വെള്ളക്കയം ആയുർവേദ ആശുപത്രിക്കെട്ടിടം തകർച്ചാഭീഷണിയിൽ

To advertise here,

തിരിഞ്ഞുനോക്കാതെ അധികൃതർ

മുള്ളരിങ്ങാട് : രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ എത്തുന്ന ആയുർവേദ അശുപത്രിയിൽ ജീവൻ ഭയന്ന് നിൽക്കേണ്ട അവസ്ഥ.

വെള്ളക്കയത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിയിലാണ് സംരക്ഷണഭിത്തിയും അടിത്തറയും ഇടിഞ്ഞു വീഴാറായ സ്ഥിതി.

ദിവസവും നിരവധി രോഗികൾ എത്തുന്ന ആശുപത്രി കെട്ടിടമാണ് കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നത്. സംരക്ഷണഭിത്തിയും അടിത്തറയും ഏതുസമയത്തും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്.

കെട്ടിടം സുരക്ഷിതമാക്കാൻ ആശുപത്രി അധികൃതരുടെയും പഞ്ചായത്തിന്റെയും ഭാഗത്തു നിന്ന് യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത അനാസ്ഥയ്ക്കെതിരേ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരുവശത്തെ കൽക്കെട്ടാണ് ഇളകി ഏതുസമയവും നിലം പൊത്താമെന്നനിലയിൽ നിൽക്കുന്നത്.

കൽക്കെട്ട് ഇടിഞ്ഞാൽ ആശുപത്രികെട്ടിടവും നിലം പൊത്തും. കൽക്കെട്ടിന് മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിൽ തൂണുകൾ സ്ഥാപിച്ചാണ് മുറ്റത്തെ ഷീറ്റ് ഇട്ടിരിക്കുന്നത്.

കൽക്കെട്ട് തകർന്നാൽ ഇത് ഉൾപ്പെടെയാണ് തകർന്നുവീഴുക. പ്രായമായവർ, സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് ദിവസേന ആശുപത്രിയിലെത്തുന്നത്.

അടിയന്തര ഇടപെടൽ നടത്തി കൽക്കെട്ട് പുനർനിർമിക്കണമെന്നും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആശുപത്രിയുടെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൽക്കെട്ടും ഭിത്തിയും ബലപെടുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം മിനി പ്രിൻസ് പറഞ്ഞു.