പട്ടാളത്തിന് അവിശ്വാസം, കടക്കെണി, ഇമ്രാനും രക്ഷയില്ല; പാകിസ്താന്‍ അടുത്ത ശ്രീലങ്കയോ...?


6 min read
Read later
Print
Share

ഒരുവശത്ത് കടം രൂക്ഷമായ വിലക്കയറ്റം. മറുവശത്ത് രാഷ്ട്രീയ അസ്ഥിരത. ശ്രീലങ്കയുടെ വഴിയിലാണോ പാകിസ്താനും. 

പാർലമെന്റ് മന്ദിരത്തിന് പുറത്ത സുരക്ഷാ ഗാർഡുകൾ | ഫോട്ടോ: എ.എഫ്.പി

മ്രാനും പുറത്തേക്കുള്ള വഴിയിലാണ്. ഡെപ്യൂട്ടി സ്പീക്കറെ വച്ചുള്ള കളിയില്‍ തത്കാലം രാജിയൊഴിവാക്കി രക്ഷപെട്ടു. അല്ലെങ്കില്‍ ഞായറാഴ്ച തന്നെ ഇമ്രാന്‍ സര്‍ക്കാര്‍ വീണേനെ. അവിശ്വാസ പ്രമേയം പരിഗണിക്കാതെ തള്ളി തിരഞ്ഞെടുപ്പ് നടത്താന്‍ ഇമ്രാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും വൈകാതെ പ്രസിഡന്റിന്റെ ഉത്തരവ് വന്നു. അവസാന നിമിഷത്തെ നാടകീയ നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി എന്ന നാണക്കേട് ഒഴിവാക്കി ഇമ്രാന്‍. അവസാന പന്തുവരെ പോരാടും എന്ന പ്രഖ്യാപനത്തിന്റെ അര്‍ഥം പ്രതിപക്ഷത്തിനും മനസ്സിലായത് അവിശ്വാസ പ്രമേയം കുട്ടയിലിട്ട നടപടി കണ്ടപ്പോഴാണ്. മൂന്നര വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഡീനോട്ടിഫൈ ചെയ്യപ്പെട്ടതോടെ അടുത്ത 15 ദിവസം കെയര്‍ ടേക്കര്‍ ആയിരിക്കും. അതുകഴിഞ്ഞ് വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ മുന്‍ കരസേന ജനറല്‍മാരില്‍ ആരെങ്കിലും ഒരാളോ കാവല്‍ പ്രധാനമന്ത്രിയായി വന്നേക്കാം.

പ്രതിപക്ഷവുമായി ധാരണയിലെത്തി കാലാവധി തീരാന്‍ കാത്തുനില്‍ക്കാതെ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തി പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അവസാന അടവ് പുറത്തെടുത്തത്. ക്രിക്കറ്റില്‍ ഇമ്രാന്‍ തന്ത്രശാലിയായ ക്യാപ്റ്റനായിരുന്നു. എല്ലാം തികഞ്ഞ ഓള്‍റൗണ്ടര്‍. ഒരു സാധ്യതയുമില്ലാതിരുന്ന ടീമിനെ ഒറ്റച്ചരടില്‍ കൊര്‍ത്ത് 92-ല്‍ പാകിസ്താനെ ലോകചാമ്പ്യന്മാരാക്കി അത്ഭുതം സൃഷ്ടിച്ചു. അതേ മികവ് പ്രധാനമന്ത്രി കസേരയില്‍ പക്ഷേ, ആവര്‍ത്തിക്കാനായില്ല. ജനപ്രീതി ഇടിഞ്ഞു. കടക്കെണിയും വിലക്കയറ്റവും രൂക്ഷം. ശ്രീലങ്കയുടെ അവസ്ഥ തുറിച്ചുനോക്കുന്നു.

ദേശീയ അസംബ്ലിളില്‍ 342 അംഗങ്ങള്‍. ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ വേണം. ഇമ്രാന്റെ പി.ടി.ഐ. 155. നാല് സഖ്യകക്ഷികള്‍ക്ക് എല്ലാം കൂടി 179. ഇങ്ങനെയാണ് ഇമ്രാന്‍ ഇതുവരെ ഭരിച്ചത്. പി.ടി.ഐയില്‍നിന്ന് ഒരു ഡസനോളം പേര്‍ ഇമ്രാനെ കൈയൊഴിഞ്ഞു. എം.ക്യു.എം. അടക്കം രണ്ട് കക്ഷികള്‍ പ്രതിപക്ഷ ചേരിയിലേക്ക് മാറി. പ്രതിപക്ഷത്ത് സ്ഥിരവൈരികളായ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗും ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും കൈകോര്‍ത്തു. ഇമ്രാനെ വീഴ്ത്തി നവാസിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനുള്ള അവരുടെ നീക്കം അമ്പേ പാളി. ഷഹബാസിനെ പിന്തുണക്കുമെന്ന് പി.പി.പിയുടെ ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

പട്ടാളം കൈവിട്ടു, ചരിത്രം ആവര്‍ത്തിക്കുന്നു

പട്ടാളത്തിന് അവിശ്വാസം വന്നാല്‍ പിന്നെ രക്ഷയില്ല. ഒരു പ്രധാനമന്ത്രിക്കും. പാകിസ്താന്റെ ചരിത്രമിതാണ്‌. ഒരു പ്രധാനമന്ത്രിയും ഇന്നേവരെ കാലാവധി തികച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും പട്ടാളത്തിനും കൃത്യമായ ഇടമുള്ള ഒരു തരം ഹൈബ്രിഡ് ഡെമോക്രസിയാണ് പാകിസ്താന്റേത്. ഭരണസിരാകേന്ദ്രം ഇസ് ലാമബാദ് ആണെങ്കിലും യഥാര്‍ഥത്തില്‍ ഭരണം നിയന്ത്രിക്കുന്നത് റാവല്‍പിണ്ടിയില്‍ പാക് സൈനിക ആസ്ഥാനമാണെന്ന് പറഞ്ഞാലും തെറ്റില്ല. എല്ലാക്കാലത്തും വിദേശ നയത്തിലും പ്രതിരോധത്തിലും പട്ടാളത്തിന്റേതാണ് അവസാന വാക്ക്.

കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ ഐ.എസ്‌.ഐ. മേധാവി സ്ഥാനത്ത് ഫായിസ് ഹമീദിനെ മാറ്റി ലഫ് ജനറല്‍ നദീം അന്‍ജുമിനെ നിയമിക്കാന്‍ തുനിഞ്ഞതും ഇമ്രാന്‍ വഴങ്ങാതിരുന്നതും മുതലാണ് പട്ടാളവുമായുള്ള ബന്ധം ഉലഞ്ഞത്. ബാജ്‌വയുടെ കണ്ണിലെ കരടായിരുന്നു ഫാസീസ്. താലിബാന്‍ അഫ്ഗാനില്‍ അധികാരം തിരികെ പിടിച്ച ചടങ്ങിലെ ഫായീസിന്റെ സാന്നിധ്യം ലോകം കണ്ടതാണ്. ഇമ്രാന്‍ ബാജ്‌വയുടെ പിന്‍ഗാമിയായി കണ്ടിരുന്നത് ഫായിസ് ഹമീദിനെയാണ്. അത് തിരിച്ചറിഞ്ഞാണ് ബാജ്‌വ കളി മാറ്റി കളിച്ചത്. ബാജ്‌വയുടെ കാലാവധി ഇമ്രാന് നീട്ടിക്കൊടുക്കേണ്ടി വന്നതും പ്രതിപക്ഷ സമ്മര്‍ദത്തിലാണ്. പട്ടാളവുമായുള്ള നല്ല ബന്ധമാണ് നവാസ് ഷെരീഫിന് മൂന്നുതവണയായി ഒമ്പത് വര്‍ഷം ഭരിക്കാനായത്. അതില്‍ രണ്ട് തവണയും പട്ടാളത്തിന്റെ അനിഷ്ടം വിനയായി. അതും ഐ.എസ്‌.ഐ. മേധാവിമാരുടെ നിയമനത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

പല മുതിര്‍ന്ന ജനറല്‍മാരേയും മറികടന്ന് മുഷ്‌റഫിനെ അവരോധിക്കുകയും അതേ മുഷ്‌റഫ് പിന്നീട് നവാസ് ഷെരീഫിനെ അട്ടിമറിച്ച് അധികാരം പടിച്ചതും ഭരിച്ചതും ചരിത്രം. മുഷ്‌റഫിന്റെ അപകടം മനസ്സിലാക്കി അദ്ദേഹത്തിന്റെ വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതെ നീക്കാന്‍ തുനിഞ്ഞ നവാസിനെതിരെ തിരിച്ചടിച്ച മുഷ്‌റഫ് സ്ഥാനഭ്രഷ്ടനാക്കുകയും പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ നവാസ് ഷെരീഫിനെ സുപ്രീം കോടതിയാണ് പുറത്താക്കിയത്. അതിന് മുമ്പ്, വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ ജനറല്‍ സിയ ഉള്‍ ഹക്ക് പുറത്താക്കി അധികാരത്തിലേറി. ജനത്തെ അണിനിരത്തിയ ഭൂട്ടോയെ പഴയൊരു കേസ് കുത്തിപ്പൊക്കി കുറ്റവിചാരണ ചെയ്ത് തൂക്കിലേറ്റിയാണ് സിയ പകരം വീട്ടിയത്. മോദിയെ കണ്ട് നവാസ് ഷെരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പാളം തെറ്റിച്ചത് സൈന്യമാണ്.

വിലക്കയറ്റം കടക്കെണി

ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ച പാകിസ്താനെ തുറിച്ചുനോക്കുന്നു. കടക്കെണി രൂക്ഷമാണ്. ഇറക്കുമതി കുത്തനേ കൂടി. കയറ്റുമതിയെ അപേക്ഷിച്ച് 16 ശതമാനത്തോളമാണ് വർധിച്ചത്‌. സഹായത്തിന് പലപ്പോഴും അഭയം സൗദിയാണ്. പക്ഷേ ഐ.എം.എഫ്. നല്‍കുന്ന സോഫ്റ്റ് ലോണുകള്‍ പോലെയല്ല, പലിശ കൂടുതലാണ്. ചൈന-പാക് സാമ്പത്തിക ഇടനാഴിയിലൂടെ മാത്രം 640 കോടി ഡോളറന്റെ കടം കയറി കല്‍ക്കരി ഇറക്കുമതി വലിയ ബാധ്യതയായി. വില കുത്തനേ കൂടി. ഊര്‍ജ പ്രതിസന്ധിയും സിമന്റിന്റെ കുറവും അടുത്ത ആഴ്ചകളില്‍ രൂക്ഷമാകാം. അതോടെ പണപ്പെരുപ്പം വീണ്ടും കൂടാം.

ഈ സാമ്പത്തിക വര്‍ഷം വ്യാപാര കമ്മി 2800 കോടി ഡോളര്‍ കണക്കുകൂട്ടിയത് എട്ട് മാസമായപ്പോള്‍ തന്നെ 3200 കോടി ഡോളര്‍ കവിഞ്ഞു. ജൂണോടെ ഇത് 5000 കോടി ഡോളറില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല. ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കില്‍ 700 കോടി ഡോളറായി വിദേശനാണ്യശേഖരം കുറഞ്ഞേക്കാം. കോടീശ്വരന്മാരുടെ വെളിപ്പെടുത്താത്ത നിക്ഷേപം, അത് വെളിപ്പെടുത്താതെ പുതിയ വ്യവസായത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്‍ അധികാരത്തിലെത്തിയ ശേഷം രൂപയുടെ മൂല്യം പകുതിയോളം ഇടിഞ്ഞു. ചെറിയ രാജ്യമായ കസാഖിസ്ഥാനോട് പോലും കടം ചോദിക്കുന്ന സ്ഥിതി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ വാടകയ്ക്ക് കൊടുത്തു.

ചൈന തന്ത്രപ്രധാന പങ്കാളി. പക്ഷേ, കടം പെരുകുന്നു. കടം നല്‍കി കീഴടക്കുന്ന അതേ DEBT TRAP DIPLOMACY ചൈനീസ് നയം. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. ബോംബാക്രമണങ്ങള്‍ പതിവായിരുന്ന കാലത്താണ് ചൈനീസ് പ്രസിഡന്റ് 2013-ല്‍ സാമ്പത്തിക ഇടനാഴിക്ക് തുടക്കം കുറിക്കുന്നത്. പവര്‍കട്ടും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി പ്രതിസന്ധി കാലത്തായിരുന്നു ഈ സഹായം. ഒമ്പത് വര്‍ഷം കൊണ്ട് ആ സ്വാധീനം വര്‍ധിച്ചു. ചൈന-പാക് ഇടനാഴിക്ക് തുടക്കമിട്ട 2013-ല്‍ 4435 കോടി ഡോളായിരുന്ന ആ കടം ഇപ്പോള്‍ 10,000 കോടി ഡോളറോളമാണ്. ആകെ വിദേശകടത്തിന്റെ 30 ശതമാനത്തോളം ചൈനയ്ക്ക് മാത്രമാണ്. പതിവ് പവര്‍ക്കട്ട് ഒരുപരിധി വരെ ഒഴിവാക്കിയത് ചൈനീസ് സഹായത്തില്‍ ഊര്‍ജോത്പാദനം വര്‍ധിപ്പിച്ചാണ്. റോഡ് ശൃംഖലയില്‍ വലിയ സഹായം കിട്ടി. 2016-ല്‍ പാക് ഓഹരി വിപണിയിലെ 40 ശതമാനം ഓഹരികള്‍ ചൈനീസ് കണ്‍സോര്‍ഷ്യത്തിന് വിറ്റു. 2018-ല്‍ ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യല്‍ 19 കോടി ഡോളര്‍ നിക്ഷേപിച്ച് പാകിസ്താന്റെ ടെലിനോര്‍ മൈക്രോ ഫിനാന്‍സ് ബാങ്കിന്റെ 45 ശതമാനം ഓഹരി എടുത്തു. ഇതുകൂടാതെ ഫൈസലബാദില്‍ സെല്‍ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ക്കുകയും ചെയ്തു.

ഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്

ഇമ്രാന്‍ 'നയാ പാകിസ്താന്‍' വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്. പട്ടാളം കൃത്യമായി ഇമ്രാന് വഴിയൊരുക്കി. അധികാരത്തിലെത്തി അഴിമതിക്കെതിരെ ചില നടപടികളും എടുത്തു. ഷെരീഫിന്റെ കാലത്ത് വാങ്ങിയ 100-ഓളം ആഡംബര കാറുകളാണ് ലേലത്തില്‍ വിറ്റത്. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വരെ. നവാസിന്റെ കാലത്തെ നാല് ഹെലിക്കോപ്ടറുകളും വിറ്റു. വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്താന്‍ സൗദിയില്‍നിന്ന് വികസന ഫണ്ട് വാങ്ങാന്‍ 300 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടത് കഴിഞ്ഞ നവംബറിലാണ്. ഐ.എം.എഫില്‍നിന്ന് 2013-ലും 2016-ലും 2018-ലും വിദേശസഹായം തേടി. പുറമെ എ.ഡി.ബിയില്‍നിന്നും ചൈനയില്‍നിന്നും യു.എ.ഇയിൽനിന്നും. സൗദിയാണ് കൈയയച്ച് സഹായിച്ചത്. 2018-ലെ ബെയ്ല്‍ ഔട്ട് പാക്കേജിന്‌ ഐ.എം.എഫ്. ഉപാധിവച്ചത് ബജറ്റ് കമ്മി കുറയ്ക്കണം, നികുതി, ബാങ്കിങ് രംഗത്തെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയാണ്‌. ഒന്നും നടന്നില്ല

2018-ല്‍ ഇമ്രാന്‍ അധികാരമേറ്റ ശേഷം ഭരണപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചരക്ക് ഇടനാഴി പദ്ധതിയില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. രാജ്യത്ത് പണപ്പെരുപ്പം കുത്തനേ കൂടി. ഇമ്രാനെതിരെ വികാരം ശക്തമായി. ജനുവരിയില്‍ ഭക്ഷ്യവിലപ്പെരുപ്പം 23 ശതമാനമായി. 2022 ഫെബ്രുവരിയിലെ എ.ഡി.ബി. റിപ്പോര്‍ട്ട് പ്രകാരം പാകിസ്താനാണ് ലോകത്ത് lowest trade to GDP ratio ഉള്ളത്. 863 കോടി ഡോളര്‍ വിദേശ വായ്പ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തിരിച്ചടയ്ക്കാനുണ്ട്. വ്യാപാര കമ്മി കൂടുമ്പോഴും 300 കോടി ഡോളര്‍ സൗദിയില്‍നിന്നും ഐ.എം.എഫില്‍നിന്നും കിട്ടിയ 200 കോടി ഡോളറും യൂറോ ബോണ്ടില്‍നിന്ന് ലഭിച്ച 100 കോടി ഡോളറും കഴിഞ്ഞ ജൂലായ്-ഡിസംബര്‍ കാലത്ത് സഹായമായി വന്നു.

പ്ലേബോയ് ഇമേജും ക്രിക്കറ്റ് ഓള്‍റൗണ്ടറും

പഠനത്തിനായി ഓക്‌സ്ഫഡിലെത്തി ഫിലോസഫിയിലും രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ ഇമ്രാന്‍ ഇംഗ്ലണ്ട് കാലത്ത് പെണ്‍കുട്ടികളുടെ ഒരു ഹരമായിരുന്നു. പ്ലേബോയ് ഇമേജില്‍നിന്ന് പിന്നീട് ക്രിക്കറ്റിന്റെ പിച്ചിലാണ് ഇമ്രാന്‍ തിരികെ നാട്ടിലെത്തിയത്. 70-കളില്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറി വൈകാതെ ടീമിന്റെ നായകനായി. 79, 83, 87 വർഷങ്ങളിൽ മൂന്നു തവണ ലോകകിരീടം ലക്ഷ്യമിട്ടു. നേടാനായില്ല. ഒരുഘട്ടത്തില്‍ ക്യാപ്റ്റന്‍സിയും വിട്ട് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോയ ഇമ്രാനെ സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ് പിടിച്ചുനിര്‍ത്തിയത്. അതേ ഇമ്രാനാണ് 1992-ല്‍ ആരും പ്രതീക്ഷ കല്‍പിക്കാതിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോകകിരീടം ഉയര്‍ത്തിയത്. ലാഹോറില്‍ അമ്മയുടെ പേരില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിച്ചാണ് ഇമ്രാന്‍ ക്രിക്കറ്റില്‍ നിന്ന് ജീവകാര്യുണത്തിലേക്ക് എത്തിയത്. അവിടെനിന്ന് 96-ലാണ് തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി ഉണ്ടാക്കിയത്. പി.പി.പിയുടേയും പി.എം.എല്ലിന്റെയും ആധിപത്യം കാലത്തായിരുന്നു ഈ നീക്കം. 2002-ല്‍ പാര്‍ലമെന്റ് അംഗമായി. 2013-ല്‍ ദേശീയ അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. 2014-ല്‍ വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഷെരീഫ് ജയിച്ചതെന്ന് ആരോപിച്ച് ലാഹോറില്‍നിന്ന് ഇസ്ലാമബാദിലേക്ക് റാലി നടത്തി. 22 വര്‍ഷമായി കൊണ്ടുനടന്ന സ്വപ്‌നം. പ്രധാനമന്ത്രി പദം 2018-ലാണ് ഇമ്രാന് കരഗതമായത്. ഇസ്ലാമിക ക്ഷേമരാഷ്ട്രമായിരുന്നു വാഗ്ദാനം.

42 വര്‍ഷം ബാച്ചിലറായി അടുത്ത 23 വര്‍ഷത്തിനിടെ മൂന്നു വിവാഹം കഴിച്ചു. ആദ്യം ജെമീമ ഗോള്‍ഡ്‌സ്മിത്ത്. ബ്രിട്ടീഷ് കോടീശ്വരന്റെ മകള്‍. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം. വിവാഹമോചനം. തുടര്‍ന്ന് ടി വി അവതാരക റെഹാം ഖാനെ ജീവിത സഖിയാക്കി. പക്ഷേ 10 മാസം മാത്രമേ അത് നീണ്ടുള്ളൂ. വിവാഹ ബന്ധം വേര്‍പെടുത്തിയ റെഹാം ഖാന്‍ എഴുതിയ പുസ്തകത്തില്‍ ഇമ്രാന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും കൊക്കൈന്‍ ഉപയോഗവും അടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായി. 2018-ല്‍ ആത്മീയ ഗുരുവായ ബുഷറ ബീബിയെ വിവാഹം കഴിച്ചു. 'ലിബാന്‍ ഖാന്‍' എന്നാണ് ഇമ്രാനെ പി.പി.പി. പരിഹസിച്ചത്.

ന്യൂസിലന്‍ഡില്‍ ബെല്ലും ബ്രിട്ടനില്‍ ഡഗ്ലസും ഫിജിയില്‍ കാമിസെ മാരയും കഴിഞ്ഞാല്‍ ക്രിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയത് ഇമ്രാനാണ്. പക്ഷേ ആദ്യ മൂന്നു പേരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മാത്രമാണ് കളിച്ചത്. ഔട്ട് സ്വിങ്ങും ഇന്‍സ്വിങ്ങും യോര്‍ക്കറും എല്ലാം വിജയകരമായി പരീക്ഷിച്ച ഇമ്രാന് പക്ഷേ, രാഷ്ട്രീയ ഇന്നിങ്‌സിന്റെ ആദ്യ ടേം പൂര്‍ത്തിയാക്കാനാകുന്നില്ല. ഇമ്രാന്റെ ഉറപ്പായ ആ രാജിയില്‍ സുപ്രീം കോടതിയാണ് ഇനി തീര്‍പ്പ് കല്‍പിക്കുക.

Content Highlights: pakistan crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dollar
Premium

4 min

ഡോളറിനെ 'അവഗണിക്കാന്‍' രാഷ്ട്രങ്ങള്‍; അവസാനിക്കുമോ അപ്രമാദിത്വം? കളം പിടിക്കാന്‍ രൂപയും!

May 25, 2023


Nirmala, Balagopal
Premium

3 min

10 വർഷത്തിനിടെ കേന്ദ്രം നൽകിയത് 2 ലക്ഷം കോടി, ജി.എസ്.ടിയിൽ നേട്ടം ഉണ്ടാക്കാനാവാതെ കേരളം

Feb 14, 2023


mani

5 min

മധ്യകേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കോ? യു.ഡി.എഫിന് നഷ്ടമെത്ര? ഇടതിന് നേട്ടമെത്ര?

Jul 4, 2020

Most Commented