്‍ തന്നെ ഇരുവര്‍ക്കും നറുക്കുവീഴാനുള്ള സാധ്യത ഏറെയാണ്. പക്ഷേ, ചരടുവലിയില്‍ ആരു ജയിക്കുമെന്നതാണ് മുഖ്യം. ബിഹാറില്‍ തേജസ്വിക്ക്  അധികാരം കൈമാറി നിതീഷ് വൈകാതെ പ്രതിപക്ഷ മുന്നണിയുടെ കണ്‍വീനറായി ഏകോപനത്തിലേക്ക് വരാനും സാധ്യതകള്‍ ഉണ്ട്. 2024-ല്‍  ഐക്യമുന്നണിയുടെ പ്രതീക്ഷകള്‍ പൂവണിഞ്ഞാല്‍ ഈ തലവന്‍ ആയിരിക്കും ഒരു പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടുക. അതുകൊണ്ട് മമത ഉള്‍പ്പെടെ വന്‍മരങ്ങളെല്ലാം കിണഞ്ഞു ശ്രമിക്കുമെന്നുറപ്പാണ്.

പ്രതീക്ഷ പകരുന്ന ദക്ഷിണേന്ത്യ

വിശാല പ്രതിക്ഷ ഐക്യത്തിന് ഏറ്റവും ശുഭാപ്തിവിശ്വാസം നല്‍കുന്നത്  ദക്ഷിണന്ത്യന്‍ സംസ്ഥാനങ്ങളാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വൻവിജയം നേടിയതോടെ ഈ ശുഭാപ്തിവിശ്വാസത്തിന് തിളക്കമേറി. ഈ വിജയം ഐക്യസാധ്യതകള്‍ക്കും അതോടൊപ്പം ഐക്യമുന്നണിയിലെ കോണ്‍ഗ്രസിന്റെ അനിവാര്യതയ്ക്കും ബലമേകി. 20-ല്‍ 19 നല്‍കിയാണ് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കേരളം കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്നത്. സൗജന്യങ്ങളും മികച്ച ഭരണവും കൊണ്ട് തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മികച്ച സ്‌കോറില്‍ മുന്നേറുകയാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ 2019 ഏറക്കുറേ ആവര്‍ത്തിച്ചേക്കാം.

ആന്ധ്രയില്‍ ഇനിയും വഴങ്ങാത്ത ജഗനെക്കൂടി വരുതിയിലാക്കിയാല്‍ ദക്ഷിണേന്ത്യ വിശാലസഖ്യത്തിന്റെ കയ്യില്‍ ഭദ്രമാണ്. തെലങ്കാനയില്‍ ജഗന്റെ സഹോദരി വൈ.എസ്. ശര്‍മ്മിള  ബംഗലൂരുവിലെത്തി ഡി.കെ. ശിവകുമാറിനെ കണ്ടത് തെലങ്കാന കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. തെലങ്കാന പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ വ്യക്തിപ്രഭാവും കൂടി ചേരുമ്പോള്‍ തെലങ്കാന കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്.താമസിയാതെ ഇതിനു ഫലവും കണ്ടു. മുൻമന്ത്രിമാരും എം.എൽ.എമാരും അടങ്ങുന്ന പന്ത്രണ്ട് പേരെങ്കിലും കോൺഗ്രസിലേക്കു ചാഞ്ഞുകഴിഞ്ഞു. ഒപ്പം രണ്ട് തവണ സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച് ചന്ദ്രശേഖര റാവു ആവശ്യത്തില്‍ കൂടുതല്‍ ഭരണവിരുദ്ധ വികാരം സ്വന്തമാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസ്സിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ട്‌.

കീറാമുട്ടിയായി കേജ്‌രിവാള്‍ 

ബി.ജെ.പിയെ തുരത്തണം ഇക്കാര്യത്തില്‍ അരവിന്ദ് കേജ്‌രിവാളിന് മറ്റൊരു അഭിപ്രായമില്ല. പക്ഷേ, വിശാല ഐക്യത്തിനോട് ഐക്യപ്പെടാന്‍ കേജ്‌രിവാളിന്  ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഡല്‍ഹി ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ്‌ എതിര്‍ക്കാതെ പ്രതിപക്ഷ ഐക്യത്തിനില്ല എന്നാണ് കേജ്‌രിവാളിന്റെ നിലപാട്. ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് തള്ളിപ്പറയുകയും രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും വേണം. ഇതില്‍ ഒരു തീരുമാനം ഉണ്ടാകാതെ പ്രതിപക്ഷ യോഗത്തിന് പോലുമില്ലെന്നാണ് കേജ്‌രിവാളിന്റെ ശപഥം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മറിച്ചായതിനാല്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഈ പ്രതിസന്ധി പരിഹരിക്കാതെ വിശാല സഖ്യത്തിന് മുന്നോട്ട് പോകാനാകില്ല. 

പ്രതീക്ഷകളിലേക്ക് നടന്ന് കയറി രാഹുലിന്റെ ഭാരത് ജോഡോ 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയുടെ ലക്ഷ്യങ്ങളിലൊന്ന് ഈ വിശാല ഐക്യത്തിലേക്ക് മുന്നണികളെ ചേര്‍ക്കലും കൂടിയായിരുന്നു. രാഹുല്‍ നടന്നു തീര്‍ത്ത വഴികളിലോരോന്നും വൈര്യം മറന്ന് പല പാര്‍ട്ടികളും തോളോട് തോള്‍ ചേര്‍ന്നു. തന്നെ വിശ്വസിക്കാതിരുന്ന നേതാക്കളും പാര്‍ട്ടികളും ഒടുവില്‍ രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ചു തുടങ്ങി. കാശ്മീരില്‍ രാഹുലിന്റെ യാത്രയുടെ സമാപന സമ്മേളന വേദി വിശാല ഐക്യത്തിന് ആദ്യ തിരികൊളുത്തി. 

ലക്ഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിയ്ക്കുന്നത്. ബി.ജെ.പിയെ താഴെയിറക്കാനുള്ള ആ  ലക്ഷ്യത്തിലേക്കുള്ള കടമ്പകള്‍ ഏറെയാണ്. ആ കടമ്പകള്‍ കടന്നുകിട്ടിയാല്‍ സഖ്യത്തിന്റെ പ്രതീക്ഷ പൂവണിയും. പക്ഷേ എല്ലാം പ്രവചനാതീതമാണ് കാരണം, രാഷ്ട്രീയമാണ്. അധികാരം ആരെയും മത്തുപിടിപ്പിക്കുന്ന ലഹരിയുമാണ്.