Crypto Pollution | അന്തരീക്ഷത്തെ കരിപിടിപ്പിച്ച് ബിറ്റ്‌കോയിന്‍


ബി.എസ്.ബിമിനിത്

ആദ്യകാലത്ത് മാര്‍ക്കറ്റില്‍ ആയിരക്കണക്കിനോ ലക്ഷമോ ആയിരുന്നു ബിറ്റ്‌കോയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് രണ്ട് ദശലക്ഷത്തോളം വരും.

Aerial view of energy extraction at the La Geo Geothermal Power Plant, El Salvador.

ന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാത്ത ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ എങ്ങനെയാണ് അന്തരീക്ഷത്തിലേക്ക്‌ ഇത്രയേറെ കാര്‍ബണ്‍ വാതകങ്ങള്‍ പുറംതള്ളാന്‍ കാരണമാകുന്നത്?. ഈ അടുത്ത കാലം വരെ ലോകത്തുള്ള ബിറ്റ്കോയിന്‍ നെറ്റ്വര്‍ക്കിന്റെ 65 ശതമാനവും കൈകാര്യം ചെയ്ത ചൈന, സ്വന്തം നാട്ടില്‍ ബിറ്റ്കോയിന്‍ മൈനിങ് നിര്‍ത്താന്‍ പറഞ്ഞതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. അതോടെയാണ്‌ തൊട്ടടുത്തു കിടക്കുന്ന കസാഖിസ്താനിലേക്കും അമേരിക്കയിലേക്കുമൊക്കെ ചൈനയില്‍ പടര്‍ന്നു പന്തലിച്ച 'മൈനിങ് വ്യവസായം' ചേക്കേറിയത്. ചൈന ചെയ്തത് ആ ധനികരാജ്യവും ദരിദ്ര രാജ്യവും ചെയ്യാതിരുന്നിടത്താണ് ആ പുത്തന്‍ മലിനീകരണ പ്രതിസന്ധി കൂടുതല്‍ ഗൗരവതരമാകുന്നത്. അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലും, പ്രതിനിധികള്‍ യു.എസ് കോണ്‍ഗ്രസിലും ബിറ്റ്കോയിനുണ്ടാക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിയും മലിനീകരണവും തടയണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്ന ഈ കാലത്ത് ബിറ്റ്കോയിന്റെ സാമ്പത്തിക വശത്തിനപ്പുറം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പലതാണ്.

Bitcoin mining
ബിറ്റ്‌കോയിന്‍ മൈനിങ് റിഗ്ഗുകള്‍

വെറും പത്തുവര്‍ഷം കൊണ്ട് അറുപത്തയ്യായിരം ഇരട്ടി മൂല്യം ഉയര്‍ന്ന മറ്റൊരു നാണയവും ലോകത്തുണ്ടാകില്ല. 2011 ല്‍ വെറും ഒരു ഡോളര്‍ വിലയുണ്ടായിരുന്ന ബിറ്റ്കോയിന് 2021 ല്‍ വില 65000 ഡോളറായി. സതോഷി നകാമോട്ടോ (Satoshi Nakamoto) എന്ന മുഖമില്ലാത്ത മനുഷ്യന്‍ (മനുഷ്യര്‍?) 2008 ല്‍ ലോകത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്ത ഈ ഇന്റര്‍നെറ്റ് പണം വെറുതെ ഒരു ക്രേസിന് ഉണ്ടാക്കിക്കളിച്ച ടെക്കികളില്‍ പലരും ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി. ബിറ്റ്കോയിന്‍ ട്രാന്‍സാക്ഷനുകളില്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം ബിറ്റ്കോയിന്‍ തന്നെയാണ് എന്നത് ആ മേഖലയുടെ ഗ്ലാമര്‍ കൂട്ടി. എല്ലാ അപകടങ്ങളുടേയും തുടക്കം ഈ ബംബര്‍ താരമൂല്യമായിരുന്നു.

study

2009 ല്‍ ബിറ്റ്‌കോയിന്‍ പിച്ചവെച്ചു നടന്നു തുടങ്ങിയ കാലത്ത് ഒരു കോയിന്‍ സംഘടിപ്പിക്കാന്‍ വീട്ടിലെ ഒരു കമ്പ്യൂട്ടര്‍ ധാരാളം മതിയായിരുന്നു. 12 വര്‍ഷത്തിനിപ്പുറം അതല്ല സ്ഥിതി. കഴിഞ്ഞ വര്‍ഷത്തെ ഏകദേശ കണക്കനുസരിച്ച് ഒറ്റ ബിറ്റ്കോയിന്‍ ട്രാന്‍സാക്ഷന് ശരാശരി 1719.51 കിലോവാട്ട് വൈദ്യുതി വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ഡിജികണോമിസ്റ്റ് എന്ന ക്രിപ്റ്റോകറന്‍സി അനലറ്റിക്സ് സൈറ്റ് പറയുന്നത് ശരിയാണെങ്കില്‍ അനുബന്ധ വൈദ്യുത ചെലവുകളെല്ലാം ചേര്‍ത്ത് 2,106.37 കിലോവാട്ട് വൈദ്യുതി വരെ ഒരു ബിറ്റ്കോയിന്‍ ട്രാന്‍സാക്ഷന് വേണ്ടിവരും. അതായത് ഒരു സാധാരണ അമേരിക്കന്‍ വീട്ടില്‍ 72 ദിവസം ഉപയോഗിക്കുന്ന അത്രയും വൈദ്യുതി. അന്ന് വീട്ടിലെ കമ്പ്യൂട്ടറിന്റെ സ്ഥാനത്ത് ഇന്ന്​ വിശാല മൈതാനത്തേക്കാള്‍ വലിപ്പമുള്ള ബിറ്റ്‌കോയിന്‍ മൈനിങ് കേന്ദ്രങ്ങള്‍ പലതും ഒരേപോലെ പണിയെടുക്കണം. അതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സ്രോതസ്സാണ് വിഷയം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് (Global cryptoasset benchmarking study 2020) 122.87 ടെറാവാട്ട് വൈദ്യുതിയാണ് ബിറ്റ്കോയിന്‍ വിനിമയങ്ങള്‍ക്കായി ഒരു വര്‍ഷം വേണ്ടത്. അതായത് അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും യു.എ.ഇയുമൊക്കെ ഒരു വര്‍ഷം ഉപയോഗിക്കുന്നതിലേറെ വൈദ്യുതി. അതുമല്ലെങ്കില്‍ ഐടി ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും ആപ്പിളും മൈക്രോസോഫ്റ്റും ഒന്നിച്ചു ചേര്‍ന്ന് ഒരു വര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ വൈദ്യുതി. ബിറ്റ്‌കോയിന്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന 39 ാമത്തെ രാജ്യം അതാകുമായിരുന്നു. കുറഞ്ഞ ചെലവില്‍ കിട്ടുന്ന വൈദ്യുതി തേടി ബിറ്റ് കോയിന്‍ മൈനിങുകാര്‍ ഓടിത്തുടങ്ങിയപ്പോള്‍ മുതലാണ് നമ്മുടെ ശ്വാസവായു കൂടുതല്‍ കരിപുരണ്ടു തുടങ്ങിയത്. ലോകത്തിന് അത്ര പെട്ടെന്നൊന്നും പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഈ ബിറ്റ്കോയിന്‍ മൈനിങ്ങുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍.

...

ബിറ്റ്കോയിന്‍ മൈനിങ്ങിനുപയോഗിക്കുന്ന വൈദ്യുതിയുടെ 39 ശതമാനം മാത്രമേ സോളാര്‍ അടക്കമുള്ള പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് വരുന്നുള്ളൂവെന്നാണ് കേംബ്രിഡ്ജ് പഠനം പറയുന്നത്. ബഹുഭൂരിപക്ഷവും ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ബിറ്റ്‌കോയിന്‍ മൈനിങ്ങിന് ഉപയോഗിക്കുന്നത്. വായു മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരി ഉപയോഗിച്ചുള്ള താപ വൈദ്യുത നിലയങ്ങളേയാണ് 38 ശതമാനവും. പ്രകൃതി വാതകം വേറെ. 2015 നും 2021 നും ഇടക്ക് ആറുവര്‍ഷം ബിറ്റ്കോയിന്‍ വിനിമയങ്ങള്‍ക്ക് വേണ്ടിവന്ന വൈദ്യുതിയുടെ അളവില്‍ 62 ഇരട്ടിയോളം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ബിറ്റ്കോയിന്റെ ചരിത്രത്തില്‍ സുപ്രധാന നേട്ടങ്ങളുണ്ടാക്കിയ കഴിഞ്ഞ വര്‍ഷം മാത്രം ഇതിന്റെ മുന്നിരട്ടി വൈദ്യുതി ഉപയോഗമുണ്ടായിട്ടുണ്ടാകുമെന്നാണ് കണക്ക്. പ്രതിസന്ധി തുടങ്ങുന്നത് അവിടെ നിന്നാണ്.

ചൈനയില്‍ സംഭവിച്ചത്

2020 മെയ്മാസം വരെ വരെ ലോകത്താകെ നടക്കുന്ന ബിറ്റ്കോയിന്‍ ഇടപാടുകളുടെ ഏതാണ്ട് 44ശതമാനവും കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. ജലവൈദ്യുത നിലയങ്ങളില്‍ നിന്നും കല്‍ക്കരി നിലയങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ വൈദ്യുതി കിട്ടുമെന്നതായിരുന്നു ചൈനയിലേക്ക് ബിറ്റ്കോയിന്‍ മൈനര്‍മാരെ ആകര്‍ഷിച്ച പ്രധാന ഘടകം. രാജ്യത്തെ വൈദ്യുത ഉത്പാദനത്തിന്റെ 60 ശതമാനവും കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ നിന്നായിരുന്നു. ചൈനയിലെ യുനാന്‍ സിചുവാന്‍ പ്രവിശ്യകളില്‍ നിരവധി ബിറ്റ്കോയിന്‍ മൈനിങ്ങ് ഫാക്ടറികള്‍ ഉയര്‍ന്നു വന്നു. ചൈനയില്‍ ക്രിപ്റ്റോകറന്‍സി വ്യവസായം തഴച്ചു വളരുന്നത് രാജ്യത്ത് കടുത്ത ഊര്‍ജ്ജ ക്ഷാമമുണ്ടാക്കുമെന്നും അത് കൂടുതല്‍ കല്‍ക്കരി കത്തിക്കേണ്ട അവസ്ഥിയിലേക്ക് എത്തിച്ചേരുമെന്നും മനസ്സിലാക്കിയതോടെയാണ് ബിറ്റ്കോയിന് എതിരെ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. 2060 ഓടെ ഷി ജിന്‍പിങ് സര്‍ക്കാര്‍ കാര്‍ബന്‍ ന്യൂട്രല്‍ ചൈന എന്ന ലക്ഷ്യം കൂടി പ്രഖ്യാപിച്ചപ്പോള്‍ ചൈന ബിറ്റ്‌കോയിനെ കൈവിടാന്‍ തീരുമാനിച്ചു.

Bitcoin

സര്‍ക്കാര്‍ ബിറ്റ്കോയിന്‍ മൈനിങ്ങിനെതിരെ തിരിഞ്ഞപ്പോള്‍ ആ സ്ഥാപനങ്ങളെല്ലാം പണിസാധനങ്ങളെല്ലാം പെട്ടിയിലാക്കി നാടുവിട്ടു. അതില്‍ നല്ലൊരു ഭാഗം അതിര്‍ത്തി കടന്ന് കസാഖിസ്താനിലത്തി. കുറച്ചധികം റഷ്യയിലേക്കു കൊണ്ടുപോയി. അതിലേറെ പേരെ ടെക്‌സാസുപോലെ അമേരിക്കയിലെ പല സ്റ്റേറ്റുകളും സ്വീകരിച്ചു. ആല്‍ബര്‍ട്ട പോലെ കാനഡയിലെ പല സ്ഥലങ്ങളിലും ബിറ്റ്‌കോയിന്‍ ഖനന കേന്ദ്രങ്ങളുണ്ടായി. അങ്ങനെ ബിറ്റ്കോയിന്‍ എന്ന കാണാ നാണയത്തിനായി കല്‍ക്കരി കൂടുതല്‍ കത്തിത്തുടങ്ങി. നിലവില്‍ ആകെ ബിറ്റ്കോയിന്‍ ഇടപാടുകളുടെ 35 ശതമാനവും കൈകാര്യം ചെയ്യുന്നത് അമേരിക്കയിലാണ്. 18.1 ശതമാനം കൈകാര്യം ചെയ്യുന്ന കസാഖിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങള്‍ രണ്ടും ഇപ്പോഴും വൈദ്യുതിക്കായി ഫോസില്‍ ഇന്ധനങ്ങളെ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളാണ്.

ക്രിപ്‌റ്റോകറന്‍സിക്ക് എന്തിനാണ് ഇത്രയേറെ വൈദ്യുതി?

കോയിനില്ല, അതുകൊണ്ട് അതുണ്ടാക്കേണ്ട ചിലവില്ല. കടലാസ് കറന്‍സിയല്ല, അതുകൊണ്ട് മരം വെട്ടി നശിപ്പിക്കേണ്ട. സര്‍വം ഡിജിറ്റലായതുകൊണ്ട് കുറച്ച് ഭീതിയുണ്ടെങ്കിലും ഈ കടലാസ് രഹിത കാലത്ത് ആ ഭീതിയൊരു ഭീതിയല്ല. ബിറ്റ്കോയിനുകളുടെ ഗുണഗണങ്ങളേക്കുറിച്ച് നൂറുനാവില്‍ പറയുന്നവരാരും ലോകത്ത് ഒരാളുടേയും നിയന്ത്രണത്തിലല്ലാത്ത ഈ ബിറ്റ്കോയിന്‍ കൈമാറ്റം ചെയ്യാന്‍ ചെലവാകുന്ന ഊര്‍ജ്ജത്തേക്കുറിച്ച് ഇത്രയൊന്നും ചിന്തിച്ചു കാണില്ല.

statue
സതോഷി നാകോമൊടോയുടെ പ്രതീകാത്മക ശില്പം

സതോഷി നകാമൊടോ 21 മില്യണ്‍ ബിറ്റ്കോയിനാണ് ഉണ്ടാക്കിവച്ചിരിക്കുന്നത്. അതൊരു സെര്‍വര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവച്ചിരിക്കുകയൊന്നുമല്ല. ഒരു സ്ഥലത്ത് വെക്കാതെ പല സെര്‍വറുകളിലായി ചിതറിക്കിടക്കുന്ന ലെഡ്ജറുകളിലാണ് ബിറ്റ്കോയിന്റെ കണക്കുള്ളത്. ഒരു ബിറ്റ്കോയിന്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി നല്‍കണമെങ്കില്‍ ഈ സെര്‍വറുകളിലൊക്കെ പണി നടക്കണം. ലോകത്തിന്റെ പല മൂലകളിലുള്ള കാക്കത്തൊള്ളായിരം സെര്‍വറുകളെ നിഗൂഢമായ കണക്കുകളുപയോഗിച്ചാണ് ബന്ധിപ്പിക്കണം. പ്രൂഫ് ഓഫ് വര്‍ക്ക് (PoW) എന്നറിയപ്പെടുന്ന കണക്കിലെ കളിയില്‍ വിജയിച്ചാലേ ബിറ്റ്കോയിന്‍ വിനിമയം നടക്കുകയുള്ളൂ. ഓരോ വിനിമയവും ബ്ലോക്കുകളായാണ് രേഖപ്പെടുത്തുക. ആ രേഖപ്പെടുത്തല്‍ പൂര്‍ത്തിയാകണമെങ്കില്‍ ഒരുപാട് വിവരങ്ങള്‍ ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്. അതു പൂര്‍ത്തിയാക്കണമെങ്കില്‍ നിരവധി കമ്പ്യൂട്ടറുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. ആയിരക്കണക്കിന് മൈനര്‍മാര്‍ മത്സരബുദ്ധിയോടെ പ്രയത്നിക്കണം.

.

ആ യത്നം വിജയമായാല്‍ നകാമോട്ടോ ഉണ്ടാക്കിവെച്ചിരിക്കുന്ന 21 മില്യണ്‍ ബിറ്റ്കോയിനുകളില്‍ നിന്ന് നിശ്ചിത എണ്ണം പ്രതിഫലമായി ലഭിക്കും. ഈ പരിപാടിയാണ് ബിറ്റ്കോയിന്‍ മൈനിങ്. മൈനിങ്ങ് എന്നാല്‍ ഖനനം. ബിറ്റ്‌കോയിന്‍ മൈനിങ് എന്നു പറഞ്ഞാല്‍ നകാമോട്ടോ ഉണ്ടാക്കിവെച്ച വാലറ്റില്‍ നിന്ന് ബിറ്റ്‌കോയിനുകള്‍ ഖനനം ചെയ്‌തെടുക്കുക എന്നു ചുരുക്കം. കൈയില്‍ കിട്ടിയാല്‍ പിന്നീടത് ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മൈനിങ്ങിലൂടെ അതിന്റെ 90 ശതമാനവും മാര്‍ക്കറ്റിലിറങ്ങിക്കഴിഞ്ഞു- 2021 ഡിസംബര്‍ വരെ 18.89 മില്യണ്‍ ഖനനം നടന്നു. അതുകൊണ്ട്, ബിറ്റ്‌കോയിന്‍ ദാ തീരാന്‍ പോകുന്നു എന്നു കരുതരുത്. ഇപ്പോഴത്തെ കണക്കുവെച്ച് ഇനി ഒരു 118 വര്‍ഷം മിനക്കെട്ടാലേ ബാക്കിയുള്ള 10 ശതമാനം ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റിലിറങ്ങുകയുള്ളൂ. ഒരു മൈനിങ്ങിലൂടെ ആദ്യവര്‍ഷം ലഭിച്ചത് 50 ബിറ്റ്‌കോയിനുകളാണ്. അന്ന് ഒരു ഡോളറായിരുന്നു അതിന്റെ മൂല്യം. മൂന്നു വര്‍ഷത്തിന് ശേഷം 2012 ല്‍ അത് 25 എണ്ണമായി. 2020 ല്‍ 6.25 എണ്ണം. 2024 ല്‍ 1.56 എണ്ണം. ഇനിയും അതങ്ങനെ കുറഞ്ഞു കൊണ്ടിരിക്കും.

പ്രധാന ക്രിപ്‌റ്റോ കറന്‍സികള്‍

ബിറ്റ്‌കോയിന് പുറമേ എഥേറിയം, ലൈറ്റ്‌കോയിന്‍, മൊണേറോ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളും ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ആദ്യകാലത്ത് മാര്‍ക്കറ്റില്‍ ആയിരക്കണക്കിനോ ലക്ഷമോ ആയിരുന്നു ബിറ്റ്‌കോയിന്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് ഇരുപത് ദശലക്ഷത്തോളം വരും. ഷെയേര്‍ഡ് ലെഡ്ജര്‍ സംവിധാനത്തിലൂടെ പല സെര്‍വറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ ആനുപാതികമായി സെര്‍വറുകളില്‍ പണിസ്ഥലവും പണിയും കൂടും. ഡിമാന്റ് ആന്റ് സപ്ലെ എന്ന ലോകത്തിലെ ഏറ്റവും പുരാതനമായ മാര്‍ക്കറ്റിങ് തിയറിയാണ് ബിറ്റ്‌കോയിനിലും സംഭവിക്കുന്നത്. അതുകൊണ്ട് ഇലോണ്‍ മസ്‌കിനെ പോലെ വല്ലവരും ബിറ്റ്‌കോയിനെ പിന്താങ്ങിയാല്‍ മാര്‍ക്കറ്റില്‍ വിലയും വിനിമയവും കൂടും. അപ്പോള്‍ സ്വാഭാവികമായും ബിറ്റ്‌കോയിന്‍ മൈനിങ്ങ് കേന്ദ്രങ്ങളിലെ ജോലിയും വര്‍ധിക്കും. വൈദ്യുതി ഉപയോഗവുമെല്ലാം അതിനനുസരിച്ച്‌ വര്‍ധിക്കും. അങ്ങനെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന പരസ്പരാശ്രിത സംവിധാനമാണ് ഈ ക്രിപ്‌റ്റോകറന്‍സി. നകാമോട്ടോയുടെ പ്രൂഫ് ഓഫ് വര്‍ക്ക് സംവിധാനമല്ല ഇവിടെ ഉപയോഗിച്ചിരുന്നതെങ്കില്‍ പ്രശ്‌നം ഇത്രയേറെ ഗുരുതരമാവില്ല എന്നു വാദിക്കുന്നവരുമുണ്ട്.

എലണ്‍ മസ്‌കിന്റെ വൈകി വന്ന വെളിപാട്

ആകാശത്തും ഭൂമിയിലും ഒരു പോലെ സജീവമായ ബിസിനസുകാരന്‍ എലണ്‍ മസ്‌ക് കഴിഞ്ഞവര്‍ഷം നിങ്ങള്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കി ടെസ്ല കാറുകള്‍ വാങ്ങാം എന്ന് ട്വീറ്റ് ചെയ്തു. തൊട്ടു പിന്നാലെ ടെസ്ലക്ക് 1.5 ബില്ല്യണ്‍ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നും വെളിപ്പെടുത്തി. ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റില്‍ വലിയ കുതിപ്പാണ് ആ ട്വീറ്റുണ്ടാക്കിയത്.

.

എന്നാല്‍ രണ്ടു മാസത്തിനിപ്പുറം പരിസ്ഥിതിക്ക് ഏറ്റവും ദോഷമായ കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിന് ബിറ്റ്‌കോയിന്‍ കാരണമാകുന്നുവെന്നും അതില്‍ ഉത്കണ്ഠയുണ്ടെന്നും അതിനാല്‍ താന്‍ വാഗ്ദാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നും മസ്‌ക് വ്യക്തമാക്കി.

..

തൊട്ടുപിന്നാലെ ആകാശം മുട്ടെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ മൂല്യം 15 ശതമാനം കണ്ടാണ് ഇടിഞ്ഞത്. ഈ സംഭവത്തിന് ശേഷമാണ് ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട പേരുദോഷം ഇല്ലാതാക്കാന്‍ പ്രകൃതി സൗഹൃദ ഊര്‍ജ്ജത്തിലേക്ക് മാറണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കേട്ടത്.

ബിറ്റ്കോയിന്‍ പുറത്തിറങ്ങിയ ആദ്യകാലത്ത് ഒരു ഡോളര്‍ വിലയും അധോലോക നായകന്റെ ഇമേജുമായിരുന്നു ബിറ്റ്കോയിന്. ഒരു സര്‍ക്കാരിനും പിടികൊടുക്കാത്ത ബിറ്റ്കോയിന്‍ എല്ലാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചു വരുന്നു. എന്നാല്‍ അധികം വൈകാതെ അതിന് മൂല്യമുയര്‍ന്നതോടെ ആളുകള്‍ ബിറ്റ്കോയിന് പിന്നാലെ പരക്കം പാഞ്ഞു തുടങ്ങി. അങ്ങനെ ലോകത്തെ ബിറ്റ്കോയിന്‍ മൈനിങ് കേന്ദ്രങ്ങള്‍ക്ക് പണി കൂടി. അതിന് വേണ്ടി ഊര്‍ജ്ജം കണ്ടെത്താനാണ് അമേരിക്കയിലും മറ്റും അടച്ചുപൂട്ടിയ കല്‍ക്കരി വൈദ്യുതോര്‍ജ്ജ പ്ലാന്റുകളില്‍ ചിലത് വീണ്ടും തുറക്കേണ്ടി വന്നത്. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വൈദ്യുതി തേടിപ്പോയവര്‍ക്ക് വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതല്‍ കത്തിത്തുടങ്ങി. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടതോടെയാണ് ചൈന 'ബിറ്റ്‌കോയിന്‍ മൈനിങ്ങിന്' ചുവപ്പുകൊടി കാണിച്ചത്.

ബിറ്റ്‌കോയിന്‍ മലിനീകരണം

അമേരിക്കന്‍ സ്റ്റേറ്റുകള്‍ ബിറ്റ്കോയിന്‍ മൈനര്‍ മാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോയതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി മൈനിങ് കേന്ദ്രമായ ഗ്രീനിഡ്ജ് ജനറേഷന്‍ തന്നെ വലിയ ഒരു ഉദാഹരണമാണ്. പൂട്ടിപ്പോയ ന്യൂയോര്‍ക്കിലെ പഴയ കല്‍ക്കരി വൈദ്യുതി നിലയം ക്രിപ്റ്റോ മൈനിങ്ങിന് വേണ്ടി ഏറ്റെടുത്ത്, അവിടെ 106 മെഗാവാട്ടിന്റെ പ്രകൃതി വാതക വൈദ്യുതി നിലയം സ്ഥാപിച്ച് അതില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബിറ്റ്കോയിന്‍ മൈനിങ്ങ് നടത്തിവരികയാണ്. 2019 - 20 കാലമായപ്പോഴേക്കും അവര്‍ പുറത്തുവിടുന്ന കാര്‍ബണ്‍ വാതകത്തിന്റെ തോത് പത്തിരട്ടിയായി ഉയര്‍ന്നു. 2025 ഓടെ ഉത്പാദനം പലയിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്. വായുമലിനീകരണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഇവിടെ ഉയര്‍ന്നു വരുന്നത്.

E Waste
പെന്‍സില്‍വാനിയയിലാകട്ടെ ഓരോ വര്‍ഷവും 6 ലക്ഷം ടണ്‍ കല്‍ക്കരി കത്തിച്ചാണ് ഏതാണ്ട് 1800 മൈനിങ് കമ്പ്യൂട്ടറുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ടിരിക്കുന്നത്. ലോകത്ത് ആദ്യമായി ബിറ്റ്കോയിന്‍ അംഗീകൃത നാണയമായി പ്രഖ്യാപിച്ച എല്‍ സാല്‍വദോറില്‍ സര്‍ക്കാരിന്റെ സ്വന്തം ബിറ്റ്കോയിന്‍ മൈനിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ ഓരോ കോണിലും ഇതുപോലെ ബിറ്റ്‌കോയിന്‍ വിശേഷങ്ങള്‍ നിരവധിയുണ്ട്.ബിറ്റ്കോയിന്‍ വിനിമയത്തില്‍ നിന്നു മാത്രം ഒരു വര്‍ഷം 96 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തു വിടുന്നു എന്നാണ് കണക്ക്. മറ്റൊരു ക്രിപ്റ്റോ കറന്‍സിയായ എതേറിയത്തിന്റെ ഇരട്ടിയിലധികം വരുമിത്. ബിറ്റ്‌കോയിന് വേണ്ടി കത്തുന്ന ഇന്ധനങ്ങളുടെ പുക മാത്രമല്ല പരിസ്ഥിതിക്ക് ദോഷമാകുന്നത്. ഇ വേസ്റ്റ് വലിയൊരു പ്രശ്‌നമായി വളരുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ക്കും അനുബന്ധ ഉപകരണങ്ങളഅക്കും അറ്റകുറ്റപ്പണികള്‍ കൂടുതലാണ്. അതുവഴി ഉപേക്ഷിക്കുന്ന ഇ വേസ്റ്റ് മാത്രം പ്രതിവര്‍ഷം 30,700 ടണ്‍ വരുമെന്നാണ് ബിബിസി ഈയിടെ പുറത്തുവിട്ട കണക്ക്. അതായത് ഒരു ബിറ്റ്കോയിന്‍ ട്രാന്‍സാക്ഷന് 275 ഗ്രാം ഇ വേസ്റ്റ് എന്ന തോതില്‍. ഒരു ഐഫോണ്‍ 13 ന് പോലും 173 ഗ്രാം തൂക്കമേയുള്ളൂ എന്നുമോര്‍ക്കണം.

ബിറ്റ്‌കോയിന്‍ മൈനിങ്ങും, അതിന്റെ മൂല്യവും, ചെലവും, കാര്‍ബണ്‍ എമിഷന്‍, ഇ വേസ്റ്റ് - കാര്യങ്ങള്‍ ഒരു പിടിയു കിട്ടാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, യുറോപ്യന്‍ യൂണിയനിലാല്‍ പ്രതിഷേധത്തിന്റെ സ്വരം അല്‍പ്പം കടുത്തതാണ്. സ്വീഡനടക്കം പല രാജ്യങ്ങളും ബിറ്റ്‌കോയിന്‍ നിരോധിക്കണം എന്നാവശ്യം രേഖാമൂലം അറിയിച്ചു കഴിഞ്ഞു. യൂറോപ്പ് മുഴുവന്‍ ബിറ്റ്‌കോയിനും എതേറിയവും ഖനനം ചെയ്യുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സ്വീഡന്‍ അടുത്ത കാലത്താണ് യൂറോപ്യന്‍ യൂണിയന് തുറന്ന കത്തെഴുതിയത്. സ്വീഡന്റെ വൈദ്യുതി ഉപയോഗത്തില്‍ നല്ലൊരു പങ്ക് ഇതിന് വേണ്ടി ചിലവഴിക്കുന്നുവെന്നായിരുന്നു കത്തില്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസം രണ്ട് ലക്ഷം വീടുകള്‍ക്ക് ഉപയോഗിക്കേണ്ട വൈദ്യുതിയാണ് ബിറ്റ്‌കോയിന്‍ മൈനിങ്ങിന് വേണ്ടി ഉപയോഗിച്ചത് എന്നാണ് സ്വീഡന്‍ അവകാശപ്പെടുന്നത്.

വിഷയം ഇത്രയേറെ കത്തിക്കയറിയിട്ടും, കഴിഞ്ഞ വര്‍ഷം ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ഫോസില്‍ ഇന്ധനങ്ങളേക്കുറിച്ച് മാത്രമായിരുന്നു ചര്‍ച്ചയെന്നും ക്രിപ്‌റ്റോകറന്‍സികള്‍ ചര്‍ച്ചയായില്ലെന്നും പരാതി വ്യാപകമായിരുന്നു. പുറത്ത് കാര്‍ബണ്‍ വാതകങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരില്‍ പലരും ബിറ്റ്‌കോയിന്‍ ഉപയോക്താക്കളാണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. സത്യം എന്തായാലും പുതുതലമുറ ഈ പ്രശ്‌നം എത്ര ഗൗരവമായെടുക്കും എന്ന കാര്യം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

Content Highlights: Crypto Pollution

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented