ഇടുക്കി: ഒരുകാലത്ത് മാലിന്യവും കാടും മൂടിക്കിടന്നിരുന്ന ഇടം ഇന്ന് പൂക്കളും ഫലവൃക്ഷങ്ങളും ശലഭങ്ങളും നിറഞ്ഞ പച്ചത്തുരുത്ത്. തൊടുപുഴ ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ പത്ത് സെന്റ് സ്ഥലത്ത് ഒരുക്കിയ ജൈവവൈവിധ്യ പാർക്ക് പ്രകൃതിസംരക്ഷണത്തിന്റെ മാതൃകയാവുകയാണ്.

To advertise here,

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (എംവിഐപി) തെക്കുംഭാഗം അക്വഡക്ടിന് സമീപം പദ്ധതിക്കായി വിട്ടുനൽകിയ സ്ഥലത്താണ് പാർക്ക് സജ്ജീകരിച്ചത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അനുവദിച്ച അഞ്ച് ലക്ഷം രൂപയിൽ 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. നിർമാണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്ത് സസ്യങ്ങൾക്കും ചെറുജീവികൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, വള്ളിച്ചെടികൾ, ഫലവൃക്ഷങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സസ്യസമ്പത്താണ് പാർക്കിന്റെ പ്രധാന ആകർഷണം. ചെറൂള, ആനച്ചുവടി, നന്നാറി, തഴുതാമ, ശതാവരി, കിരിയാത്ത് തുടങ്ങിയ ഔഷധസസ്യങ്ങൾക്കൊപ്പം കണിക്കൊന്ന, ചെമ്പകം, പാരിജാതം, രാജമല്ലി തുടങ്ങിയ പൂച്ചെടികളും ഇവിടെയുണ്ട്. മാവ്, നാരകം, കറിവേപ്പ്, വിവിധയിനം തുളസികൾ എന്നിവയും പച്ചത്തുരുത്തിന്റെ ഹരിതഭംഗി വർധിപ്പിക്കുന്നു.

പരിമിതമായ സ്ഥലത്ത് പരമാവധി സസ്യവൈവിധ്യം ഉറപ്പാക്കാൻ 'ഹൈ ഡെൻസിറ്റി മൾട്ടിലെയർ പ്ലാന്റിങ്' രീതിയാണ് അവലംബിച്ചിരിക്കുന്നത്. വ്യത്യസ്ത ഉയരങ്ങളിൽ വളരുന്ന സസ്യങ്ങൾ ഒരുമിച്ച് നട്ടുപിടിപ്പിക്കുന്നതിലൂടെ ഇടതൂർന്ന ഹരിതാവരണം സൃഷ്ടിക്കാനും സ്ഥലത്തിന്റെ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുന്നു. കല്ലുകെട്ടുകളിലും അനുയോജ്യമായ ഇടങ്ങളിലും പടർന്നുകയറുന്ന വള്ളിച്ചെടികളും പാർക്കിന്റെ പ്രത്യേകതയാണ്.

ശലഭസംരക്ഷണത്തിനും പാർക്കിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ശലഭങ്ങളുടെ ലാർവകൾക്ക് ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങൾ ഉൾപ്പെടുത്തി ശലഭോദ്യാനം ഒരുക്കി. 200 ലിറ്റർ ശേഷിയുള്ള ഫെറോമോൺ കെണിയും സ്ഥാപിച്ചിട്ടുണ്ട്. സസ്യങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനും ക്യു.ആർ. കോഡ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിയുടെ സ്വാഭാവിക വളർച്ച ഉറപ്പാക്കാൻ ഒരു സെന്റ് സ്ഥലം മനുഷ്യപ്രവേശനമില്ലാത്ത മേഖലയായി സംരക്ഷിച്ചിരിക്കുകയാണ്. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും ചെടികളുടെ ചുവട്ടിൽ വീഡ് മാറ്റ് വിരിച്ചിട്ടുണ്ട്. കൃത്യമായ നനയും തുടർപരിപാലനവും ജലസ്രോതസ്സുകളുടെ സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് പാർക്കിന്റെ ക്രമീകരണം.

പാർക്കിന്റെ തുടർപരിപാലനത്തിൽ കല്ലാനിക്കൽ സെയ്ന്റ് ജോർജ് എച്ച്.എസ്.എസിലെ ഇക്കോ, സയൻസ് ക്ലബ്ബുകളെ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്. പാർക്കിലെ സസ്യങ്ങളിൽനിന്ന് തൈകൾ ഉൽപാദിപ്പിച്ച് വിൽക്കുന്ന കമ്മ്യൂണിറ്റി നഴ്സറിയും ആരംഭിക്കാൻ പദ്ധതിയുണ്ട്. താൽപ്പര്യമുള്ള വനിതകൾക്ക് പരിശീലനം നൽകി സംഘം രൂപീകരിക്കുന്നതിലൂടെ പാർക്കിന്റെ പരിപാലനത്തിനൊപ്പം വരുമാനമാർഗവും ഒരുക്കാനാകും.

പ്രവേശനകവാടം, ആർച്ച്, മുള പൈപ്പുകളിൽ കൈകൊണ്ടെഴുതിയ ബോർഡുകൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങുന്ന ക്രമീകരണങ്ങളും പാർക്കിന്റെ ആകർഷണമാണ്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വിദ്യാർഥികളുടെയും വനിതകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന ഈ പച്ചത്തുരുത്ത് ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ്.